Sunday, August 13, 2017

അന്നംകുട്ടി മൂല

തറവാട്ട് വീട്ടിലെ 14 സെന്റിൽ അമ്മ അന്നംകുട്ടിയമ്മയ്ക്ക് സ്വന്തം ഒരിടമുണ്ടായിരുന്നു. പുറക് വശത്ത് പടിഞ്ഞാറേ ചായ്പ്പിനും തൊഴുത്തിനുമിടയിലുള്ള മൂലയിൽ. അവിടെ എപ്പോഴും രണ്ട് വാഴ, രണ്ട് മൂട് ചേമ്പ്, ഒന്നോ രണ്ടോ കട ഇഞ്ചി…അങ്ങനെ എന്തെങ്കിലും കാണും. ഒരിക്കലും ആ ഇടം നരച്ചിരുന്നില്ല. അടുപ്പിലെ ചാരം, ചാണകം, അടുക്കളയിലെ കഞ്ഞിവെള്ളമുൾപ്പടെയുള്ള ബാക്കികൾ എന്നിവയായിരുന്നു വളം. തള്ളപ്പിടയുടെ കുഞ്ഞന്മാർ ഒരിക്കലും വാടി നിൽക്കുന്നത് കണ്ടിട്ടില്ല. ഏത് കാലത്തും അമ്മയുടെ മൂലയിൽ ഒരു വാഴയെങ്കിലും കുലച്ച് നിൽക്കുന്നത് കാണാം. ശീലമായതിനാലാവാം അമ്മ പോയിട്ടും അത് തന്നെയായിരുന്നു അവരുടെ പതിവ്




അമ്മ പോയി തറവാട് പൊളിച്ച് നിലം വെടുപ്പാക്കിയപ്പോൾ ആ മൂലയിൽ കൈ വയ്ക്കാൻ തോന്നിയില്ല. അപ്പോഴുമുണ്ടായിരുന്നു അമ്മ വച്ചിട്ട് പോയ കണ്ണുകളുടെ പേരമക്കളവിടെ. വരുന്ന ജനുവരി വരുമ്പോൾ അന്നംകുട്ടി പോയിട്ട് വർഷം മൂന്നാകും.
ഈ കർക്കിടകത്തിൽ പറമ്പൊഴിഞ്ഞു. മിക്കവാറും എല്ലാം കാലിയായി. മഴയില്ലാത്ത ഒരു ദിവസം കണ്ണു തുറന്ന് നോക്കുമ്പോൾ അമ്മയുടെ കുഞ്ഞന്മാരിലൊരുവൻ ദാ കുലച്ച് നിൽക്കുന്നു. കൈവളമില്ലാതെ ക്ഷീണിച്ച് ഒരു കുഞ്ഞൻ. ഒറ്റയ്ക്ക് കഴിയുന്ന ഇളയവനു കൊടുക്കാൻ അമ്മ കൊടുത്തയച്ചതായിരിക്കും അല്ലാതെന്ത്.


ചിങ്ങമാകട്ടെ. അമ്മ കൊടുത്തയച്ച ഉള്ളത് കൊണ്ട് ഓണമാക്കണം



No comments:

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved