Saturday, May 12, 2007

അന്നക്കുട്ടിയമ്മയുടെ തിരുമുറിവുകള്‍

ബൈബിള്‍ കാണുമ്പോള്‍ എനിക്കു പള്ളിപ്പുറത്ത്‌ കൈതാരത്ത്‌ അന്തോണിയുടെ മകള്‍ അന്നക്കുട്ടിയെ ഓര്‍മ്മ വരും . മരം വെട്ടുകാരനും, ക്യഷിക്കാരനുമായിരുന്ന അര്‍ക്കക്കാരന്‍ ഔസേപ്പിന്റെ ഭാര്യയെ.അതായതു ഈയുള്ളവന്റെ അമ്മയെ. ബൈബിളും അമ്മയും തമ്മിലെന്തു എന്നായിരിക്കും. അതാണു പറഞ്ഞു വരുന്നത്‌.

കടുത്ത ദു:ഖം നിയന്ത്രിക്കാനാവാതെ വരുമ്പോഴാണു സാധാരണയായി ഇതെഴുതുന്നയാള്‍ ബൈബിള്‍ നിവര്‍ത്തുക.ഇയ്യോബിന്റെ പുസ്തകം എത്രയാവര്‍ത്തിച്ചാലും മതിവരുകയില്ല. എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ ഏകനാക്കുന്നതെന്ത്‌ എന്നു എത്ര തവണ കരഞ്ഞിരിക്കുന്നു. ( എന്റെ പ്രണയമേ, എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ന് മനോഹരമായി അതിനെ പുനര്‍ വ്യാഖ്യാനിച്ചത്‌ കവി.വി.ജി.തമ്പിയാണു)

ഓര്‍മ്മ വച്ച നാളുകളില്‍ വീട്ടിലുണ്ടായ ഏകപുസ്തകം ബൈബിളായിരുന്നു. പ്രാത്ഥനാമുറിയിലെ ഒരു മൂലയില്‍ അതു ആര്‍ക്കും വേണ്ടാതെ കിടന്നു. പഴയ നിയമങ്ങളുടെ ഏടുകളില്‍ ചിതലു കയറിയും മറ്റും. സന്ധ്യാപ്രാര്‍ത്ഥനകളിലും വിശേഷാവസരങ്ങളിലും ബൈബിള്‍ അതിന്റെ ഇടം കണ്ടെത്തി. മാമ്മോദീസ, ആദ്യകുര്‍ബാന, വിവാഹം, മരണം തുടങ്ങിയ വേളകളില്‍ അതു പൂമുഖത്തേക്കു വന്നു.

അമ്മയും ബൈബിളും എവിടെയോ കൂട്ടിമുട്ടുന്നതു ഇന്നു തിരിച്ചറിയുകയാണു. ദു:ഖം വരുമ്പോള്‍ ഞാന്‍ ബൈബിള്‍ തിരയുന്നു. കൂടെ അമ്മയേയും. ഒരു സന്തോഷത്തിലും രണ്ടിനേയും കൂടെ കൂട്ടിയിട്ടില്ല. നേരത്തെ പറഞ്ഞ ചില ചടങ്ങുകളിലൊഴികെ. ഒരു പക്ഷേ ലോകത്തിലെ ഭൂരിഭാഗം അമ്മമാരുടെയും ദുര്‍വിധി ഇതു തന്നെയാകാം. ആവോ അറിയില്ല. ഒരിക്കലും തുറന്നു നോക്കാത്ത വിശുദ്ധ പുസ്തകങ്ങളായി നമ്മുടെ അമ്മമാര്‍. ആപത്തിലും ദു:ഖത്തിലും തുറന്നു വായിക്കുവാനുള്ള പുസ്തകങ്ങള്‍.

അന്നക്കുട്ടിയിലേക്കു വരികയാണു. ബൈബിളില്‍ ക്രിസ്തുവിനെക്കുറിച്ച്‌ അമ്മ മറിയത്തോട്‌ ദൈവം പറയുന്ന ഒരു വാചകമുണ്ടു." നിന്റെ ഹ്യ്ദയത്തിലൂടെ ഒരു വാള്‍ കടക്കും" എന്ന്. ഏതമ്മമാരുടെ കാര്യത്തിലാണ്‍, ഏതു മക്കളുടെ കാര്യത്തിലാണു ഈ വാചകം സ്വാര്‍ത്ഥകമല്ലാത്തത്‌.

ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെ ഹൃദയത്തിലൂടെ കടന്നത്‌ ഒരു വാളാണെങ്കില്‍ അന്നക്കുട്ടിയെന്ന എന്റെയമ്മയുടെ ഉള്ളിലൂടെ കടന്നതു ആറു വാളുകളാണു.( അതിലൊന്നിന്റെ മുന ഇടയ്ക്ക്‌ വച്ച്‌ മുറിഞ്ഞുപോയി) ജീവിതത്തിലേറ്റവും സ്വാധീനം ചെലുത്തിയ സ്ത്രീ ആരെന്ന ചോദ്യത്തിനു മറ്റു പലരേയും പോലെ മൗലികതയില്ലാത്ത ഉത്തരം തന്നെയാണു ഞാന്‍ നല്‍കുക. അമ്മയെന്ന്. അന്നക്കുട്ടിയെന്ന്.

അന്നകുട്ടീയെന്ന് സ്നേഹത്തോടെ അപ്പന്‍ അവരെ വിളിക്കുന്നത്‌ ഇതു വരെ കേട്ടിട്ടില്ല.(ഇനിയങ്ങനെ വിളിക്കാന്‍ അപ്പനുമില്ല) ലഹരി മൂത്ത രണ്ടാമത്തെയാള്‍ വല്ലപ്പോഴും അങ്ങനെ കളിയാക്കി വിളിച്ചെങ്കിലായി.

അമ്മയുടെ ഭാഷ തന്നെയാണു എന്നെ ഏറെക്കുറെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്‌..കോഴികള്‍ക്കും പശുക്കള്‍ക്കും ചെടികള്‍ക്കും മനസ്സിലാകുന്ന അതിമനോഹരമായ ഭാഷ. അടുത്ത കൊല്ലം ശരിക്കും ചക്ക തന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ശരിപ്പെടുത്തുമെന്നു അവര്‍ മുറ്റത്തെ കടപ്പ്ലാവിനോട്‌ പറയും. മനസ്സിലായിട്ടോ എന്തോ അതിന്റെ ഇലകള്‍ തലയാട്ടുന്നതു കാണാം. അമ്മയെ കാണാതായാല്‍ കരയുന്ന ഒരു പശുവുണ്ടായിരുന്നു വീട്ടില്‍.മൂത്തവന്റെ ഭാര്യ പ്രസവിച്ചു കിടക്കുകയാണു. എടീ തള്ളപ്പിടേ ഇത്തവണ കൂടുതല്‍ മുട്ട തരണേ എന്നവര്‍ പറയും. വിരുന്നുകാര്‍ കൂടുതലുള്ള ദിവസങ്ങളില്‍ അവര്‍ പാല്‍ ചോദിച്ചുവാങ്ങും.

പശുവും, ആടുകളും, കോഴികളും, മരങ്ങളും പോകട്ടെ അടുപ്പത്തിരിക്കുന്ന ചോറിനോടും, അടുപ്പിലെ തീയിനോടും അവര്‍ സംസാരിക്കും. എന്താ വേവാന്‍ ഇത്ര മടി. ഒന്നു നന്നായി കത്തിയാലെന്താ തുടങ്ങിയുള്ള പരിഭവങ്ങള്‍.( പിന്നീടൊരിക്കല്‍ ദസ്തയേവ്കിയുടെ ആത്മകഥയില്‍ ഇത്തരമൊരു സ്ത്രീയെ കണ്ടു. എന്തായാലും തിളക്കണം. അതിത്തിരി നേരത്തെയായിക്കൂടെയെന്നു പരിഭവിക്കുന്ന ഒരു കഥാപാത്രം)

പുരുഷന്‍ എന്നാണ്‍ അന്നക്കുട്ടി ഈയുള്ളവനെ നീട്ടി വിളിക്കുക. എടാ പുരുഷാ നീ കഞ്ഞികുടിക്കുന്നില്ലേ ? പോകാന്‍ സമയമായില്ലേ എന്നിങ്ങനെ. പുലയനും നായരും ഈഴവനും ക്രിസ്ത്യാനികളും സഹവസിക്കുന്ന ഞങ്ങളുടെ നാട്ടില്‍ അമ്മയെ എല്ലാവരും സ്നേഹത്തോടെ അന്നകുട്ടീയെന്നു തന്നെ വിളിക്കും( ഹിന്ദുക്കളെ അമ്മ വിളിക്കുക മലയാളികള്‍ എന്നാണു) ക്ര്യിസ്ത്യാനികള്‍ അല്ലാത്തവരെക്കുറിച്ച്‌ പറയുമ്പോള്‍ അമ്മ പറയും അവര്‍ മലയാളികള്‍ ആണെന്നു. അമ്മ എന്താ ഫോറിന്‍ കാരിയാണോയെന്നു ഞങ്ങള്‍ കളിയാക്കും. അന്നക്കുട്ടിയുടെ സത്യസദ്ധ്യമായ ഭാഷ എന്നെയെന്നും ആകര്‍ഷിച്ചിട്ടുണ്ടു.

അന്നക്കുട്ടിയുട്ടിയെന്ന അമ്മയുടെ ജീവിതം എഴുതി പ്രതിഫലിപ്പിക്കാന്‍ മാത്രം ഈ എഴുത്തുകാരന്‍ വളര്‍ന്നിട്ടില്ല. ഒരു ചെറിയ സംഭവം ഇവിടെ പകര്‍ത്തുകയാണു.

ക്രിസ്തുവിന്റെ ആറാം തിരുമുറിവു എഴുതിയ പി.എം. ആന്റണി ഒരിക്കല്‍ വീട്ടില്‍ വന്നു. അമ്മയ്ക്ക്‌ ആന്റണിചേട്ടനെ അറിയുമായിരുന്നില്ല. പക്ഷേ നാടകം വന്നപ്പ്പ്പോള്‍ പള്ളിക്കാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അമ്മ പോയതു ഓര്‍മ്മയുണ്ടു.( പള്ളിയും പട്ടക്കാരനും വിട്ടുള്ള ഒരു ലോകം ചിന്തയില്‍ പോലും ഇല്ല അവര്‍ക്കു.)

ആന്റണിച്ചേട്ടനു അമ്മ ചായയും പലഹാരങ്ങളും കൊടുത്തു.പുള്ളിക്കാരന്‍ വന്നു പോയതു പിന്നീട്‌ ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ ചര്‍ച്ചാവിഷയമായി. മനസ്സറിയാതെ അമ്മ കുറ്റക്കാരിയായി.

ആ ദിവസങ്ങളില്‍ അമ്മ ചോദിച്ചു. നമ്മുടെ ഈശോമിശിഹായ്ക്കു എത്ര തിരുമുറിവുകള്‍ ഉണ്ടെന്നു ? ഞാനന്നു ചിരിച്ച്‌ ഒഴിഞ്ഞുമാറി.

ഓശാന ഞായര്‍ തുടങ്ങി ഈസ്റ്റര്‍ ഞായറില്‍ അവസാനിക്കുന്ന വിശുദ്ധവാരം അമ്മയുടേതാണു. അതിലെ ദു:ഖവെള്ളിയും. കുരിശിന്റെ വഴിയെന്ന ചടങ്ങിനു പോകുമ്പോള്‍ എല്ലാവരും മരക്കുരിശ്ശ്‌ കയ്യില്‍ കരുതണം. തട്ടിന്മുകളില്‍ കിടക്കുന്ന പൊടിപിടിച്ച കുരിശുകള്‍ വ്യത്തിയാക്കി അമ്മയെടുത്ത്‌ വയ്ക്കും. ഞങ്ങള്‍ പലരും അതു തൊടുക പോലുമില്ല. ഞങ്ങള്‍ക്കു വേണ്ടി അമ്മയാണു കുരിശുകള്‍ പള്ളിയിലേക്കു കൊണ്ടു പോവുക. ഒന്നില്‍ കൂടുതല്‍ കുരിശ്ശുകളുമായി പള്ളിയിലേക്കു പോകുന്ന അമ്മയെ ഓര്‍ക്കുകയാണു.

അന്നക്കുട്ടി എത്ര കുരിശുകളാണു ചുമന്നതു. അവരുടെ ഹ്യദയത്തിലൂടെ എത്ര വാളുകളാണു കടന്നതു. അവരുടെ തിരുമുറിവുകള്‍ എത്രയാണു ? ആറോ ? അഞ്ചോ ?

അതിലെ ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ പേരെന്തായിരിക്കും ?
പുരുഷനെന്നോ ?

Wednesday, May 2, 2007

സിസ്റ്റര്‍ അഭയ എന്റെ ആരുമല്ല.

1992 മാര്‍ച്ച്‌ 27 നു കോട്ടയം പയസ്‌ ടെന്‍ തു കോണ്‍ വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണ്‍പ്പെട്ട സിസ്റ്റര്‍ അഭയ എന്റെ ആരുമല്ല.

ആരുമല്ലാത്തവരോടും നമുക്കൊരടുപ്പം തോന്നാറില്ലേ ?

അഫ്ഗാന്റെയും ഫലസ്തീന്റെയും ഇറാഖിന്റെയും തെരുവുകളിലൂടെ ചിതറിയോടുന്ന കുട്ടികളിലൊന്നില്‍ അറിയാതെ കണ്ണുടക്കി നില്‍ക്കുന്നതു പോലെ, എവിടത്തെയോ അഭയാര്‍തഥിക്യാമ്പില്‍ ഒരിക്കലും നേരില്‍ കാണാത്ത ഒരു വ്യദ്ധയുടെ കണ്ണ്‍ ഏറെക്കാലം മനസ്സിലുടക്കി നില്‍ക്കുന്നതുപോലെ, വഴിമുറിച്ച്‌ കടക്കുന്ന വയസ്സനായ ഒരാളെക്കാണുമ്പോള്‍ ഓടിച്ചെന്നു കൈപിടിച്ച്‌ നടത്തിയെങ്കിലോ എന്നാഗ്രഹിക്കും പോലെ വെറുതെ ഒരടുപ്പം.

നസ്രാണിയായി ജനിച്ചതുകൊണ്ടാകാം, കന്യാസ്ത്രീകളിലെ സ്ത്രീത്വത്തെ, മാത്യത്വത്തെ ചെറുപ്പം മുതല്‍ കൗതുകത്തോടെ നോക്കിയതു കൊണ്ടാകാം ,അള്‍ത്താരയ്ക്കും പള്ളിമേടയുക്കും ചുറ്റും ബാല്യം ചെലവഴിച്ചതുകൊണ്ടാകാം, പത്രപ്രവര്‍ത്തനത്തിന്റെ ആരംഭത്തില്‍, കൊച്ചി ദിനങ്ങളില്‍ ഇതു സംബദ്ധിച്ച കൂടുതല്‍ കോടതി വാര്‍ത്തകള്‍ കേട്ടതു കൊണ്ടാകാം, മിക്ക ദിനരാത്രികളിലും അഭയ എന്ന കന്യസ്ത്രീയുടെ പാസ്പോര്‍ട്ട്‌ ഫോട്ടോ എന്റെ പ്രജ്ഞയെത്തേടി വന്നു. ചിലപ്പോള്‍ ഉറക്കത്തില്‍പോലും.ഒരിക്കല്‍ ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി ഡെസ്ക്കില്‍ നിന്ന് കിട്ടിയ സിസ്റ്റര്‍ അഭയയുടെ ഫോട്ടോ എടുത്ത്‌ പേഴ്സില്‍ വച്ചു കുറെക്കാലം കൊണ്ടു നടന്നിരുന്നു. മറക്കരുത്‌ എന്ന ശാഠ്യത്തോടെ.( ഇപ്പോഴുമത്‌ കുഴൂരിലുണ്ട്‌. മേശയുടെ ചില്ലിനടിയില്‍ വളരെ പതിഞ്ഞു.)

1997-1998 കാലത്താണു ചന്ദ്രിക ദിനപത്രത്തില്‍ ട്രെയിനിയായി ജോലി ചെയ്യുന്നത്‌. ആയിടെ ഹൈക്കോടതിയില്‍ നിന്നു ഈ കേസ്‌ സംബന്ധിച്ച്‌ മിക്കവാറും ദിവസങ്ങളില്‍ വാര്‍ത്തകള്‍ വരും.ചില വാര്‍ത്തകള്‍ ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ്‌ പറയും. ഇതു തെളിയാന്‍ പോകുന്നില്ല എന്നും മറ്റും. ഈ കേസിലും അങ്ങനെ തന്നെ തോന്നി.കുറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. മരണം നടന്നത്‌ ഒരു കോണ്‍വെന്റിലാണു. മരിച്ചത്‌ ഒരു കന്യസ്ത്രീയാണു. കുറ്റവാളികളെ കണ്ടുപിടിക്കുക എന്നതിനുമപ്പുറം കണ്ടുപിടിക്കാതിരിക്കുക എന്ന സമ്മര്‍ദ്ദതന്ത്രം ചില കേസുകളില്‍ നിറയാറുള്ളതുപോലെ.

എന്തോ അറിയില്ല.മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അന്നും ഇന്നും വലിയ ഊര്‍ജജമൊന്നുമില്ല എനിക്ക്‌. എല്ലാം ഇങ്ങനെയൊക്കെയേ നടക്കൂവെന്ന ഒരു തരം നിസംഗ്ഗത. ഇടപെടലിനുമപ്പുറം ഒരു തൊഴിലായി മാത്രം ഞാനതിനെ കൊണ്ടുനടന്നു.പക്ഷേ അഭയയുടെ ഘാതകരെ പുറം ലോകമറിയണം എന്ന ചിന്ത അന്നേ തന്നെ നാമ്പിട്ടിരുന്നു. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും നടന്ന സംഭവങ്ങള്‍ പുറത്തറിയണം എന്ന വാശി.കാരണങ്ങള്‍ പലതാകാം. പള്ളിയേയും പട്ടക്കാരനേയും അടുത്തറിഞ്ഞ ബാല്യമുള്ളത് കൊണ്ട്‌, അതിന്റെ ദുഷിച്ച കുറെ വശങ്ങള്‍. പൗരോഹിത്യ ദുഷ്പ്രഭുത്വം, അധികാരതിമിര്‍പ്പ്‌, സമ്പന്നരോടുള്ള ചായ്‌ വു. മാര്‍ക്കം കൂടിയവര്‍, ഇറച്ചിവെട്ടുകാര്‍, തെമ്മാടിക്കുഴി തുടങ്ങിയ വാക്കുകള്‍. പലതാകാം.

ഗജ്‌റൌളയില്‍ കന്യസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ സ്ക്കൂളില്‍ സമരത്തിനു നേത്യത്ര്വം നല്‍കിയത്‌ ഈയുള്ളവനാണു.പി,എം.ആന്റണിയുടെ ആറാം തിരുമുറിവു വന്നപ്പോള്‍ കഥയറിയാതെ ത്രിശ്ശൂര്‍ റൗണ്ടില്‍ അനേകായിരം സഭാവിശ്വാസികള്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചവരില്‍ ഞാനുമുണ്ടായിരുന്നു.( ആന്റണിമാഷ്‌ പിന്നീട്‌ കൂട്ടുകാരനായി. വീട്ടില്‍ വന്നു. അക്കാര്യം പിന്നെ)

ആവശ്യമുള്ള സമയത്തെല്ലാം സുവിശേഷം മറന്ന് തെരുവിലിറങ്ങിയ പള്ളിക്കാരുടെ അഭയക്കേസിലുള്ള മൗനം ചൊടിപ്പിച്ചിരുന്നു എന്നു തോന്നുന്നു. അതും ജീവിതം മുഴുവന്‍ സഭയെ വിശ്വസിച്ച്‌, ഏല്‍പ്പിച്ച്‌, സമര്‍പ്പിച്ച്‌, ക്രിസ്തുവിന്റെ മണവാട്ടിയായ ഒരു പെണ്‍കുട്ടിയുടെ ദുരൂഹമരണം.മഠത്തിനുള്ളില്‍ വച്ച്‌.

ജോലിക്കിടയില്‍ അഭയക്കേസ്‌ സംബദ്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി.പറ്റിയാല്‍ ഒരു പരമ്പര. അല്ലെങ്കില്‍ സത്യങ്ങള്‍ മുഴുവനുമുള്ള ഒരു പുസ്തകം. ഇതായിരുന്നു ലക്ഷ്യം. കിട്ടവുന്നത്ര പത്രറിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു.കോടതി നിരീക്ഷണങ്ങള്‍ സമ്പാദിച്ചു. അന്നെല്ലാം ഈ കേസ്‌ സജീവമാക്കി നില നിര്‍ത്തിയിരുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന ചെറുപ്പക്കാരനോട്‌ ആദരവായിരുന്നു.സത്യങ്ങളുമായി കൊച്ചിയിലേയും കോട്ടയത്തെയും പത്രമോഫീസുകള്‍ കയറിയിറങ്ങുന്ന വിപ്ലവകാരി. അഭയയുടെ ഘാതകനെ കണ്ട്‌ പിടിക്കും എന്നു ശപഥം ചെയ്തിരിക്കുന്നയാള്‍. സിസ്റ്റര്‍ അഭയ ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍.

ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ പരിചയപ്പെട്ടു.കൊച്ചിയിലെ ചന്ദ്രികദിനപത്രത്തിന്റെ ഓഫീസ്‌ മുറ്റത്ത്‌ വച്ച്‌. പിന്നെ നിരവധി സംഭാഷണങ്ങള്‍.യാത്ര. പുസ്തകത്തിന്റെ ഏകദേശരൂപം ഉള്ളിലായി.ഇനി പകര്‍ത്താന്‍ തുടങ്ങണം. അതിനും മുന്‍പ്‌ രണ്ടു കാര്യങ്ങള്‍.ഒന്നു അഭയയുടെ മാതാപിതാക്കളുമായി ഇന്റര്‍വ്യൂ, രണ്ട്‌. ജോമോന്റെ കയ്യില്‍ നിന്നുള്ള ഒറിജിനല്‍ രേഖകളുടെ സമാഹരണം.മ റ്റെല്ലാ കാര്യങ്ങള്‍ക്കും ഉത്സാഹം കാട്ടിയിരുന്ന അയാള്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ്‌ ഇതു രണ്ടും നീട്ടിക്കൊണ്ടിരുന്നു. കേസിനെക്കുറിച്ച്‌ അടിമുടിയറിയാവുന്ന ജോമോനെക്കൂടാതെ രണ്ടു കാര്യങ്ങളും നടത്തുവാന്‍ അന്നത്തെ പരിചയക്കുറവും പ്രാപ്തിക്കുറവും സമ്മതിച്ചില്ല. അഭയയുടെ വീട്ടില്‍പോകാന്‍ ഒരിക്കല്‍ കോട്ടയത്തെത്തിയ എന്നെ മറ്റെന്തൊക്കെയോ പറഞ്ഞ്‌ അയാള്‍ തിരിച്ചയക്കുകയും ചെയ്തു.ഈ കേസിലെ എന്റെ അതീവതാല്‍പ്പര്യവും, അതിയായ ആര്‍ജ്ജവവും അയാള്‍ അന്നു തന്നെ തിരിച്ചറിഞ്ഞു കാണണം

ഒരിക്കല്‍ കൊച്ചി ഹൈക്കോടതയില്‍ വച്ച്‌ ഞങ്ങള്‍ കണ്ടു. പുസ്തകത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാമെന്നു പറഞ്ഞ്‌ അയാള്‍ ഞാന്‍ താമസിച്ചിരുന്ന ഇടപ്പള്ളി അഞ്ചുമനയിലെ ഫ്ലാറ്റില്‍ വന്നു. കുറെ നേരം വിശ്രമിച്ചു. ഉറങ്ങിയെണീറ്റപ്പോള്‍ അയാള്‍ പറഞ്ഞു.മരിച്ചുപോയ ഒരു കന്യസ്ത്രീയെക്കുറിച്ച്‌ എന്തിനാണു ഒരു പുസ്തകം. അതെന്നെക്കുറിച്ച്‌ പോരെ. ഈ കേസ്‌ സജീവമായി നിലനിര്‍ത്തുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനെക്കുറിച്ച്‌.

21 വയസ്സാണു എന്റെ പ്രായം. ഇന്നത്തെ ധൈര്യം പോലുമില്ല.അല്ലെങ്കില്‍ അന്ന് അയാളുടെ മുഖത്തെ കണ്ണട നൂറു പീസാകുമായിരുന്നു.പിന്നീട്‌ സംസാരിക്കാം എന്നു പറഞ്ഞ്‌ ഞാനയാളെ തിരിച്ചയച്ചു.എഴുതി തുടങ്ങാത്ത പുസ്തകത്തിന്റെ എല്ലാ അധ്യായങ്ങളും അടച്ചുവച്ചു. വല്ലാത്ത മടുപ്പ്‌, നിസ്സംഗത, നിരാശാബോധം. പലതും

നാള്‍വഴികളില്‍ പലതവണ പത്രത്താളുകളില്‍ അയാളെ കണ്ടുമുട്ടി. ആ പേരൊഴികെ ബാക്കിയെല്ലാം ആര്‍ത്തിയോടെ വായിച്ചു.പ്രതീക്ഷയോടെയുംഅതിനിടെ ജോമോന്‍, ആക്ഷന്‍ കൗണ്‍സിലിന്റെ മറവില്‍ കാശു തട്ടുന്നു എന്ന ആരോപണവുമായി അഭയയുടെ പിതാവ്‌ രംഗത്ത്‌ വന്നു. മറ്റൊരു കേസില്‍ അയാള്‍ ശല്ല്യക്കാരനായ വ്യവഹാരിയായി .. പത്രമോഫീസുകളില്‍ വാര്‍ത്തയുമായി കയറിയിറങ്ങുന്ന വെറും കോട്ടയംകാരന്‍ ഖദര്‍ധാരിയായി. പതുക്കെ അയാള്‍ മറഞ്ഞു.

ഈയടുത്ത്‌ അഭയക്കേസ്‌ വീണ്ടും സജീവമായി.കൊല്ലപ്പെടും മുന്‍പു ആ പെണ്‍കുട്ടി
ബലാത്സംഗത്തിരയായി എന്ന വാര്‍ത്തകള്‍ വന്നു.( തൊഴിലിന്റെ ഭാഗമായി അതു മുഴുവന്‍ വായിക്കേണ്ടിയും വന്നു) അവിടെയും അയാള്‍ നിറഞ്ഞ്‌ നില്‍ക്കുന്നു.

ഇപ്പോള്‍ മനസ്സ്‌ പറയുന്ന കാര്യങ്ങള്‍ ചിലത്‌ ഇതാണു.പുത്തന്‍പുരയ്ക്കലിനു എല്ലാം അറിയാം.കേസ്‌ വഴി മാറ്റിവിടാന്‍ അയാള്‍ എന്നും ശ്രമിച്ചുകൊണ്ടേയിരുക്കുന്നു. മറ്റാരും ഇത്‌ കൈകാര്യം ചെയ്യരുതു എന്ന ലക്ഷ്യത്തോടെയും..

അനാഥമായിപ്പോയ അഭയയുടെ ജീവിതത്തെക്കുറിച്ച്‌ പുസ്തകം തയ്യാറാക്കന്‍ ഒരുങ്ങിപ്പുറപ്പെട്ട ഒരുവനോട്‌ തന്നെക്കുറിച്ചാക്കൂ ആ പുസ്തകം എന്നാവശ്യപ്പെട്ട ഇയാള്‍ എന്തായാലും നല്ല നാണയമല്ല.ആ നാണയത്തിന്റെ മൂന്നാം വശത്തിനും സിസ്റ്റര്‍ അഭയയുടെ മരണരഹസ്യത്തിനും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്നു മനസ്സ്‌ പറയുന്നു.

നിങ്ങള്‍ എന്തു പറയുന്നു ?
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved