Sunday, June 17, 2007

നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നവര്‍ക്ക് കാലങ്ങളോളം കാത്ത് സൂക്ഷിക്കാന്‍



ടൈറ്റാന്‍ വാച്ച് കമ്പനിയുടെ പരസ്യവും ഞാനും തമ്മില്‍ എന്തു എന്നായിരിക്കും.

ഈ പരസ്യത്തിന്റെ ഉടയോന്‍ ദുബായ് ഐക്കണിലെ ക്രിയേറ്റീവ് ഡയറക്ടറും എന്റെ കൂട്ടുകാരനുമായ ഷാജി കിഴക്കാത്രയാണു.

ഗള്‍ഫ് മലയാളികളെ ലാക്കാക്കി ടൈറ്റാന്‍ പരസ്യം ചെയ്തപ്പോള്‍ അതിന്റെ മലയാളം കോപ്പി എന്നോട് ചെയ്യാമോ എന്നു ചോദിച്ചു. നമ്മള്‍ എപ്പ ചെയ്ത് എന്ന് ചോദിച്ചാല്‍ മതിയല്ലോ. ലതാണു ഇത്.

പണ്ടു കൊച്ചിയിലായിരുന്നപ്പോള്‍ ഇതു പോലെ “മിസ്റ്റര്‍ കുക്ക് പ്രഷറ് കുക്കര്‍- അടുക്കളയിലെ രാജാവു “എന്നെഴുതിയതു ഞാനാണെന്ന് ആര്‍ക്കാ അറിയാത്തെ.(കൊച്ചിയിലെ സാജു ചെറിയാനു വേണ്ടി, നേരത്തെ ഇവിടെ ചാക്സണ്‍ പ്രഷര്‍ കുക്കര്‍ എന്നെഴുതിയതു ഓര്‍മ്മക്കുറവുകൊണ്ടാണു. ക്ഷമി)

ആകെ അറിയാവുന്ന അല്‍പ്പം മലയാളം കൊണ്ടു 2,3 വരി എഴുതിയതിനു ഷാജിഭായ് തന്നതു
ഇവിടത്തെ ഒരു ഗാന്ധി നോട്ടാണു. അതു എപ്പ തീര്‍ന്നു എന്നു ചോദീരു



പിന്നെ സംഗതി പ്രിന്റു ചെയ്തു വന്നപ്പോള്‍ സന്തോഷം ഇരട്ടിച്ചു. പിന്നെയും വന്നപ്പോള്‍ പിന്നെയും ഇരട്ടിച്ച്. എന്ന് വിചാരിച്ച് ഗാന്ധി ഇരട്ടിച്ചില്ല കേട്ടാ.

പിന്നെ ഇതെല്ലാം ഇവിടെ പകര്‍ത്തിയതു.
ഒന്ന് ഞാന്‍ ഒരു സര്‍വകലാവല്ലഭന്‍ ആണെന്ന് തെളിയിക്കാന്‍. ഞാന്‍ ഒരു സംഭവം അല്ല. ഒറ്റപ്പെട്ട സംഭവം ആണെന്ന് പറയിപ്പിക്കാന്‍.
പിന്നെ വിളിച്ച് പണിതന്ന ഷാജിഭായിക്ക് ഒരു പണി കൊടുക്കാന്‍.
പിന്നെ ഇതു പോലത്തെ പണികള്‍ അറിയാവുന്ന ഒരുത്തന്‍ ഇവിടെ ഉണ്ടു എന്നറിയിക്കാന്‍.


“എവിടെ ലോണ്‍‘ എന്ന ശ്രീഹരിക്കവിതയും പാടിയാണു ഇപ്പോള്‍ നടപ്പ്. അതാ.

Friday, June 8, 2007

ല എന്ന പെണ്‍കുട്ടി

വെളുത്ത തൂവലുകള്‍ കൊണ്ട്‌
ശരീരം മറച്ചു നില്‍ക്കുന്ന പെണ്‍കുട്ടി
പ്രകാശത്തിന്റെ ശലഭങ്ങളാല്‍ മഴ നനയുന്നവള്‍
കാറ്റ്‌ കൂടു കൂട്ടുന്ന താഴ്‌വാരം
പ്രണയത്തിന്റെ ഏകാന്ത ദ്വീപ സമൂഹം
മീന്‍ കുഞ്ഞുങ്ങളെ ആഹ്ലാദിപ്പിക്കുന്ന സൗന്ദര്യം
മഞ്ഞിന്റെ ഇലകള്‍ കൊണ്ടു പൊതിഞ്ഞ ഹ്യദയം
എന്റെയാത്മാവിന്റെ വിതാനങ്ങളിലൂടെ
തിരശ്ചീനയായി കടന്നുപോകുന്നവള്‍
(ല എന്ന പെണ്‍കുട്ടി, എ.ജെ.മുഹമ്മദ്‌ ഷഫീര്‍)

ക്യതികളുടെ ഉള്ളടക്കത്തേക്കാള്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ളതും അതിശയിപ്പിച്ചിട്ടുള്ളതും തലക്കെട്ടുകളാണു.ചില ആളുകളേക്കാള്‍ അവരുടെ പേരുകള്‍ പോലെ. ചില ദേശങ്ങളേക്കാള്‍ അവയുടെ പേരുകള്‍ പോലെ. അതു കൊണ്ടു തന്നെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ എ.ജെ.മുഹമ്മദ്‌ ഷഫീറിന്റെ "ല" എന്ന പെണ്‍കുട്ടി എന്ന കവിത എന്നും ഉള്ളിലുണ്ടു. വായിച്ച അന്നു മുതല്‍. ജീവിതത്തിലെ പെണ്‍കുട്ടികളേക്കാള്‍ എനിക്കു പരിചയവും അടുപ്പവുമുള്ളതു കവിതയിലെ പെണ്‍കുട്ടികളോടാണു.

എന്തു കൊണ്ടായിരിക്കാം ? ഒറ്റനോട്ടമെറിഞ്ഞ്‌, ദൂരത്തേക്ക്‌ മാഞ്ഞ്‌ പോകാത്തതു കൊണ്ടായിരിക്കും.

പാദസ്വരത്തിന്റെ കിലുക്കം കേള്‍പ്പിച്ച്‌ ഓടിയൊളിക്കാത്തതു കൊണ്ടായിരിക്കും

മുറിവുകളില്‍ ചെറുനാരകത്തിന്റെ നീരു വീഴ്ത്താത്തതുകൊണ്ടായിരിക്കും (ഒരാളൊഴികെ)

ത്യഷ്ണയുടെ മഹാനദിയിലേക്കു എടുത്തെറിയാത്തതുകൊണ്ടായിരിക്കും(ഒരാളൊഴികെ)

ആവോ അറിയില്ല

കവിതയിലെ പെണ്‍കുട്ടികള്‍ എന്നെ കരയിച്ചിട്ടുണ്ട്‌.ആഹ്ലാദിപ്പിച്ചിട്ടുണ്ടു. ജീവിതത്തിന്റെ സകല വികാരങ്ങളും പങ്കുവച്ചിട്ടുണ്ട്‌.നിത്യജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കവിതയിലെ പെണ്‍കുട്ടികള്‍ തന്നെയാണു അധികവും. അല്ലെങ്കില്‍ തന്നെ ജീവിതത്തില്‍ എത്ര പെണ്ണുങ്ങളെയറിഞ്ഞിട്ടുണ്ട്‌. ഒരു കയ്യിലെ വിരലുകളുടെ എണ്ണത്തോളം വരില്ല അവ. ഒരര്‍ത്ഥത്തിലും

കവിതയിലേക്കു മാമ്മോദീസ മുക്കിയ ആളായതിനാലാകണം ചുള്ളിക്കാടിന്റെ അന്നയും , മറിയവും എന്നും ഉള്ളിലുണ്ട്‌. അന്നാ----- എന്ന് ചുള്ളിക്കാട്‌. മറിയമേ ഭൂമിയിലെ മെഴുതിരികളൊക്കെയും മനമുരുകിയെരിയുന്നുവെന്ന് മറ്റൊറിടത്ത്‌. അന്നും ഇന്നും അന്നയും മറിയവും എനിക്കു പ്രിയപ്പെട്ടവര്‍ തന്നെ. ഒറ്റയ്ക്കാവുമ്പോള്‍, വേദനിക്കുമ്പോള്‍ അമ്മയെ വിളിക്കുന്നതിനു പകരം, ദൈവത്തെ വിളിക്കുന്നതിനു പകറം ഈ വരികള്‍ ചൊല്ലുന്നത്‌ അതായിരിക്കണം.

പിന്നെയുമുണ്ടു ഒരുപാട്‌ പെണ്ണുങ്ങള്‍, പെണ്‍കുട്ടികള്‍, കുഞ്ഞുങ്ങള്‍. കുമാരനാശാന്റെ നളിനിയും ലീലയും, അധികം പരിചയമില്ലാത്ത പെണ്ണുങ്ങളായി അവിടെയും ഇവിടെയും നടക്കുന്നു. എങ്കിലും തോന്നും എവിടെയോ കണ്ടിട്ടുണ്ടല്ലോ ഇവരെ. എപ്പോഴോ കേട്ടിട്ടുണ്ടല്ലോ ഇവരെ. കേട്ടിട്ടുണ്ടല്ലോ ഈ ശബ്ദം എന്നൊക്കെ

കവിതയില്‍ ഏറ്റവും ആകര്‍ഷിച്ച പെണ്‍കുട്ടികളിലൊന്നു പി.എ.നാസുമുദ്ദീന്റെ ശ്രീജയാണു. ശ്രീജാ നീയുള്ളിടത്തോളം ഈ ലോകം ജീവിതാര്‍ഹമാണു എന്നാണു നാസു എഴുതിയതു.

നിന്റെ അരുണാഭമായ മുഖത്തു നിന്നും
പടയാളികള്‍ ആയുധം വാങ്ങുന്നു
തോറ്റവര്‍ വിശ്വാസമാര്‍ജ്ജിക്കുന്നു
യോഗികള്‍ ആശ വക്കുന്നു

(ശ്രീജ, പി.എ.നാസുമുദ്ദീന്‍)

പിന്നെയും നിരവധി പെണ്‍കുട്ടികള്‍. സച്ചിദാനന്ദന്റെ സുലേഖ, എ.അയ്യപ്പന്റെ സുമംഗലി, കടമ്മനിട്ടയുടെ ശാന്ത, കവി വിനയചന്ദ്രന്റെ റോസലിന്‍ഡയാണു മായാത്ത മറ്റൊരു ചിത്രം.

റോസാലിന്‍ഡ ഒരു കന്യാസ്ത്രീ, തന്റെ കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിച്ച്‌ അവള്‍ മടങ്ങിവന്നു. കന്യകാത്വത്തിന്റെയും മാത്യത്വത്തിന്റെയും ഏതേതു വഴികളിലേക്കാണു റോസാലിന്‍ഡ എന്നെ കൂട്ടിക്കൊണ്ടു പോയത്‌. എന്റെ കവിതകളിലെന്നും നിറഞ്ഞു നിന്നിരുന്ന കന്യസ്ത്രീകള്‍ കൂട്ടമായി അവതരിച്ചതു പോലെ റോസാലിന്‍ഡ ഇന്നും പൂത്തലഞ്ഞ്‌ നില്‍ക്കുന്നു. അല്‍പ്പം സങ്കടത്തോടെ.

കവിതയിലും നിത്യജീവിതത്തിലും പരിചയമുള്ള അപൂര്‍വ്വ വ്യക്തികളിലൊരാള്‍ സച്ചിദാനന്ദന്‍ പുഴങ്കരയുടെ എത്സിയാണു. കവിത ജീവിതത്തിലേക്കു നിറഞ്ഞു തുടങ്ങിയ സമയത്ത്‌ വായിച്ച കവിതയാണു' എത്സി പറഞ്ഞു' എന്നത്‌. സച്ചിമാഷിനു എങ്ങനെ കിട്ടി എത്സിയെന്ന അന്വേഷണം കൊണ്ട്‌ ചെന്നെത്തിച്ചതു വലിയൊരു കാവ്യസൗഹ്രദത്തിലാണു. പിന്നീട്‌ എത്രയോ തവണ കവിതയിലെ ആ കഥാപാത്രത്തില്‍ നിന്നു ഊണുവാങ്ങിക്കഴിച്ചിരിക്കുന്നു. ചാലക്കുടിയിലെ ആറങ്ങാലി മണപ്പുറവും സന്ധ്യകളും സ്വന്തമായിരിക്കുന്നു.

സച്ചിയേട്ടന്റെ മക്കളും കവിതകള്‍ തന്നെ. നിമഗ്നയും, ഇളയും. അവരും കവിതകളില്‍ നിറയാറുണ്ട്‌.

ആ കവിതകള്‍ ഇപ്പോള്‍ മുതിര്‍ന്നു കാണും

കവിതയിലെ എന്റെ പെണ്‍കുട്ടികള്‍. ആദ്യത്തേതു ബിനിയാണു. 'ബിനിയും രാത്രിയും' എന്ന കവിതയില്‍ എന്റെ കൗമാരപ്രണയം വിരിഞ്ഞു.

നിലാവും രാത്രിയും
തമ്മില്‍ പിണങ്ങി

നിലാവു രാത്രിയോട്‌ പറഞ്ഞു
ഇനി നിന്നോട്‌ കൂടാന്‍
ഞാന്‍ വരില്ല

എന്നെ കൂടാതെ
നീ ജീവിക്കുന്നതൊന്നു കാണട്ടെ
രാത്രി വെല്ലുവിളിച്ചു

നിലാവു
ബിനിയുടെ ചിരിയിലേക്കു
കുടിയേറി പാര്‍ത്തു

അതിനു ശേഷമാണു
എന്റെയിരുട്ടില്‍
അവള്‍
പ്രകാശിക്കാന്‍ തുടങ്ങിയതു.

ബിനിയും രാത്രിയും ആദ്യപുസ്തകമായ ഉറക്കം ഒരു കന്യസ്ത്രീയില്‍ ഉള്‍പ്പെടുത്തി. ഇപ്പോഴും അതെടുത്ത്‌ വായിക്കുമ്പോള്‍ രസകരമായ ഒരു സംഭവം ഓര്‍മ്മ വരും.

കോളേജ്‌ കാലത്താണു ആ കവിത. ആദ്യവായനക്കാര്‍ കൂടെ പഠിക്കുന്നവര്‍ തന്നെ.

ഒരു ദിവസം അതേ കോളേജില്‍ പഠിക്കുന്ന വകയിലെ സഹോദരി വീട്ടില്‍ വന്നു. എനിക്കൊരു ചെക്കന്‍ ഒരു കവിത തന്നു എന്നെല്ലാം പറഞ്ഞ്‌. കവിത വായിച്ച്‌ നോക്കി. 'ബീനയും നിലാവും' എന്ന തലക്കെട്ടില്‍ എന്റെ കവിത. കൊടുത്തതു മറ്റാരുമായിരുന്നില്ല.ക്ലാസ്‌ മേറ്റായ ചാള്‍സായിരുന്നു.

ബീന തന്ന കവിതയും കയ്യില്‍ പിടിച്ച്‌ പിറ്റേന്നു അവനെ കണ്ടു. എടാ എന്റെ കവിത കോപ്പിയടിച്ച്‌ എന്റെ പെങ്ങള്‍ക്കു തന്നെ പ്രണയലേഖനം നല്‍കണമെന്നെല്ലാം കുറെ കളിയാക്കി.

10, 12 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഓര്‍ക്കാന്‍ നല്ല രസമുണ്ടു. പ്രത്യേകിച്ച്‌ അതു കവിതയിലെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാകുമോള്‍.

ബിനിയെവിടെ, ബീനയെവിടെ, ചാള്‍സെവിടെ. ആ കവിതയുണ്ടു ബാക്കി. അതെ എനിക്കു സത്യമാണു കവിത. ആരും കൊണ്ടു പോകാത്ത കാലം മാറ്റം വരുത്താത്ത ഒന്നു.
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved