Tuesday, November 19, 2013

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ
(
കുഴൂർ വിൽസന്)

റഫീഖ് ഉമ്പാച്ചി

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ
നിന്റെ അമ്മ പറയുന്നതല്ല
അപ്പൻ പറയുക.
അമ്മ നിന്റെ കൈ മടക്കുകളിലെ
ചെളി കഴുകിയതിന്റെ ഓർമ്മയിൽ
നിന്റെ ശുദ്ധി കൊണ്ടെന്നേ പറയൂ,
അപ്പനോ
നിന്നെ തല്ലിയതിന്റെ മറവിയിൽ
എന്റെ മോനാണവൻ എന്ന് പരവശനാകും.

നിന്റെ മുറ്റത്തെ മരം പറയുന്നതല്ല
കിണർ പറയുക
മരത്തിനേ അറിയൂ വാസ്തവത്തിൽ
മരവിപ്പിന്റെ ഭാഷ,
എല്ലാ ഭാഷയിലുമെന്ന പോലെ
അതിന്റെ വ്യാകരണം
പിൽക്കാലത്ത് ആശാരിമാരുണ്ടാക്കി.

കിണറതിന്റെ മഴക്കാലത്തെ
കവിയലുകളെ ഓർക്കും
കവിഞ്ഞൊഴുകുന്ന ജലത്തെ
പിടിച്ചു വെക്കുന്ന തടങ്ങൾ
തൊടികളോട് നിന്നെ പറ്റി വേറെ ചിലതാണു പറയുക.

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ
നീ പറയുന്നതല്ല
നിന്റെ കവിത പറയുക,
നീ തൊട്ടിട്ടുള്ള ഓരോ വാക്കും
വേറെ വേറെ കാരണങ്ങൾ നിരത്തും.


എഴുതപ്പെട്ട വാക്കുകളെ
'കൈപ്പട' എന്നു വെറുതേ വിളിക്കുന്നതല്ല
നമുക്കു വേണ്ടി കൊല്ലാനും
ചാവാനും പുറപ്പെട്ട ഭടന്മാരും
ചില നേരത്ത് ഒളിപ്പോരുകാരും അവർ,
പടവെട്ടുന്നുണ്ട് ഓരോ വാക്കും കവിതയിൽ.


(ഇന്നലെ വിൽസനുമായി ചാറ്റിലായിരുന്നപ്പോൾ അവൻ വാക്കുകളുടേ അർത്ഥം മാറിപ്പോകുന്നതിന്റെ ഖേദം പറഞ്ഞു. എന്നെ കണ്ടതും മിണ്ടിയതും ഒരുമിച്ചു കടലിൽ നീന്തിയതും മറന്നെന്ന് പറഞ്ഞു. അങ്ങനെ ന്യായങ്ങളും അന്യായങ്ങളും പറഞ്ഞു. എന്റെ ചാറ്റ് ഇങ്ങനെ വരിയിട്ടു വന്നു. വരിവിട്ടു വന്നു. അവനേക്കാൾ അവനെ പെറ്റ അമ്മയെ ആണെനിക്കിഷ്ടം; ഇപ്പോഴും എപ്പോഴും.)


Monday, November 18, 2013

കൂടുമാറ്റങ്ങൾ / മരയുമ്മ



അജ്മാനിൽ നിന്ന് പോന്നിട്ട് വർഷം രണ്ട് കഴിഞ്ഞു. എന്നാലും അവനെ മറക്കുക വയ്യ. മരയുമ്മയിലെ എന്റെ ആ മരത്തെ. നന്ദി ഉമ്പാച്ചീ. നന്ദി ചന്ദ്രിക. നന്ദി അജ്മാനിലെ ദിനങ്ങളേ. ആ മരം ഇപ്പോൾ എന്തെടുക്കുകയാവും. അവിടെയുള്ളവരേ എന്റെ സ്നേഹം പറയണേ. (മരയുമ്മ എന്ന കവിതയുടെ ചരിത്രം ചന്ദ്രിക ദുബായ് വാർഷികപ്പതിപ്പിൽ )

മരയുമ്മ

ഇണചേർന്നതിന് ശേഷം
വഴക്കിട്ടിരിക്കുന്ന
രണ്ട് കിളികളുടെ ചിത്രമാണ്
ഇന്ന് ഈ മരം
എനിക്ക് നല്കിയത്

ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതിൽ
അല്ലെങ്കിൽ എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതിൽ
ഈ മരത്തിനുള്ള ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങള്ക്ക് മനസ്സിലാകില്ല

ഒരു ദിവസം
കടന്ന് പോകുന്ന
കാറ്റിനോട്
പോകല്ലേ പോകല്ലേയെന്ന്
കരയുന്ന ഇലകളേ

വേറെ ഒരു ദിവസം
കൊമ്പിൽ നിന്ന്
പ്രാവിന്റെ കാഷ്ഠം വീഴ്ത്തി
തണലിൽ
ആരോ കഴിച്ചതിന്റെ ബാക്കി
മീന് മുളള് തിന്നുന്ന പൂച്ചക ളെ
ഓടിക്കുന്നതിന്റെ

മറ്റൊരു ദിവസം
എന്റെ മുറിവ്
കരിയിച്ച് തരണേയെന്ന് സൂര്യനോട്
പ്രാത്ഥിച്ച് കരയുന്ന
തന്റെ തന്നെ
കൊമ്പിന്റെ
നനഞ്ഞ കണ്ണുകളേ

വേറൊരു നാൾ
താഴെ
അപരിചിതരായ മനുഷ്യർ
അലസരായി ചാഞ്ഞിരിക്കുന്ന
വേശ്യകളായി തീരന്ന
തന്റെ തന്നെ
സഹോദരീ ശിഖരങ്ങളെ
മനുഷ്യരുടെ ഭാഷയിലായാൽ
മരക്കസേരകളെ

ഒരു ദിവസം
ഓരോ കാറ്റ് വരമ്പോഴും
അര്ബാബിനെ പേടിച്ച്
കാറ്റ് സ്നേഹിച്ച് സ്നേഹിച്ച് കൊന്ന
കരിയിലകളെ
അടിച്ച് വാരി കളയാൻ
ഓടി ഓടിയെത്തുന്ന
ബീഹാറുകാരനെ

വേറെ
ഒരു ദിവസമാണെങ്കിൽ
വെള്ളി കലർന്ന
നീല ആകാശത്തെ നോക്കി
ഒറ്റ ചിരി ചിരിച്ച
ചെറുപൂക്കളെ, കൂടെ
തലകുത്തി മറിഞ്ഞ്
ചിരിക്കുന്ന കായകളെ

ഒരു ദിവസമാണെങ്കിൽ
കൊമ്പിലും കുഴലിലും
സ്വർണ്ണനൂലുകൾ പടർത്തിയ
സന്ധ്യയെ നോക്കി പൊടുന്നനെ
പൊട്ടിക്കരഞ്ഞ
തായ് വേരിനെ

പിന്നെ ഒരു ദിവസം
വേറെ ആരെയും
കാണിക്കാത്ത
ഇളം പച്ച കുഞ്ഞിനെ
കാണിച്ച്
ഒരു പേരിട്ട് തരാൻ പറഞ്ഞ
വയസ്സായ നടുക്കഷണത്തെ

അതിനും മുൻപ്
മറ്റൊരു ദിവസം
നാട് നീളെയുള്ള
മരക്കൂട്ടുകാരെ
കാണാറുണ്ടോ നീയെന്ന്
ചോദിച്ച് സങ്കടപ്പെടുത്തിയിരുന്നു

എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കിൽ കുത്തിയിരുന്നു

പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കൽ
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്ത്ത്
മനസ്സ് മലര്ത്തിയിട്ടുണ്ട് ഞാൻ

ചില മരങ്ങൾ
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണൽ നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ

കുരിശേറ്റിയതിന്റെ
ഓർമ്മയിൽ
ഉള്ളം നടുങ്ങുകയും
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തിൽ

മരമേ
നിന്നെ ഞാൻ
കെട്ടിപ്പിടി ക്കുകയാണ്
മരവിച്ചതും
എന്നാൽ
ഏറ്റ വും
ആര്ത്തിപ്പിടിച്ചതുമായ
ഒരുമ്മ നല്കുകയാണ്

മരണത്തോളം
മരവിപ്പും
ജീവിതവും കലർന്ന
ഒരു
മരയുമ്മ

(2011)


Friday, November 15, 2013

വിക്കാത്ത മലയാളത്തിനു

വിക്കിമലയാളത്തിലെ എന്നെപ്പറ്റിയുള്ള ലേഖനത്തെച്ചൊല്ലി പലയിടങ്ങളിലും വാദപ്രതിവാദങ്ങൾ നടക്കുകയാണു. കൂട്ടുകാരും അല്ലാത്തവരും പരിചയക്കാരുമൊക്കെ എന്താ സംഭവം എന്ന് ചോദിച്ച് കൊണ്ടിരിക്കുന്നു. അത് കൊണ്ട് ഈ കുറിപ്പ്

ലോകത്തിന്റെ വിവിധഭാഗങ്ങളിലിരുന്നു, ഒരു പാട് പേർ സേവനം നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലയിൽ വിക്കിയെ ആദരിക്കുന്ന ആളാണു ഇതെഴുതുന്നത്. കമ്പ്യൂട്ടറിലെ മലയാളത്തെ, അതിന്റെ പ്രചാരത്തെ 14 വർഷം മുൻപ് സ്വപ്നം കണ്ട ആളെന്ന നിലയിലും വിക്കിയോട് ആത്മബന്ധമുണ്ട്. തൊണ്ണൂറുകളുടെ ഒടുക്കത്തിൽ  ഇ-മെയിൽ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അതിലെന്റെ മലയാളമില്ലല്ലോ എന്ന് ഏറെ സങ്കടപ്പെട്ടിരുന്നു. ഒപ്പ് പോലും മലയാളത്തിൽ ഇടുന്ന ഒരാളെന്ന നിലയിൽ ഏറെ വിഷമിച്ചിരുന്നു. മലയാളത്തിൽ ഇ-മെയിൽ എഴുതുന്ന സ്വപ്നം അന്നേ കണ്ടിരുന്നു. 2003 ൽ കേരളം വിട്ട് യു എ യിൽ എത്തിയപ്പോഴും ഉള്ളിലെ മലയാളം കൂടെ പോന്നു. ആദ്യത്തെ രണ്ട്മൂന്ന് വർഷങ്ങൾ ഉള്ളിലെ മലയാളത്തെ അടക്കിപ്പിടിച്ച് കഴിഞ്ഞതോർക്കുമ്പോൾ ഇപ്പോഴും വീർപ്പുമുട്ടും.

2006 ലാണു കമ്പ്യൂട്ടറിലെ എന്റെ മലയാളസ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നത്. കൂട്ടുകാരിയായ സമീഹയാണു ആദ്യം മലയാളം ബ്ലോഗിംഗിനെക്കുറിച്ച് പറയുന്നത്. അച്ചടിയുടെ ആധികാരികതിയിൽ കുറച്ച് തറഞ്ഞ് പോയ ഒരാളെന്ന നിലയിൽ 2006 ജൂലായിൽ ഞാനും ബ്ലോഗിംഗ് ആരംഭിച്ചു. എന്റെ മലയാളത്തിൽ. അന്ന് യു എ ഇ യിൽ കൂടെയുണ്ടായിരുന്ന പലരും വെബ് മലയാളത്തിനു ഏറെ സംഭാവനകൾ നൽകിയവരാണു. അവരുമായുള്ള കൂടിക്കുഴച്ചിൽ വലിയ മാറ്റങ്ങളാണു എന്നിലുണ്ടാക്കിയത്. മലയാളം യൂണിക്കോഡ് നിർമ്മാണത്തിൽ തുടക്കത്തിലേ പങ്ക് വഹിച്ച് രാജ് നീട്ടിയത്ത്, യൂണിക്കോഡിൽ ബൈബിൾ എഴുതിയ കൈപ്പിള്ളി, മലയാളം ബ്ലോഗിൽ നിന്ന് ആദ്യത്തെ പുസ്തകം കേരളത്തിനു നൽകിയ കൊടകരപുരാണത്തിന്റെ വിശാലമനസ്ക്കൻ, യൂറോപ്പ് സ്വപ്നങ്ങൾ യൂണിക്കോഡിൽ കണ്ട കുറുമാൻ, കുട്ടിത്തം വിടാതെ മധ്യമത്തിൽ എഴുത്തു പിന്നെയും തുടങ്ങിയ കൈതമുള്ള്… ആ നിര നീണ്ടു.
സംശയത്തോടെയും എതിർപ്പോടെയുമാണു മലയാളം ബ്ലോഗുകളെ കണ്ടത്. അന്ന് അമ്പതിൽ താഴെയായിരുന്നു മലയാളത്തിലെ ബ്ലോഗുകളുടെ എണ്ണം. റേഡിയോ ടാക്കിൽ ബ്ലോഗെഴുത്തുകാരെ വിമർശിച്ചുകൊണ്ടായിരുന്നു തുടക്കം. പതിയെ പതിയെ ഞാനതിലേക്ക് വന്നു.

വെബ്ബ് മലയാളത്തിൽ ഒരു പാട് കൂട്ടുകാരായി. എഴുത്തായി. പോസ്റ്റുകളായി . സംവാദങ്ങൾ, വായനകൾ. ഹാ ആ കാലം. വെബ്ബ് മലയാളവുമായി ബന്ധപ്പെട്ട കുറച്ച് ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനും അതിന്റെ ഭാഗമാകാനും കഴിഞ്ഞു. മലയാളം ബ്ലോഗിൽ നിന്ന് ആദ്യം അച്ചടിമഷി പുരണ്ട പുസ്തകം വിശാലമനസ്ക്കന്റെ കൊടകരപുരാണമാണു. അതിന്റെ പ്രകാശനം ഷാർജയിൽ നടത്തിയത് കവി കുരീപ്പുഴ ശ്രീകുമാറും. അതിന്റെ ഒരുക്കങ്ങളിൽ അടിമുടി ഞങ്ങളുണ്ടായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇരുന്ന് മലയാളത്തെ കമ്പ്യൂട്ടറിലൂടെയും സ്നേഹിച്ചവരുടെ പ്രോത്സാഹനങ്ങൾ ലഭിച്ച്. പിന്നെയും വന്നു പുസ്തകങ്ങൾ. കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങൾ ഉൾപ്പടെ നിരവധി.

ഏഴ് വര്‍ഷത്തെ ബ്ലോഗ് ജീവിതം. എഴുതാനും പറയാനും കുറെയുണ്ട്. മലയാളകവിതയില്‍ മലയാളം ബ്ലോഗുകള്‍ ഉണ്ടാക്കിയ മാറ്റങ്ങൾ. വിഷ്ണുപ്രസാദിന്റെയും ലതീഷിന്റെയും വരവ്. ഇടപെടലുകള്‍ ദേവസേന, സെറീന തുടങ്ങിയ പെണ്‍ശബ്ദങ്ങൾ,  ജ്യോനവന്റെ മരണം... അങ്ങനെ കുറെ. പോസ്റ്റുകളായി അതൊക്കെ അവിടെയുള്ളത് കൊണ്ടും , കുറിപ്പ് നീളുമെന്നുള്ളതുകൊണ്ടും അതിലേക്ക് പോകുന്നില്ല അന്ന് തൊട്ട് ഇന്ന് വരെ വെബ്ബിലെ മലയാളത്തിനു എവിടെയെങ്കിലും അംഗീകാരം ലഭിച്ചാല്‍ മനസ്സ് അറിയാതെ തുള്ളിച്ചാടും. അത് ഒരു ആത്മബന്ധമാണു. പത്രാധിപര്‍ ചോദിക്കാതെ കവിത അച്ചടിക്കാന്‍ കൊടുക്കില്ല എന്ന തീരുമാനമെടുക്കാന്‍ വരെ , ആ ബന്ധം വളര്‍ന്നു എന്ന് ചുരുക്കി പറയാം.

2007 ല്‍ അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ എന്ന ബ്ലോഗ് സജീവമായ കാലത്താണു വിക്കിയെ കൂടുതൽ അറിയുന്നത്. വെബ്ബിൽ മാത്രം എഴുതുന്ന ഒരാളെന്ന നിലയിൽ അതിൽ ഒരു ലേഖനം വരാൻ ആഗ്രഹിച്ചിരുന്നു. എന്റെ തന്നെ ഐഡിയിൽ നിന്ന് എനിക്കറിയാവുന്ന രീതിയിൽ എന്നെക്കുറിച്ച് അറിയാവുന്നത് ഞാനവിടെ എഴുതിയെന്നതും നേരു. അങ്ങനെ ഒന്നും ചെയ്യരുത് എന്ന് എനിക്ക് അറിയില്ലായിരുന്നു.പിന്നീട് ആ വഴിക്ക് പോയിട്ടില്ല. ആ ദിവസങ്ങളിലാണു യു ഇ യിലെ സജീവ ബ്ലോഗറും, വിക്കിപ്രവർത്തകനുമായ സിമി നസ്രത്തുമായുള്ള വർത്തമാനം ജോലിചെയ്തിരുന്ന റേഡിയോയിലൂടെ കൊടുക്കുന്നത്. എന്നെക്കുറിച്ച് ഒരു ലേഖനം വിക്കിയിൽ വന്ന് കാണാൻ  ആഗ്രഹമുണ്ടെന്ന് സിമിയോട് പറയുകയും ചെയ്തു. വിത്സൺ വിക്കിയിൽ വരേണ്ട ആളാണെന്നും, വിവരങ്ങൾ അയക്കണമെന്ന് സിമിയും പറഞ്ഞു. അങ്ങനെയാണു 2007 ൽ സിമി എന്നെക്കുറിച്ചുള്ള ലേഖനം വിക്കിയിൽ എഴുതുന്നത്.  അതിനു ശേഷം മൂന്ന് നാലു തവണ ലേഖനത്തിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി സിമിയെ അറിയിക്കുകയും ചെയ്തിരുന്നു.

2007 നു ശേഷമാണു 2 പുസ്തകങ്ങൾ പുറത്തിറങ്ങിയത്. അതിൽ 2012 ൽ ഡി സി ബുക്സ് പുറത്തിറക്കിയ കുഴൂർ വിത്സന്റെ കവിതകൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുകയും ചെയ്തു. എന്നാൽ ആ പുസ്തകം വന്ന അതേ ദിവസങ്ങളിൽ തന്നെ വിക്കിയിൽ നിന്ന് എന്നെക്കുറിച്ചുള്ള ലേഖനം നീക്കപ്പെട്ടു. ശ്രദ്ധേയനല്ലാത്ത എഴുത്തുകാരനാണു എന്നതായിരുന്നു കാരണം. പുസ്തകത്തിൽ വെബ് സൈറ്റ് വിലാസം കൊടുത്തിട്ടുണ്ട്. വെബ് സൈറ്റിൽ വിക്കിയിലേക്കുള്ള ലിങ്ക് ഉണ്ട്. ആ ദിവസങ്ങളിൽ തന്നെ ആ താൾ മായ്ക്കപ്പെട്ടതിൽ എന്തോ വല്ലായ്മ തോന്നി. ഇക്കാര്യം കാണിച്ച് ഞാൻ സിമിക്ക് ഒരു മെയിൽ അയച്ചു. ഇപ്പോൾ വിക്കിയുമായി കൂടുതൽ ബന്ധമില്ലെന്നും അവിടെ തീരുമാനങ്ങൾ എടുക്കുന്നത് മറ്റു പലരുമാണെന്നുമുള്ള സിമിയുടെ മറുപടിയും കിട്ടി. ഞാനത് വിട്ടു.


ഈയടുത്ത് ത്യശ്ശൂർ അക്കാദമിയിൽ ജി ഉഷാകുമാരിയുടെ പുസ്തകപ്രകാശനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ സെബിൻ എബ്രാഹിമിനെ കണ്ടു. അവൻ വന്നിരിക്കുന്നത് വിക്കി സംഗമത്തിൽ പങ്കെടുക്കാനാണു. വിക്കി മലയാളത്തെക്കുറിച്ച് ഒരു സ്റ്റോറി ചാനലിൽ കൊടുക്കണേയെന്ന് അവൻ പറഞ്ഞു. നോക്കാമെന്ന് ഞാനും. പിന്നീട് ഒരു ചാറ്റിൽ എന്നെക്കുറിച്ചുള്ള ലേഖനം നീക്കിയ കാര്യം ഒരു ചെറുസങ്കടമായി ഞാനവനോട് പറയുകയും ചെയ്തു. സെബിൻ അത് എഫ് ബിയിൽ എഴുതിയപ്പോഴാണു സംഗതികൾ വിവാദമായതും ഇത് സംബദ്ധിച്ച വാദപ്രതിവാദങ്ങൾ നടന്നതും. ഈ ദിവസങ്ങളിൽ എനിക്കറിയാത്ത പലരും മെയിൽ വഴി എന്നോട് വിവരങ്ങൾ തിരക്കി. എനിക്കറിയാവുന്നത് ഞാൻ കൊടുക്കുകയും ചെയ്തു. ആ മാറ്റങ്ങൾ ആ പേജിലും കാണാം

കവിത,പ്രണയം .അംഗീകാരം. ഇതൊക്കെ സ്വാഭാവികമായി വരേണ്ടത് തന്നെയാണു. എന്ന് കരുതി അത് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ 20 വർഷമായി മലയാളകവിതയെ അടുത്ത് അറിയാൻ പരിശ്രമിക്കുന്ന ഒരാളെന്ന നിലയിൽ, ആ കവിതകൾ വെബ്ബന്നൂരിൽ (പ്രയോഗത്തിനു കടപ്പാട് – രാം മോഹൻ പാലിയത്ത്) നിറയണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ , അതിന്റേതായ ശ്രദ്ധേയത എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു.അത് വിക്കിയുടെ മാനദണ്ഡങ്ങൾക്ക് യോജിക്കുന്നില്ല എങ്കിൽ ലേഖനം പൂർണ്ണമായും മാറ്റണം എന്ന് തന്നെയാണു എന്റെയും അഭിപ്രായം. അതിൽ ഇനി ഒരു സംവാദത്തിനോ വിവാദത്തിനോ സങ്കടത്തിനോ ഞാനില്ല എന്നും പറഞ്ഞ് കൊള്ളട്ടെ . വിക്കി മലയാളം കൂടുതൽ നല്ല ലേഖനങ്ങൾ കൊണ്ട് നിറയട്ടെ. അതിലെ അറിവുകൾ കുറ്റമറ്റതാകട്ടെ.. ഒരു കാര്യം കൂടി കുറിച്ച് കൊണ്ട് ഈ വിശദീകരണക്കുറിപ്പ് അവസാനിപ്പിക്കുന്നു

വിക്കി മലയാളത്തെക്കുറിച്ചുള്ള ലേഖനത്തിൽ മലയാളം ബ്ലോഗിംഗിനെക്കുറിച്ച് കുറച്ച് പരാമർശങ്ങൾ ഉണ്ട്. 2006 ൽ സജീവമായ മലയാളം ബ്ലോഗിംഗിന്റെ തുടർച്ച വിക്കിക്ക് ഗുണം ചെയ്തിട്ടുണ്ട് എന്ന  അർത്ഥത്തിൽ. അത് ശരിയാണു താനും. കമ്പ്യൂട്ടറിൽ മലയാളം സ്വപ്നം കണ്ട, അതിനായി പ്രവർത്തിച്ച, അത് നടപ്പാക്കിയ ഒരു പാട് ബ്ലോഗർമാർ മലയാളത്തിൽ ഉണ്ട്. പെരിങ്ങോടൻ,കൈപ്പിള്ളി, ദേവൻ, വിശാലമനസ്ക്കൻ, കുറുമാൻ.. ആ ലിസ്റ്റ് നീളുന്നു. അക്കാലത്ത് യു എ ഇ യിൽ ഉള്ള മലയാളികൾ കൂറേക്കൂടി അവിടെ സജീവമായി ഇടപെട്ടിരുന്നു. എന്നിട്ടും മലയാള ബ്ലോഗിൽ നിന്ന് ആദ്യമായി പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ കൊടകരപുരാണത്തെക്കുറിച്ച് വിക്കിമലയാളത്തിൽ ഇല്ല. അത് മായ്ക്കാനാവാത്ത ഇ മലയാളചരിത്രമാണു എന്ന് പറഞ്ഞുകൊള്ളട്ടെ.  അങ്ങനെ ഒരു ലേഖനത്തിലേക്ക് വിക്കി പ്രവർത്തകരുടെ ശ്രദ്ധ പതിയണമെന്നും അഭ്യർത്ഥിക്കുന്നു.

ബ്ലോഗുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടറിൽ മലയാളം കവിത പ്രചരിപ്പിച്ച നിരവധി പേരുണ്ട്.  വയനാട്ടിലെ ഒരു ഗ്രാമത്തിൽ ഇരുന്നു ബൂലോക കവിത ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വിഷ്ണുപ്രസാദ്, മലയാളകവിതയുടെ ദിശാമാറ്റത്തിനു നല്ല പങ്ക് വഹിച്ച ലതീഷ് മോഹൻ,  പുതുപരീക്ഷണങ്ങൾ നടത്തിയ നസീർ കടിക്കാട്, ബ്ലോഗ് കവിതയിൽ ശക്തമായി പെൺശബ്ദങ്ങൾ കേൾപ്പിച്ച ദേവസേന, സെറീന തുടങ്ങി കുറെപ്പേർ. കമ്പ്യൂട്ടർ മലയാളത്തിന്റെ തുടക്കവും ഒഴുക്കും ഒക്കെ രേഖപ്പെടുത്തുമ്പോൾ അവരെക്കൂടി ഉൾപ്പെടുത്തണമെന്നും അപേക്ഷിക്കുന്നു

ഇതൊക്കെ ഇയാൾക്ക് അങ്ങോട്ട് ചെയ്ത്കൂടെ എന്ന ചോദ്യമുയരാം. ജോലി, വീട്, എഴുത്ത് ഇപ്പോൾ തന്നെ 24 മണിക്കൂർ തികയാഞ്ഞിട്ടാണു എന്ന് മാത്രം അതിനുള്ള മറുപടി. വൈകാരികമായ ഒരു ഇടപെടൽ വിക്കിയിലെ ഒരു രീതിയല്ല എന്ന ന്യൂനതയും. ഇത് സംബദ്ധിച്ച് മീഡിയ വൺ ചാനൽ ചോദിച്ച ചോദ്യങ്ങൾക്ക് ഞാൻ ഇതേ മറുപടികൾ തന്നെ നൽകിയിട്ടുണ്ട് എന്നും അറിയക്കട്ടെ. കമ്പ്യൂട്ടർ മലയാളത്തെ തുടക്കത്തിലേ കാര്യമായി ശ്രദ്ധിക്കുന്ന രാജീവ് രാമചന്ദ്രൻ എന്ന മുതിർന്ന മാധ്യമപ്രവർത്തകന്റെ നിർദ്ദേശത്താൽ.

അംഗീകാരങ്ങൾക്കായി ഇതുവരെ ഒരു പിൻ വാതിലും കയറാത്ത ഒരാളാണെന്ന് ഒന്ന് കൂടി ഞാൻ എന്നെപ്പറ്റി പറഞ്ഞുകൊള്ളട്ടെ.അങ്ങനെയെങ്കിൽ എന്റെ ജീവിതരേഖ ഇങ്ങനെയാകുമായിരുന്നില്ല. അച്ചടി മലയാളം നാട് കടത്തിയ കവിതകൾ എന്ന് ബ്ലോഗിനു പേരിടുമായിരുന്നില്ല. 5 പുസ്തകങ്ങൾ ഉണ്ടായിട്ടും ഒരു എൻ എം വിയ്യോത്ത് സ്മാരക അവാർഡിൽ അത് ഒതുങ്ങുമായിരുന്നില്ല എന്നും

വിക്കിമലയാളത്തിനു , അതിന്റെ പ്രവർത്തകർക്ക് ഒരിക്കൽ കൂടി എല്ലാ ഭാവുകങ്ങളും നേരുന്നു. ലോകത്ത് എല്ലായിടത്തും മലയാളമെത്തട്ടെ. അതിൽ കവികളും കവിതകളുമുണ്ടാകട്ടെ. അർഹതയുണ്ടെങ്കിൽ എന്റെ വരികളുമുണ്ടാകട്ടെ
ഇനി ഇത് സംബന്ധിച്ച ഒരു തർക്കത്തിനോ വാദപ്രതിവാദത്തിനോ ഞാൻ ഇല്ല എന്ന് കൂടി. പറഞ്ഞ് കൊണ്ട് ഓടിമറയുന്നു.കവിതയിൽ വിക്കാത്ത മലയാളം തിരഞ്ഞ്


ശബ്ദമില്ലാത്തവരുടെ ശബ്ദം

കാലത്തിന്റെ ചുമരെഴുത്തുകള്‍ എന്നത് പഴകിയ പ്രയോഗമാണ്. കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാത്തവര്‍ എന്തോ കുറ്റം ചെയ്തവരാണെന്ന തോന്നല്‍ ആ പ്രയോഗത്തില്‍ ഉണ്ട്. ഇത് പറയാന്‍ കാരണം ചുമരെഴുത്തുകളോട് സവിശേഷ താല്പര്യം ഉള്ള ഒരാളുടെ കുറിപ്പാണിത്.
ആണ്‍കുട്ടികളുടെ മൂത്രപ്പുരയിലെ ചുവരെത്തുകളെക്കുറിച്ച് സ്കൂളിനെക്കുറിച്ചുള്ള ഇയെന്ന് പുസ്തകത്തില്‍ ഞാന്‍ എഴുതിയിട്ടുമുണ്ട്. മാഷ്മാരോടും ടീച്ചർമാരോടുള്ള ദേഷ്യം ചുമരില്‍ വരച്ചും എഴുതിയും തീര്‍ക്കുന്ന ആണ്‍കുട്ടികളാണു അതില്‍. ഒരിക്കലും കാണാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുര ഒരു ക്ഷേത്രം പോലെ നിലകൊണ്ടു എന്നാണു അതിന്റെ അവസാനം. തീവണ്ടിയുടെ കക്കൂസുകളിലെ ചുവരെഴുത്തുകളെക്കുറിച്ച് എഴുതിയിട്ടില്ല എങ്കിലും സമയമുണ്ടെങ്കില്‍ അതും ശ്രദ്ധയോടെ വായിക്കുന്ന ഒരാളാണു ഞാന്‍. ശബ്ദമില്ലാത്തവരുടെ ശബ്ദം എന്നാണു എനിക്കതേക്കുറിച്ച് തോന്നിയിട്ടുള്ളത്. അതില്‍ കാമം വരച്ചും എഴുതിയും തീര്‍ക്കുന്ന ഹതഭാഗ്യവാന്മാരും ഉണ്ട് എന്നുള്ളത് എന്നെ സങ്കടപ്പെടുത്തുന്നുണ്ട്. ഭൂമിയിലെ ഇത്ര മനോഹരമായ ഒരു വികാരം നിഷേധിക്കപ്പെടുന്നവരോട് സഹതാപം തോന്നാതിരിക്കുന്നത് എങ്ങനെ. പറഞ്ഞ് വന്നത് ചുമരെഴുത്തുകളെക്കുറിച്ചാണു.

നമ്മുടെ അപ്പൂനപ്പൂന്മാരും ചുമരെഴുത്തുകളുടെ ആളുകളായിരുന്നു. ഗുഹാചിത്രങ്ങളും പൂര്‍വ്വലിപികളും അതിന്റെ പൂര്‍വ്വരൂപങ്ങളാണെന്ന് ഞാന്‍ കരുതുന്നു. പിന്നെയും പറഞ്ഞ് വന്നത് ചുവരെഴുത്തുകളെക്കുറിച്ചാണ്.

നവമാധ്യമങ്ങളില്‍ പ്രധാനപ്പെട്ട ഫേസ് ബുക്കിന്റെ ഒരു പ്രധാന ഇടം അതിന്റെ വാളാണു. അതെ ചുമര്‍ തന്നെ. വാളിലാണു നമ്മള്‍ നമ്മുടെ ആശയങ്ങള്‍, വികാരങ്ങള്‍, വിചാരങ്ങള്‍, കലിപ്പുകള്‍, കവിതകള്‍, കാമങ്ങള്‍ ഒക്കെ പങ്ക് വയ്ക്കുന്നത്. മോഹന്‍ലാലിനും മമ്മുട്ടിക്കും ശ്വേതാമേനോനും പല വിഷയങ്ങളിലും അഭിപ്രായങ്ങള്‍ ഉള്ളത് പോലെ, അത് അവര്‍ പലയിടങ്ങളില്‍ പങ്ക് വയ്ക്കുന്നത് പോലെ. ഫോട്ടോക്ക് പോസ് ചെയ്യുന്നത് പോലെ. കുഞ്ഞികുഞ്ഞി ഇഷ്ടാനിഷ്ടങ്ങള്‍ പങ്ക് വയ്ക്കുന്നത് പോലെ

ഓരോ ജീവിക്കും അത്തരം ആത്മപ്രകാശനത്തിനുള്ള അതിയായ ആഗ്രഹം ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. പിസിജോര്‍ജ്ജിനും കെ മുരളീധരനും ശശി തരൂരിനും അതൊക്കെ മുഖ്യധാരാ മാധ്യമങ്ങളില്‍ തന്നെ സാധ്യമാകുന്നു. അതില്ലാത്ത എത്രയോ സാധാരക്കാരായ മനുഷ്യര്‍ക്കും സ്വന്തം അഭിപ്രായങ്ങളുണ്ട്. ഇവിടത്തെ നെറികേടുകളോട് പ്രതിഷേധം ഉണ്ട്. നേരത്തേ പറഞ്ഞതു പോലെ കാമം കരഞ്ഞു തീര്‍ക്കുന്ന കഴുതകളായി ജീവിക്കാനായിരുന്നു അവരുടെ വിധി.

കാര്യങ്ങള്‍ മാറിമറഞ്ഞിരിക്കുയാണു. തന്റെ വികാരവിചാരങ്ങള്‍ പങ്ക് വയ്ക്കാന്‍ സാധാരണക്കാര്‍ക്കും ഇടമുണ്ടായിരിക്കുന്നു. അതില്‍ വീട്ടമ്മമാരുണ്ട്. കോളേജു കുട്ടികളുണ്ട്. പരസ്യങ്ങളില്‍ കാണുന്നത് പോലെ വയസ്സന്മാരുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക എന്ന ഒരു ഇടയലേഖനം പണ്ടെങ്ങോ വായിച്ചതോര്‍ക്കുന്നു. നവമാധ്യമങ്ങളുടെ ജനകീയത കാണുമ്പോള്‍ എനിക്കതെക്കുറിച്ച് പറയാന്‍ തോന്നുന്നു. ശ്ബദമില്ലാത്തവരുടെ ശ്ബദം

കഴിഞ്ഞ ഏഴുവര്‍ഷമായി ബ്ലോഗ്, ഫേസ് ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളില്‍ മാത്രം എഴുതുന്ന ഒരു കവിയാണു ഞാന്‍. പത്രാധിപര്‍ ആവശ്യപ്പെടാതെ കവിത പ്രസിദ്ധീകരണത്തിനു കൊടുക്കില്ല എന്ന തീരുമാനമെടുക്കാന്‍ , അത് നടപ്പാക്കാന്‍ എന്നെ സഹായിച്ചത് നവമാധ്യമങ്ങളാണു.

ഈ ചുവരെഴുത്തുകള്‍ വായിക്കാത്തവര്‍ തീര്‍ച്ചയായും കുറ്റക്കാരാകും



അനുബന്ധം - കവിത

അക്ഷരത്തെറ്റുള്ള തെറികള്‍

ആരാണ് എഴുതുന്നതെന്നറിഞ്ഞു കൂടാ, എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
സിനിമാപോസ്റ്ററുകള്‍ സമയാസമയം മാറുന്നതുപോലെ
മൂത്രപ്പുരയുടെ ചുമരുകളില്‍ അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു.

പായലും കരിക്കട്ടയും ചെങ്കല്ലും
ചേര്‍ന്നെഴുതിയത്ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു

ഇവിടെ കാറ്റിനു സുഗന്ധം. രാജീവ്+സിന്ധു.
ച്ചോട്ടപ്പന്‍ ബാലന്‍ ഒരു.....കൊക്കിദേവകിയുടെ.........
ഹൃദയത്തിന്റെ നടുവിലൂടെ ഒരു അമ്പ് കടന്നുപോകുന്ന ചിത്രം
രാജന്‍ മാഷും ഭാനുടീച്ചറും തമ്മില്‍ പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്

‍കിട്ടിയ തല്ലുകള്‍ക്കും ഇമ്പോസിഷനുകള്‍ക്കും
പകരം വീട്ടലായി ചുമരുകള്‍ നിറഞ്ഞു.
തീട്ടത്തിന്റെയും മൂത്രത്തിന്റെയും ഗന്ധങ്ങള്‍ക്കിടയിലും
പ്രണയം പായലുകള്‍ക്കിടയില്‍ പൂത്തു

പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു


^ 2004

(മഹിളാ ചന്ദ്രിക / നവംബർ 2013 / കുഴൂർ വിത്സൺ)

ഞങ്ങളുടെ ഗൂഗിൾയൗവ്വനം

കഴിഞ്ഞഏഴുവർഷമായിവെബ്ബന്നൂരിൽമാത്രംഎഴുതുന്നഒരാളാണുഞാൻ.ഞങ്ങളുടെഗൂഗിൾയൗവ്വനംഅവനവൻപ്രസാധനത്തിനുതന്നപ്രോത്സാഹനംഅത്രവലുതായിരുന്നു.പത്രാധിപർആവശ്യപ്പെടാതെകവിതപ്രസിദ്ധീകരണത്തിനുകൊടുക്കില്ലഎന്ന് 2007 ൽതീരുമാനിക്കുമ്പോൾചെറിയആശങ്ക ഉണ്ടായിരുന്നു.പതിനഞ്ചാമത്തെവയസുമുതൽമലയാളകവിതയെഅടുത്തറിയാൻപരിശ്രമിച്ചഒരാളുടെസ്വാഭാവികമായപകപ്പ്.പത്രാധിപരുടെഔദാര്യത്തിൽഇത്തിരിഇടംചോദിച്ച്കെഞ്ചേണ്ടവയല്ലകവിതകൾഎന്നതിരിച്ചറിവായിരുന്നുആതീരുമാനത്തിനുപിന്നിലെ പ്രധാന പ്രേരണ.തൊഴിലുറപ്പിൽപണിചെയ്യുന്നവർഎടിഎംവഴികൂലിവാങ്ങുന്നഒരുകാലത്ത്ഇമെയിൽവഴികവിതസ്വീകരിക്കപ്പെടാത്തതിന്റെദേഷ്യവുംതീരുമാനത്തിനുമറ്റൊരുകാരണമായി.ആതീരുമാനംതെറ്റായിരുന്നില്ലഎന്ന്തന്നെയാണുകഴിഞ്ഞ 7 വർഷത്തെ സർഗ്ഗജീവിതംഎന്നോട്പറഞ്ഞത്.

2006 ജൂലായിലാണുകവിതയ്ക്ക്മാത്രമായുള്ളവിശാഖം എന്നബ്ലോഗ്ആരംഭിക്കുന്നത്
www.vishakham.blogspot.com ) മലയാളത്തിലെആദ്യത്തെകവിതാബ്ലോഗെന്നരേഖപ്പെടുത്തൽ ഉൾപ്പടെ നിരവധിഅംഗീകാരങ്ങൾപിന്നെഅതിനെത്തേടിയെത്തി. (മാത്യഭൂമി ബ്ലോഗന ആരംഭിച്ചപ്പോൾ ആദ്യമായി പ്രസിദ്ധീകരിച്ച കവിതാ ബ്ലോഗും ഇതായിരുന്നു) ഇത്കുറിക്കുമ്പോൾഈബ്ലോഗിലെസന്ദർശകരുടെഎണ്ണംഎഴുപതിനായിരത്തോട്അടുക്കുകയാണു. കവിതാ സമാഹാരങ്ങൾ കഷ്ടിച്ച് ആയിരമടിക്കുന്ന ഇക്കാലത്ത് അത് വലിയ കാര്യമാണെന്ന് തന്നെയാണു എന്റെ തോന്നൽ.

ബ്ലോഗിൽ വിഷ്ണുപ്രസാദ് എന്ന കവി ഉപയോഗിച്ച സാധ്യതകൾ പോലും എനിക്ക് ചെയ്യാനായില്ല. അത്ര മാത്രമാണു വെബ്ലിഷിംഗിന്റെ സാധ്യതകൾ. ഒരിക്കൽ ലതീഷ് മോഹന്റെ ഫോർട്ട് കൊച്ചിയിലെ കൂടാരത്തിൽ നൈജീരിയൻ കവി – എഫ്ഫെയുമായി കൂടിയപ്പോൾ മനോജ് കുറൂർ സെലിബറേഷൻ എന്ന കവിത ചൊല്ലി. തന്റെ ടാബിൽ ചെണ്ടയുടെ പശ്ചാത്തലം കേൾപ്പിച്ചായിരുന്നു കവിത ചൊല്ലൽ. ആ കവിത എവിടേക്കൊക്കെയാണു കൂട്ടിക്കൊണ്ട് പോയതെന്ന് എഴുതിയറിയിക്കുക വയ്യ. ശബ്ദം, വെളിച്ചം. , ചിത്രം. ഹൈപ്പർലിങ്കുകളുടെ സാധ്യതകൾ ലോകകവിതക്കൊപ്പം മലയാളവും അറിഞ്ഞുതുടങ്ങുന്നു.

ഒരു കവിത ഒരു കവിയുടെ ഒരു ഭാവനയാണെങ്കിൽ ഒരു കമ്പ്യൂട്ടർ ആയിരം കവിമനസ്സുകളുടെ ആയിരം ഭാവനകൾ ചേർന്ന ഒരു സാക്ഷാത്കാരമാണു. ഇതു രണ്ടും കൂട്ടിമുട്ടുന്നിടത്ത് സർഗ്ഗാത്മകതയുടെ
നക്ഷത്രങ്ങൾ വിരിയാതെ വയ്യ. കവിതയുടെ ആ നക്ഷത്രങ്ങളിൽ തീർച്ചയായും ലതീഷ് മോഹനും നസീർ കടിക്കാടും വിഷ്ണുപ്രസാദുമുണ്ട്. എൻ എസ് മാധവൻ പ്രിയകവിയെന്ന് വിളിച്ച ഹസനുണ്ട്. ദേവസേനയും, സെറീനയും അരുൺപ്രസാദുമുണ്ട്

രാജകൊട്ടാരങ്ങളിലെ ഇടവേളകളിൽ നാലും കൂട്ടി മുറുക്കിനൊപ്പം കവിത നേരമ്പോക്കായിരുന്ന കാലമുണ്ടായിരുന്നു. അതിലേക്ക് തിരിച്ച് പോവാനുള്ള ഒരു ത്വര അത് പലപ്പോഴും കാണിക്കാറുമുണ്ട്. അക്കാദമി, യൂണിവേഴ്സിറ്റികൾ തുടങ്ങിയ ഇടങ്ങളിൽ മാത്രം അതിനെ കെട്ടിയിടാനുള്ള ശ്രമങ്ങൾ. ആ തൊഴുത്തുകളിൽ നിന്ന് മലയാളകവിതയെ വിശാലമായ പറമ്പിലേക്കും പാടത്തേക്കും ആകാശത്തേക്കും അഴിച്ച് കെട്ടിയത് ബ്ലോഗുകളും നവമാധ്യമങ്ങളുമാണു. കവിത ആരുടെയും അളിയനല്ല. അത് ജനാധിപത്യമുള്ളതാണു എന്ന വിളിച്ച് പറയൽ അത് നടത്തിയിട്ടുണ്ട്. അതിനാൽ മാത്രമാണു ഒരു കവിയെന്ന നിലയിൽ എനിക്ക് ഇത് കുറിക്കാൻ കഴിയുന്നതും

അടിമുടി കവിയായിരുന്ന വിനയചന്ദ്രൻ മാഷ് മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇരുപതോളം കവിതകളാണു ഒരു പ്രമുഖ അച്ചടിമാധ്യമത്തിൽ കെട്ടിക്കിടന്നിരുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടോ അദ്ദേഹം മരിച്ചപ്പോൾ അതേ പ്രസിദ്ധീകരണത്തിന്റെ പ്രത്യേകപതിപ്പ് വരികയും ചെയ്തു.
അക്കാദമികളും, യൂണിവേഴ്സിറ്റികളിലെ ഉപജാപകസംഘങ്ങളും, മാധ്യമങ്ങളിലെ ഇടനിലക്കാരും ചേർന്ന് വ്യാജകവികളെയും അവരുടെ ഉൽപ്പന്നങ്ങളെയും ഉണ്ടാക്കാൻ , പരസ്യം ചെയ്യാൻ മത്സരിക്കുമ്പോൾ, ബ്ലോഗ്, ഫേസ് ബുക്ക്, നവമാധ്യമങ്ങൾ കവിതയുടെ സാധ്യതയാകുന്നു.
എന്റെ ബാധ്യതയും




മാത്യഭൂമി ബുക്സിന്റെ ജേർണ്ണലിൽ  
(പ്രയോഗങ്ങൾ - വെബ്ബന്നൂർ ; രാം മോഹൻ പാലിയത്ത്, ഗൂഗിൾ യൗവ്വനം ; രാജ് നീട്ടിയത്ത്)
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved