ഇപ്പോൾ തന്നെ
എന്റെ സന്തോഷത്തിന്റെ കാരണമേയന്ന
ഈ കവിതയിലെ വിളി
കുട്ടിക്കാലത്തെ
മാതാവിനോടുള്ള
പ്രാർത്ഥനയിൽ നിന്ന്
കട്ടെടുത്തതാണു
എന്റെ സന്തോഷത്തിന്റെ കാരണമേ
നിനക്കെഴുതുമ്പോൾ
എന്റെ സങ്കടത്തിന്റെ കാരണമേ
മുതിർന്നിട്ടും തെറ്റാതെ ചൊല്ലാൻ പറ്റുന്ന പ്രാർത്ഥനകളിൽ ഒന്ന് നന്മ നിറഞ്ഞ മറിയമാണു. അമ്മ പോയതിനു ശേഷം പലപ്പോഴും ആ വരികൾ കൂട്ട് കിടന്നിട്ടുണ്ട്. അല്ലെങ്കിലും പണ്ടേ എനിക്ക് മാതാവിനെ ഇഷ്ടമായിരുന്നു. സന്തോഷത്തിലും സന്താപത്തിലും അമ്മമറിയം കൂടെയുണ്ടായിരുന്നു. കുഴൂർ പള്ളിയിൽ ഇടത് വശത്തിരിക്കുന്ന കന്യകാമറിയം എല്ലായിടത്തേക്കാളും സുന്ദരിയുമായിരുന്നു. കൗമാരത്തിൽ വായനയുടെ ആർത്തിക്കാലത്ത് വെളിച്ചത്തിന്റെ കവചത്തിലൂടെ കെ പി അപ്പൻ അത് ഒന്ന് കൂടി ഉറപ്പിച്ചു തന്നു. രക്തസാക്ഷിയുടെ അമ്മയായിരിക്കുക എന്ന അഭിമാനത്തെക്കുറിച്ച് ഹെർമ്മൻ ഹെസ്സേയുടെ വാചകത്തിലൂടെ. നിന്റെ ഹ്യദയത്തിലൂടെ ഒരു വാൾ കടക്കുമെന്ന ബൈബിൾ വാചകം പലകുറി കുത്തിമുറിച്ചിട്ടുമുണ്ട്.
മറിയമാർ പലവിധം
മുന്തിരിത്തോട്ടത്തിൽ
ഞാൻ നിനക്കായി കാത്തിരിക്കും
മറിയം അയാളോട് പറഞ്ഞു
നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാൾ മറുപടി പറഞ്ഞൊഴിഞ്ഞു
ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവൾ ചോദിച്ചു
മൗനത്തിന്റെ
കുരിശിൽ കിടന്നു
അയാൾ പിടഞ്ഞു
മുന്തിരിത്തോട്ടത്തിൽ
ഞാൻ നിനക്കായി കാത്തിരിക്കും
മറിയം അയാളോട് പറഞ്ഞു
നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാൾ മറുപടി പറഞ്ഞൊഴിഞ്ഞു
ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവൾ ചോദിച്ചു
മൗനത്തിന്റെ
കുരിശിൽ കിടന്നു
അയാൾ പിടഞ്ഞു
എന്നിങ്ങനെയൊക്കെ എഴുതിയതും ഈ ബാധ
കൊണ്ട് തന്നെ.
ഇന്നിതൊക്കെ പറയാൻ കാരണം. ഇന്ന് മാതാവ്
മറിയത്തിന്റെ സ്വർഗ്ഗാരോപിത തിരുന്നാളാണു
.
സ്നേഹത്തിനും നീതിക്കും സത്യത്തിനും
വേണ്ടി കുരിശേലറ്റപ്പെട്ട, പീഡിപ്പിക്കപ്പെട്ട, കൊല്ലപ്പെട്ട എല്ലാ മക്കളുടെയും അമ്മമാർ
ഉയിർത്തെഴുന്നേൽക്കപ്പെടട്ടെ. ആരാധിക്കപ്പെടട്ടെ.
ആമ്മേൻ
2017 ആഗസ്റ്റ് 15
(പോസ്റ്റിലെ പടങ്ങൾ കൊരട്ടി പള്ളിയിൽ
നിന്ന്)
No comments:
Post a Comment