Tuesday, September 21, 2010

പണവും ഞാനും

(രാം മോഹൻ പാലിയത്തിനു വേണ്ടി എഴുതിയത്)

ക്രെഡിറ്റ് കാർഡ് ഒരു മനുഷ്യനല്ല


എഴുതാനിരിക്കുമ്പോൾ പതിവു പോലെ ഉള്ളിൽ സങ്കടവും സന്തോഷവും നിറയുന്നു. ലോകത്തെ മുഴുവൻ പുറത്താക്കി എഴുതാനിരിക്കുന്നു എന്നുള്ളതാണ്  സന്തോഷത്തിന് കാരണം. സങ്കടത്തിന് കാരണങ്ങളൊന്നുമില്ല. അല്ലെങ്കിൽ എന്താണ് കാരണങ്ങളല്ലാത്തത്. സങ്കടം ഇരട്ടിക്കുന്നതിന്റെ കാരണം വേണമെങ്കിൽ പറയാം. ഇത്തവണ എഴുത്ത് പണത്തെക്കുറിച്ചാൺ. കരഞ്ഞ് കാലു പിടിച്ച് പിന്നാലെ വന്നപ്പോഴൊക്കെ തട്ടിയോടിച്ച നായയെപ്പോലെ പണം. ആവശ്യം വന്നപ്പോഴൊക്കെ കാലുവെന്ത നായയെ കണക്കെ യാചിച്ചു നടന്ന പണം. ആത്മസ്നേഹിതനെ ജ്ന്മശത്രുവാക്കുന്ന കാളകൂടം . പവിത്ര ബന്ധങ്ങളുടെ മഹാദേവാലയങ്ങളിൽ സ്വർഗ്ഗത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുന്ന
അ മ്യതിന്റെ ഒരു കണം പണം

പേടിയാണെനിക്ക് പൈസയില്ലാത്ത എന്നെ
പലിശക്കാരന്റെ അടിവസ്ത്രമില്ലാത്ത തെറി
വണ്ടിക്കാശ് കൊടുക്കുന്ന കൂട്ടുകാരന്റെ തമാശ
തേഞ്ഞ ചെരുപ്പിലേക്കുള്ള ആ പെണ്ണിന്റെ നോട്ടം


വളരെ പണ്ട് എഴുതിയ വരികളാണ്. അതിന്റെ അർത്ഥം എഴുതിയ ആൾക്ക് തന്നെ മനസ്സിലായത് ഏറെ വൈകിയാണെന്ന് മാത്രം. ഓർമ്മ വച്ച നാൾ മുതൽ ഈ മുപ്പത്തിയഞ്ചാം വയസ്സു വരെ ഒരു കാലവും വെറുതെയിരുന്നിട്ടില്ല. സ്കൂൾ കാലത്ത് പറമ്പിലെയും പാടത്തെയും പണി, പാൽ ഡയറി, മുയൽ വളർത്തൽ, കോഴി വളർത്തൽ. കോളേജ് കാലത്ത് ട്യൂഷൻ അധ്യാപനം, പ്രാദേശിക പത്രപ്രവർത്തനം. 7 വർഷത്തെ വാർത്താ വായന . ഇല്ല ഒരു കാലത്തും വെറുതെയിരുന്നിട്ടില്ല. കൊടുത്തും വാങ്ങിയും കടമുണ്ടാക്കിയും ഒരു പാട് വർഷങ്ങൾ. ഇല്ല ഒരു രൂപയെങ്കിലും കടമില്ലാത്ത ഒരു കാലവും ഉണ്ടായിട്ടില്ല. കൊടുത്തതിന്റെ കണക്കുകൾ സൂക്ഷിച്ചിട്ടുമില്ല. അത് പോരായെന്ന് ഇത് അച്ചടിക്കുന്ന താളുകൾ പറയുന്നു
 

പരമ കാരുണികനായ ഈശ്വരന്റെ മുന്നിൽ തെറ്റുകൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും ഇഹലോകവാസത്തിനിടയ്ക്ക് ഒരു ദിവസമേ തടവറയിൽ കഴിയേണ്ടി വന്നിട്ടുള്ളൂ. അത് ഒരു സാമ്പത്തിക കുറ്റത്തിന്റെ പേരിലാണ്.  ജനിച്ച നാൾ മുതൽ സ്വപ്നത്തിലുണ്ടായിരുന്ന ശ്രീലങ്കയിൽ നിന്ന് ഉന്മാദത്തിന്റെയും ആഹ്ലാദത്തിന്റെയും ലഹരിയുടെയും 4 ദിനങ്ങൾ കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു. കൂടെ മേരിയും മോളുമുണ്ട്. 
 

ഷാർജ എയർപോർട്ടിൽ എമിഗ്രേഷനിൽ പോലീസ് തടഞ്ഞു. ഒരു കേസുണ്ട്. ക്രെഡിറ്റ് കാർഡ് വക. ഭാര്യക്കും മകൾക്കും പോകാം. പോലീസ് എന്നെ കൂട്ടി എയർപോർട്ടീൽ ഇടത്താവളത്തിലേക്ക് കൊണ്ട് പോയി.
മകൾക്ക് ഒരുമ്മ കൊടുത്തു. ദുർബ്ബലമായ ഒരു ടാറ്റയും.
അവർ പോയിഇടത്താവളത്തിൽ നിറയെ പേരുണ്ട്. ബിസിനസ്സ് പങ്കാളികളെ വഞ്ചിച്ചവർ, വീസ കാലാവധി കഴിഞ്ഞവർ, കണ്ണു പരിശോധനയിൽ പിടിക്കപ്പെട്ടവർ, ചെക്ക് കേസുകാർ നിരവധി. വർക്കിടയിൽ 7000 ദിരഹംസിന്റെ സാമ്പത്തിക കുറ്റവാളിയായി ഈയുള്ളവൻ.
 പലരും തിരിച്ചറിഞ്ഞു. പ്രമുഖ മാധ്യമത്തിലൂടെ പലരുടെ പ്രശ്നങ്ങളും ലോകത്തെ അറിയിച്ച ഒരാൾ. കഷ്ടമെന്ന് ഉള്ളിൽ പറഞ്ഞ് കാണും അവർ
 

ഷാർജ പോലീസ് സ്റ്റേഷനിൽ, അവിടെ നിന്നും മേരിയും മോളും കഴിയുന്ന വില്ലയ്ക്ക് മുന്നിലൂടെ ദുബായ് പോലീസ് സ്റ്റേഷനിലേക്ക്. വൈകുന്നേരത്തോടെ ബർദുബായ് സ്റ്റേഷന്റെ ജയിലിൽ. ഒരു ദിവസം കൊണ്ട് ജീവിതം മാറുകയാണ്.  ഉള്ളിലാക്കി പോലീസുകാരൻ സാക്ഷയിട്ടപ്പോൾ അതാ ഒരു ലോകം തന്നെ ഇല്ലാതായിപ്പോയി.

അതിനകത്ത് നിറയെ കൂട്ടുകാരെ കിട്ടി. വർക്ക് സൈറ്റിൽ ചായ വിറ്റതിൻ
പിടിക്കപ്പെട്ട വർ മുതൽ കൊലപാതകികൾ വരെ. എന്റെ കാര്യമറിഞ്ഞപ്പോൾ അവർക്ക് പരമ പുച്ഛം . ഇതെന്തു കുറ്റം.ഇതാണോ ഒരു കുറ്റവാളി. ലക്ഷങ്ങളുടെ കുറ്റത്തിന് അവിടെ കഴിയുന്ന കുന്നംകുളംകാരൻ ജലീൽ ഇക്ക പറഞ്ഞു. രാത്രിയോടെ വിത്സന്റെ ആളുകൾ വരും. പൈസയുമടക്കും. രാത്രി തന്നെ നീ പോകും അല്ലെങ്കിൽ രാവിലെ
 

അതു തന്നെ സംഭവിച്ചു. സലാം പാപ്പിനിശ്ശേരി, ജോബി, പകൽ കിനാവൻ എന്ന
ഷിജു ബഷീർ രാത്രി മുഴുവനോടി. കൈതമുള്ള് എന്ന ശശിച്ചേട്ടൻ പൈസയുമായെത്തി. രാ‍ത്രി തന്നെ ഇറങ്ങാമായിരുന്നു. പേപ്പർ ജയിലിൽ എത്തിയില്ല. രാവിലെ 10 മണിയോടെ ബർദുബായുടെ മണ്ണും ആകാശവും ഒരിക്കൽ കൂടി സ്വാതന്ത്ര്യത്തോടെ കണ്ടു.


ഒരു വരി ഉള്ളിൽ കുറിച്ചു. ലോകത്ത് രണ്ട് തരം ആളുകളേയുള്ളൂ. ഒന്ന് ജയിലിൽ കഴിഞ്ഞവർ . രണ്ട് ജയിലിൽ കഴിയാത്തവർ. പുതിയൊരു കണ്ണ് കൊണ്ട് ലോകത്തെ കാണുകയാനണ്.

ഒരേ സമയം സന്തോഷവും സങ്കടവും വന്നു
വില്ലയിൽ വന്നപ്പോൾ അമ്മിണി അപ്പൂവെന്ന് വിളിച്ച് ഓടി വന്നു . അപ്പോളവൾക്ക് കൊടുത്ത ഉമ്മയിൽ സ്നേഹമോ വാത്സല്യമോ ഒന്നുമുണ്ടായിരുന്നില്ല.


പലിശക്കാരന്റെ അടിവസ്ത്രമില്ല്ലാത്ത തെറിയിൽ ഒരു ഭാഷയുണ്ട്.
ആ ഭാഷയിൽ ഒരു മനുഷ്യനുണ്ട്. നമ്മെ പോലെ ഒരു മനുഷ്യൻ


ക്രെഡിറ്റ് കാർഡ് ഒരു മനുഷ്യനല്ല

500 രൂപ


ഈയടുത്ത് അമ്മയെ വിളിച്ചപ്പോൾ കുറെ വർത്തമാനം പറഞ്ഞു. നിനക്ക് സുഖമാണോയെന്ന് വരെ ചോദിച്ചു. മുഴുവൻ വ്യക്തതയോടെയല്ല എങ്കിലും . നീ എനിക്കായി ഒരു 500 രൂപയെങ്കിലും തരാത്തതെന്ത്.

ചേട്ടന്മാരുടെ വീടുകൾ, ആശുപത്രി, അമ്മയ്ക്ക് ഒരു കുറവും ഇല്ല എന്നാണ് കരുതിയത്. ഒരു 500 രൂപ കയ്യിൽ വയ്ക്കുന്നതിന്റെ സുഖം അമ്മ അറിയുന്നുണ്ട്. ഫോൺ വച്ച് കഴിഞ്ഞ് ആകെ സംഘർഷത്തിലായി. രണ്ട് ടെലഫോൺ കാർഡുകളുടെ ദിർഹമാണ് അമ്മയ്ക്ക് വേണ്ടത്.അല്ലെങ്കിൽ ചിലപ്പോൾ ഇവിടത്തെ ഒരു നേരത്തെ ഭക്ഷണത്തിന്റെ വില


ഒരു കാര്യം മനസ്സിലായി
ലോകത്ത് എത്ര മനുഷ്യരുണ്ടോ
അത്രയും തരത്തിൽ തന്നെ പണത്തിന്
വ്യത്യസ്ത രൂപങ്ങളും ഉണ്ടെന്ന്




ബിസിനസ് ഗള്ഫ് മാഗില്‍ വന്നത്


Saturday, March 20, 2010

ഇത്തവണ എന്നെ പടമാക്കിയത് ജിതേഷ്

ഇത്തവണ എന്നെ പടമാക്കിയത്
എസ്.ജിതേഷ്
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved