Saturday, October 27, 2007

ഇറച്ചിവെട്ടുകടയില് കണക്കെഴുതിയ കൈ കവിതയിലേക്ക് വരുമ്പോള്

( 5 വര്‍ഷം മുന്‍പാണു. പച്ചക്കറിക്കച്ചവടം നടത്തുന്ന ആലുവയിലെ സെബാസ്റ്റ്യന്‍ എന്ന കവി എഡിറ്റ് ചെയ്ത പുസ്തകം പുറത്തിറങ്ങിയത്. 30 നവകവിതകള്‍ എന്നോ മറ്റോ ആണ് അതിന്റെ പേരു. അതിന്റെ ആമുഖത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായിരുന്നു. എഡിറ്റര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ആയി എഴുതിയ ഉത്തരങ്ങള്‍ ആണ് ഇവിടെ. നിലപാടുകളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടാകാം. രാം മോഹന്‍ പാലിയത്ത് ചിലതെല്ലാം ഓര്‍മ്മിപ്പിച്ചത് കൊണ്ടു
അത് ഇവിടെ പകര്‍ത്തുന്നു. നല്ലതും ചീത്തയും പറയുന്നവര്‍ ഇതു എഴുതിയ കാലം ഓര്‍മ്മയില്‍ വയ്ക്കണം എന്ന് അപേക്ഷ )
കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ ഇറച്ചിവെട്ടുകാരുണ്ട്. സ്കൂള്‍ കാലത്ത് ചേട്ടനുമുണ്ടായിരുന്നു കശാപ്പ് ശാല.

അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ അവിടെ കണക്കെഴുത്തുകാരനുമായിരുന്നു

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ കവിത എഴുതുന്നത്. 89 ല്‍

90-കളില്‍ മലയാള കവിതയെ അടുത്ത് പരിചയപ്പെട്ട് തുടങ്ങുന്നു. ഇറച്ചിവെട്ട് കടയില്‍ കണക്കെഴുതിയ കൈകൊണ്ട് കവിതയെഴുതാനുള്ള അര്‍ഹത മലയാളം നേടിയ കാലമെന്ന് ഞാനെന്നോട് അടക്കം പറഞ്ഞു.

ഇങ്ങനെയൊരു സ്വാതന്ത്ര്യത്തിലേക്ക്
മലയാള കവിതയെ നയിച്ചത് കഴിഞ്ഞ
തലമുറയാണെന്നുള്ളതു കൊണ്ട് ആ ബഹുമാനവും സ്നേഹവും ആരാധനയും ഉള്ളില്‍ സൂക്ഷിച്ച് കൊണ്ടു തന്നെയാണ്‍ കവിതയെ കാണുന്നത്.
അതു കൊണ്ടു തന്നെ ത്രീവവാദി പ്രസ്ഥാനമെന്നോ
ജനതക്കു പുതിയ നീതി തിരക്കുന്ന കാവ്യ അന്വേഷണമെന്നോ നിര് വചിക്കുന്ന കവിതയെ അംഗീകരിക്കുകയും ചെയ്യുന്നു

അക്കാലത്തിനു ശേഷം പിന്നീടൊരു ഉയിര്‍പ്പ് മലയാളത്തില്‍ ഉണ്ടായില്ല എന്ന നിരീക്ഷണത്തോട് യോജിപ്പില്ല

ആധുനികതയുടെ ത്രീവബോധത്തോടൊപ്പവും പുതിയ കവിത
സഞ്ചരിക്കുന്നുണ്ടായിരുന്നു. സച്ചിദാനന്ദന്‍ പുഴ്ങ്കര, എന്‍.ജി .ഉണ്ണിക്യഷന്‍, മേതില്‍, കല്‍പ്പറ്റ നാരായണന്‍ തുടങ്ങിയവര്‍ തന്നെ ഉദാഹരണങ്ങള്‍

മലയാളത്തില്‍ 90 കള്‍ക്ക് ശേഷം പഴയതിലേക്ക്
തിരിച്ച് പോവാനുള്ള ശ്രമം പ്രകടമായി നടക്കുന്നുണ്ട്.
പി.പി രാമചന്ദ്രനും, റഫീക്ക് അഹമ്മദുമെല്ലാം
ആ പാതയിലാണെന്ന് ഞാന്‍ കരുതുന്നു.
ആധുനികത്യ്ക്കും മുന്‍പുള്ള കവിതയുമായി ഇവര്‍ ഇടയ്ക്ക്
തിരിച്ച് വരുന്നത് കാണാം

അത്കൊണ്ടാണ് ആധുനികതിയില്‍ നിന്ന് കവിതാ പാഠങ്ങള്‍ ഉള്‍ക്കൊണ്ട എസ്. ജോസഫിന് പോലും
മലായാള് കവിത അമ്പലത്തിലേക്ക് കാറില്‍ പോകുന്ന പെണ്‍കുട്ടിയാണെന്ന്
തോന്നുന്നതും , വിപരീത അര്‍ത്ഥത്തിലാണെങ്കിലും
അവള്‍ക്ക് കത്തയക്കുന്നതും

മൂന്ന് വഴികള്‍ ഇപ്പോള്‍ പ്രകടമാകുന്നുണ്ട്.
ഒരു വഴി നേരത്തെ പറഞ്ഞതാണെങ്കില്‍
ആധുനികതയുടെ തുടര്‍ച്ചയായി അന് വര്‍ അലിയും, പി.എ.നാസുമുദ്ദീനും .പി.എന്‍.ഗോപീക്യഷണനും എഴുതുന്നു
ടോണിയും, ജോസഫും മാറി സഞ്ചരിക്കാന്‍ വളരെ ശ്രമിക്കുന്നു)

ശ്രീകുമാര്‍ കരിയാട്, മാങ്ങാട് രത്നാകരന്‍, വി.ആര്‍. സന്തോഷ്, രൂപേഷ് പോള്‍ തുടങ്ങിയ കവികളില്‍
നിന്ന് ശരിയായ പുതു കവിത ഉയര്‍ന്ന് വരുന്നുണ്ട്

കവിതയിലെ വയസ്സറിയിക്കല്‍


കവിതയുടെ വയസ്സ് കവിതയുടേത് മാത്രമാണ് . കവിയുടേതല്ല. പുതുശില്‍പ്പത്തില്‍ പഴയത് തിരികെ വന്നാലും
ഫാന്‍സി ഡ്രസ്സിനു സമ്മാനം കിട്ടുമെന്നല്ലാതെ മറ്റ് കാര്യങ്ങളില്ല. കവിതയില്‍ എന്റെ യുവാക്കളുടെ
പേരെഴുതുമ്പോള്‍ നേരത്തെ പറഞ്ഞ കവികളുടെ
കൂട്ടത്തില്‍ എഴുതി ചേര്‍ക്കുന്ന പേരുകള്‍
(മുന്‍ ഗണനാക്രമത്തിലല്ല)

ടോണി, വി.ജി.തമ്പി, പുഴങ്കര, ടി.പി.രാജീവന്‍, വി.ആര്‍.സന്തോഷ്, കരിയാട്, കല്‍പ്പറ്റ, രൂപേഷ്, മേതില്‍, മാങ്ങാട്, ഡി.വിനയ ചന്ദ്രന് - പുതു കവിത പൂരവ്വ ഭാവുകത്വ ബന്ധമില്ലാത്ത പുതു തലമുറക്കാര്‍ക്ക് മാത്രം
ആഗതമാകുന്നതല്ല

കവികള്‍ പോയട്രി കഫേകളില്‍
കണ്ട് മുട്ടുമ്പോള്‍


പല കവികളേയും നേരില്‍ കണ്ടിട്ടില്ല.
മലയാളത്തിലെ തന്നെ കവികളെ പരിചയിച്ചത് നെറ്റിലൂടെയാണ്.
അമേരിക്കയില്‍ ജോലി ചെയ്യുന്ന ജയന്‍ കെ.സി, ദുബായിലെ
രാം മോഹന്‍ പാലിയത്ത് തുടങ്ങിയവരെ ഒക്കെ കണ്ടത് നെറ്റിലാണ്. രൂപേഷ് പോളിനോട് ആദ്യം സംസാരിക്കുന്നതും നെറ്റിലായിരുന്നു.

യഹൂവിന്റെ എത്ര പോയട്രീ കഫേകളില്‍ ദിവസേന
എത്രയോ കവിതാ വായനകള്‍ക്ക് കാഴ്ച്ചക്കാരനും
കേള്‍വിക്കരനുമായിരിക്കുന്നു. ആലോചിച്ച് നോക്കൂ
ഇംഗ്ലണ്ടിലും ലാറ്റിനമേരിക്കയിലും 24 വയസ്സുള്ള ഒരാളുടെ
കവിത അയാളില്‍ നിന്ന് തന്നെ അതേ സമയം നേരിട്ട് കേള്‍ക്കുന്നത്. ആശയ വിനിമയം നടത്തുന്നത്.
പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കാവ്യസ്വീകരണം നടത്തുന്ന
മേതിലും , ടി.പി. രാജീവനും , രാം മോഹനും, ജയന്‍ കെ.സിയും രൂപേഷ് പോളും എനിക്കു
പ്രിയപ്പെട്ടവരാണ്

വിവരസാങ്കേതിക വിദ്യയുടെ കടന്നു കയറ്റം (കയറ്റം)
മലയാള ആസ്വാദ്യ ശീലങ്ങളെ, പ്രത്യേകിച്ച് കവിതയെ ഗുണപരമായി തുണച്ചിട്ടുണ്ട്.

അറിയാത്തവരും, ഉപയോഗപ്പെടുത്താത്തവരും അതിനെ
പഴിക്കുമെങ്കിലും

അച്ചടി മാധ്യമം എനിക്ക് പുഴയാണ്. നെറ്റ് കടലും.
രണ്ടിനും അതിന്റേതായ ഗുണദോഷങ്ങള്‍ ഉണ്ടെങ്കിലും.
മാധ്യമങ്ങളും ചാനലുകളും നിര്‍മ്മിച്ചെടുക്കുന്ന കവികളും
എഴുത്തുകാരും കാവ്യലോകത്തില്‍ വലിയ ഇടം നേടുമെങ്കില്‍
ഓ.എന്‍.വിയും ,റോസ്മേരിയുമെല്ലാം കാവ്യലോകം ഭരിക്കുമായിരുന്നു

മലയാള കവിതയ്ക്ക് തൂറാന്‍ പേടി

മലയാള കവിതയ്ക്ക് തൂറാന്‍ പേടി, മൂത്രമൊഴിക്കാന്‍ പേടി,
ഭോഗിക്കാന്‍ പേടി, ഒന്നില്‍ കൂടുതല്‍ പ്രേമിക്കാന്‍ പേടി. ഇത്തരം പേടികളിലൂടെ കാര്‍ന്നോന്മാരുടെ ചൂരല്‍ വടികളുടെ മുന്നില്‍ ചൂളി നില്‍ക്കുന്ന കവിതകളെയും മലയാളത്തില്‍ കാണാം. ഈ കവിതകള്‍ക്ക് പ്രമുഖ ഇടങ്ങളില്‍
സ്ഥാനം ലഭിക്കുന്നുമുണ്ട്. ജൈവപരമായ അവസ്ഥകളെ കവിതയിലേക്കു കൊണ്ടു വരാനുള്ള വിമുഖതയാണ്‍ കാല്‍പ്പനികതയുടെ ജീര്‍ണ്ണതയുമായി നാണിച്ച് തല താഴ്ത്തി നില്‍ക്കുന്നത്

എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തെ ജീവിതമാക്കിത്തീര്‍ക്കുന്നത് കവിതയും കൂടി ചേര്‍ന്നാണ്‍. ക്രിക്കറ്റും, സിനിമയും, ടി.വിയും, ചെസ്സും, ക്യഷിയും, ചിത്രകലയും എല്ലാമുണ്ടെങ്കില്‍ കൂടിയും. മുന്‍ഗണന കവിതയ്ക്ക് തന്നെയാണ്‍. അതു കൊണ്ട് തന്നെ മുഴുവന്‍
മനുഷ്യാവസ്ഥകളെയും ചിത്രീകരിക്കുന്ന കവിതയ്ക്ക് വേണ്ടി
ആര്‍ത്തിയോടെ കാത്തിരിക്കുകയും ചെയ്യുന്നു. അവിടെ എല്ലാത്തരം വികാരങ്ങളും ഉണ്ടാകണം. ജൈവപരമായ എല്ലായിടങ്ങളും വേണം.

അത് വേണം, ഇതു വേണമെന്നെല്ലാം മലയാളകവിതയെ
നിര്‍ബദ്ധിക്കാന്‍ പറ്റുമോ ? ഇവിടെ കിട്ടിയില്ലെങ്കില്‍ മറ്റിടങ്ങളില്‍ പോകും. ചിലപ്പോള്‍ ഇറക്കുമതി ചെയ്യും. എന്നാലും ഉള്ളില്‍ ഒരാഗ്രഹം ഉണ്ട്. മലയാള കവിത
സ്വയം പര്യാപ്തമാകണം. നമുക്കുള്ള കവിതകള്‍ ഇവിടെ തന്നെ നിര്‍മ്മിക്കണം

ദേശത്തനിമ, ദ്രാവിഡത, കേരളീയത

ഇതില്‍ എനിക്ക് വിശ്വാസമില്ല. ദ്രാവിഡത എന്താണെന്ന് അറിയില്ല. മലയാളം തന്നെ വായിക്കുമെന്ന് നിര്ബന്ധമില്ല. എഴുതുമെന്നും. എവിടെയും പോകും. കാലം, ദേശം, ഭാഷ എന്നീ വിത്യാസങ്ങളെ നേരിടുന്ന ഒരു കവിത കിട്ടിയെങ്കിലെന്ന് എന്നും പ്രാത്ഥിക്കും. കേരള ദൈവങ്ങളോടും.

പുതുമൊഴി വഴികളും ഗൂഡസംഘങ്ങളും

പുതുകവികളുടെ ശക്തമായ പ്രവേശനത്തെ തടയാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ല.
ആറ്റൂര്‍ രവിവര്‍മ്മ എഡിറ്റ് ചെയ്ത പുതുമൊഴിവഴികള്‍ പോലെയുള്ള ചില സമാഹാരങ്ങള്‍ യഥാര്‍ത്ഥപുതുകവിതയെ ഒഴിവാക്കിയതു പോലുള്ള സംഭവങ്ങള്‍ അനേകമുണ്ട്. പക്ഷേ സമകാലീന കവിത, കവിതാസംഗമം തുടങ്ങിയ ഇടങ്ങള്‍ പുതു കവിതയെ വെളിച്ചം കാണിക്കും എന്ന് തന്നെ കരുതുന്നു.
1984ല്‍ കലികാല കവിത ഒരുക്കിയ ആറ്റൂര്‍ 1999ല്‍ പുതുമൊഴിവഴികള്‍ ഒരുക്കിയത് ഒരു പ്രതീകമാണ്. മലയാള കവിതയില്‍ പുതിയ തെരഞ്ഞെടുപ്പുകാര്‍ പോലും ഉണ്ടായില്ല എന്നു കാണിക്കാനുള്ള ഏതോ ഗൂഡസംഘങ്ങളുടെ വ്യഗ്രതയും.

ഇതു നിന്റെ മാത്രം കാലമാണ്
മരിച്ച് പോയവരുടെയും ജനിക്കാനിരിക്കുന്നവരുടേതുമല്ല


എന്ന് എപ്പോഴും പറയുന്നുണ്ട്. ഓര്‍മ്മയും പ്രതീക്ഷയുമുണ്ടാകണം. ഈ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുകയും വേണം.
ആകുലപ്പെടാനില്ല.

ഈ കാലത്തിന്റെ കവിത രൂപപ്പെടുന്നുണ്ട്.
രൂപപ്പെടുകയും ചെയ്യും.

അത് ഇന്നലത്തേതുമല്ല. നാളത്തേതുമല്ല

Monday, October 8, 2007

അതൊക്കെ ഒരു കാലം

അതൊക്കെ ഒരു കാലം

തിങ്കള്, ചൊവ്വ, ബുധന്, എന്നൊന്നും ആയിരുന്നില്ല, അന്ന്
കലാകൌമുദി, മാതൃഭൂമി , മാധ്യമം, മലയാളം...ആഴ്ച്ചപ്പതിപ്പുകള് ഇറങ്ങുന്ന ദിനങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളു. ആര്ത്തിയോടെ തുറക്കും
തന്റെ കവിത വന്നിട്ടുണ്ടോ ?
ഇല്ലെങ്കില് വേറെ ആരുടെ ?
മരിച്ചറിയിപ്പുമായി പോകുന്ന വഴിയിലായാലും കവിതയെല്ലാം കുടിച്ച് വറ്റിക്കും.

ആദ്യമായി എക്സ്സ്പ്രസ്സ് ദിനപത്രത്തില് കവിത അച്ചടിച്ച് വന്ന ദിവസം. ഹൊ ! ഒരു പെണ്കുട്ടി താന് മുതിര്ന്നവളായി എന്ന് തിരിച്ചറിയുന്ന ആ ദിവസം പോലെ. രക്തത്തിന്റെ ഫലം പുറത്ത് വന്ന്, താന് വേറൊരാളായിത്തീരന്ന ഏതൊരച്ഛന്റെയും ആ ദിവസം പോലെ ഉപമകള് പാകമാകാത്ത ഒരു ദിനം

എക്സ്സ്പ്രസ്സ് ദിനപത്രം കിടക്കുന്ന ശങ്കരന് നായരുടെ കടയില് നിന്ന് ചായ കുടിച്ചു. മുന്പില് എന്റെ കവിത എന്റെ കവിത എന്റെ കവിത.

ലോകമേ കാണുന്നുണ്ടോ എന്റെ കവിത

ആ പേപ്പര് നോക്കുന്നവരുടെ കണ്ണുകള് തന്റെ വരികളിലേക്ക് പോകുന്നുണ്ടോ എന്ന് ഒളിഞ്ഞ് നിന്ന് നോക്കി.
അയാളുടെ കയ്യിലെ ചായ തട്ടിമറിഞ്ഞ് ആ അക്ഷരങ്ങള് കലരുമോ എന്ന് പേടിപ്പെട്ടു


ആദ്യമായതുകൊണ്ടായിരിക്കും എന്ന് കരുതി. പക്ഷേ ഓരോ തവണയും പുതിയ കവിത അച്ചടിച്ച് വരുമ്പോള് ആ ദിനം ആവര്ത്തിക്കപ്പെട്ടു. എറണാകുളം പബ്ലിക്ക് ലൈബ്രറി, മാള സ്റ്റാന്ഡിലെ പുസ്തകക്കട, പോസ്റ്റോഫീസില് നിന്നുള്ള സൈക്കിള് യാത്ര… സ്ഥലവും സന്ദര്ഭവും മാത്രം മാറി. ഓരോ തവണയും ഓരോരോ പുതിയ ആളായി

പ്രമുഖമെന്ന് എല്ലാവരും വിളിച്ച ഓരോ മാധ്യമങ്ങളും പലപ്പോഴും പല തവണ , പല രീതിയില് കവിതകളോട് വര്ണ്ണ - വര്ഗ്ഗ- ലിംഗ- വിവേചനം കാട്ടിയെങ്കിലും തിരിച്ചെനിക്കായില്ല.

വിജേഷ് എടക്കുന്നിയുടെ അയനം ഇന്‍ലന്റ് മാഗസിനും, കെ.സി.നാരായണന്റെ മാതൃഭൂമിയ്ക്കും( പിന്നീട് ഭാഷാപോഷിണി) കെ.ജി.എസിന്റെ സമകാലീന കവിതയ്ക്കും, ഏഷ്യാനെറ്റിന്റെ മഴവില്ലിനും ഒരേ ആദരവോടെ , ഒരേ ആവേശത്തോടെ കവിതകള് അയച്ചു.

ചിലതെല്ലാം വെളിച്ചപ്പെട്ടു.
കൂടുതലും ഇരുട്ടിലായി

ആരും ആവശ്യപ്പെട്ടിട്ടല്ല കവിതയുണ്ടായത് എന്നതിനാല്
അവയ്ക്കൊരിക്കലും അനാഥത്വവും ഒറ്റപ്പെടലും തോന്നിയിരിക്കില്ല. പലയിടങ്ങളില് പലരീതിയില് , പല ഭാവങ്ങളില്, പല വേഷത്തില് അവ തിരിച്ചറിയപ്പെട്ടു.

കൊടും വെയിലിലും കാലവര്ഷത്തിലും കൊടുംങ്കാറ്റിലുമെല്ലാം അവയ്ക്കു ചെറിയ ഇടങ്ങള് കിട്ടി. പിടിച്ച് നിന്നിടത്തെല്ലാം കാല് മുദ്രയുണ്ടാകുമെന്ന ആശ്വാസത്തില്, ധൈര്യത്തില് അത് തുടര്ന്ന് നടക്കുകയും
ചെയ്തു.

പി.ജി.നിക്സന്റെ കവിതാ സംഗമത്തിലും, മരിച്ച് പോയ വിജയന് പൊയില്ക്കാവിന്റെ മുഷിഞ്ഞ ബാഗിലും, ഫോണിന്റെ അങ്ങേത്തലയ്ക്കലെ ഒരു കാതിലുമെല്ലാമായി അതങ്ങനെ പതുക്കെ പതുക്കെ ഒഴുകി.

കമല് റാം സജീവിന്റെ മാധ്യമം ഒരിക്കല് അതിന് പൂമുഖത്ത് ഇടം നല്കി. ജമാല് കൊച്ചങ്ങാടിയുടെ വാരാദ്യമാധ്യമം ഒന്നില് കൂടുതല് തവണ വര്ണ്ണങ്ങളും നല്കി. പിന്നെയും മറന്ന് പോയ ഒട്ടേറെ ഇടങ്ങള്

ഇതിനിടെ ഒരു ചിക്കന് പോക്സ് മടുപ്പിനിടയില് വെളിച്ചം
കണ്ടതും, കാണാത്തതുമായ എല്ലാം തുന്നിക്കൂട്ടി കൂട്ടുകാര് തന്ന പൈസ കൊണ്ട് വലിയൊരു മുറിവുണ്ടാക്കി. ഖനി പുറത്തിറക്കിയ ഉറക്കം - ഒരു കന്യാസ്ത്രീ ആദ്യകവിതാ സമാഹാരം.

എറണാകുളത്ത്, കവിതയുടെ ബാധ ഈ നസ്രാണിച്ചെക്കനിലേക്ക് പകര്ന്ന ചുള്ളിക്കാട് അത് പ്രകാശനം ചെയ്തു.

പിന്നീടായിരുന്നു
സ്കൂളിനെക്കുറിച്ചൊരു ചെറുകാവ്യം. ആദ്യാക്ഷരം പഠിപ്പിച്ച ആശാത്തിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്നായിരുന്നു . നടന്നില്ല. അതിനും മുന്പ് കടല് കടന്നു

പിന്നെ കവിത മിണ്ടാതായി. കണ്ടാല് ഞാനും.
അറിയുമോയെന്നു ചോദിച്ചാല് അറിയുമെന്ന ഒഴുക്കന് മട്ടില്.

ഉയിരുള്ള നാള് വരെ കൂടെയുണ്ടാകുമെന്ന് സത്യം ചൊല്ലിയ
കൂട്ടുകാരിയെ മറ്റേതോ കാലത്തില് ഒരു ബസ് സ്റ്റോപ്പില് കൈക്കുഞ്ഞുമായി കണ്ട് മുട്ടുന്ന പോലെ.
എഴുതി തീര്ക്കാനാവാത്ത കണ്ട് മുട്ടലുകള്

അകപ്പെട്ടതു ജയിലിലായാലും കുറെക്കഴിഞ്ഞ് അതിലെ
തടവുകാര് ചെടികള്ക്ക് സ്നേഹത്തോടെ വെള്ളമൊഴിക്കും പോലെ ചില വീണ്ടെടുക്കലുകള്

സമരസപ്പെട്ട ജീവിതത്തിനിടയ്ക്ക് വെളിപാടുകള്, ഭ്രാന്ത്, ഇടിമുഴക്കം, കാരുണ്യം, സങ്കടം, സ്വാന്ത്വനം , ഉമ്മകള്

നനഞ്ഞ് വിറച്ച് കടല് കടന്ന് എന്റെ പൂച്ചകുട്ടികള് പിന്നെയും . അപ്പോള് ഒരു ശ്രമം. വിവര്ത്തനത്തിനു.
തെങ്ങുകളെ ഈന്തപ്പനകളില് കണ്ടെത്തിയതു പോലെ
ഒരു പുസ്തകം - വിവര്ത്തനത്തിന് ഒരു വിഫലശ്രമം

അപ്പോഴേക്കും പോസ്റ്റ് ഓഫീസുകള് ചരിത്രസ്മാരകങ്ങളായി മാറി. അതിലൂടെ നടക്കുമ്പോള് മാളയിലെ ജൂതപ്പള്ളിക്ക് അടുത്ത് കൂടെ നടക്കും പോലെ തോന്നി. ആര്ക്കും കവിതകള് പോസ്റ്റ് വഴി അയക്കതെയായി. അച്ചടിച്ച കേരളം എന്റെ കവിതകളെ മറ്ന്നു.


എന്നാലും ഇ മെയില് വഴി കുറച്ച് പരിശ്രമങ്ങള്.

ഇല്ല.
ഇന് ബോക്സ് തുറക്കുമ്പോള് പോസ്റ്റ്മാന് പടിക്കല് നിറുത്താതെ പോകുമ്പോള് ഉള്ള നിരാശ.

എന്നിരുന്നാലും എത്ര കാലം അവ ഇരുട്ടത്തിരിക്കും. ഒറ്റയ്ക്ക് ബാറില് പോയി അപരിചിതരുമായി കൂട്ടുകൂടും. ഒരു കാതില് മാത്രമായി പടരും. പരിചിത വലയങ്ങളില് കറങ്ങും.

എന്നാല് ഇ മെയില് വഴി എത്താവുന്നിടത്തൊക്കെ അത് സ്വീകരിക്കപ്പെട്ടു. പുഴയില്, വെബ് ലോകത്തില്, ഹരിതകത്തില്, മൂന്നാമിടത്തില്, യാഹൂ മലയാളത്തില്, ചിന്തയില്, ജ്യോതിസ്സില് … ഒടുവില് ബ്ലോഗിലും

അതെനിക്ക് പഴയ പോസ്റ്റാഫീസും, ശങ്കരന് നായരുടെ ചായക്കടയും, എറണാകുളം പബ്ലിക്ക് ലൈബ്രറിയും തിരികെ തന്നു. ഈ പറഞ്ഞിടത്തൊന്നും ജാതി, മതം വര്ണ്ണം, ലോബി, ലിംഗഭേദം എന്നിവ ഉണ്ടായിരുന്നില്ല. മനുഷ്യത്വപരമായ ജനാധിപത്വം.

മുന്പ് ഒരു നട്ടുച്ചയ്ക്ക് ചില്ലറ സ്വരുക്കൂട്ടി വിശന്ന വയറോടെ വാരിക വാങ്ങുമ്പോള് ഊര്മ്മിള ഉണ്ണിയുടെയും മറ്റും ഫോട്ടോ കവിതയുടെ ലേബലില് കണ്ട് ഛര്ദ്ദിക്കാന് വന്നിട്ടുണ്ട്.

പാര്ട്ടി മുദ്രാവാക്യങ്ങള്, ദേവീ-ദേവസ്തുതി, ഫോട്ടോസ്റ്റാറ്റ് മുറിവുകള് എന്നിവ വായിക്കാന് ഇനിയും കാശ് ചിലവാക്കില്ല എന്ന് പല തവണ സത്യം ചെയ്തിട്ടുണ്ടു.
ഇനിയത് നടപ്പാക്കാം

ഇ-ബാങ്കിംഗിന്റെ കാലത്ത് , സര്ഗ്ഗ സ്യഷ്ടി മാത്രം മലയാളത്തില് ഇ മെയില് വഴി സ്വീകരിക്കപ്പെടുന്നില്ല. എത്ര വാരികകള് രചനകള് അയക്കേണ്ട വിലാസത്തില് ഇ മെയില് വയ്ക്കുന്നു ?

അത് കൊണ്ട് അങ്ങനെ ഒരു കാലം വരും വരെ, അല്ലെങ്കില് പത്രാധിപര് ആവശ്യപ്പെടാതെ പ്രിന്റ് മീഡിയക്ക് ഒന്നും അയക്കില്ല എന്ന് തീരുമാനിക്കുകയാണ്

അഹങ്കാരമായി ധരിക്കപ്പെടും എന്നുറപ്പാണ്.
ഇടയ്ക്ക് കാണുമ്പോള് പഴയ കൂട്ടുകാര്ക്ക് ചോദിക്കാനുള്ളത് കവിതയൊന്നും ഇല്ലേ എന്നാണ്. ഉണ്ട്. കുറെ മുറിവുകള്. ഈ ലോകത്ത്. ഇപ്പോള് വിവേചങ്ങള് അനുഭവപ്പെടാത്ത ബൂലോകത്ത്. വായിക്കുന്നവര്ക്ക് ആകാം. ഇയാള് എവിടെ പോയി എന്ന് ചോദിക്കുന്നവരോട് നിങ്ങള്ക്കും പറയാം.

ഇനിയിപ്പോള് കവിതയുടെ പേരില് കൂട്ട് നശിക്കില്ല.
ആരുടെയും മുന്നില് അതിന്റെ പേരില് ഓച്ചാനിച്ച് നില്ക്കേണ്ടതില്ല.
(കവിത അച്ചടിച്ച് വന്നാലും വരുമല്ലോ ആരോപണം, ഓ ഗള്ഫുകാരന്. പത്രാധിപര്ക്ക് ഫോറിന് പേന, ഹ ഹ ആരോപണത്തില്‍ പേടി ഇല്ല കേട്ടോ, എത്ര കാലമായി നല്ല ഒരു ആരോപണം കേട്ടിട്ട് )

ഇനി ഓണ്‍ലൈനില്‍ കാണുമ്പോള് പത്രാധിപ/ സഹ പത്രാധിപ സുഹുറ്ത്തുക്കള്‍ മിണ്ടാതിരിക്കേണ്ടതില്ല.
എന്റെ കവിത അവരുടെ ആരുടെയും ബാധ്യതയല്ല

- സാധ്യത മാത്രമാണ്
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved