Wednesday, May 22, 2013

പലയിടങ്ങളിൽ പൂക്കുന്ന ഒറ്റമരം


മരത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും പ്രവാസത്തെക്കുറിച്ചുമുള്ള പങ്ക് വയ്ക്കലുകളാണു കുഴൂരിന്റെ പല കവിതകളും

അബ്ദുൾ സലാം

പലയിടങ്ങളിൽ പൂക്കുന്ന ഒറ്റമരമാണു കുഴൂർ വിത്സന്റെ കവിതകൾ. അത് ഒരേ സമയം ഷാർജയിലെ വില്ലയിൽ കെട്ടിടച്ചുമരിനോടൊട്ടി നിൽക്കുകയും തക്കം കിട്ടുമ്പോൾ കവിക്ക് തന്നെ ഒളിക്കാനും ഉമ്മവയ്ക്കാനുമുള്ള നിരനിരയായി നിൽക്കുന്ന, മറ്റെവിടെയോ വളരുന്ന ആര്യവേപ്പായി മാറുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ കുഴൂർ പല ദേശങ്ങളെക്കുറിച്ച് എഴുതുമ്പോൾ എല്ലാം ഒരു ദേശമായി മാറുന്നു. പല കാലത്തെക്കുറിച്ച് എഴുതുമ്പോൾ ഒരൊറ്റക്കാലമായി രൂപന്തരപ്പെടുന്നു. പല ജീവിതങ്ങളെക്കുറിച്ച് എഴുതുമ്പോൾ ഒരൊറ്റ ജീവിതമായി മുറുകുന്നു. ഇങ്ങനെ സ്ഥലകാല ദേശങ്ങളെ ഒരൊറ്റത്തറിയിൽ കുറ്റിയടിച്ച് നിർത്താനും ആ തറയിൽ കവിതയുടെ വീട് പണിയാനും കുഴൂർ വിത്സൺ എന്ന കവിക്കാവുന്നു. ആ വീട്ടിലേക്ക് കടന്ന് ചെന്നാൽ നിങ്ങൾ ചിലപ്പോഴൊരു പ്രവാസിയാകും. നാട്ടിൽ പോവുന്ന കമറൂളിനെ കാണും. ഗ്രോസറിയിൽ കാസർഗോഡുകാരനെ കാണും. മറന്ന് വച്ച കുട ആകുലപ്പെടുന്നത് കാണും. കവിതക്ക് പഠിക്കുന്ന ഭീരുവിനെയും ഒരു പഴത്താൽ സ്വന്തം കർഷകനെ ഓർമ്മിക്കുന്ന തല തെറിച്ച ചെക്കനെയും കാണും. തീർന്നില്ല.ഐസിലിട്ട ഭൂമി പോലെ ശരീരം മരവിക്കുന്നതും തൊണ്ടയിലൊരു കടൽ കുടുങ്ങുന്നതും അനുഭവിച്ചെന്നിരിക്കും
മരത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും പ്രവാസത്തെക്കുറിച്ചുമുള്ള പങ്ക് വയ്ക്കലുകളാണു കുഴൂരിന്റെ പല കവിതകളും. ചിലതിലാകട്ടെ സ്വയം പരിഭാഷപ്പെടുത്താനുള്ള ത്രീവശ്രമങ്ങളുംഇവയെക്കുറിച്ച് എഴുതാത്തല്ല മുൻ തലമുറ. എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി  പുതിയൊരു അനുഭവതലം പ്രദാനം ചെയ്യുന്നുവെന്നതാണു സൈബർകാലത്ത് ജീവിക്കുന്ന ഇക്കവിതകളുടെ സവിശേഷത. വാക്കുകൾ ചേർത്ത് വച്ച് കവിത മാത്രമല്ല, കവിതയിൽ ഒരു ചൂണ്ട നിർമ്മിക്കാനും ഈ കവിക്ക് കഴിയുന്നു. ആ ചൂണ്ട ഇരപിടിക്കാൻ മാത്രമുള്ളതല്ല. അനേകം പിടച്ചിലുകളുടെ സങ്കടം തീർക്കാൻ കൂടിയുള്ളതായി മാറുന്നു. ഇങ്ങനെ ഒരേ വാക്ക് കൊണ്ട് ദ്വന്ദ്വാർത്ഥങ്ങൾ സ്യഷ്ടിക്കാനും അതിലൂടെ രണ്ടവസ്ഥകളെ വിചാരണെക്കെടുക്കാനും കവിതയ്ക്കാവുന്നു
നിരീക്ഷണങ്ങളുടെ വിശാലതയുണ്ട് ഓരോ കവിതയിലും. ചുറ്റുപാടുകൾ ഒരു സിസി ടി വി ദ്യശ്യം പോലെ വായനയിലേക്ക് കടന്ന് വരുന്നു. അതിനാൽ ദ്യശ്യഭാഷ കൂടി  നൽകാൻ പല കവിതകൾക്കും കഴിയുന്നു

ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതിൽ
അല്ലെങ്കിൽ എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതിൽ
ഈ മരത്തിനുള്ള  ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങൾക്ക് മനസ്സിലാവില്ല
(മരയുമ്മ)

കുറച്ച് കൂടി വേഗത്തിൽ നടന്നു
കുറച്ച് കൂടി വേഗത്തിൽ
മരങ്ങൾ എന്നിൽ നിന്നും
പിന്നോട്ട് നടന്ന് പോകുന്നു
(മരങ്ങൾ ജീവിതത്തിൽ കവിതയിൽ)

വേരുകളും ഇലകളും
മറന്ന് പോയ മരത്തിനു
മുന്നിൽ വസന്തം
(നീ വന്ന നാൾ)

ഓടിച്ചെന്നപ്പോൾ കണ്ടു
ആകാശത്തേക്ക് കയ്യുയർത്തി കേഴുന്ന വിശ്വാസിയെ
നിന്ന നിൽപ്പിൽ കൈ വെട്ടിയത് പോലെ
ആ മരം
(ആ മരം)



ഇങ്ങനെ പല തരത്തിൽ കുഴൂരിന്റെ കവിതയിൽ മരം കടന്നു വരുന്നുണ്ട്ഓരോ മരത്തിന്റെയും നിൽപ്പ് ഏകാകിയായ ഒരു മനുഷ്യന്റെ നിശ്വാസവും പേറിയാണു. അതിന്റെ ഇലയനക്കത്തിൽ നിന്നും ഊർന്ന് വീഴുന്ന വാക്കുകളിൽ നിറയുന്നത് നമ്മൾ കണ്ട് പരിചയിച്ച സമീപകാല മനുഷ്യരുടെ ചിത്രമാണു. അങ്ങനെ മരവും മനുഷ്യനും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സമാനരാവുകയും അവരുടെ നിലനിൽപ്പ് നിഗൂഢമായി മാറുകയും ചെയ്യുന്നു. ഈ നിഗൂഢത വർത്തമാനകാലത്തിന്റെ മുഖംമൂടിയാണു. ഈ മുഖം മൂടി ഉപയോഗിച്ചാണു നാം കാലത്തെ ഇരുട്ടിലാക്കുന്നത്

ജമ്മം , ന്യത്തം , അന്നത്തെ മെഴുതിരികൾ തെളിയിച്ച ഇരുട്ട് , എന്നെയറിയില്ല തുടങ്ങി പല കവിതകളിൽ ഞാൻ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നു. സ്വയം പലതായി പരിഭാഷപ്പെടുകയാണു ഇവിടെ കവി. അവയിലെല്ലാം കൊച്ചിയിലെ ലുലുമാളിൽ അല്ലെങ്കിൽ സൗദിഅറേബ്യയിലെ അബ്രാജ് അൽ ബൈത്ത് ടവറിൽ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ പരിഭ്രാന്തി നിഴലിക്കുന്നു. അവൻ സാമ്പത്തികമായും സാമൂഹ്യമായും അങ്ങനെ എല്ലാ തരത്തിലും ഉയർന്നവനാണെങ്കിലും നിലവിൽ ഒറ്റപ്പെട്ടവനാണു. കുഴൂരിന്റെ  കവിതയിൽ ഈ ഒറ്റപ്പെടൽ ഒരു രക്ഷപ്പെടലും സ്വയം ന്യായീകരണവുമാകുന്നു


കോർണേഷിലെ ഉദ്യാനം, സുഡാൻ കാരൻ, ഷാർജയിലെ വില്ല, കാബൂൾ, ലാൻസർ കാർ, ആലുവച്ചന്ത, ഈത്തപ്പനകൾ, തുടങ്ങി ഒരു യാത്രികന്റെ ഓർമ്മപ്പുസ്തകം പോലെയാണു വിത്സന്റെ കവിതകൾ. യാത്രയുടെ പല മടക്കുകളിലൂടെ നിങ്ങൾ ഊരിനിവരുമ്പോൾ ഇവയിലേതെങ്കിലും ഒന്ന് മുമ്പിൽ പ്രത്യക്ഷപ്പെടും.

എന്നെയറിയില്ലെ എന്നെയറിയില്ലേ എന്ന് ചാഞ്ഞും ചെരിഞ്ഞും ചോദിച്ചെന്നിരിക്കും. അപ്പോൾ കവി എഴുതിയത് പോലെ കുരിശേറ്റിയതിന്റെ ഓർമ്മയിൽ ഉള്ളം നടുങ്ങുകയും അതിലേറെ നനുത്തതാവുകയും ചെയ്യുന്ന നിമിഷത്തിൽ ഒരു മരത്തെ കെട്ടിപ്പിടിച്ച് മരണത്തോളം മരവിപ്പും ജീവിതവും കലർന്ന ഒരു മരയുമ്മയോ അല്ലെങ്കിൽ നേരെ നടന്ന് കാണുന്ന കലുങ്കിന്റെ അടിവശത്ത് കാണുന്ന കുഞ്ഞാൽമരത്തിനെ ഒരുമ്മ കൊടുത്ത് അമ്മയാക്കുകയോ ചെയ്യുക.

പൂത്ത് നിൽക്കുന്ന ഈ കവിതകൾ പിന്നാലെ വരുന്ന വായനക്കാരനു പൂമണം നൽകട്ടെ


ഇന്ത്യാ ടുഡേ

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved