Tuesday, January 21, 2014

കവിത കൊണ്ട് നടക്കുന്നവര്‍

കവിത കൊണ്ട് നടക്കുന്നവര്‍
 (ഇന്ത്യ ടുഡേ ഇരുപത്തിനാലാം വാര്‍ഷികം , ലക്കം ജനുവരി 29,2014 )  പ്രത്യേകപതിപ്പില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ്ണരൂപം)

ഞാനും വരട്ടയോ നിന്റെ കൂടെചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കവി ഒരിക്കല്‍ അസുഖബാധിതനായി. ചികിത്സിക്കാന്‍ പണമില്ല. അന്നത്തെ പ്രമുഖമാധ്യമത്തില്‍ അത് വാര്‍ത്തയായി. ഭൂലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഇടപ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് മണിയോര്‍ഡറുകള്‍ ഒഴുകി. അത് കൈകാര്യം ചെയ്യാന്‍ പുതിയ ഒരു പോസ്റ്റ് ഓഫീസ് തന്നെ ഇടപ്പള്ളിയില്‍ തുറക്കേണ്ടി വന്നു.
 
മലയാള കവിതയുമായി ബന്ധപ്പെട്ട് കേട്ടതും വായിച്ചതുമായ ഏറ്റവും വലിയ സംഭവ കഥകളിലൊന്ന് ഇതാണ്. ഒരുകാലത്തെ മലയാളി കവിതയെ കവിയെ എത്ര മാത്രം നെഞ്ചേറ്റിയിരുന്നു എന്നു തെളിയിക്കാന്‍ ഈ നടന്ന കഥ മാത്രം മതിയാവും. കവിതയുമായി ബന്ധപ്പെട്ട ഭൗതിക ഇടപെടലാണ് ഇതെങ്കില്‍ ആത്മീയ ഇടപെടലുകളുടെ ആയിരക്കണക്കിന് കഥകള്‍ വേറെയുമുണ്ട്. പണിക്കും സഞ്ചാരത്തിനും രാജ്യസേവനത്തിനുമൊക്കെയായി നാടുവിട്ട, നാനാ ദേശങ്ങളിലേക്ക് കുടിയേറിയ കേരളീയന്‍ അവന്റെ അമ്മയുടെ ഫോട്ടോയ്‌ക്കൊപ്പം കവിത കൂടി കൊണ്ടുപോയി എന്നുള്ള കാര്യമാണ് അതിലൊന്ന്. അന്യദേശങ്ങളില്‍ പാര്‍ക്കുന്നവര്‍ നാട്ടില്‍ പോയി വരുന്നവരോട് രമണന്റെ കോപ്പി കൊണ്ടുവരാന്‍ ചട്ടം കെട്ടുമായിരുന്നു. അതിര്‍ത്തിയില്‍ പണിയെടുക്കുന്ന പട്ടാളക്കാര്‍ രമണന്റെ കോപ്പി പകര്‍ത്തിയെഴുതി സ്വന്തമായി ആത്മാവിന്റെ കൈയെത്തം ദൂരത്ത് സൂക്ഷിക്കുമായിരുന്നു.
രമണന്‍ എന്ന കാവ്യത്തിലെ മലരണിക്കാടുകള്‍ തന്റെ ദേശമായതുകൊണ്ടും രമണന്‍ എന്ന ഒരാള്‍ തന്റെ ഉള്ളിലുള്ളതുകൊണ്ടും മദനന്‍ എന്ന കൂട്ടുകാരനെ അയാള്‍ ജീവിതത്തില്‍ കൂട്ടുകാരനായി ആഗ്രഹിച്ചതുകൊണ്ടും ചന്ദ്രികമാരുടെ വിവിധ വേഷങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളതുകൊണ്ടുമൊക്കെ മലയാളിയുടെ കാവ്യ ജീവിതത്തില്‍ രമണന്‍ എന്ന പുസ്തകം മഹാഭാരതവും ബൈബിളും ഖുറാനുമൊക്കെയായി
 

എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും സങ്കല്‍പ്പലോകമല്ലീയുലകം എന്ന് അതിലെ നായകന്‍ ഇപ്പോഴും തന്നോടും ചന്ദ്രികയോടും ലോകത്തോട് തന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നു.
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ

എന്ന് കൂടെക്കൂടെ ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നു.
ആത്മാവും ശരീരവും അപ്പൂപ്പന്‍ താടികളാകുന്ന പുതിയ
കൂട്ടായ്മയിലും ഇപ്പോഴും ഉയര്‍ന്നുവരുന്ന മലയാളിയുടെ ഉള്ളില്‍ നിന്നുള്ള രണ്ട് വരികള്‍ '' കാനനച്ഛായയില്ആടുമേയ്ക്കാന്‍, ഞാനും വരട്ടെയോ നിന്റെ കൂടെ'' എന്നുള്ള ഈരടികള്‍ തന്നെയാണ്.

കേരളീയന്റെ ജീനില്‍ അലിഞ്ഞു ചേര്‍ന്ന ഈ ഈരടി അയാളുടെ കാവ്യ ജീവിതത്തിനും ബാധകമാണെന്നു തോന്നുന്നു. ആത്മാവിന്റെ സത്യസന്ധമായ ഭാഷണം എന്ന നിലയില്‍ അതിന്റെ മലയാള പരിഭാഷ എന്ന നിലയില്‍ കവിത ഇന്നും മലയാളികളുടെ കൂടെയുണ്ട്. പല രൂപത്തില്‍, പല ഭാവത്തില്‍. പല ഇടങ്ങളില്‍ നാടുവിടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കുന്ന ഒരു മലയാളിയോട് ,കവിത ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അത് ഞാനും വരട്ടെയോ നിന്റെ കൂടെയെന്നുള്ളതാണ്.
അവനവന്റെ ഏറ്റവും സത്യസന്ധമായ ആത്മഭാഷണം എന്ന നിലയില്‍ മലയാളിക്ക് എവിടെപ്പോയാലും എങ്ങിനെയൊക്കെയായാലും അതിനെ കൂട്ടാതെ വയ്യ. അതിന് വര്‍ത്തമാനത്തില്‍ നിന്നും ആയിരക്കണക്കിന് പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് , കോടിക്കണക്കിന് ഉദാഹരണങ്ങളുണ്ട്. അതിലേക്കാണ് ഈയെഴുത്ത്.


പതിനാറു ലക്ഷത്തി ഒമ്പത് ഫലങ്ങള്‍ഗൂഗിള്‍ ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണ്. മലയാളിയുടെയും. മോളെ കാണാതായാലും ഗൂഗിള്‍ ചെയ്തു നോക്കുന്ന ഒരു ജനത പിറന്നിരിക്കുന്നു എന്ന കാര്യം മറന്നുകൂടാ. ഈ കുറിപ്പെഴുതിയ 2014 ജനുവരി 14ന് സന്ധ്യക്ക്  യൂണിക്കോഡ് മലയാളത്തില്‍ കവിതയെന്ന് ടൈപ്പ് ചെയ്ത് ഗൂഗിള്‍ ചെയ്തപ്പോള്‍  ഒരു നിമിഷത്തിന്റെ പകുതിക്കുള്ളില്‍ കിട്ടിയത് പതിനാറു ലക്ഷത്തി ഒമ്പത് ഫലങ്ങളാണ്.
കംപ്യൂട്ടറും ഐഫോണും സാധാരണമായപ്പോള്‍ മലയാളവും കവിതയുമൊക്കെ ഇല്ലാതാവും എന്നു ഭയപ്പെട്ടിരുന്നവര്‍ക്ക് കൂടി കിട്ടിയ ഫലങ്ങളാണ് ഈ പതിനാറു ലക്ഷത്തി ഒമ്പത് ലിങ്കുകളില്‍ ഉള്ളത്. (അത് സമഗ്രമെന്നോ കറ തീര്‍ന്നവയെന്നോ അര്‍ഥമില്ല. ഇതൊരു തുടക്കം മാത്രമാണ്. കോടിക്കണക്കിന് ഫലങ്ങള്‍ വരാനിരിക്കുന്നു. ഒരായുസ്‌കൊണ്ട് വായിച്ചു തീര്‍ക്കാന്‍ പറ്റാത്ത മലയാളവും കവിതയും).

കവിതയ്ക്ക് മാത്രം ഗൂഗിളില്‍ പതിനാറു ലക്ഷത്തിലധികം ഫലങ്ങളുണ്ടെങ്കില്‍ മറ്റ് വാക്കുകളുടെ കാര്യം പറയാനുണ്ടോ. എത്രയാവും അത്. എത്ര ജന്മങ്ങള്‍ വേണം അത് വായിച്ചു തീരാന്‍. മലയാളം കവിത മരിച്ചു മരിച്ചു തുടങ്ങിയ കരച്ചിലുകള്‍ നാം കേട്ടു തുടങ്ങിയിട്ടു കാലമെത്രയായി. എന്നിട്ടെങ്ങിനെയാണ് ഇത്രയും ഫലങ്ങള്‍ വെബ്ബന്നൂരില്‍ നിറഞ്ഞത്(വെബ്ബന്നൂര്‍ എന്ന പ്രയോഗത്തിന് രാംമോഹന്‍ പാലിയത്തിനോടു കടപ്പാട്) ആരാണ് വെബ്ബന്നൂരില്‍ ഇത്രയധികം മലയാളം നിറച്ചത്. ഇത്രയധികം കവിത വിതച്ചത്.

ശ്രേഷ്ഠ ഭാഷാ പദവിക്കുവേണ്ടി മുറവിളി കൂട്ടിയ സാഹിത്യകാരന്മാരോ അക്കാദമികളോ സര്‍വകലാശാലകളോ ആണോ ? കോടിക്കണക്കിന് രൂപ മലയാളത്തിനു വേണ്ടിയൊഴുക്കുന്ന സോ കോള്‍ഡ് സ്ഥാപനങ്ങളാണോ ?അല്ല മറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മലയാളത്തെയും ജീനിലുള്ള മലയാള കവിതയെയും കൊണ്ടുപോയ പുതിയ തലമുറയിലെ ചെറുപ്പക്കാരാണ്. അവരുടെ  ജീവിത രേഖ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടില്ല. ചരിത്രത്തിന്റെ ഭാഗമാകുന്നതിനു വേണ്ടിയല്ല അവര്‍ ഇതൊന്നും ചെയ്യുന്നതും. കേരളീയന്റെ ഉള്ളില്‍ വിരിഞ്ഞ മലയാളത്തിന്റെ സിരകളിലോടുന്ന കവിതയുടെ വീര്യവും ഊര്‍ജവും  അവരെ അതിന് സ്വഭാവികമായി പ്രേരിപ്പിക്കുന്നതാവണം. അല്ലെങ്കില്‍ എങ്ങിനെയാണ് ചെറുശേരിയുടെ കൃഷ്ണഗാഥ കംപ്യൂട്ടറില്‍ ആര്‍ക്കും വായിക്കാനാവുംവിധം യാഥാര്‍ഥ്യമാകാന്‍ പോവുന്നത്. അല്ലെങ്കില്‍ എങ്ങിനെയാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ അച്ചടിയില്‍ പോലും വായിക്കാന്‍ കിട്ടാത്ത ഗ്രന്ഥങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ മലയാളിക്ക് കിട്ടുന്നത്.

കംപ്യൂട്ടറില്‍ മലയാള ലിപിയുടെ വിന്യാസം സാധ്യമാക്കിയ യൂണിക്കോഡ് മലയാളത്തിന്റെ പിറവിയോടെ വന്‍ മാറ്റങ്ങളാണു ഈ ഭാഷയുടെ കാര്യത്തില്‍ സംഭവിച്ചത്. അതിലൂടെ കവിതയിലും . ബ്ലോഗ്, നവമാധ്യമങ്ങള്‍, വിക്കി പീഡിയ തുടങ്ങിയവ അതിന് വലിയ രീതിയിലുള്ള അടിസ്ഥാനമിടുകയും ചെയ്തു. ഏറ്റവും സുന്ദരവും ആകര്‍ഷകവുമായ ഇടങ്ങളില്‍ കയ്യേറ്റം സ്വഭാവികമാണ്. വെബ്ബന്നൂരിലും അതു തന്നെ സംഭവിച്ചു. അത്ര വിശ്വാസത്തോടെ അത്ര ഇഴുകിച്ചേര്‍ന്ന് കാമുകനുമായി ചുംബനത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടി പിന്നീട് അതിന്റെ ദൃശ്യങ്ങള്‍ കാണുന്നത് വെബ്ബന്നൂരിലാണ്. അവള്‍ക്ക്, അവന് മരണമേ നിവൃത്തിയുള്ളൂ.

തനിക്ക് കിട്ടിയ വെബ്ബിടം (ഒരുപാട് ആത്മാക്കള്‍ ശരീരവും മനസും ഊണും ഉറക്കവുമൊക്കെ സമര്‍പ്പിച്ച ഇടം) വൃത്തികേടാക്കുന്നതില്‍ മലയാളികളും കാണിച്ച ഉത്സാഹം ചെറുതല്ല.ആ ഇടങ്ങളാണ് ചെറുപ്പക്കാര്‍, മധ്യവയസ്‌കര്‍, വീട്ടമ്മമാര്‍ പുതിയ കവിതകള്‍കൊണ്ടും പഴയ കാവ്യങ്ങള്‍കൊണ്ടും നിറയ്ക്കുന്നത്. അത് ഒരു ചെറിയ കാര്യമായി കണ്ടു കൂടാ.

ഒരു പഞ്ചായത്തില്‍ പതിനായിരക്കണക്കിന് കവികള്‍ എന്നു പരിഹസിക്കുന്നവര്‍ ഒന്നോര്‍ക്കുന്നത് നന്ന്. ഒരു പഞ്ചായത്തില്‍ ആയിരം പീഡകര്‍ ഉണ്ടാകുന്നതിനേക്കാള്‍ , പതിനായിരം കൊള്ളക്കാര്‍ ഉണ്ടാകുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് പതിനായിരക്കണക്കിന് കവികളും കവിതകളും ഉണ്ടാകുന്നത്. അന്യന്റെ വാക്കുകള്‍ സംഗീതം പോലെയാകുന്ന സ്വപ്നം, അന്യജീവികളുടെ വാക്കുകള്‍ കവിതയാകുന്ന കാലമെന്നും വരാം. 
പുതിയ തലമുറയിലെ ഏറ്റവും പുതിയ എഴുത്തുകാരനായ ഹരശങ്കരനശോകന്റെ നിരീക്ഷണം ഇവിടെ എടുത്തെഴുതുകയാണ്. “വെബ്ബന്നൂരിലെ മലയാളിയുടെ ഇടപെടല്‍ നിരീക്ഷിച്ച ഒരാളെന്ന നിലയില്‍ പറയുകയാണ് (ഹരിശങ്കരനശോകനെന്ന പുതിയ കവി എഴുത്തും വായനയും അധികം കണ്ടത് കംപ്യൂട്ടറിലാണ്) സെക്‌സ് എന്ന വാക്കിനു ശേഷം മലയാളത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് കവിതയാണ്. ഗൂഗിളിലും ബ്ലോഗിലും ഫേസ്ബുക്കിലും അത് നിറഞ്ഞു നില്‍ക്കുന്നു. അതില്‍ സന്തോഷം തോന്നുന്നു.“
ഹരിയുടെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി തന്നെ ആഗ്രഹിക്കുകയാണ് കേരളീയന്‍ ആദിമ ചോദനയായ ലൈംഗികത ഗൂഗിളില്‍ തിരയുന്നതിനേക്കാള്‍ കവിത തിരയുന്ന കാലം വരുമെന്ന്. അത് വിദൂരത്തിലല്ലെന്ന്.

കംപ്യൂട്ടര്‍ കണ്ടുപിടിച്ചവനല്ലേ യഥാര്‍ത്ഥത്തില്‍ കവി?
ആകാശത്തു കൂടി പറക്കുന്ന മേഘങ്ങളിലൂടെ പ്രിയപ്പെട്ടവള്‍ക്കു സന്ദേശം കൊടുത്തയയ്ക്കാമെന്നു കവി വിചാരിക്കുന്നു. അതെഴുതുന്നു. എന്നാല്‍ നോക്കൂ. കംപ്യൂട്ടര് നടപ്പാക്കിയ കവി ചെയ്തത് അത് യാഥാര്‍ത്ഥ്യമാക്കുകയാണ്. ഒരേ സമയം ബ്രിട്ടനിലും കുഴൂരിലുമിരുന്ന് കവിത പങ്കു വയ്ക്കുന്ന സ്വപ്‌നം നടപ്പാക്കുകയാണ് അയാളും തുടര്‍ന്നു വന്നവരും ചെയ്തത്. മേഘങ്ങളിലൂടെ പ്രിയപ്പെട്ടവള്‍ക്ക് സന്ദേശമയച്ച കവിക്കൊപ്പം തന്നെ, അതു നടപ്പാക്കിയ കവിക്കും സ്ഥാനമുണ്ടെന്നു വിചാരിക്കുന്നു. ഒരാള്‍ ഭാവിച്ചു എങ്കില്‍ രണ്ടാമത്തെയാള്‍ അതു നടപ്പാക്കുകയാണു ചെയ്തത്. കവിയുടെ ഭാവനയും കംപ്യൂട്ടര്‍ ഉണ്ടാക്കിയ ആളുടെ ഭാവനയും തുലനം ചെയ്താല്‍ കവിത്വം കൂടുതല്‍ രണ്ടാമത്തെ ആള്‍ക്കു വരുമെന്ന് അര്‍ത്ഥം. ഭാവനയുടെ നടപ്പാക്കലിന്റെ രണ്ടു വലിയ നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്ന അതിവിശിഷ്ടമായ നിമിഷങ്ങളിലൂടെയാണ് മലയാളവും കടന്നു പോകുന്നത്. അതില്‍ നിന്നു കോടിക്കണക്കിനു നക്ഷത്രങ്ങള്‍ വിരിയാതെ വയ്യ. മലയാളത്തിന്റെയും കവിതയുടെയും ആ പ്രകാശത്തിനായി തീര്‍ച്ചയായും നാം കാത്തിരിക്കുകയാണ്.

ആരൊക്കെയാണ് വെബ്ബന്നൂരില്‍ മലയാളമുണ്ടാക്കിയത്?

16 വര്‍ഷങ്ങള്‍ക്കു മുമ്പ് 1998-ല്‍ ആദ്യമായി ഹോട്ട്‌മെയിലില്‍ ഇമെയില്‍ ഉണ്ടാക്കുമ്പോള്‍ സങ്കടം ചെറുതല്ലായിരുന്നു. അതിലെനിക്ക് അറിയാവുന്ന മലയാളത്തില്‍ എഴുതാനാവില്ലല്ലോ എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. കവിയായ ഞാന്‍ അതേക്കുറിച്ച് സങ്കല്‍പിച്ചുവെങ്കില്‍ അതേക്കുറിച്ച് സങ്കടപ്പെട്ടു എങ്കില്‍ ഇതൊന്നും ചെയ്യാതെ ഇമെയിലില്‍ മലയാളമെഴുതുക എന്ന കാര്യം യാഥാര്‍ഥ്യമാക്കുകയായിരുന്നു മറ്റു ചെറുപ്പക്കാര്‍. അവര്‍ നിരവധിയുണ്ട്. യു എ ഇയിലും ബ്രിട്ടനിലും തിരുവനന്തപുരത്തും വയനാട്ടിലുമൊക്കെയിരുന്ന് അവര്‍ അതിനു വേണ്ടി പരിശ്രമിക്കുകയായിരുന്നു. 2005-ഓടെ ആ മിടുക്കന്മാര്‍ അതു നടപ്പാക്കുകയും ചെയ്തു. 16 വര്‍ഷത്തിനിപ്പുറമിരുന്ന് ഇതെഴുതുന്നയാള്‍ മലയാളത്തില്‍ മാത്രമേ മറ്റു മലയാളികള്‍ക്ക് ഇ-മെയില്‍ ചെയ്യാറുള്ളൂ എന്ന കാര്യം ആഹ്ലാദത്തോടെ പങ്കു വയ്ക്കുന്നു. നേരത്തേ പറഞ്ഞതു പോലെ അതിനായി പണിയെടുത്തത് നമ്മുടെ അക്കാദമികളോ സര്‍വകലാശാലകളോ സര്‍ക്കാരുകളോ അല്ല. എന്നിട്ടും തരം കിട്ടിയാല്‍ ഇക്കൂട്ടര്‍ മലയാളം മരിച്ചു, കവിത ചത്തു എന്നൊക്കെ കരഞ്ഞു കൊണ്ടിരിക്കുന്നു. അത്തരക്കാരെ മലയാളത്തിന്റെയും കവിതകളുടെയും വെബ്ബന്നൂരിലെ വലിയ ആകാശത്തേക്ക് ആദരവോടെ വിളിക്കുകയാണ്. 


യൂണികോഡ് ബൈബിള്‍ അഥവാ കൈപ്പള്ളി എന്ന ചെറുപ്പക്കാരന്‍
കംപ്യൂട്ടറില്‍ മലയാളമുപയോഗിച്ച തുടക്കക്കാര്‍ക്ക് സുപരിചിതനാണ് നിഷാദ് കൈപ്പള്ളി. ബാപ്പയുടെ സ്വദേശം ചിറയിന്‍കീഴ്. പഠിച്ചതും വളര്‍ന്നതുമെല്ലാം യു എ ഇയുടെ തലസ്ഥാനമായ അബുദാബിയില്‍. വീട്ടില്‍ കേട്ട മലയാളമല്ലാതെ കക്ഷിക്ക് മലയാളവുമായി വലിയ ബന്ധമൊന്നുമില്ല. എന്നു മാത്രമല്ല, പഠിച്ചതും സംസാരിച്ചതും തുടക്കത്തില്‍ എഴുതിയതും പറഞ്ഞതുമൊക്കെ ഇംഗ്ലീഷിലാണു താനും. കംപ്യൂട്ടര്‍ മലയാളത്തിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട പേരുകളിലൊന്ന് കൈപ്പള്ളിയുടെതാണ് (തനിക്ക് വ്യക്തിപരമായ അറിയുന്ന ഒരാള്‍. കൈപ്പള്ളിയെ പോലെ നിരവധി ചെറുപ്പക്കാര്‍. ഈ മേഖലയില്‍ ചരിത്രമെഴുതുന്നവര്‍. അവരെ വിട്ടുകൂടാ).

 കൈപ്പള്ളി

സത്യവേദപുസ്തകം 2003 കാലഘട്ടത്തില്‍ മുഴുവന്‍ യൂണിക്കോഡ് മലയാളത്തിലാക്കി അവതരിപ്പിച്ചു എന്നുള്ളതാണ് കൈപ്പള്ളി മലയാളത്തില്‍ ചെയ്ത അത്ഭുതങ്ങളിലൊന്ന്. എന്തുകൊണ്ട് ബൈബിള്‍? എന്തുകൊണ്ട് യൂണികോഡ് ബൈബിള്‍? എന്നതൊക്കെ നിഷാദ് കൈപ്പള്ളിയെന്ന സവിശേഷ വ്യക്തിത്വത്തിന്റെ പ്രതിഫലനമായി കാണേണ്ടി വരും. ധാരാളം പേര്‍ വായിക്കുന്ന ഒന്ന്, അത് വാക്കുകളും ആശയങ്ങളും തിരിച്ച്, ഗൂഗിളില്‍ തെരഞ്ഞാല്‍ കിട്ടുന്ന രീതിയില്‍ അവതരിപ്പിക്കുകയെന്നതിനു പിന്നില്‍ മറുനാട്ടില്‍ വളര്‍ന്ന ഒരു മലയാളിയുടെ രാഷ്ട്രീയ ബോധമുണ്ടായിരുന്നുവെന്നു പറയാതെ വയ്യ.

തന്റെ ബൈബിള്‍ പ്രോജക്ടിന്റെ ചരിത്രം എന്ന കുറിപ്പില്‍ കൈപ്പള്ളി വിവരിക്കുന്നതിങ്ങനെ. 'നന്നേ ചെറുപ്പത്തില്‍ എനിക്കൊരു കൊമഡോര്‍ 64 കംപ്യൂട്ടര്‍ കിട്ടി. കൊല്ലം 1987. അബുദാബിയില്‍ വീഡിയോ ഷോപ്പുണ്ടായിരുന്ന ഒരു സുഹൃത്ത് കൂട്ടത്തില്‍ കല്യാണ കാസറ്റുകളും എഡിറ്റു ചെയ്തു കൊടുക്കുമായിരുന്നു. കാസറ്റുകളില്‍ ചേര്‍ക്കാന്‍ മലയാളത്തിലുള്ള അക്ഷരങ്ങളും ഗ്രാഫിക്‌സുകളും അന്വേഷിച്ചു നടക്കുകയായിരുന്നു പുള്ളിയപ്പോള്‍. ഒരു രസത്തിനു വേണ്ടി ഞാന്‍ എന്റെ കൊച്ചു കംപ്യൂട്ടറും വച്ച് അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. കൊമ്മഡോറില്‍ ഞാന്‍ കുറച്ചു മലയാളം അക്ഷരങ്ങള്‍ പടച്ചുണ്ടാക്കി.
എന്തായാലും കൈപ്പള്ളിയും മലയാളം അക്ഷരങ്ങളും തമ്മിലുള്ള പ്രേമബന്ധം അതോടെ തുടങ്ങി. മലയാളം ലിപിയുടെ തനതായ ചില പ്രത്യേകതകള്‍ എന്നെ വല്ലാതങ്ങ് ആകര്‍ഷിച്ചതും ആ സമയത്തു തന്നെ.
........
മലയാളം ശരിക്കറിയാത്തവനാണോ മലയാളത്തില്‍ അക്ഷരങ്ങളും സോഫ്റ്റുവെയറും ഉണ്ടാക്കാന്‍ പോകുന്നത്?
.............
അതെനിക്കങ്ങു കൊണ്ടു. വല്ലാതെ വിഷമമായി. അപ്പോള്‍ കാര്യമാക്കിയില്ലെങ്കിലും ഒരു കാര്യം അന്നു ഞാന്‍ തീരുമാനിച്ചു. കിട്ടാവുന്നതില്‍ ഏറ്റവും ഓഥന്റിക് ആയ ഒരു മലയാളഗ്രന്ഥം ഞാന്‍ കംപ്യൂട്ടറില്‍ പകര്‍ത്തിയെഴുതും.'
വെബ് മലയാളത്തില്‍ ബൈബിള്‍ എന്ന വലിയ പുസ്തകം 2003-ഓടെ യൂണിക്കോഡിലാക്കിയതിനെ കുറിച്ചുള്ള വിവരണം ഇങ്ങനെയൊക്കെയാണ്.

2003 മുതല്‍ ഇതെഴുതുന്ന 2014 വരെ കംപ്യൂട്ടര്‍ മലയാളത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടന്ന വര്‍ഷങ്ങളാണ്. മലയാളത്തില്‍ തലങ്ങും വിലങ്ങും മൊബൈല്‍ സന്ദേശങ്ങള്‍ പറക്കുന്ന ഇക്കാലത്ത്, ഞാനോര്‍ക്കുകയാണ്. ഞാന്‍ വൈകാതെ എന്റെ മൊബൈലില്‍ മലയാളത്തില്‍ എസ് എം എസ് അയയ്ക്കും എന്ന് 2004-2005 കാലഘട്ടത്തില്‍ എന്നോട് ഉറപ്പോടെ പറഞ്ഞ കൈപ്പള്ളിയെ പറ്റി.

മലയാളം മരിക്കും, കവിത ചാവും എന്നു വിലപിച്ച് ഒന്നും ചെയ്യാതിരുന്ന വലിയ വലിയ സ്ഥാനമാനങ്ങളുള്ള ആളുകള്‍ കൈപ്പള്ളിയുടെ പരിശ്രമം കാണേണ്ടതാണ്. സിബുവും പെരിങ്ങോടന്‍ എന്ന രാജ് നീട്ടിയത്തുമൊക്കെ ആ ശ്രേണിയിലെ കണ്ണികളാണ്. അഞ്ജലി ലിപിയുണ്ടാക്കിയ കെവിനും സിജിയുമെല്ലാം.  അതിന്റെ തുടര്‍ച്ച മലയാളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ആദ്യകാല മഹാകാവ്യങ്ങള്‍ ഈ തലമുറയ്ക്കും വരും തലമുറയ്ക്കും കേടുകൂടാതെ നല്‍കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ഓടി നടക്കുന്ന വിക്കിയിലെ മനോജ് ഉള്‍പ്പടെയുള്ള ചെറുപ്പക്കാരെ കാണുമ്പോള്‍ അറിയാതെ ചോദിച്ചു പോവുകയാണ്. നമ്മുടെ ജീനില്‍ മലയാളവും കവിതയും പിന്നെയും പിന്നെയും പാടുകയാണ്, ഞാനും വരട്ടയോ നിന്റെ കൂടെയെന്ന്.

മലയാളത്തിന്റെയും കവിതകളുടെയും ജനാധിപത്യം

കവിത ആരുടെയും അളിയനല്ല എന്നത് ഇതെഴുതുന്ന ആളുടെ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ് ആയിരുന്നു. ചില കാര്യങ്ങള്‍,  ചില ഇടങ്ങള്‍ ചിലര്‍ സ്വകാര്യസ്വത്തായി അനുഭവിക്കുന്നതിന് എതിരായിരുന്നു ആ സ്റ്റാറ്റസ്. അത് അതേ രീതിയില്‍ വായിക്കപ്പെടുകയും ചെയ്തു.

ഇന്ന് മലയാളത്തിന്, കവിതയ്ക്ക് സ്വകാര്യ അവകാശികളില്ല. അതാരുടെയും സ്വകാര്യ സ്വത്തുമല്ല. അക്കാദമി, സര്‍വകലാശാലകള്‍, പേരുകേട്ട ചില മാധ്യമങ്ങള്‍, സോകോള്‍ഡ് സാംസ്‌കാരിക നായകന്മാര്‍ എന്നിവരുടെ കൈയിലല്ല അത് (അതില്‍ പലര്‍ക്കും നല്ല വിഷമവും രോഷവുമുണ്ട്). കോളെജ് കാലത്തോടെ മലയാളവുമായി, കവിതയുമായി ബന്ധം മുറിഞ്ഞു പോയ ധാരാളം വീട്ടമ്മമാര്‍ ഇന്ന് കവിത വായിക്കുന്നുണ്ട്. അവരവരുടെ മലയാളത്തില്‍ തങ്ങള്‍ക്കാകും വിധമുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമിരുന്ന് പല തരത്തിലുള്ള ആളുകള്‍ മലയാളത്തിലും കവിതയിലും മികവോടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. വീട്ടമ്മമാര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകള്‍, കപ്പിത്താന്മാര്‍, എയര്‍ഹോസ്റ്റസുമാര്‍, ഗ്രോസറിയില്‍ ജോലിക്കു നില്‍ക്കുന്നവര്‍, സ്‌കൂള്‍ മാഷ്മാര്‍ എന്നു വേണ്ട സര്‍വ മേഖലയില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യവും ഇടപെടലും മലയാളത്തിലും, അതില്‍ നിന്നുണ്ടാകുന്ന കവിതകളിലുമുണ്ട്.

ബ്ലോഗുകളും ബൂലോക കവിതയും വയനാടും

യൂണികോഡ് മലയാളത്തിന്റെ ആവിര്‍ഭാവത്തോടെ, അതിന്റെ തുടര്‍ച്ചയായി വന്ന ബ്ലോഗുകളും നവമാധ്യമങ്ങളും മലയാളത്തിനും അതിന്റെ കവിതയ്ക്കും നല്‍കിയ ഉണര്‍വ് ചില്ലറയല്ല. കേരളം വിട്ടുപോയ മലയാളികളാണ് അതിന്റെ ലിപികളുണ്ടാക്കാന്‍ പരിശ്രമിച്ച് വിജയിച്ചതെങ്കില്‍ അതിന്റെ പ്രചാരകരാകാന്‍ കേരളത്തിലുള്ളവര്‍ക്കു കഴിഞ്ഞു. സാങ്കേതികതയുടെ മുന്നേറ്റം താരതമ്യേന കുറഞ്ഞ കേരളത്തിലെ ഇടങ്ങളിലൊന്നാണ് വയനാട്. അവിടെയിരുന്നാണ് തന്റെ കൊച്ചു കംപ്യൂട്ടറുമായി വിഷ്ണുപ്രസാദ് എന്ന സ്‌കൂള്‍ മാഷ് മലയാള കവിതയില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. വ്യക്തിപരമായ കവിതയില്‍ അതൊതുക്കാതെ ബൂലോകകവിതയെന്ന വലിയ ലോകത്തിലൂടെ അതു പടര്‍ത്താനും വിഷ്ണുപ്രസാദ് എന്ന കവിക്കായി. ഉള്ളിലുള്ള മലയാളം വച്ച്, കവിത വച്ച് ലോകത്താകമാനം പടര്‍ന്നു കിടക്കുന്ന കാവ്യസ്‌നേഹികള്‍ക്ക് വിഷ്ണുപ്രസാദ് എന്ന കവി നല്‍കിയ ഊര്‍ജം ചെറുതല്ല. കടലില്‍ കപ്പലോടിക്കുന്ന പണിയെടുക്കുന്ന നിരഞ്ജന്‍ ഉള്‍പ്പടെയുള്ള കവികള്‍ ഈ ഊര്‍ജത്തിന്റെ ഭാഗമാവുകയാണ്. തങ്ങളുടെ വ്യത്യസ്ത അനുഭവ മേഖല കവിതയിലും മലയാളത്തിലുമാക്കുകയാണ്. അതു തുറന്നു വിടുകയാണ്.

വിഷ്ണുപ്രസാദ്

മലയാളത്തിലെ ആദ്യകാല ബ്ലോഗര്‍മാരില്‍ സ്ത്രീകളില്‍ പ്രധാനപ്പെട്ട ഒരു പേരാണ് ദേവസേന. അബുദാബിയിലെ ഒരു ഓഫീസില്‍ സെക്രട്ടറി ജോലി ചെയ്യുന്ന അവര്‍ രാത്രിയില്‍ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്ന് എഴുതുന്നതിനെ പറ്റി എഴുതിയിട്ടുണ്ട്. അവര്‍ പങ്കുവയ്ക്കുന്ന കവിതകളും അത്ര തീവ്രമായ ഇടങ്ങളില്‍ നിന്നു തന്നെയാണ്. അത്രമേല്‍ വൈവിധ്യങ്ങള്‍, വേറിട്ട അനുഭവങ്ങള്‍ പുതിയ കാലത്ത് മലയാളത്തില്‍ പങ്കുവയ്ക്കപ്പെട്ടു തുടങ്ങിയെന്നു പറഞ്ഞുവെന്നു മാത്രം. ദേവസേന


മണി ഓര്‍ഡറുകള്‍ക്കും ഡ്രാഫ്റ്റുകള്‍ക്കുമൊപ്പം കവിതയും വിദേശരാജ്യങ്ങളില്‍ നിന്ന് മലയാളി നാട്ടിലേക്കയയ്ക്കുമെന്ന് ആറ്റൂര്‍ രവിവര്‍മ ഒരിക്കല്‍ ഷാര്‍ജയില്‍ വച്ചു പറഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളി തന്റെ മലയാളത്തില്‍ തന്റെ ഉള്ളിലെ കവിത ഇപ്പോള്‍ പരസ്പരം അയച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ സൗന്ദര്യവും പ്രതീക്ഷയും ചെറുതല്ല.

സമീഹ എന്ന പെണ്‍കുട്ടി
മലയാളത്തിലെ ആദ്യത്തെ കവിതാബ്ലോഗിന്റെ ഉടമയാണ് ഇതെഴുതുന്നയാള്‍. 2006 ജൂലായ് മാസത്തിലെ ഒരു ദിവസമാണ് അത് ആരംഭിക്കുന്നത്. കംപ്യൂട്ടര്‍ മലയാളത്തിന്റെ, വെബ്ബന്നൂരിലെ മലയാളത്തിന്റെ, ഇന്ന് മധ്യവര്‍ഗ മലയാളി ഏറ്റവും കൂടുതല്‍ വ്യവഹരിക്കുന്ന മലയാളത്തിന്റെ വലിയ ലോകത്തേക്ക് എന്നെ വിളിച്ചു കൊണ്ടു പോയത് സമീഹ എന്ന പെണ്‍കുട്ടിയാണ്. യൂണിക്കോഡ് മലയാളത്തിൽ എന്നെ എഴുത്തിനിരുത്തിയ ആശാത്തിയാണു സമീഹയെന്നും പറയാം. ഷാര്‍ജയില്‍ ഒരു വ്യവസ്ഥാപിത മുസ്ലിം കുടുംബത്തിൽ  പിറന്ന് അവിടെ പഠിച്ചു വളര്‍ന്ന അവളിപ്പോള്‍ ഖത്തറിലുണ്ട്.

സമീഹ

ഇനിയൊരു മരണമില്ലാത്ത വണ്ണം മലയാളം ബൂലോകത്തോളം പടര്‍ന്നിരിക്കുന്നു. അതു പടര്‍ത്തിയതിലെ ഒരു കണ്ണി സമീഹ കൂടിയാണ്.

മരിച്ചു പോയെന്നും ചത്തു പോയെന്നും നാം വിചാരിച്ച ഒരു ഭാഷ, അതിലെ പ്രധാനപ്പെട്ട മാധ്യമമായ കവിത, ഇതാ വലിയ ഊര്‍ജത്തോടെ മുന്നില്‍. ഇതില്‍ നിന്ന് പുതിയ മുളകള്‍ പൊട്ടുകയും ഭാഷയുടെ, കവിതയുടെ ഒരു പുതിയ കാട് രൂപപ്പെടുകയും ചെയ്യും.
കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിനും കവിതയ്ക്കും സംഭവിച്ച പ്രധാനമാറ്റം ഇതു തന്നെയാണെന്നു ഞാന്‍ വിചാരിക്കുന്നു.

സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ കൈയിലിരിക്കുന്ന മൊബൈലില്‍ നോക്കാവുന്നതാണ്.Monday, January 13, 2014

ഹരിയുടെ പാട്ട്

ഞരളത്ത് ഹരിഗോവിന്ദൻ കാഞ്ഞൂരിലെ സെന്റ് മേരീസ് പള്ളിയിൽ സോപാനസംഗീതം പാടിയത് ഇന്നലെയാണു. അതിന്റെ വാർത്ത മനോരമയിൽ വായിച്ചു. ഉള്ളിൽ ഷാർജയിലെ ഒരു രാത്രി , സംഗീതം നിറച്ചു.


(ഹരി കാഞ്ഞൂരിൽ)

ഒരു വിഷുത്തലേന്നായിരുന്നുകുഴൂർ.കോം എന്ന സൈറ്റിന്റെ പ്രകാശനം കുരീപ്പുഴ നിർവഹിച്ച സന്ധ്യയും കഴിഞ്ഞ് ഞങ്ങൾ കുറെ പേർ ഒരു മുറിയിൽ നിറഞ്ഞു. കുരീപ്പുഴ, ടി.ഡി.രാമക്യഷ്ണൻ, ഹരിഗോവിന്ദൻ, പയ്നിയർ ഗോപീക്യഷ്ണൻ, ഖലീലുള്ള ചെമ്മാട് അങ്ങനെ നിരവധി പേർ. ഒരു മുറിയിൽ കവിതയും പാട്ടും വർത്തമാനവും ഒക്കെ നിറഞ്ഞു. തിരികെ ടി.ഡിയേയും ഹരിയേയും അവരുടെ മുറികളിലാക്കി വീട്ടിലേക്ക് പോകേണ്ട ചുമതല ഉന്മാദിയായ എനിക്കായിരുന്നു. ഞാൻ രണ്ട് പേരെയും ഒരു സൂപ്പർ മാർക്കറ്റിലേക്ക് കൊണ്ട് പോയി. ചെറുതായി എന്ത് വേണേലും വാങ്ങിക്ക് എന്ന് ക്രെഡിറ്റ് കാർഡിന്റെ ബലത്തിൽ പറഞ്ഞു. ഒരാർത്തിയും ബാധിക്കാത്ത ആ രണ്ട് പേർ ഒന്നും വാങ്ങാതെ രാത്രി മുഴുവൻ തുറന്നിരിക്കുന്ന ആ സൂപ്പർമാർക്കറ്റിന്റെ അകക്കാഴ്ച്ചകൾ കണ്ടു.
വീട്ടിലേക്ക്. ഷാർജയിലെ ക്രിസ്ത്യൻ പള്ളികൾ നിറഞ്ഞ റോഡിലെത്തി (  
കരഞ്ഞും ചിരിച്ചും ഒരു കാലം കടന്ന വഴികൾ) ഷാർജയെന്ന മരുഭൂമി. പള്ളിക്ക് മുന്നിലെ വഴി. പാതിര. പള്ളിയുടെ മുന്നിൽ വണ്ടി നിർത്തിച്ചു. എനിക്ക് ഈ മരുഭൂമിയിൽ , ഈ ക്രിസ്ത്യൻ പള്ളികളുടെ മുന്നിൽ വച്ച് ഞരളത്ത് ഹരിയുടെ സോപാനം കേൾക്കണമെന്നായി ഞാൻ.
പാതിര. ഷാർജയിലെ പൊലീസുകാർ. എന്റെ ഉള്ളിലെ ഉന്മാദം. മടിച്ച് മടിച്ച് ഹരി പുറത്തിറങ്ങി. ഞങ്ങൾക്കും രാത്രിക്കും മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ഹരി പാടി. കുറച്ച് നക്ഷത്രങ്ങൾ ആകാശത്ത് കാതോർത്തു നിന്നു
ഉന്മാദങ്ങളുടെ ഓർമ്മ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്.  ഇത് ഏറ്റവും  പ്രകാശമുള്ള ഉന്മാദത്തിന്റെ ഒരോർമ്മയാണു


പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved