Friday, November 15, 2013

വിക്കാത്ത മലയാളത്തിനു

വിക്കിമലയാളത്തിലെ എന്നെപ്പറ്റിയുള്ള ലേഖനത്തെച്ചൊല്ലി പലയിടങ്ങളിലും വാദപ്രതിവാദങ്ങൾ നടക്കുകയാണു. കൂട്ടുകാരും അല്ലാത്തവരും പരിചയക്കാരുമൊക്കെ എന്താ സംഭവം എന്ന് ചോദിച്ച് കൊണ്ടിരിക്കുന്നു. അത് കൊണ്ട് ഈ കുറിപ്പ്

ലോകത്തിന്റെ വിവിധഭാഗങ്ങളിലിരുന്നു, ഒരു പാട് പേർ സേവനം നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലയിൽ വിക്കിയെ ആദരിക്കുന്ന ആളാണു ഇതെഴുതുന്നത്. കമ്പ്യൂട്ടറിലെ മലയാളത്തെ, അതിന്റെ പ്രചാരത്തെ 14 വർഷം മുൻപ് സ്വപ്നം കണ്ട ആളെന്ന നിലയിലും വിക്കിയോട് ആത്മബന്ധമുണ്ട്. തൊണ്ണൂറുകളുടെ ഒടുക്കത്തിൽ  ഇ-മെയിൽ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അതിലെന്റെ മലയാളമില്ലല്ലോ എന്ന് ഏറെ സങ്കടപ്പെട്ടിരുന്നു. ഒപ്പ് പോലും മലയാളത്തിൽ ഇടുന്ന ഒരാളെന്ന നിലയിൽ ഏറെ വിഷമിച്ചിരുന്നു. മലയാളത്തിൽ ഇ-മെയിൽ എഴുതുന്ന സ്വപ്നം അന്നേ കണ്ടിരുന്നു. 2003 ൽ കേരളം വിട്ട് യു എ യിൽ എത്തിയപ്പോഴും ഉള്ളിലെ മലയാളം കൂടെ പോന്നു. ആദ്യത്തെ രണ്ട്മൂന്ന് വർഷങ്ങൾ ഉള്ളിലെ മലയാളത്തെ അടക്കിപ്പിടിച്ച് കഴിഞ്ഞതോർക്കുമ്പോൾ ഇപ്പോഴും വീർപ്പുമുട്ടും.

2006 ലാണു കമ്പ്യൂട്ടറിലെ എന്റെ മലയാളസ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നത്. കൂട്ടുകാരിയായ സമീഹയാണു ആദ്യം മലയാളം ബ്ലോഗിംഗിനെക്കുറിച്ച് പറയുന്നത്. അച്ചടിയുടെ ആധികാരികതിയിൽ കുറച്ച് തറഞ്ഞ് പോയ ഒരാളെന്ന നിലയിൽ 2006 ജൂലായിൽ ഞാനും ബ്ലോഗിംഗ് ആരംഭിച്ചു. എന്റെ മലയാളത്തിൽ. അന്ന് യു എ ഇ യിൽ കൂടെയുണ്ടായിരുന്ന പലരും വെബ് മലയാളത്തിനു ഏറെ സംഭാവനകൾ നൽകിയവരാണു. അവരുമായുള്ള കൂടിക്കുഴച്ചിൽ വലിയ മാറ്റങ്ങളാണു എന്നിലുണ്ടാക്കിയത്. മലയാളം യൂണിക്കോഡ് നിർമ്മാണത്തിൽ തുടക്കത്തിലേ പങ്ക് വഹിച്ച് രാജ് നീട്ടിയത്ത്, യൂണിക്കോഡിൽ ബൈബിൾ എഴുതിയ കൈപ്പിള്ളി, മലയാളം ബ്ലോഗിൽ നിന്ന് ആദ്യത്തെ പുസ്തകം കേരളത്തിനു നൽകിയ കൊടകരപുരാണത്തിന്റെ വിശാലമനസ്ക്കൻ, യൂറോപ്പ് സ്വപ്നങ്ങൾ യൂണിക്കോഡിൽ കണ്ട കുറുമാൻ, കുട്ടിത്തം വിടാതെ മധ്യമത്തിൽ എഴുത്തു പിന്നെയും തുടങ്ങിയ കൈതമുള്ള്… ആ നിര നീണ്ടു.
സംശയത്തോടെയും എതിർപ്പോടെയുമാണു മലയാളം ബ്ലോഗുകളെ കണ്ടത്. അന്ന് അമ്പതിൽ താഴെയായിരുന്നു മലയാളത്തിലെ ബ്ലോഗുകളുടെ എണ്ണം. റേഡിയോ ടാക്കിൽ ബ്ലോഗെഴുത്തുകാരെ വിമർശിച്ചുകൊണ്ടായിരുന്നു തുടക്കം. പതിയെ പതിയെ ഞാനതിലേക്ക് വന്നു.

വെബ്ബ് മലയാളത്തിൽ ഒരു പാട് കൂട്ടുകാരായി. എഴുത്തായി. പോസ്റ്റുകളായി . സംവാദങ്ങൾ, വായനകൾ. ഹാ ആ കാലം. വെബ്ബ് മലയാളവുമായി ബന്ധപ്പെട്ട കുറച്ച് ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനും അതിന്റെ ഭാഗമാകാനും കഴിഞ്ഞു. മലയാളം ബ്ലോഗിൽ നിന്ന് ആദ്യം അച്ചടിമഷി പുരണ്ട പുസ്തകം വിശാലമനസ്ക്കന്റെ കൊടകരപുരാണമാണു. അതിന്റെ പ്രകാശനം ഷാർജയിൽ നടത്തിയത് കവി കുരീപ്പുഴ ശ്രീകുമാറും. അതിന്റെ ഒരുക്കങ്ങളിൽ അടിമുടി ഞങ്ങളുണ്ടായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇരുന്ന് മലയാളത്തെ കമ്പ്യൂട്ടറിലൂടെയും സ്നേഹിച്ചവരുടെ പ്രോത്സാഹനങ്ങൾ ലഭിച്ച്. പിന്നെയും വന്നു പുസ്തകങ്ങൾ. കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങൾ ഉൾപ്പടെ നിരവധി.

ഏഴ് വര്‍ഷത്തെ ബ്ലോഗ് ജീവിതം. എഴുതാനും പറയാനും കുറെയുണ്ട്. മലയാളകവിതയില്‍ മലയാളം ബ്ലോഗുകള്‍ ഉണ്ടാക്കിയ മാറ്റങ്ങൾ. വിഷ്ണുപ്രസാദിന്റെയും ലതീഷിന്റെയും വരവ്. ഇടപെടലുകള്‍ ദേവസേന, സെറീന തുടങ്ങിയ പെണ്‍ശബ്ദങ്ങൾ,  ജ്യോനവന്റെ മരണം... അങ്ങനെ കുറെ. പോസ്റ്റുകളായി അതൊക്കെ അവിടെയുള്ളത് കൊണ്ടും , കുറിപ്പ് നീളുമെന്നുള്ളതുകൊണ്ടും അതിലേക്ക് പോകുന്നില്ല അന്ന് തൊട്ട് ഇന്ന് വരെ വെബ്ബിലെ മലയാളത്തിനു എവിടെയെങ്കിലും അംഗീകാരം ലഭിച്ചാല്‍ മനസ്സ് അറിയാതെ തുള്ളിച്ചാടും. അത് ഒരു ആത്മബന്ധമാണു. പത്രാധിപര്‍ ചോദിക്കാതെ കവിത അച്ചടിക്കാന്‍ കൊടുക്കില്ല എന്ന തീരുമാനമെടുക്കാന്‍ വരെ , ആ ബന്ധം വളര്‍ന്നു എന്ന് ചുരുക്കി പറയാം.

2007 ല്‍ അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ എന്ന ബ്ലോഗ് സജീവമായ കാലത്താണു വിക്കിയെ കൂടുതൽ അറിയുന്നത്. വെബ്ബിൽ മാത്രം എഴുതുന്ന ഒരാളെന്ന നിലയിൽ അതിൽ ഒരു ലേഖനം വരാൻ ആഗ്രഹിച്ചിരുന്നു. എന്റെ തന്നെ ഐഡിയിൽ നിന്ന് എനിക്കറിയാവുന്ന രീതിയിൽ എന്നെക്കുറിച്ച് അറിയാവുന്നത് ഞാനവിടെ എഴുതിയെന്നതും നേരു. അങ്ങനെ ഒന്നും ചെയ്യരുത് എന്ന് എനിക്ക് അറിയില്ലായിരുന്നു.പിന്നീട് ആ വഴിക്ക് പോയിട്ടില്ല. ആ ദിവസങ്ങളിലാണു യു ഇ യിലെ സജീവ ബ്ലോഗറും, വിക്കിപ്രവർത്തകനുമായ സിമി നസ്രത്തുമായുള്ള വർത്തമാനം ജോലിചെയ്തിരുന്ന റേഡിയോയിലൂടെ കൊടുക്കുന്നത്. എന്നെക്കുറിച്ച് ഒരു ലേഖനം വിക്കിയിൽ വന്ന് കാണാൻ  ആഗ്രഹമുണ്ടെന്ന് സിമിയോട് പറയുകയും ചെയ്തു. വിത്സൺ വിക്കിയിൽ വരേണ്ട ആളാണെന്നും, വിവരങ്ങൾ അയക്കണമെന്ന് സിമിയും പറഞ്ഞു. അങ്ങനെയാണു 2007 ൽ സിമി എന്നെക്കുറിച്ചുള്ള ലേഖനം വിക്കിയിൽ എഴുതുന്നത്.  അതിനു ശേഷം മൂന്ന് നാലു തവണ ലേഖനത്തിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി സിമിയെ അറിയിക്കുകയും ചെയ്തിരുന്നു.

2007 നു ശേഷമാണു 2 പുസ്തകങ്ങൾ പുറത്തിറങ്ങിയത്. അതിൽ 2012 ൽ ഡി സി ബുക്സ് പുറത്തിറക്കിയ കുഴൂർ വിത്സന്റെ കവിതകൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുകയും ചെയ്തു. എന്നാൽ ആ പുസ്തകം വന്ന അതേ ദിവസങ്ങളിൽ തന്നെ വിക്കിയിൽ നിന്ന് എന്നെക്കുറിച്ചുള്ള ലേഖനം നീക്കപ്പെട്ടു. ശ്രദ്ധേയനല്ലാത്ത എഴുത്തുകാരനാണു എന്നതായിരുന്നു കാരണം. പുസ്തകത്തിൽ വെബ് സൈറ്റ് വിലാസം കൊടുത്തിട്ടുണ്ട്. വെബ് സൈറ്റിൽ വിക്കിയിലേക്കുള്ള ലിങ്ക് ഉണ്ട്. ആ ദിവസങ്ങളിൽ തന്നെ ആ താൾ മായ്ക്കപ്പെട്ടതിൽ എന്തോ വല്ലായ്മ തോന്നി. ഇക്കാര്യം കാണിച്ച് ഞാൻ സിമിക്ക് ഒരു മെയിൽ അയച്ചു. ഇപ്പോൾ വിക്കിയുമായി കൂടുതൽ ബന്ധമില്ലെന്നും അവിടെ തീരുമാനങ്ങൾ എടുക്കുന്നത് മറ്റു പലരുമാണെന്നുമുള്ള സിമിയുടെ മറുപടിയും കിട്ടി. ഞാനത് വിട്ടു.


ഈയടുത്ത് ത്യശ്ശൂർ അക്കാദമിയിൽ ജി ഉഷാകുമാരിയുടെ പുസ്തകപ്രകാശനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ സെബിൻ എബ്രാഹിമിനെ കണ്ടു. അവൻ വന്നിരിക്കുന്നത് വിക്കി സംഗമത്തിൽ പങ്കെടുക്കാനാണു. വിക്കി മലയാളത്തെക്കുറിച്ച് ഒരു സ്റ്റോറി ചാനലിൽ കൊടുക്കണേയെന്ന് അവൻ പറഞ്ഞു. നോക്കാമെന്ന് ഞാനും. പിന്നീട് ഒരു ചാറ്റിൽ എന്നെക്കുറിച്ചുള്ള ലേഖനം നീക്കിയ കാര്യം ഒരു ചെറുസങ്കടമായി ഞാനവനോട് പറയുകയും ചെയ്തു. സെബിൻ അത് എഫ് ബിയിൽ എഴുതിയപ്പോഴാണു സംഗതികൾ വിവാദമായതും ഇത് സംബദ്ധിച്ച വാദപ്രതിവാദങ്ങൾ നടന്നതും. ഈ ദിവസങ്ങളിൽ എനിക്കറിയാത്ത പലരും മെയിൽ വഴി എന്നോട് വിവരങ്ങൾ തിരക്കി. എനിക്കറിയാവുന്നത് ഞാൻ കൊടുക്കുകയും ചെയ്തു. ആ മാറ്റങ്ങൾ ആ പേജിലും കാണാം

കവിത,പ്രണയം .അംഗീകാരം. ഇതൊക്കെ സ്വാഭാവികമായി വരേണ്ടത് തന്നെയാണു. എന്ന് കരുതി അത് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ 20 വർഷമായി മലയാളകവിതയെ അടുത്ത് അറിയാൻ പരിശ്രമിക്കുന്ന ഒരാളെന്ന നിലയിൽ, ആ കവിതകൾ വെബ്ബന്നൂരിൽ (പ്രയോഗത്തിനു കടപ്പാട് – രാം മോഹൻ പാലിയത്ത്) നിറയണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ , അതിന്റേതായ ശ്രദ്ധേയത എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു.അത് വിക്കിയുടെ മാനദണ്ഡങ്ങൾക്ക് യോജിക്കുന്നില്ല എങ്കിൽ ലേഖനം പൂർണ്ണമായും മാറ്റണം എന്ന് തന്നെയാണു എന്റെയും അഭിപ്രായം. അതിൽ ഇനി ഒരു സംവാദത്തിനോ വിവാദത്തിനോ സങ്കടത്തിനോ ഞാനില്ല എന്നും പറഞ്ഞ് കൊള്ളട്ടെ . വിക്കി മലയാളം കൂടുതൽ നല്ല ലേഖനങ്ങൾ കൊണ്ട് നിറയട്ടെ. അതിലെ അറിവുകൾ കുറ്റമറ്റതാകട്ടെ.. ഒരു കാര്യം കൂടി കുറിച്ച് കൊണ്ട് ഈ വിശദീകരണക്കുറിപ്പ് അവസാനിപ്പിക്കുന്നു

വിക്കി മലയാളത്തെക്കുറിച്ചുള്ള ലേഖനത്തിൽ മലയാളം ബ്ലോഗിംഗിനെക്കുറിച്ച് കുറച്ച് പരാമർശങ്ങൾ ഉണ്ട്. 2006 ൽ സജീവമായ മലയാളം ബ്ലോഗിംഗിന്റെ തുടർച്ച വിക്കിക്ക് ഗുണം ചെയ്തിട്ടുണ്ട് എന്ന  അർത്ഥത്തിൽ. അത് ശരിയാണു താനും. കമ്പ്യൂട്ടറിൽ മലയാളം സ്വപ്നം കണ്ട, അതിനായി പ്രവർത്തിച്ച, അത് നടപ്പാക്കിയ ഒരു പാട് ബ്ലോഗർമാർ മലയാളത്തിൽ ഉണ്ട്. പെരിങ്ങോടൻ,കൈപ്പിള്ളി, ദേവൻ, വിശാലമനസ്ക്കൻ, കുറുമാൻ.. ആ ലിസ്റ്റ് നീളുന്നു. അക്കാലത്ത് യു എ ഇ യിൽ ഉള്ള മലയാളികൾ കൂറേക്കൂടി അവിടെ സജീവമായി ഇടപെട്ടിരുന്നു. എന്നിട്ടും മലയാള ബ്ലോഗിൽ നിന്ന് ആദ്യമായി പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ കൊടകരപുരാണത്തെക്കുറിച്ച് വിക്കിമലയാളത്തിൽ ഇല്ല. അത് മായ്ക്കാനാവാത്ത ഇ മലയാളചരിത്രമാണു എന്ന് പറഞ്ഞുകൊള്ളട്ടെ.  അങ്ങനെ ഒരു ലേഖനത്തിലേക്ക് വിക്കി പ്രവർത്തകരുടെ ശ്രദ്ധ പതിയണമെന്നും അഭ്യർത്ഥിക്കുന്നു.

ബ്ലോഗുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടറിൽ മലയാളം കവിത പ്രചരിപ്പിച്ച നിരവധി പേരുണ്ട്.  വയനാട്ടിലെ ഒരു ഗ്രാമത്തിൽ ഇരുന്നു ബൂലോക കവിത ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വിഷ്ണുപ്രസാദ്, മലയാളകവിതയുടെ ദിശാമാറ്റത്തിനു നല്ല പങ്ക് വഹിച്ച ലതീഷ് മോഹൻ,  പുതുപരീക്ഷണങ്ങൾ നടത്തിയ നസീർ കടിക്കാട്, ബ്ലോഗ് കവിതയിൽ ശക്തമായി പെൺശബ്ദങ്ങൾ കേൾപ്പിച്ച ദേവസേന, സെറീന തുടങ്ങി കുറെപ്പേർ. കമ്പ്യൂട്ടർ മലയാളത്തിന്റെ തുടക്കവും ഒഴുക്കും ഒക്കെ രേഖപ്പെടുത്തുമ്പോൾ അവരെക്കൂടി ഉൾപ്പെടുത്തണമെന്നും അപേക്ഷിക്കുന്നു

ഇതൊക്കെ ഇയാൾക്ക് അങ്ങോട്ട് ചെയ്ത്കൂടെ എന്ന ചോദ്യമുയരാം. ജോലി, വീട്, എഴുത്ത് ഇപ്പോൾ തന്നെ 24 മണിക്കൂർ തികയാഞ്ഞിട്ടാണു എന്ന് മാത്രം അതിനുള്ള മറുപടി. വൈകാരികമായ ഒരു ഇടപെടൽ വിക്കിയിലെ ഒരു രീതിയല്ല എന്ന ന്യൂനതയും. ഇത് സംബദ്ധിച്ച് മീഡിയ വൺ ചാനൽ ചോദിച്ച ചോദ്യങ്ങൾക്ക് ഞാൻ ഇതേ മറുപടികൾ തന്നെ നൽകിയിട്ടുണ്ട് എന്നും അറിയക്കട്ടെ. കമ്പ്യൂട്ടർ മലയാളത്തെ തുടക്കത്തിലേ കാര്യമായി ശ്രദ്ധിക്കുന്ന രാജീവ് രാമചന്ദ്രൻ എന്ന മുതിർന്ന മാധ്യമപ്രവർത്തകന്റെ നിർദ്ദേശത്താൽ.

അംഗീകാരങ്ങൾക്കായി ഇതുവരെ ഒരു പിൻ വാതിലും കയറാത്ത ഒരാളാണെന്ന് ഒന്ന് കൂടി ഞാൻ എന്നെപ്പറ്റി പറഞ്ഞുകൊള്ളട്ടെ.അങ്ങനെയെങ്കിൽ എന്റെ ജീവിതരേഖ ഇങ്ങനെയാകുമായിരുന്നില്ല. അച്ചടി മലയാളം നാട് കടത്തിയ കവിതകൾ എന്ന് ബ്ലോഗിനു പേരിടുമായിരുന്നില്ല. 5 പുസ്തകങ്ങൾ ഉണ്ടായിട്ടും ഒരു എൻ എം വിയ്യോത്ത് സ്മാരക അവാർഡിൽ അത് ഒതുങ്ങുമായിരുന്നില്ല എന്നും

വിക്കിമലയാളത്തിനു , അതിന്റെ പ്രവർത്തകർക്ക് ഒരിക്കൽ കൂടി എല്ലാ ഭാവുകങ്ങളും നേരുന്നു. ലോകത്ത് എല്ലായിടത്തും മലയാളമെത്തട്ടെ. അതിൽ കവികളും കവിതകളുമുണ്ടാകട്ടെ. അർഹതയുണ്ടെങ്കിൽ എന്റെ വരികളുമുണ്ടാകട്ടെ
ഇനി ഇത് സംബന്ധിച്ച ഒരു തർക്കത്തിനോ വാദപ്രതിവാദത്തിനോ ഞാൻ ഇല്ല എന്ന് കൂടി. പറഞ്ഞ് കൊണ്ട് ഓടിമറയുന്നു.കവിതയിൽ വിക്കാത്ത മലയാളം തിരഞ്ഞ്


No comments:

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved