അപ്പൻ മരിച്ചിട്ട് 27 വർഷമായി . ജീവിച്ചിരുന്നതിനേക്കാൾ അപ്പനെന്നിൽ നിറയുന്നത് ഇപ്പോഴാണ് . ഞങ്ങൾക്കിടയിൽ പത്തമ്പത് വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. . ചിരികളോ വാത്സല്യ പ്രകടനങ്ങളോ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല . കടുത്ത ജീവിതപാഠങ്ങളായിരുന്നു ആളെനിക്ക് ചെറുപ്പത്തിലേ പകർന്നു തന്നത് . തികഞ്ഞ അദ്ധ്വാനിയായിരുന്നു അപ്പൻ. ഞങ്ങൾ 6 മക്കൾക്ക് വീട് വയ്ക്കാൻ പാകത്തിൽ ഭൂമി നൽകിയിട്ടാണ് അദ്ദേഹം കടന്ന് പോയത് .യൗവന കാലത്ത് കൂപ്പിലെ മരപ്പണിയും പിന്നീട് കാർഷിക പണികളും ചെയ്ത ഒരാൾക്ക് അത് അത്ര എളുപ്പമായിരുന്നില്ല എന്ന് തോന്നുന്നു .
പുലർച്ചെ മൂന്നേ മുക്കാലിനു തുടങ്ങി സന്ധ്യ വരെ നീളുന്ന അപ്പൻറെ അധ്വാനങ്ങൾക്ക് ചെറുപ്പത്തിൽ പലപ്പോഴും ഞാൻ കൂട്ട് നിന്നിട്ടുണ്ട് . മറ്റൊരു രീതിയിൽ പറഞ്ഞാൽ അപ്പന്റെ കയ്യാളായിരുന്നു എന്നിലെ ബാലൻ . പാടത്തും പറമ്പിലും വീട്ടു തൊടിയിലും അപ്പൻ നടത്തുന്ന കാർഷിക പരീക്ഷണങ്ങളും വിജയങ്ങളും എൻറെ ബാല്യകൗമാരങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട് . അന്ന് അതൊക്കെ ചെയ്തത് അത്ര മനസ്സോടെ അല്ലെങ്കിലും.
എൻറെ 50 വർഷത്തെ ജീവിതത്തിനിടയിൽ വൈവിധ്യമുള്ള പല ജോലികളും ചെയ്തിട്ടുണ്ട് . ഒന്നിലധികം സംരംഭങ്ങളിലും ഏർപ്പെട്ടിട്ടുണ്ട് .ചിലതിൽ തോറ്റു . മിക്കതും വിജയം കണ്ടു . തൊഴിലിൽ എൻറെ ആദ്യത്തെ ഗുരു അപ്പനായിരുന്നു.
പുലർച്ചെ 3 മണിയോടെയുള്ള കാവിലെ വെടി കേട്ട് അപ്പൻ ഉണരും . പ്രാഥമിക കൃത്യങ്ങൾ കഴിഞ്ഞു തൊഴുത്തിലേക്ക് പോകും . പോകും മുൻപ് എന്നെ വിളിച്ചുണർത്തിയിട്ടാണ് പോവുക . അപ്പൻ ആദ്യം ചെയ്യുന്നത് കറന്ന ആദ്യത്തെ കപ്പ് പാൽ തൊഴുത്തിന്റെ പുറത്തുവയ്ക്കുക എന്നതാണ് . അതെടുത്ത് അടുക്കളയിൽ കൊണ്ട് വന്ന് അല്പം വെള്ളം ചേർത്ത് തിളപ്പിച്ച കാപ്പി ഉണ്ടാക്കി അതേ കപ്പിൽ തന്നെ അത് തൊഴുത്തിൽ തിരിച്ച് എത്തിക്കുക എന്നതായിരുന്നു എൻറെ ആദ്യത്തെ പണി പുതുക്കിയ ഭാഷയിൽ പറഞ്ഞാൽ എന്റെ ജീവിതത്തിലെ ആദ്യത്തെ അസൈൻമെൻറ് . തലേന്ന് അമ്മ അടുക്കളയിൽ അടുപ്പ് വൃത്തിയാക്കി വച്ചിട്ടുണ്ടാകും . തൊട്ടടുത്ത് മണ്ണെണ്ണ വിളക്കും തീപ്പെട്ടിയും നല്ല ഉണങ്ങിയ ചൂട്ടുകെട്ടും , വെട്ടിയൊതുക്കിയ കൊതുമ്പും റെഡിയാക്കി വെച്ചിട്ടുണ്ടാകും . പത്തു വയസ്സുകാരനായ ഒരുവനെ പുലർച്ചെ നാലുമണിക്ക് ഒരു കപ്പ് നല്ല കാപ്പി ഉണ്ടാക്കാൻ പഠിപ്പിച്ച പരിശീലിപ്പിച്ച അപ്പൻ തന്നെയാണ് എൻറെ ആദ്യത്തെ ഗുരു.
1998 ൽ ഇരുപത്തിനാലാം വയസ്സിലാണു ആദ്യപുസ്തകമായ ഉറക്കം ഒരു കന്യാസ്ത്രീ പ്രസിദ്ധീകരിക്കുന്നത് . അതിനു ഒരു വർഷത്തിനു ശേഷമാണു അപ്പൻ മരിക്കുന്നത് . 1999 ഏപ്രിൽ 29 നു . പിന്നീട് വിവിധ ഭാഷകളിലായി ഇരുപതോളം സമാഹാരങ്ങളിലേക്ക് വളർന്ന എൻ്റെ കാവ്യജീവിതത്തിൻ്റെ ആദ്യത്തെ ലക്കം അദ്ദേഹം കണ്ടിട്ടുണ്ട് . അതേക്കുറിച്ച് ഞങ്ങൾ തമ്മിൽ വർത്തമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. യൗവനത്തിൻ്റെ തിളപ്പ് ആദ്യപുസ്തകത്തിൽ എറെ നിറഞ്ഞതിനാൽ ആളത് വായിക്കുന്നതിലും എനിക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല . എങ്കിലും ഒന്ന് പറയാം വായനയുടെ വലിയ ലോകത്തേക്ക് എന്നെ കൊണ്ട് വന്നത് അപ്പൻ തന്നെയാണു . ആളെപ്പോഴും ആവർത്തിക്കുമായിരുന്ന പുസ്തകം നീതിസാരമാണു . നീതിസാരത്തിലെ ഉദ്ധരണികൾ പലപ്പോഴും അപ്പൻ ഉറക്കെ പറയുമായിരുന്നു . നീതിസാരം, എഞ്ചുവടി , പെരുക്കപ്പട്ടിക, പത്രം, 2000 നു മുൻപ് നാട്ടിൻ പുറങ്ങളിൽ വളരെ സജീവമായിരുന്ന മനോരമ ഉൾപ്പടെയുള്ള വാരികകൾ, പിന്നെ ഇടയ്ക്ക് ബൈബിളും. അതായിരുന്നു അപ്പൻ്റെ വായനാ ലോകം . ലോകകവിതയുടെ വൈവിധ്യങ്ങൾ ഉള്ള വലിയ വാതായനങ്ങളാണു അപ്പനെനിക്ക് തുറന്നിട്ടത് . നീതിസാരത്തെക്കുറിച്ച് പറഞ്ഞുവല്ലോ . ശരിക്കും നീതിമാനുമായിരുന്നു അദ്ദേഹം . അദ്ദേഹത്തിൻ്റെ സമകാലികരും നാട്ടുകാരും പിന്നീട് പലപ്പോഴും അത് സാക്ഷ്യപ്പെടുത്തുമായിരുന്നു .
ഗൾഫിലെ ഒരു മലയാളം റേഡിയോയിലെ വാർത്താവിഭാഗം മേധാവിയായി ജോലി ചെയ്തതാണു ഔദ്യോഗിക ജീവിതത്തിൽ വഹിച്ച ഏറ്റവും ഉന്നതമായ സ്ഥാനം . എഴുത്തു ജീവിതത്തിൽ ഓ വി വിജയൻ പുരസ്കാരം ഉൾപ്പെടെയുള്ള കുറച്ച് അധികം സമ്മാനങ്ങളും . ഏറ്റവും ഒടുവിലായി ഇറങ്ങിയ മരയാളം എന്ന സ്വപ്ന പുസ്തകത്തോടും ഞാൻ അപ്പനോട് കടപ്പെട്ടിരിക്കുന്നു. എന്നിൽ മരങ്ങളോടുള്ള ഇഷ്ടം നിറച്ചത് അർക്കക്കാരൻ എന്ന് വിളിപ്പേരുള്ള അപ്പനായിരുന്നു . നാലഞ്ച് പറമ്പുകളിലും പാടത്തും തെങ്ങുകൾ ഉൾപ്പെടെയുള്ള നനയുടെ പണി കുട്ടിക്കാലത്തുണ്ടായിരുന്നു . നല്ല ചെറു ബാല്യത്തിലെ വലിയ പറമ്പുകളിലെ ആ ഏകാന്തതയാണ് മരങ്ങളോടുള്ള കൂട്ട് എനിക്ക് സമ്മാനിച്ചത് . ഒരു ഓണ ദിനത്തിൽ കൂട്ടുകാരെല്ലാം കളിക്കാൻ ഉത്സാഹിച്ചോടുന്ന പ്രഭാതത്തിൽ അപ്പനെന്നെ പാടത്തേക്ക് പറഞ്ഞു വിട്ടു. ആദ്യമായി അപ്പ്ന്റ്റെ ക്രൂരത്യ്ക്ക് മേൽ എൻ്റെ തുറിച്ച കണ്ണുകൾ പാഞ്ഞു . അപ്പൻ ശാന്തനായി പറഞ്ഞു .ഇന്ന് നീ അവിടെ പോയി മലമറിക്കുകയൊന്നും വേണ്ട , അവിടത്തെ ചെടികളെ, മരങ്ങളെ , തെങ്ങുകളെ ഒക്കെ ഒന്ന് കണ്ട് പോന്നാൽ മതിയെന്ന് . അവർക്കും ഓണമുണ്ടെന്ന് . അന്ന് അതെനിക്ക് അത്ര മനസ്സിലായില്ലെങ്കിലും പിന്നീട് ആ പാഠം എത്രയോ തവണ മനസ്സിൽ പതിഞ്ഞു.
കൃഷിയോടുള്ള ഇഷ്ടം , പത്രവായന, റേഡിയോ , നടത്തം, അമ്പതാം വയസ്സ് വരെ ഞാൻ പാലിക്കാതിരുന്ന മിതവ്യയം ,വരാനിരിക്കുന്നവർക്കുള്ള കരുതൽ , എത്രയോ പാഠങ്ങൾ എന്നിൽ നിറച്ച ഗുരുവാണെനിക്ക് അപ്പൻ .അതെ . അപ്പനാണപ്പാ അപ്പൻ എന്ന മട്ടിൽ തന്നെ . അതെല്ലാം തിരിച്ചറിയുന്നത് അറിയുന്നത് അപ്പനില്ലാതായി 27 വർഷങ്ങൾക്ക് ഇപ്പുറമാണെന്ന് മാത്രം .അർക്കക്കാരൻ ഔസേപ്പ് എന്ന് വിളിപ്പേരുണ്ടായിരുന്ന മുല്ലക്കാട്ടുപറമ്പിൽ വറീത് ഔസേപ്പ് എന്ന അപ്പാ ഇനി ഒരിക്കൽ കൂടി മറ്റൊരു ദേശത്തു വച്ച് കണ്ടുമുട്ടും വരെ എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ .
വഴിവിളക്കുകൾ
കുഴൂർ വിത്സൺ
മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് ,
ജനുവരി 2026
#appan #Appan #ManoramaWeekly #KuzhurWilson #വഴിവിളക്കുകൾ #മനോരമ #അപ്പൻ മനോരമ ആഴ്ച്ചപ്പതിപ്പ് # 2026ജനുവരി #ഓർമ്മ #കുഴൂർവിത്സൺ #അപ്പൻ


















