Friday, November 15, 2013

ശബ്ദമില്ലാത്തവരുടെ ശബ്ദം

കാലത്തിന്റെ ചുമരെഴുത്തുകള്‍ എന്നത് പഴകിയ പ്രയോഗമാണ്. കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാത്തവര്‍ എന്തോ കുറ്റം ചെയ്തവരാണെന്ന തോന്നല്‍ ആ പ്രയോഗത്തില്‍ ഉണ്ട്. ഇത് പറയാന്‍ കാരണം ചുമരെഴുത്തുകളോട് സവിശേഷ താല്പര്യം ഉള്ള ഒരാളുടെ കുറിപ്പാണിത്.
ആണ്‍കുട്ടികളുടെ മൂത്രപ്പുരയിലെ ചുവരെത്തുകളെക്കുറിച്ച് സ്കൂളിനെക്കുറിച്ചുള്ള ഇയെന്ന് പുസ്തകത്തില്‍ ഞാന്‍ എഴുതിയിട്ടുമുണ്ട്. മാഷ്മാരോടും ടീച്ചർമാരോടുള്ള ദേഷ്യം ചുമരില്‍ വരച്ചും എഴുതിയും തീര്‍ക്കുന്ന ആണ്‍കുട്ടികളാണു അതില്‍. ഒരിക്കലും കാണാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുര ഒരു ക്ഷേത്രം പോലെ നിലകൊണ്ടു എന്നാണു അതിന്റെ അവസാനം. തീവണ്ടിയുടെ കക്കൂസുകളിലെ ചുവരെഴുത്തുകളെക്കുറിച്ച് എഴുതിയിട്ടില്ല എങ്കിലും സമയമുണ്ടെങ്കില്‍ അതും ശ്രദ്ധയോടെ വായിക്കുന്ന ഒരാളാണു ഞാന്‍. ശബ്ദമില്ലാത്തവരുടെ ശബ്ദം എന്നാണു എനിക്കതേക്കുറിച്ച് തോന്നിയിട്ടുള്ളത്. അതില്‍ കാമം വരച്ചും എഴുതിയും തീര്‍ക്കുന്ന ഹതഭാഗ്യവാന്മാരും ഉണ്ട് എന്നുള്ളത് എന്നെ സങ്കടപ്പെടുത്തുന്നുണ്ട്. ഭൂമിയിലെ ഇത്ര മനോഹരമായ ഒരു വികാരം നിഷേധിക്കപ്പെടുന്നവരോട് സഹതാപം തോന്നാതിരിക്കുന്നത് എങ്ങനെ. പറഞ്ഞ് വന്നത് ചുമരെഴുത്തുകളെക്കുറിച്ചാണു.

നമ്മുടെ അപ്പൂനപ്പൂന്മാരും ചുമരെഴുത്തുകളുടെ ആളുകളായിരുന്നു. ഗുഹാചിത്രങ്ങളും പൂര്‍വ്വലിപികളും അതിന്റെ പൂര്‍വ്വരൂപങ്ങളാണെന്ന് ഞാന്‍ കരുതുന്നു. പിന്നെയും പറഞ്ഞ് വന്നത് ചുവരെഴുത്തുകളെക്കുറിച്ചാണ്.

നവമാധ്യമങ്ങളില്‍ പ്രധാനപ്പെട്ട ഫേസ് ബുക്കിന്റെ ഒരു പ്രധാന ഇടം അതിന്റെ വാളാണു. അതെ ചുമര്‍ തന്നെ. വാളിലാണു നമ്മള്‍ നമ്മുടെ ആശയങ്ങള്‍, വികാരങ്ങള്‍, വിചാരങ്ങള്‍, കലിപ്പുകള്‍, കവിതകള്‍, കാമങ്ങള്‍ ഒക്കെ പങ്ക് വയ്ക്കുന്നത്. മോഹന്‍ലാലിനും മമ്മുട്ടിക്കും ശ്വേതാമേനോനും പല വിഷയങ്ങളിലും അഭിപ്രായങ്ങള്‍ ഉള്ളത് പോലെ, അത് അവര്‍ പലയിടങ്ങളില്‍ പങ്ക് വയ്ക്കുന്നത് പോലെ. ഫോട്ടോക്ക് പോസ് ചെയ്യുന്നത് പോലെ. കുഞ്ഞികുഞ്ഞി ഇഷ്ടാനിഷ്ടങ്ങള്‍ പങ്ക് വയ്ക്കുന്നത് പോലെ

ഓരോ ജീവിക്കും അത്തരം ആത്മപ്രകാശനത്തിനുള്ള അതിയായ ആഗ്രഹം ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. പിസിജോര്‍ജ്ജിനും കെ മുരളീധരനും ശശി തരൂരിനും അതൊക്കെ മുഖ്യധാരാ മാധ്യമങ്ങളില്‍ തന്നെ സാധ്യമാകുന്നു. അതില്ലാത്ത എത്രയോ സാധാരക്കാരായ മനുഷ്യര്‍ക്കും സ്വന്തം അഭിപ്രായങ്ങളുണ്ട്. ഇവിടത്തെ നെറികേടുകളോട് പ്രതിഷേധം ഉണ്ട്. നേരത്തേ പറഞ്ഞതു പോലെ കാമം കരഞ്ഞു തീര്‍ക്കുന്ന കഴുതകളായി ജീവിക്കാനായിരുന്നു അവരുടെ വിധി.

കാര്യങ്ങള്‍ മാറിമറഞ്ഞിരിക്കുയാണു. തന്റെ വികാരവിചാരങ്ങള്‍ പങ്ക് വയ്ക്കാന്‍ സാധാരണക്കാര്‍ക്കും ഇടമുണ്ടായിരിക്കുന്നു. അതില്‍ വീട്ടമ്മമാരുണ്ട്. കോളേജു കുട്ടികളുണ്ട്. പരസ്യങ്ങളില്‍ കാണുന്നത് പോലെ വയസ്സന്മാരുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക എന്ന ഒരു ഇടയലേഖനം പണ്ടെങ്ങോ വായിച്ചതോര്‍ക്കുന്നു. നവമാധ്യമങ്ങളുടെ ജനകീയത കാണുമ്പോള്‍ എനിക്കതെക്കുറിച്ച് പറയാന്‍ തോന്നുന്നു. ശ്ബദമില്ലാത്തവരുടെ ശ്ബദം

കഴിഞ്ഞ ഏഴുവര്‍ഷമായി ബ്ലോഗ്, ഫേസ് ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളില്‍ മാത്രം എഴുതുന്ന ഒരു കവിയാണു ഞാന്‍. പത്രാധിപര്‍ ആവശ്യപ്പെടാതെ കവിത പ്രസിദ്ധീകരണത്തിനു കൊടുക്കില്ല എന്ന തീരുമാനമെടുക്കാന്‍ , അത് നടപ്പാക്കാന്‍ എന്നെ സഹായിച്ചത് നവമാധ്യമങ്ങളാണു.

ഈ ചുവരെഴുത്തുകള്‍ വായിക്കാത്തവര്‍ തീര്‍ച്ചയായും കുറ്റക്കാരാകുംഅനുബന്ധം - കവിത

അക്ഷരത്തെറ്റുള്ള തെറികള്‍

ആരാണ് എഴുതുന്നതെന്നറിഞ്ഞു കൂടാ, എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
സിനിമാപോസ്റ്ററുകള്‍ സമയാസമയം മാറുന്നതുപോലെ
മൂത്രപ്പുരയുടെ ചുമരുകളില്‍ അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു.

പായലും കരിക്കട്ടയും ചെങ്കല്ലും
ചേര്‍ന്നെഴുതിയത്ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു

ഇവിടെ കാറ്റിനു സുഗന്ധം. രാജീവ്+സിന്ധു.
ച്ചോട്ടപ്പന്‍ ബാലന്‍ ഒരു.....കൊക്കിദേവകിയുടെ.........
ഹൃദയത്തിന്റെ നടുവിലൂടെ ഒരു അമ്പ് കടന്നുപോകുന്ന ചിത്രം
രാജന്‍ മാഷും ഭാനുടീച്ചറും തമ്മില്‍ പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്

‍കിട്ടിയ തല്ലുകള്‍ക്കും ഇമ്പോസിഷനുകള്‍ക്കും
പകരം വീട്ടലായി ചുമരുകള്‍ നിറഞ്ഞു.
തീട്ടത്തിന്റെയും മൂത്രത്തിന്റെയും ഗന്ധങ്ങള്‍ക്കിടയിലും
പ്രണയം പായലുകള്‍ക്കിടയില്‍ പൂത്തു

പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു


^ 2004

(മഹിളാ ചന്ദ്രിക / നവംബർ 2013 / കുഴൂർ വിത്സൺ)

No comments:

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved