Monday, March 12, 2018

അമ്മയുടെ പെട്ടി


അമ്മയുടെ പെട്ടികുഴൂർ വിത്സൻ

അമ്മയ്ക്കൊരു പെട്ടിയുണ്ടായിരുന്നു. അല്ലെങ്കിൽ അമ്മയ്ക്ക് സ്വന്തമായി    പെട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു.  ആ ചെറിയ മരപ്പെട്ടിയിൽ ഒരു  കള്ളിയുണ്ട്. ആ കള്ളിയിലെ ചില്ലറ തുട്ടുകളാണു ആദ്യമായെന്നെ കള്ളനാക്കിയത്. കുടുംബ ഡയറി, റേഷൻ കാർഡ് തുടങ്ങിയവ സുരക്ഷിതമായി ഇരുന്നതും അതിലായിരുന്നു. കല്ല്യാണങ്ങൾക്കും പെരുന്നാളുകൾക്കും മാത്രം ഇടാനുള്ള ചട്ട മുണ്ട്, പൊതമുണ്ട് ,തിളക്കമുള്ള കൊന്ത, കൂടു പൊട്ടിക്കാത്ത വെന്തിങ്ങ, അങ്ങനെ ചില്ലറ ഇനങ്ങൾ മാത്രമുള്ള ഒരു കുഞ്ഞ് ദേവാലയം. അമ്മ ആ പെട്ടിയുടേയും മാതാവായിരുന്നു.  എന്റെ കൗമാരത്തിലെ ചില്ലറ ചില്ലറ പ്രാർത്ഥനകൾക്ക് വല്ലപ്പോഴും മറുപടി കിട്ടിയിരുന്ന എന്റെ തള്ളപ്പള്ളി.  അമ്മയുടെ കാൽപ്പെരുമാറ്റം, മുരടനക്കം എന്നിവ മാത്രമായിരുന്നു അതിന്റെ താഴും പൂട്ടും. ചേട്ടന്മാർ പൊളിച്ച് പൊളിച്ച്  പൂട്ടിനു തന്നെ ബോറടിച്ചതാണെന്നും ശ്രുതിയുണ്ട് ആ പെട്ടിക്ക്


Sreekumar kariyad, Saradakutty, Annam kutty, Agnus Anna Wilson, Kuzhur Wilson 

ആ പെട്ടിയും എന്റെ കവിതയും തമ്മിൽ വലിയ ബന്ധമുണ്ട്.  പറഞ്ഞല്ലോ അതിൽ ഒളിച്ചിരുന്ന തുട്ടുകൾ വച്ചായിരുന്നു കവിതയുടെ ആദ്യ കുഞ്ഞ് കുഞ്ഞ് യാത്രകൾ. അതിനുള്ള നന്ദി സമീപകവിത ( പ്രയോഗത്തിനു കവി വിഷ്ണുപ്രസാദിനോട് കടപ്പാട് )   അമ്മയ്ക്ക് തിരിച്ച് കൊടുത്തിട്ടുമുണ്ട്.  എന്റെ കവിത അച്ചടിച്ചു വന്നിട്ടില്ലെങ്കിലും മാത്യഭൂമി ആഴ്ച്ചപ്പതിപ്പിൽ അമ്മയുടെ പടമടിച്ചു വന്നിട്ടുണ്ട്. അമ്മയെക്കുറിച്ച് സച്ചിദാനന്ദൻ പുഴങ്കര, ഉമ്പാച്ചി(  റഫീക്ക് തിരുവള്ളൂർ), സുധീർ രാജ് തുടങ്ങിയവർ കവിതകൾ എഴുതിയിട്ടുണ്ട്.  അമ്മച്ചി  ഞങ്ങടെയാ എന്നാ സുധീർ എഴുതിയത്. ആ അമ്മയിൽ നിന്നാണു വിത്സന്റെ കവിതകൾ എന്ന് ഉമ്പാച്ചിയും .   അന്നം കുട്ടിയെ കാണാൻ ശാരദക്കുട്ടി ടീച്ചർ കുഴൂരിൽ വന്നിട്ടുണ്ട്. എന്റെ ഭൗതിക ആത്മീയ പരിസരങ്ങൾ മാറ്റിയെഴുതുന്നതിൽ നിർണ്ണായ പങ്ക് വഹിച്ച കവിതയാണു അമ്മ പ്രധാനകവിതാ പാത്രമായി വരുന്ന ജമ്മം. 
പറഞ്ഞ് വന്നത് ഇതൊന്നുമല്ല. അമ്മയെ അടക്കിയതിന്റെ  അന്ന് സന്ധ്യക്ക്  ഞാൻ മദ്യപിച്ചു. അമ്മകന്യേ എന്ന് തുടങ്ങുന്ന അർണോസ് പാതിരിയുടെ പുത്തൻപാനയിൽ അലഞ്ഞ് നടന്നു. ആ വലിയ കവിതയുടെ ലഹരിയിൽ അമ്മയുടെ പെട്ടി തുറന്നു. കാൽപ്പെരുമാറ്റങ്ങളും മുരടനക്കങ്ങളും ഭയപ്പെടുത്തിയില്ല.  അതിന്റെ ഉള്ളിൽ   ഒരു തുണിയുടെ ഉള്ളിൽ,  അതിന്റെ ഉള്ളിൽ പൊതിഞ്ഞു വച്ച അഞ്ച് പത്ത് രൂപാ  നോട്ടുകളുണ്ടായിരുന്നു. ഒരെണ്ണം ദ്രവിച്ച് തുടങ്ങിയിരുന്നു. ഞാനതെടുത്ത് ഓരോന്ന് വീതം മൂന്ന് ചേട്ടന്മാർക്കും ഒരു പെങ്ങൾക്കും കൊടുത്തു. ദ്രവിച്ചത് പേഴ്സിൽ ഭദ്രമായി വച്ചു. അതിപ്പോഴും എന്റെ പേഴ്സിലുണ്ട്. ആ പെട്ടിയിൽ വച്ചാണു  ഇപ്പോൾ എന്റെ പതിനൊന്നാമത്തെ പുസ്തകം കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം  പൂർത്തിയാക്കുന്നത് . ഇത് എനിക്ക് അമ്മ തന്ന കവിതയുടെ പെട്ടിയാണു


2018 മാർച്ച് 2/
 ടെമ്പിൾ ഓഫ് പോയട്രിSaturday, November 11, 2017

ആ പാട്ട് / എൻ .രവിശങ്കർ

ആ പാട്ട് / എൻ .രവിശങ്കർ
വിവർത്തനം : കുഴൂർ വിത്സൺ

ആ പാട്ട്

ആ പാട്ട് പാടിക്കൊണ്ടിരിക്കുമ്പോൾ
ടാഗോർ തിയറ്ററിൻ ബാൽക്കണിയിൽ
കറുത്തവനിരിക്കുന്നു
വെളുത്ത താടിക്കാരനും

നിൽക്കുകയാണു മറ്റുള്ളവർ

നിങ്ങളേതാണു മൂപ്പരേ ,
ചോദിച്ചൂ കറുത്തവൻ
ടാഗോറാണു ഞാൻ ; നീയോ ?

ചോദ്യങ്ങളുമായി മാത്രം
എണീറ്റ് നിൽക്കുന്നവൻ

ബോബ് മാർലി

കസേര / കാരെൻ സുസ്മാൻ

കസേര / കാരെൻ സുസ്മാൻ


കസേരയുടെ ഓർമ്മ പോയത് നന്നായി.  
അല്ലെങ്കിൽ  ഒരിക്കൽ മരക്കൊമ്പുകളായിരുന്ന തന്റെ ദേഹത്തെ പ്രതി അത് ആവാലാതിപ്പെടുമായിരുന്നു . ഇന്നിപ്പോൾ കാട്ടിലേക്ക്  കൊണ്ട്  പോവുകയാണെങ്കിൽ പ്രത്യേകിച്ച് ഒരിതും അത് കാണിക്കുകയില്ല . എന്നാൽ പരിസരം  പതിയെ മാറും. പറഞ്ഞറിയിക്കാനാവാത്ത ഒരു തരം ഇത് അവിടം നിറയും കസേരയെ കാട്ടിലിരുത്തി പോരുക.   അത് കൂടപ്പിറപ്പുകളൊത്ത് അതുമിതും പറഞ്ഞിരിക്കട്ടെ .ഭാരമിപ്പോൾ നമ്മുടെ തലയിലാണു.  ജനിക്കുന്നതിനും മുന്നുള്ള  നമ്മളെപ്പറ്റി


(ദ ചെയർ / കാരെൻ സുസ്മാൻ - മലയാളീകരണം / കുഴൂർ വിത്സൺ )

Sunday, September 17, 2017

അന്തമില്ലാത്ത കവിത / യെഹുദ അമിച്ച

അന്തമില്ലാത്ത കവിത / യെഹുദ അമിച്ച

പുതിയ മ്യൂസിയത്തിനുള്ളിൽ
പഴയ സിനഗോഗ്
സിനഗോഗിനുള്ളിൽ
ഞാൻ
എനിക്കുള്ളിൽ
ഹ്യദയം
ഹ്യദയത്തിനുള്ളിൽ
മ്യൂസിയം
മ്യൂസിയത്തിനുള്ളിൽ
സിനഗോഗ്
സിനഗോഗിനുള്ളിൽ
ഞാൻ
എനിക്കുള്ളിൽ
ഹ്യദയം
ഹ്യദയത്തിനുള്ളിൽ
മ്യൂസിയം
-----
---
--

യെഹുദ അമിച്ച - ഇസ്രയേൽ കവി
( വിവ: കുഴൂർ വിത്സൺ )

Monday, September 4, 2017

ഓണം എന്ന് പേരുള്ള ഒരു കുട്ടി


ഒരിക്കൽ ഒരിടത്ത്
ഓണമെന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു
അത്തവും ചിത്തിരയും ചോതിയുമൊക്കെ 
ഓണത്തിന്റെ കൂട്ടുകാരായിരുന്നു
ത്യക്കാക്കരയായിരുന്നു ഓണത്തിന്റെ അമ്മവീട്
തുമ്പപ്പൂ, മുക്കുറ്റി, കാശിതുമ്പ…
പൂക്കൾക്ക് മുകളിൽ ഇരുന്നായിരുന്നു
ഓണം ഉറങ്ങിയിരുന്നത് മാമുണ്ടിരുന്നത് ഓടിച്ചാടി കളിച്ചിരുന്നത്

ഒരു ദിവസം ഓണത്തെ കാണാതായി
അത്തവും ചിത്തിരയും ചോതിയും വിശാഖവുമല്ലാം
ഓണത്തെ തിരഞ്ഞ് തിരഞ്ഞ് നടന്നു

ഒരു ദിവസം ഓണത്തിന്റെ മെയിൽ വന്നു
അകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നും

കൂട്ടുകാരെ, കുഞ്ഞിക്കൂട്ടുകാരെ
പൂക്കളില്ലാതെ എനിക്ക് പറ്റില്ല
പൂക്കളാണു എന്റെ ഓക്സിജൻ
പൂക്കളുള്ള കാലത്ത് എന്നെ വിളിച്ചാൽ മതി
എന്നായിരുന്നു മെയിലിൽ

കൂട്ടുകാരെ, കുഞ്ഞിക്കൂട്ടുകാരെ
നമുക്ക് ഓണക്കുട്ടനെ 
തിരിച്ച് വിളിക്കാൻ പോവേണ്ടേ ?

കുഞ്ഞിക്കവിത @ മഷിപ്പച്ച @ Manorama )

Sunday, September 3, 2017

ചേച്ചിമാരേ ചേച്ചിമാരേ ഞാനിട്ട പൂക്കളം


ചിങ്ങത്തിലാണു ജനിച്ചത്. അതാവണം  ഓണക്കാലത്ത് എന്റെയുള്ളിൽ കൂടുതൽ പൂക്കൾ വിരിയുന്നത്. അമ്മയ്ക്ക് പിടിപ്പത് പണിയുള്ള മധ്യവയസ്സിലാണു  ഈയുള്ളവൻ കാലം തെറ്റി വന്നത്. എല്ലു മുറിയെ പണിയെടുക്കുന്ന അപ്പൻ, പാടത്തെയും പറമ്പിലേയും പണികൾ. അടുക്കള, മറ്റ് അഞ്ച് മക്കളുടെ കുഞ്ഞും വലുതുമായ കാര്യങ്ങൾ. പള്ളിയും പട്ടക്കാരും അമ്മയ്ക്ക് ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറെന്ന കണക്കിനോട് നല്ല ദേഷ്യം തോന്നിക്കാണണം. ആയതിനാൽ വടക്കേലെ ചേന്ദച്ചോന്റെ വീട്ടിലായിരുന്നു കുട്ടിക്കാലം.


                 അഞ്ചാണും ഒരു പെണ്ണുമായിരുന്നു അമ്മയ്ക്ക്. വടക്കേലെ ചേന്ദച്ചോനും മാധവിച്ചോത്തിക്കുമാകട്ടെ അഞ്ച് പെണ്ണും ഒരാണും. അവർക്ക് ക്യഷിയുമില്ല. അങ്ങനെ അവിടത്തെ അഞ്ച് ചേച്ചിമാരുടെ തക്കുടുവായി ഈ ചെക്കൻ  വളർന്നു. പുലർച്ചെ അവിടെയേൽപ്പിച്ച് പോകുന്ന അമ്മ  അത്താഴമൊക്കെ കഴിഞ്ഞേ ഞാനെന്ന മുതലിനെ തിരിച്ചെടുക്കുകയുള്ളൂ.  അന്നത്തെ അപ്പിയുടെയും മൂത്രത്തിന്റെയും കണക്ക് പറഞ്ഞ് പിന്നീട് ചേച്ചിമാരെന്നെ കളിയാക്കിയിട്ടുണ്ട്. കുഞ്ഞ് നാളിൽ കുളിപ്പിച്ചത്, ഒക്കത്ത് എടുത്ത് കൊണ്ട് നടന്നത്, ചോറു വാരിത്തന്നത് ഒക്കെയൊക്കെ ആ ചേച്ചിമാരാണു. തക്കിടിമുണ്ടനായ കുഞ്ഞ് മിൻസനെയെടുക്കാൻ  അവർ തല്ലു കൂടിയ കഥകളും കേട്ടിട്ടുണ്ട്.


                ചേച്ചിമാർ വട്ട് കളിച്ചാൽ ഞാനും കളിക്കും, അവർ തൊങ്കിത്തൊട്ടം കളിച്ചാൽ ഞാൻ തൊങ്കിയും അല്ലാതെയും തൊടും. അവരുണ്ടാൽ ഞാനുണ്ണും.  അവർ ഉത്സവത്തിനു പോയാൽ ഞാനും പോവും. അവരായിരുന്നു അന്ന് ഞാൻ. അൾത്താര ബാലനൊക്കെയായി പള്ളിയിൽ പോയി തുടങ്ങും മുൻപ് കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ ഞാനൊരു അമ്പലക്കാരനായിരുന്നു. സന്ധ്യക്ക് വിളക്ക് കത്തിച്ച് രാമനാരായണയെത്തിക്കുന്ന ആ എന്നെ എനിക്കിപ്പോഴും നല്ല തെളിച്ചത്തിൽ കാണാം. അക്കാലത്ത് ഓണമെനിക്ക് ദേശീയോത്സവമായിരുന്നില്ല. ആത്മാവിന്റെയും ശരീരത്തിന്റെയും ആഗോള – ആകാശോത്സവമായിരുന്നു. ആ ദിവസങ്ങളിൽ തന്നെ തന്നെ മറന്ന് അപ്പൂപ്പൻ താടിയാവും എന്നൊക്കെ പറഞ്ഞാൽ അത് അപ്പൂപ്പൻ താടിക്ക് തന്നെ ദേഷ്യമാവും.               തിരുവോണനാളുകളുടെ  പുലർച്ചകളിൽ  മാവേല്യപ്പോ, മാവേല്യമ്മേ ഞാനിട്ട പൂക്കളം കാണാൻ വായോയെന്ന് തൊണ്ട പൊട്ടി വിളിച്ചത് എനിക്കിപ്പോഴും കേൾക്കാം. (അതിലെ മാവേല്യമ്മേ വിളി പിന്നെയധികം കേട്ടിട്ടില്ല. )കൗമാരം ആരംഭിച്ച ഒരു തിരുവോണപ്പുലരി ഇപ്പോഴും നല്ല ഓർമ്മയുണ്ട്. 6 മണിയുടെ കുർബ്ബാനക്ക് അൾത്താരച്ചെക്കനായി മാറിയ എനിക്ക്  പള്ളിയിലെത്തണം.  ഓണക്കാലങ്ങളുടെ ശർക്കരമധുരമുള്ള വിളികൾ പള്ളിയിലേക്കെന്നെ വിട്ടില്ല.  പുലർച്ചെയുണർന്ന് വടക്കേൽ പോയി. ചേച്ചിമാർക്കൊപ്പം ഞങ്ങളിട്ട പൂക്കളം കാണാൻ മാവേല്യപ്പനേയും മാവേല്യമ്മയേയും വിളിച്ചു. വിളിച്ചവരൊക്കെ വരുന്നതിനും മുൻപ് ഉള്ളിൽ സങ്കടത്തിന്റെ ഒരു പൂക്കളവുമിട്ട് പള്ളിയിലേക്ക് പോയി.  ആ ഞാൻ ഇത് വരെ തിരിച്ചു വന്നില്ല എന്ന് തോന്നുന്നു.


               ഈ ഓണക്കാലത്ത്  വീടിന്റെ വടക്കേ അതിരിനോട് ചേർന്ന് തന്നെയാണു ഇതെഴുതാനിരിക്കുന്നത്. അമ്മയില്ല. അപ്പനുമില്ല.  കൂടെപ്പിറന്ന അഞ്ച് പേരും അടുത്തെങ്ങുമില്ല. വടക്കേൽ ചേന്ദച്ചോനും മാധവിച്ചോത്തിയുമില്ല. അഞ്ച് ചേച്ചിമാരുമില്ല.  ഉള്ളിൽ അവർ ഓർമ്മയിൽ വിരിയിച്ച പൂക്കൾ കൊണ്ട്  ഓണമിട്ട് അങ്ങനെ ഇരിക്കുകയാണു. വിളിച്ച് നോക്കിയാലോ. ചേച്ചിമാരേ ചേച്ചിമാരേ ഞാനിട്ട പൂക്കളം കാണാൻ വായോയെന്ന്കുഴൂർ വിത്സൺ
ആഗസ്റ്റ് 22, 2017   Kuzhur Wilson
Temple Of Poetry, Annalayam,Kuzhur P O,

680 734, Kerala, India – kuzhoor@gmail.com , 0091 97 44 315 990
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved