Monday, October 8, 2007

അതൊക്കെ ഒരു കാലം

അതൊക്കെ ഒരു കാലം

തിങ്കള്, ചൊവ്വ, ബുധന്, എന്നൊന്നും ആയിരുന്നില്ല, അന്ന്
കലാകൌമുദി, മാതൃഭൂമി , മാധ്യമം, മലയാളം...ആഴ്ച്ചപ്പതിപ്പുകള് ഇറങ്ങുന്ന ദിനങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളു. ആര്ത്തിയോടെ തുറക്കും
തന്റെ കവിത വന്നിട്ടുണ്ടോ ?
ഇല്ലെങ്കില് വേറെ ആരുടെ ?
മരിച്ചറിയിപ്പുമായി പോകുന്ന വഴിയിലായാലും കവിതയെല്ലാം കുടിച്ച് വറ്റിക്കും.

ആദ്യമായി എക്സ്സ്പ്രസ്സ് ദിനപത്രത്തില് കവിത അച്ചടിച്ച് വന്ന ദിവസം. ഹൊ ! ഒരു പെണ്കുട്ടി താന് മുതിര്ന്നവളായി എന്ന് തിരിച്ചറിയുന്ന ആ ദിവസം പോലെ. രക്തത്തിന്റെ ഫലം പുറത്ത് വന്ന്, താന് വേറൊരാളായിത്തീരന്ന ഏതൊരച്ഛന്റെയും ആ ദിവസം പോലെ ഉപമകള് പാകമാകാത്ത ഒരു ദിനം

എക്സ്സ്പ്രസ്സ് ദിനപത്രം കിടക്കുന്ന ശങ്കരന് നായരുടെ കടയില് നിന്ന് ചായ കുടിച്ചു. മുന്പില് എന്റെ കവിത എന്റെ കവിത എന്റെ കവിത.

ലോകമേ കാണുന്നുണ്ടോ എന്റെ കവിത

ആ പേപ്പര് നോക്കുന്നവരുടെ കണ്ണുകള് തന്റെ വരികളിലേക്ക് പോകുന്നുണ്ടോ എന്ന് ഒളിഞ്ഞ് നിന്ന് നോക്കി.
അയാളുടെ കയ്യിലെ ചായ തട്ടിമറിഞ്ഞ് ആ അക്ഷരങ്ങള് കലരുമോ എന്ന് പേടിപ്പെട്ടു


ആദ്യമായതുകൊണ്ടായിരിക്കും എന്ന് കരുതി. പക്ഷേ ഓരോ തവണയും പുതിയ കവിത അച്ചടിച്ച് വരുമ്പോള് ആ ദിനം ആവര്ത്തിക്കപ്പെട്ടു. എറണാകുളം പബ്ലിക്ക് ലൈബ്രറി, മാള സ്റ്റാന്ഡിലെ പുസ്തകക്കട, പോസ്റ്റോഫീസില് നിന്നുള്ള സൈക്കിള് യാത്ര… സ്ഥലവും സന്ദര്ഭവും മാത്രം മാറി. ഓരോ തവണയും ഓരോരോ പുതിയ ആളായി

പ്രമുഖമെന്ന് എല്ലാവരും വിളിച്ച ഓരോ മാധ്യമങ്ങളും പലപ്പോഴും പല തവണ , പല രീതിയില് കവിതകളോട് വര്ണ്ണ - വര്ഗ്ഗ- ലിംഗ- വിവേചനം കാട്ടിയെങ്കിലും തിരിച്ചെനിക്കായില്ല.

വിജേഷ് എടക്കുന്നിയുടെ അയനം ഇന്‍ലന്റ് മാഗസിനും, കെ.സി.നാരായണന്റെ മാതൃഭൂമിയ്ക്കും( പിന്നീട് ഭാഷാപോഷിണി) കെ.ജി.എസിന്റെ സമകാലീന കവിതയ്ക്കും, ഏഷ്യാനെറ്റിന്റെ മഴവില്ലിനും ഒരേ ആദരവോടെ , ഒരേ ആവേശത്തോടെ കവിതകള് അയച്ചു.

ചിലതെല്ലാം വെളിച്ചപ്പെട്ടു.
കൂടുതലും ഇരുട്ടിലായി

ആരും ആവശ്യപ്പെട്ടിട്ടല്ല കവിതയുണ്ടായത് എന്നതിനാല്
അവയ്ക്കൊരിക്കലും അനാഥത്വവും ഒറ്റപ്പെടലും തോന്നിയിരിക്കില്ല. പലയിടങ്ങളില് പലരീതിയില് , പല ഭാവങ്ങളില്, പല വേഷത്തില് അവ തിരിച്ചറിയപ്പെട്ടു.

കൊടും വെയിലിലും കാലവര്ഷത്തിലും കൊടുംങ്കാറ്റിലുമെല്ലാം അവയ്ക്കു ചെറിയ ഇടങ്ങള് കിട്ടി. പിടിച്ച് നിന്നിടത്തെല്ലാം കാല് മുദ്രയുണ്ടാകുമെന്ന ആശ്വാസത്തില്, ധൈര്യത്തില് അത് തുടര്ന്ന് നടക്കുകയും
ചെയ്തു.

പി.ജി.നിക്സന്റെ കവിതാ സംഗമത്തിലും, മരിച്ച് പോയ വിജയന് പൊയില്ക്കാവിന്റെ മുഷിഞ്ഞ ബാഗിലും, ഫോണിന്റെ അങ്ങേത്തലയ്ക്കലെ ഒരു കാതിലുമെല്ലാമായി അതങ്ങനെ പതുക്കെ പതുക്കെ ഒഴുകി.

കമല് റാം സജീവിന്റെ മാധ്യമം ഒരിക്കല് അതിന് പൂമുഖത്ത് ഇടം നല്കി. ജമാല് കൊച്ചങ്ങാടിയുടെ വാരാദ്യമാധ്യമം ഒന്നില് കൂടുതല് തവണ വര്ണ്ണങ്ങളും നല്കി. പിന്നെയും മറന്ന് പോയ ഒട്ടേറെ ഇടങ്ങള്

ഇതിനിടെ ഒരു ചിക്കന് പോക്സ് മടുപ്പിനിടയില് വെളിച്ചം
കണ്ടതും, കാണാത്തതുമായ എല്ലാം തുന്നിക്കൂട്ടി കൂട്ടുകാര് തന്ന പൈസ കൊണ്ട് വലിയൊരു മുറിവുണ്ടാക്കി. ഖനി പുറത്തിറക്കിയ ഉറക്കം - ഒരു കന്യാസ്ത്രീ ആദ്യകവിതാ സമാഹാരം.

എറണാകുളത്ത്, കവിതയുടെ ബാധ ഈ നസ്രാണിച്ചെക്കനിലേക്ക് പകര്ന്ന ചുള്ളിക്കാട് അത് പ്രകാശനം ചെയ്തു.

പിന്നീടായിരുന്നു
സ്കൂളിനെക്കുറിച്ചൊരു ചെറുകാവ്യം. ആദ്യാക്ഷരം പഠിപ്പിച്ച ആശാത്തിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്നായിരുന്നു . നടന്നില്ല. അതിനും മുന്പ് കടല് കടന്നു

പിന്നെ കവിത മിണ്ടാതായി. കണ്ടാല് ഞാനും.
അറിയുമോയെന്നു ചോദിച്ചാല് അറിയുമെന്ന ഒഴുക്കന് മട്ടില്.

ഉയിരുള്ള നാള് വരെ കൂടെയുണ്ടാകുമെന്ന് സത്യം ചൊല്ലിയ
കൂട്ടുകാരിയെ മറ്റേതോ കാലത്തില് ഒരു ബസ് സ്റ്റോപ്പില് കൈക്കുഞ്ഞുമായി കണ്ട് മുട്ടുന്ന പോലെ.
എഴുതി തീര്ക്കാനാവാത്ത കണ്ട് മുട്ടലുകള്

അകപ്പെട്ടതു ജയിലിലായാലും കുറെക്കഴിഞ്ഞ് അതിലെ
തടവുകാര് ചെടികള്ക്ക് സ്നേഹത്തോടെ വെള്ളമൊഴിക്കും പോലെ ചില വീണ്ടെടുക്കലുകള്

സമരസപ്പെട്ട ജീവിതത്തിനിടയ്ക്ക് വെളിപാടുകള്, ഭ്രാന്ത്, ഇടിമുഴക്കം, കാരുണ്യം, സങ്കടം, സ്വാന്ത്വനം , ഉമ്മകള്

നനഞ്ഞ് വിറച്ച് കടല് കടന്ന് എന്റെ പൂച്ചകുട്ടികള് പിന്നെയും . അപ്പോള് ഒരു ശ്രമം. വിവര്ത്തനത്തിനു.
തെങ്ങുകളെ ഈന്തപ്പനകളില് കണ്ടെത്തിയതു പോലെ
ഒരു പുസ്തകം - വിവര്ത്തനത്തിന് ഒരു വിഫലശ്രമം

അപ്പോഴേക്കും പോസ്റ്റ് ഓഫീസുകള് ചരിത്രസ്മാരകങ്ങളായി മാറി. അതിലൂടെ നടക്കുമ്പോള് മാളയിലെ ജൂതപ്പള്ളിക്ക് അടുത്ത് കൂടെ നടക്കും പോലെ തോന്നി. ആര്ക്കും കവിതകള് പോസ്റ്റ് വഴി അയക്കതെയായി. അച്ചടിച്ച കേരളം എന്റെ കവിതകളെ മറ്ന്നു.


എന്നാലും ഇ മെയില് വഴി കുറച്ച് പരിശ്രമങ്ങള്.

ഇല്ല.
ഇന് ബോക്സ് തുറക്കുമ്പോള് പോസ്റ്റ്മാന് പടിക്കല് നിറുത്താതെ പോകുമ്പോള് ഉള്ള നിരാശ.

എന്നിരുന്നാലും എത്ര കാലം അവ ഇരുട്ടത്തിരിക്കും. ഒറ്റയ്ക്ക് ബാറില് പോയി അപരിചിതരുമായി കൂട്ടുകൂടും. ഒരു കാതില് മാത്രമായി പടരും. പരിചിത വലയങ്ങളില് കറങ്ങും.

എന്നാല് ഇ മെയില് വഴി എത്താവുന്നിടത്തൊക്കെ അത് സ്വീകരിക്കപ്പെട്ടു. പുഴയില്, വെബ് ലോകത്തില്, ഹരിതകത്തില്, മൂന്നാമിടത്തില്, യാഹൂ മലയാളത്തില്, ചിന്തയില്, ജ്യോതിസ്സില് … ഒടുവില് ബ്ലോഗിലും

അതെനിക്ക് പഴയ പോസ്റ്റാഫീസും, ശങ്കരന് നായരുടെ ചായക്കടയും, എറണാകുളം പബ്ലിക്ക് ലൈബ്രറിയും തിരികെ തന്നു. ഈ പറഞ്ഞിടത്തൊന്നും ജാതി, മതം വര്ണ്ണം, ലോബി, ലിംഗഭേദം എന്നിവ ഉണ്ടായിരുന്നില്ല. മനുഷ്യത്വപരമായ ജനാധിപത്വം.

മുന്പ് ഒരു നട്ടുച്ചയ്ക്ക് ചില്ലറ സ്വരുക്കൂട്ടി വിശന്ന വയറോടെ വാരിക വാങ്ങുമ്പോള് ഊര്മ്മിള ഉണ്ണിയുടെയും മറ്റും ഫോട്ടോ കവിതയുടെ ലേബലില് കണ്ട് ഛര്ദ്ദിക്കാന് വന്നിട്ടുണ്ട്.

പാര്ട്ടി മുദ്രാവാക്യങ്ങള്, ദേവീ-ദേവസ്തുതി, ഫോട്ടോസ്റ്റാറ്റ് മുറിവുകള് എന്നിവ വായിക്കാന് ഇനിയും കാശ് ചിലവാക്കില്ല എന്ന് പല തവണ സത്യം ചെയ്തിട്ടുണ്ടു.
ഇനിയത് നടപ്പാക്കാം

ഇ-ബാങ്കിംഗിന്റെ കാലത്ത് , സര്ഗ്ഗ സ്യഷ്ടി മാത്രം മലയാളത്തില് ഇ മെയില് വഴി സ്വീകരിക്കപ്പെടുന്നില്ല. എത്ര വാരികകള് രചനകള് അയക്കേണ്ട വിലാസത്തില് ഇ മെയില് വയ്ക്കുന്നു ?

അത് കൊണ്ട് അങ്ങനെ ഒരു കാലം വരും വരെ, അല്ലെങ്കില് പത്രാധിപര് ആവശ്യപ്പെടാതെ പ്രിന്റ് മീഡിയക്ക് ഒന്നും അയക്കില്ല എന്ന് തീരുമാനിക്കുകയാണ്

അഹങ്കാരമായി ധരിക്കപ്പെടും എന്നുറപ്പാണ്.
ഇടയ്ക്ക് കാണുമ്പോള് പഴയ കൂട്ടുകാര്ക്ക് ചോദിക്കാനുള്ളത് കവിതയൊന്നും ഇല്ലേ എന്നാണ്. ഉണ്ട്. കുറെ മുറിവുകള്. ഈ ലോകത്ത്. ഇപ്പോള് വിവേചങ്ങള് അനുഭവപ്പെടാത്ത ബൂലോകത്ത്. വായിക്കുന്നവര്ക്ക് ആകാം. ഇയാള് എവിടെ പോയി എന്ന് ചോദിക്കുന്നവരോട് നിങ്ങള്ക്കും പറയാം.

ഇനിയിപ്പോള് കവിതയുടെ പേരില് കൂട്ട് നശിക്കില്ല.
ആരുടെയും മുന്നില് അതിന്റെ പേരില് ഓച്ചാനിച്ച് നില്ക്കേണ്ടതില്ല.
(കവിത അച്ചടിച്ച് വന്നാലും വരുമല്ലോ ആരോപണം, ഓ ഗള്ഫുകാരന്. പത്രാധിപര്ക്ക് ഫോറിന് പേന, ഹ ഹ ആരോപണത്തില്‍ പേടി ഇല്ല കേട്ടോ, എത്ര കാലമായി നല്ല ഒരു ആരോപണം കേട്ടിട്ട് )

ഇനി ഓണ്‍ലൈനില്‍ കാണുമ്പോള് പത്രാധിപ/ സഹ പത്രാധിപ സുഹുറ്ത്തുക്കള്‍ മിണ്ടാതിരിക്കേണ്ടതില്ല.
എന്റെ കവിത അവരുടെ ആരുടെയും ബാധ്യതയല്ല

- സാധ്യത മാത്രമാണ്

36 comments:

കുഞ്ഞന്‍ said...

അല്പ സമയത്തിനകം കേള്‍ക്കാം കുഴൂര്‍ വിത്സന്റെ അതി മനോഹരമായ മുഴങ്ങുന്ന വാര്‍ത്താ പാരായണം

Kuzhur Wilson said...

മുന്പ് ഒരു നട്ടുച്ചയ്ക്ക് ചില്ലറ സ്വരുക്കൂട്ടി വിശന്ന വയറോടെ വാരിക വാങ്ങുമ്പോള് ഊര്മ്മിള ഉണ്ണിയുടെയും മറ്റും ഫോട്ടോ കവിതയുടെ ലേബലില് കണ്ട് ഛര്ദ്ദിക്കാന് വന്നിട്ടുണ്ട്.

പാര്ട്ടി മുദ്രാവാക്യങ്ങള്, ദേവീ-ദേവസ്തുതി, ഫോട്ടോസ്റ്റാറ്റ് മുറിവുകള് എന്നിവ വായിക്കാന് ഇനിയും കാശ് ചിലവാക്കില്ല എന്ന് പല തവണ സത്യം ചെയ്തിട്ടുണ്ടു.
ഇനിയത് നടപ്പാക്കാം

പ്രയാസി said...

എന്നാല് ഇ മെയില് വഴി എത്താവുന്നിടത്തൊക്കെ അത് സ്വീകരിക്കപ്പെട്ടു. പുഴയില്, വെബ് ലോകത്തില്, ഹരിതകത്തില്, മൂന്നാമിടത്തില്, യാഹൂ മലയാളത്തില്, ചിന്തയില്, ജ്യോതിസ്സില് … ഒടുവില് ബ്ലോഗിലും

വിത്സന്‍ ഭായ് ഇതില്പരം ഒരംഗീകാരം താങ്കള്‍ക്കു കിട്ടാനുണ്ടൊ!?
പ്രതിഭ എന്നും അംഗീകരിക്കപ്പെടും..

വാളൂരാന്‍ said...

അറിയൂ വിത്സാ... താങ്കള്‍ കൂടിയുള്ള ഈ ബൂലോകത്താണ് എനിക്കും ഒരു ബ്ലോഗുള്ളത് എന്നത് ഒരഹങ്കാരമായി ഞാന്‍ കൊണ്ടുനടക്കാറുണ്ട്... താങ്കളെ ഇവിടെ കൂടുതല്‍ വായിക്കാന്‍ കിട്ടുന്നത് കൂടുതല്‍ സന്തോഷം....

...പാപ്പരാസി... said...

നന്നായി ഈ തീരുമാനം.....

ഡാലി said...

തമസ്കരിക്കപ്പെട്ടവന്റെ വാങ്മയം എന്ന ബ്ലോഗ് തലവാചകം വിഷ്ണുമാഷിന്റേതാണ്, അതൊക്കെ ഒരു കാലം എന്ന് ആനന്ദത്തോടെ എഴുതീയത് പരാജിതനും. ആത്മവിശ്വാസമുള്ള തീരുമാനങ്ങള്‍ക്ക് കാരണമാവാന്‍ കഴിയുന്ന ഈ മാധ്യമം ആത്മവിര്യമുള്ള എഴുത്തുകള്‍ക്ക് ഇടമാവട്ടെ.

വിശാഖ് ശങ്കര്‍ said...

നിങ്ങളെ,അനിലനെ,വിഷ്ണുവിനെ,ലാപുടയെ,പ്രമോദിനെ,അബ്ദുവിനെ,രാജീവിനെ(അരൂപിയെ മാത്രം പണ്ടേ അറിയാം)ഒക്കെ തന്നത് ഈ ലോകമാണ്.ഇപ്പൊ എനിക്ക് നിങ്ങളെ അറിയാം.നിങ്ങള്‍ക്ക് എന്നെ അറിയാം.നമ്മള്‍ തീര്‍ക്കുന്ന ഈ തണല്‍ നമ്മുടേതാണ്.അച്ചടി മാധ്യമങ്ങളുടെ അന്തമില്ലാത്ത ഔപചാരികതകള്‍ക്കപ്പുറം
ഇത്തരം ഒരു ഇടം നമുക്ക് കാത്തു വയ്ക്കാം.

കുഴൂരേ..ന്‍ഭ്ര..

ദേവന്‍ said...

വിത്സാ,
ഒരു വെണ്ണക്കല്‍ കുടീരം തീര്‍ക്കാന്‍ ചക്രവര്‍ത്തിയാകേണ്ടാത്ത, ഒരു മഹാസാമ്രാജ്യം തീര്‍ക്കാന്‍ നാവികസേനയുണ്ടാക്കേണ്ടാത്ത ലോകത്തിലേക്ക് നാളെ എല്ലാവരും വരും. നമ്മളൊരു ദിവസം നേരത്തേ എത്തിയെന്നേയുള്ളു.

"അച്ചടി മാദ്ധ്യമത്തില്‍ വരാന്‍ മാത്രം പ്രാപ്തിയില്ലാത്തവ പ്രസിദ്ധീകരിക്കാനുള്ള ഇടം, കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങളും സമയത്തിനു വിലയുള്ള പുരുഷന്മാരും സന്ദര്‍ശിക്കാത്ത സ്ഥലം" എന്നായിരുന്നു
രണ്ടു വര്‍ഷം മുന്നേ ഇന്ത്യാ റ്റുഡേ ബൂലോഗത്തെ വിലയിരുത്തിയത്. കഴിഞ്ഞയാഴ്ച്ച നൂറ്റാണ്ട് പഴക്കമുള്ള അച്ചടിമുത്തശ്ശി ബ്ലോഗര്‍ ഉമേഷ് നായരോടും പരാജിതനോടും എന്തെങ്കിലും പിച്ച തരാന്‍ ശുപാര്‍ശ ചെയ്യാന്‍ ഇന്നുവരെ ഒരു വരിയും അച്ചടിച്ചിട്ടില്ലാത്ത, ആരുമല്ലാത്ത, എന്റെ മുറ്റത്ത് വന്ന് വയറ്റത്തടിച്ച് തെണ്ടിയിട്ട് പോയി.

എവിടെയോ വരെ ഇനിയും പോകണം. "പനമ്പൊളി കൊണ്ട് പായ നെയ്യുന്ന ഒരു മുത്തശ്ശിയുണ്ട് അയലത്ത്. എഴുപത് വയസ്സായ, ഒന്നും പഠിച്ചിട്ടില്ലാത്ത, ഒന്നും കയ്യിലില്ലാത്ത അവര്‍ക്ക് പറയാനുള്ളതുകൂടി ബ്ലോഗിലെത്തുമ്പോള്‍ ബൂലോഗവി‌പ്ലവം പൂര്‍ണ്ണമാവും" എന്ന് വിശ്വം മാഷ്.

ഞാന്‍ ഇരിങ്ങല്‍ said...

നേരില്‍ ഒരു സുഹൃത്ത് ആയില്ലെങ്കിലും ‘ഈ’ സൌഹൃദം എന്നെ താങ്കളിലേക്ക് പടര്‍ന്നു കയറാന്‍ പഠിപ്പിച്ചത് നിങ്ങളുടെ കവിത തന്നെയാണ്.

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്കിടയിലും കവിത കണ്ടെത്തനുള്ള താങ്കളുടെ മനസ്സിനെ ആദരപൂര്‍വ്വം നമിക്കുന്നു
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

viswaprabha വിശ്വപ്രഭ said...

മാഞ്ഞും തെളിഞ്ഞും ആടിയും ഉലഞ്ഞും വിരിഞ്ഞൊടുങ്ങുന്ന പലനിറമുള്ള കിനാവുകളിലൂടെ നമുക്കു കൈകോര്‍ത്തുനടക്കാം....

കീലിട്ടു നിരപ്പാക്കി,
ഇഷ്ടികയിട്ടു വശം കെട്ടി,
നീളെനീളെ വരഞ്ഞിട്ട കുമ്മായപ്പാടുകളില്ലാതെ,
പച്ചയും ചുവപ്പും ദീപങ്ങളാല്‍ വഴി തേടാതെ തടയാതെ,
ചൂണ്ടുപലകകളോട് തര്‍ക്കിച്ചുതോല്‍ക്കാതെ,
നമുക്കീ കളിയുള്ള മണ്ണിലൂടെ കൊച്ചടികള്‍ വെച്ച് നടക്കാം..

ഒരുക്കമില്ലാതെ, വെട്ടിയൊതുക്കമില്ലാതെ,
പുളിയുള്ള വെള്ളവും എരിവുള്ള വളവും പൂണ്ട് ഉടല്‍ കരിയ്ക്കാതെ,
മഴക്കാടുകളായി നമുക്ക് പടരാം.

വിത്സാ, വിഷ്ണൂ, പരാജിതാ, വിശാഖ്, ലാപുടാ, പ്രമോദ്, അനിലാ,

അവര്‍ക്കുമപ്പുറത്ത്, എഴുത്തിന്റെ പുതുമഴയത്ത് ആര്‍ത്തിരമ്പുന്ന എന്റെയൊക്കെയും കറുകപ്പടര്‍പ്പുകളേ,

ഇതൊക്കെയും ഒരു പുതിയ കാലം.

പൊരുന്നയിരുന്ന പാടുകള്‍ക്കിപ്പുറം നമുക്കിനി ഈ പുതിയ കാലത്തിലേക്കു വിരിഞ്ഞിറങ്ങാം.

മുന്‍പേ നടന്നോളൂ...

കൊടികളും കുരുത്തോലക്കോര്‍ത്തുകളും കൊണ്ട് നിങ്ങള്‍ക്കു പിന്നാലെത്തന്നെ ഒരു ജാഥ വരുന്നുണ്ട്‌!

Cartoonist said...

വത്സാ വിത്സേ,
നമ്മളേതാണ്ടൊരേയിടമായതുകൊണ്ടായിരിയ്ക്കാം
പോയ വഴികളൊക്കെ നല്ല പരിചയം !

എന്റെ ബ്ലോഗ് ഒന്നിനുമല്ലെങ്കില്‍
എനിയ്ക്കു നന്നാവാന്‍ നല്ലതാണെന്ന
തോന്നലാണെനിയ്ക്ക്.

വില്ലാദി വില്ലരു പത്രാധിപരുമാര്‍
ഒരുനാള്‍ ഇവിടെ തറ്റുകിടക്കും.
ഞാനാ പറയണെ ! (അലറുന്നു, പിന്നെയെന്ത് ചെയ്യാനാ, മറയുന്നു)

Pramod.KM said...

കൂട്ടത്തില്‍ ചേര്‍ക്കട്ടെ,എന്റെയും ചില ഓര്‍മ്മകള്‍.1999ഇല്‍ ബി.എസ്.സി ഒന്നാംവര്‍ഷം പഠിക്കുമ്പോള്‍ മുതല്‍ കവിതകള്‍ അയച്ചുകൊടുക്കാറുണ്ടായിരുന്നു മാദ്ധ്യമങ്ങള്‍ക്ക്.ഒന്നുംവരാറില്ല,മാത്രമല്ല അതിലൊന്നും പരാതിയുമില്ലായിരുന്നു.നിലവാരം കുറഞ്ഞുപോയതിനാലായിരിക്കും എന്ന് വിചാരിക്കാമല്ലൊ!.ദേശാഭിമാനിയോടായിരുന്നു അന്നേ ആഭിമുഖ്യം.പക്ഷെ എനിക്ക് ദേഷ്യം തോന്നിയത്,മറ്റൊരു സംഭവത്തിനു ശേഷമാണ്.2002ലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന് ‘യാത്ര’ എന്നായിരുന്നു കവിതയെഴുതേണ്ട വിഷയം.ഞാന്‍ മുന്നേ എഴുതിയ,ദേശാഭിമാനി വാരിക പലകുറി തിരിച്ചയച്ച, ‘അടിമ പറഞ്ഞത്’,‘കമ്പോളം’,‘പ്രാര്‍ത്ഥന’ തുടങ്ങിയ ഒട്ടേറെ കവിതകള്‍ ഫ്യൂസ് ചെയ്ത് ഞാന്‍ ‘ചില യാത്രകള്‍’ എന്ന കവിത എഴുതി ഒന്നാം സ്ഥാനം നേടി. പിറ്റേന്നത്തെ ദേശാഭിമാനി പത്രത്തില്‍ എന്റെ കവിതകളെ കുറിച്ച് പൊക്കി എഴുതിയിരിക്കുന്നു. ‘രചനാ ഭംഗിയും ലാളിത്യവും തെളിഞ്ഞു നില്‍ക്കുന്നതാണ് പ്രമോദിന്റെ കവിതകള്‍’ എന്നും,‘രാഷ്ട്രീയത്തിലൂടെയും വിശ്വാസത്തിലൂടെയും ഉള്ള യാത്രകളില്‍ ദിശാബോധം നഷ്ടപ്പെടുന്നതിന്റെ ആകുലതകളാണ് പ്രമോദ് മനോഹരമായി വരച്ചുവെച്ചിരിക്കുന്നത്’ എന്നും പത്രത്തില്‍ അവര്‍ എഴുതി.ഇതിനു ശേഷവും ഇതേ കവിത ഞാന്‍ ദേശാഭിമാനിക്കയച്ചു,മറുപടിയില്ല.
മാസങ്ങള്‍ക്കു ശേഷം ബി.എസ്.സി ക്ക് റാങ്ക് കിട്ടിയപ്പോള്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച അനുമോദനത്തില്‍ ഉപഹാരം തരാന്‍ വന്നത് സബ് എഡിറ്റര്‍ എ.വി അനില്‍കുമാര്‍ ആയിരുന്നു.വേദിയില്‍ വെച്ച് ഞാന്‍ കവിത കൊടുത്തു പുള്ളിയുടെ കയ്യില്‍.2003 ജനുവരി ആദ്യലക്കത്തിലെ ദേശാഭിമാനി വാരികയില്‍ അങ്ങനെ ‘ചില യാത്രകള്‍’അച്ചടിച്ചു വന്നു.ആദ്യമായും ഇതുവരെയായി അവസാനമായും മുഖ്യധാരയില്‍ അച്ചടിച്ചു വന്നത് അങ്ങനെ ആണ്.പിന്നെ എഴുതാറേ ഇല്ല.
2003നു ശേഷം എഴുതിത്തുടങ്ങുന്നത് 2007 മാര്‍ച്ച് അവസാനത്തോടെയാണ്. ലാപുടയോട് ഞാന്‍ പണ്ടെഴുതിയ ‘അടിമപറഞ്ഞത്’ എന്ന കവിതയെപ്പറ്റി പറഞ്ഞു.2000 ഇലാണെന്നു തോന്നുന്നു,ഇത് ‘കവിതക്കൊരിടം’ എന്ന മാസികയുടെ ആദ്യലക്കത്തില്‍ [(അവസാനലക്കത്തിലും:)]വന്നത്.അന്വര്‍ അലി,അനിതാതമ്പി,എന്നിവരുടെയൊക്കെ നേതൃത്വത്തില്‍ ഇറങ്ങിയ ഈ പ്രസിദ്ധീകരണം അതോടെ നിന്നും പോയി. ഇത് വായിച്ചത് ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും തീര്‍ച്ചയായും എഴുതാതിരിക്കരുതെന്നും പറഞ്ഞ് ലാപുട നിര്‍ബന്ധിച്ചു ബ്ലോഗ്ഗ് ഉണ്ടാക്കിപ്പിച്ചു.കഴിഞ്ഞ 6 മാസങ്ങളില്‍ എഴുതിയ എല്ലാ രചനകള്‍ക്കും ഉത്തരവാദി ബ്ലോഗ്ഗ് സമൂഹം മാത്രമാണ്.അതിന്റെ നന്ദി ഇവിടെ കുറിക്കുന്നു.

സാല്‍ജോҐsaljo said...

കൂടുതല്‍ ‘ഇ’ ക്കുവേണ്ടി അവര്‍ വരും. ഒരിക്കല്‍, ഉള്ളില്‍ കവിത്വം പുറത്തുവരുമ്പോള്‍, മികച്ചതെന്നു തോന്നുമ്പോള്‍ വീണ്ടും അയയ്ക്കാന്‍ തോന്നും. തീര്‍ച്ച. മറ്റൊരു സത്യം
ഇങ്ങനെ.

aneeshans said...

പൂ‍ൂ‍ൂയ്യ്യ്യ്യ്യ്യ്. ഇങ്ങനെ പറയാനും വേണ്ടെ ഒരു ആര്‍ജ്ജവം. കൊടു കൈ. ഒരു രണ്ടെണ്ണം വിട്ട് ഹാ‍പ്പിയായി ഇരി. പോസ്റ്റുകള്‍ അങ്ങനെ അങ്ങനെ പോരട്ടെ.

ഇഷ്ടം

അനീഷ്

ശ്രീ said...

അതെ...
എന്നെങ്കിലും അവര്‍‌ വരും ഇതേ ആവശ്യവുമായി.
ആശംസകള്‍‌!
:)

വേണു venu said...

പ്രിയ വിത്സണ്‍,
ഇങ്ങനെയും ഒരു കാലം വിദൂരമല്ലാ.
പ്രിയ ബ്ലൊഗു സുഹൃത്തേ,
നിങ്ങളുടെ പുതിയ സൃഷ്ടികള്‍ ഞങ്ങള്‍ക്കയച്ചു തരണമെന്നു് നേരത്തേയും എഴുതിയിരുന്നു.
ഞങ്ങളുടെ ഇ.മെയില്‍ അഡ്ഡ്രെസ്സില്‍‍ അയച്ചു തരുമല്ലോ.
ഇത്തവണ ഉപേക്ഷ വിചാരിക്കില്ലെന്നു് കരുതട്ടെ.
സ്നേഹപൂര്‍വ്വം,
മാതൃ.....

എന്റ്റെ ആശംസകള്‍‍.:)

കണ്ണൂസ്‌ said...

നന്നായി, നന്നായില്ല എന്നൊന്നും പറയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ബ്ലോഗ് മാത്രമാണ്‌ ഏകജാല വായനോപാധി. :-). ഇവിടന്ന് നിങ്ങളാരും പോവരുത് എന്നേയുള്ളൂ. (ഒഴുക്കിങ്ങോട്ടേക്കാണ്‌ അല്ലെങ്കില്‍ അങ്ങിനെ ആയേ മതിയാവൂ എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം.)

Kalesh Kumar said...

വില്‍സാ,
നല്ല എഴുത്ത്‌...

മാതൃഭൂമി ബ്ലോഗുകളെക്കുറിച്ച്‌ കവര്‍ സ്റ്റോറി ചെയ്തു! 10-15 പേജുകളും അവരതിനായി നീക്കി വച്ചു! ഭാഷാപോഷിണി ബ്ലോഗുകളെക്കുറിച്ച്‌ സംവാദം പ്രസിദ്ധീകരിക്കാന്‍ പോണു....

ബ്ലോഗെന്ന മാധ്യമത്തിന്റെ ശക്തി അവര്‍ അംഗീകരിക്കുന്നു!

വന്മരങ്ങള്‍ കുലുങ്ങുന്നു....
കാലം മാറുന്നു.....

ദേവേട്ടന്‍ പറഞ്ഞത്‌ പോലെ നമ്മള്‍ അവരെക്കാലും ഒക്കെ ആദ്യം ഇവിടെ എത്തി...

ഇത്‌ ഭാവിയുടെ മാധ്യമമാണ്‌. ഒരു തലമുറ ചുള്ളിക്കാടിനെ കണ്ടിരുന്നതുപോലെ ഒരുപക്ഷേ പുതിയൊരു തലമുറ ഇവിടെയുള്ള വില്‍സനെയോ വിഷ്ണുമാഷിനെയോ ഒക്കെ കാണില്ലെന്നാരുകണ്ടു?

കുറുമാന്‍ said...

ഇ-ബാങ്കിംഗിന്റെ കാലത്ത് , സര്ഗ്ഗ സ്യഷ്ടി മാത്രം മലയാളത്തില് ഇ മെയില് വഴി സ്വീകരിക്കപ്പെടുന്നില്ല. എത്ര വാരികകള് രചനകള് അയക്കേണ്ട വിലാസത്തില് ഇ മെയില് വയ്ക്കുന്നു ?

വളരെ നല്ല ചോദ്യം?

വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം!

Kaithamullu said...

വിത്സാ,
മുന്‍പ് എഴുതണമെന്ന് വിചാരിച്ചതാണ്. പക്ഷേ വിത്സന്റെ വികാരങ്ങള്‍ക്ക് വെള്ളമൊഴിക്കാനോ എണ്ണ പകരാനോ സമയമായില്ലെന്ന് തോന്നിയതിനാല്‍ മിണ്ടാതിരുന്നെന്ന് മാത്രം.

അതൊക്കെ ഒരു കാലം, വിത്സാ. ഇതും ഒരു കാലം!
മനസ്സിലെ പൊള്ളുന്ന ചിന്തകള്‍ ബ്ലോഗിലെത്തിയപ്പോള്‍ ഒരാശ്വാസം തോന്നിയല്ലോ? അതു മതി.

“കാലം മാറി വരും,
കാറ്റിന്‍ ഗതി മാറും!”

ഉപാസന || Upasana said...

കാത്തിരിപ്പുകള്‍ക്കൊരു അവസാനമുണ്ട് ഭായ്.
ആ അവസരം എത്തിയെന്ന് കരുതുക.
:)
ഉപാസന

Murali K Menon said...

വിത്സന്റെ ചിന്താഗതിയോട് നൂറുശതമാനവു കൂറു പുലര്‍ത്തിക്കൊണ്ട് പറയട്ടെ, ഞാന്‍ കൊച്ചി ബൂലോഗമീറ്റില്‍ നേരിട്ടും, തൃശൂര്‍ ബൂലോഗ സംഗമത്തില്‍ ഒരു കൂറിപ്പിലൂടെയും സൂചിപ്പിച്ചത് വിത്സന്റെ അതേ വികാരങ്ങള്‍ തന്നെയാണ്. ഞാന്‍ ഒന്നു കൂടി മുന്നോട്ടു പോയി പറഞ്ഞിരുന്നത്, വരുംകാലങ്ങളില്‍ അച്ചടി മാധ്യമങ്ങള്‍ ബ്ലോഗുകളെ ഭയക്കും എന്നാണ്. അച്ചടി മാധ്യമങ്ങളുടെ നില നില്പു പോലും ചോദ്യം ചെയ്യപ്പെടാന്‍ മാത്രം ബ്ലോഗുകള്‍ വളരും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനുകാരണം നിരവധി രാജ്യങ്ങളിലുള്ള മലയാളികളുടെ അനുഭവ സമ്പത്തിലൂടെ ഉരുത്തിരിയുന്ന കവിതയായാലും, കഥയായാലും, നേരമ്പോക്കായാലും, അനുഭവ കുറിപ്പുകളായാലും കേരളത്തിന്റെ ഠാ‍ വട്ടത്തിലിരുന്ന് മനോരാജ്യം കണ്ട് എഴുതുന്നവരേക്കാള്‍ മുന്‍പന്തിയെലെത്താന്‍ സാദ്ധ്യതകള്‍ ഉണ്ട് എന്നു തന്നെയാണ് (കേരളത്തിലിരുന്ന് എഴുതുന്ന സാഹിത്യകാരന്മാര്‍ പോഴന്മാരാണെന്ന് ഇതുകൊണ്ട് ഒരിക്കലും അര്‍ത്ഥമാക്കുന്നുമില്ല). പക്ഷെ ഈ രചനകള്‍ സാധാരണക്കാരിലേക്കും എത്തുമ്പോഴായിരിക്കും അതിന്റെ പൂര്‍ണ്ണത കൈവരിക എന്നു മാത്രം... കുറുമാന്‍ പറഞ്ഞത് ഒന്നു കൂടി പൂര്‍ത്തീകരിച്ചാല്‍ “വരും വസന്തമെന്ന് നാള്‍ കഴിച്ചിതിത്രയും, വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം“ ഭാവുകങ്ങളോടെ,

Sanal Kumar Sasidharan said...

വികാരവായ്പ് മുറ്റിയ ഇതുപോലൊരു കുറിപ്പ് ഞാന്‍ വിഷ്ണുപ്രസാദിന്റെ വകയായി വായിച്ചിരുന്നു.കവിത-അവള്‍ ലോലയായൊരു പെണ്ണല്ലേ.ഇത്രയേറെ സ്നേഹിക്കുന്നവരെ ഒന്നു കടാക്ഷിക്കാതെ പോകാന്‍ കഴിയില്ലവള്‍ക്ക്.

Viswaprabha said...

ഈ സനാതനന്റെ കമന്റിന് മേമ്പൊടിയായി ഒരു പഴയ ശ്ലോകന്‍:

“വൃത്തോത്തുംഗകുചങ്ങളഗ്ഗുരുനിതംബം കാകളീമാധുരീ-
സത്താം ശബ്ദസുഖം പ്രസാദമുചിതാലങ്കാരസമ്പന്നതാ,
ഇത്ഥം കോമളിമാവിണങ്ങുമവളെക്കാണുന്ന വിദ്യാര്‍ത്ഥികള്‍-
ക്കത്യന്തം കവിതയ്ക്കു ശക്തിയുളവാകാഞ്ഞാ,ലതാണത്ഭുതം!“

simy nazareth said...

വിത്സാ,

ഞാന്‍ വായിക്കുന്നു എന്നതിലും കവിഞ്ഞ അംഗീകാരം മറ്റെന്തുണ്ട് ഈ ഭൂലോകത്തിലും ബൂലോഗത്തിലും?

വിത്സണ്‍ കവിതയെ അറിയില്ല, ഇവളെ കണ്ടിട്ടേയില്ല എന്നുപറഞ്ഞാലും ഇടയ്ക്കിടെ ഇങ്ങനെ കവിത വിത്സണ്‍ കെട്ടുന്ന എല്ലാ വേലിയും പൊട്ടിച്ചുചാടും. വിത്സന്റെ വിരല്‍ത്തുമ്പിലൂടെ. അതങ്ങനാ. തെറിച്ച പെണ്ണാ. പിടിച്ചാ കിട്ടൂല്ല.

എല്ലാ ഭാവുകങ്ങളും..

സ്നേഹത്തോടെ,
സിമി.

വിഷ്ണു പ്രസാദ് said...

വിത്സാ,
അങ്ങനെ പറയരുത്.നീ കവിതകള്‍ ഇനിയും പ്രിന്റ് മീഡിയയ്ക്ക് അയയ്ക്കണം.കാരണം നിന്റെ കവിത അച്ചടിച്ചു കാണുമ്പോള്‍ എനിക്കുമുണ്ട് സന്തോഷം.വിശാലന്റെ അഭിമുഖം കണ്ടപ്പോള്‍ മാതൃഭൂമി എന്റേതുകൂടി ആയതു പോലെ എനിക്കു തോന്നി.ബൂലോകത്ത് നിന്റെ എല്ലാ കവിതകളും ആദ്യം വരട്ടെ.അവിടെ നിന്ന് നല്ലതെന്നു തോന്നുന്നവ മാസികകളിലും വരണം.ബൂലോകം അച്ചടി മാധ്യമങ്ങളെക്കാള്‍ വായിക്കപ്പെടുന്ന ഒരു കാലം വരും വരെ...

ശ്രീലാല്‍ said...

വില്‍സണ്‍ ചേട്ടാ, എല്ലാത്തിലും വരട്ടെ കവിതകള്‍. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെയുള്ള വളരെ വളരെക്കുറച്ചുമലയാളികളല്ലേ ഇപ്പൊഴും ബ്ലോഗ്‌ വായിക്കുന്നവരുള്ളൂ.. ബൂലോകത്തെ ചെറിയ വട്ടത്തിലല്ലാതെ പുറത്ത്‌ വായിക്കപ്പെടേണ്ടതല്ലേ ബൂലോകത്ത്‌ പബ്ലിഷ്‌ ചെയ്യുന്ന പല രചനകളും ?
ഈയിടെയായി വരുന്ന പല ലേഖനങ്ങളിലൂടെയും മറ്റും മാത്രമാണ്‌ ബൂലോകം എന്ന ഒരു ലോകമുണ്ടെന്ന ഭൂലോകം അറിയുന്നതു തന്നെ.
ബൂലോകത്തിനു പുറത്തുള്ള വലിയ ഒരു വായനാസമൂഹത്തിനുവേണ്ടി ബൂലോകത്തോടൊപ്പം ഭൂലോകത്തേക്കും അയക്കൂ ഇനിയും..

asdfasdf asfdasdf said...

വിത്സാ,
കുറച്ചു ദിവസം മുമ്പ് ചേലക്കരയ്ക്കടുത്ത് കിള്ളിമംഗലത്ത് ഒരു പെട്ടിക്കടയില്‍ സോഡ കുടിക്കാന്‍ കയറിയപ്പോള്‍ കടക്കാരന്‍ മാതൃഭൂമിയില്‍ വന്ന സച്ചിദാനന്ദന്റെ കവിത ആസ്വദിച്ച് ചെല്ലുകയായിരുന്നു. നെറ്റും നെറ്റ്വര്‍ക്കുമില്ലാത്ത സാധാരണക്കാരനു ബ്ലോഗ് ഇന്നും അപ്രാപ്യമാണ്. വിത്സന്റെ കവിതകള്‍ അവരും വായിക്കപ്പെടട്ടെ.

ദേവസേന said...

ബാല്യം കഴിഞ്ഞിട്ടില്ല എന്റെ കാവ്യജീവിതത്തിനു. എന്നാലും പറയുകയാ 'എന്നെ നോക്കി പഠിക്കൂ വില്‍സാ'
രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണു
വേണ്ട വേണ്ട എന്ന് എത്ര പറഞ്ഞിട്ടും, പിന്നേയും പിന്നേയും സുഹൃത്ത്‌ നിര്‍ബന്ധിച്ചു. എന്‍വെല്‍പ്‌ എടുക്കൂ, പേന എടുക്കൂ, അഡ്രസ്‌ എഴുതൂ, സ്റ്റാമ്പ്‌ ഒട്ടിക്കൂ,
കലാകൗമുദി, മാതൃഭൂമി, മാദ്ധ്യമം. അദ്ദേഹം പറഞ്ഞത്‌ അപ്പാടെ അനുസരിച്ചു. പക്ഷേ ഒരെണ്ണവും പോസ്റ്റ്‌ ചെയ്തില്ല. അതെത്ര നന്നായെന്ന് നിന്റെ കുറിപ്പ്‌ ഓര്‍മ്മിപ്പിച്ചു.

നിനക്കെന്തിനാണു ബൂര്‍ഷ്വാ വാരികകളുടെ ചാരുബെഞ്ച്‌?
രണ്ടോ, മൂന്നോ തണ്ടെല്ലുകളുള്ളവനാണു നീയെന്നു പണ്ടേ തെളിയിച്ചതല്ലേ?
നമ്മുക്ക്‌ ബ്ലോഗ്ഗില്ലേ. അത്‌ ധാരാളമല്ലേ.
ബ്ലോഗമത്യം സിന്ദാബാദ്‌.

അനിലൻ said...

"അതൊക്കെ ഒരു കാലം”

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരപ്പൂപ്പന്‍ തന്റെ പേരക്കിടാവിന് സമരാനുഭവങ്ങള്‍ പകര്‍ന്നു കൊടുത്ത് നെടുവീര്‍പ്പിടുന്നതുപോലുണ്ട് തലവാചകം.
വിത്സാ.. നീ ഇത്രയ്ക്ക് വൃദ്ധനായോ?
എവിടെ മൂന്നുനാലു കൊല്ലം മുന്‍പ് നാട്ടുമാങ്ങാച്ചുനയുമായി ഗള്‍ഫിലെത്തിയ ആ പൊട്ടിത്തെറിച്ച ചെക്കന്‍? റോളയിലെ രാത്രികള്‍ ഒരു പുസ്തകത്തിനു തികയില്ലെന്നുണ്ടോ? നീ ആഴ്ചപ്പതിപ്പുകളെക്കുറിച്ച് പറഞ്ഞതും ബ്ലൊഗുകളെക്കുറിച്ചു പറഞ്ഞതുമൊന്നും ഞാന്‍ കേട്ടില്ല. തലവാചകത്തിലെ നഷ്ടബോധം വല്ലാതെ കയ്ക്കുന്നു.

ഓഫ്: ബ്ലോഗില്‍നിന്നും കുറേ നല്ല കൂട്ടുകള്‍ കിട്ടിയിട്ടുണ്ട്. അതിനേക്കാള്‍‍ വിലമതിക്കുന്നു തളിക്കുളത്തെ വായനശാലയിലെ പഴങ്കടലാസ് മണത്തെ. ഗൃഹാതുരത ഒരു രോഗം പോലെ പിന്നിലേയ്ക്ക് വലിക്കുന്നതുകൊണ്ടാവും. മരുന്നു കണ്ടു പിടിക്കപ്പെടാതെയും ചില രോഗങ്ങള്‍ (രാഗങ്ങള്‍?) നില നില്‍ക്കട്ടെ.

Ajith Polakulath said...

നഗ്നസത്യത്തിന്റെ വാള്‍മുനകള്‍ ആരുടെ നെഞ്ചത്താവും തറച്ചത്?

ആദ്യമായി എക്സ്സ്പ്രസ്സ് ദിനപത്രത്തില് കവിത അച്ചടിച്ച് വന്ന ദിവസം. ഹൊ ! ഒരു പെണ്കുട്ടി താന് മുതിര്ന്നവളായി എന്ന് തിരിച്ചറിയുന്ന ആ ദിവസം പോലെ. രക്തത്തിന്റെ ഫലം പുറത്ത് വന്ന്, താന് വേറൊരാളായിത്തീരന്ന ഏതൊരച്ഛന്റെയും ആ ദിവസം പോലെ ഉപമകള് പാകമാകാത്ത ഒരു ദിനം

എക്സ്സ്പ്രസ്സ് ദിനപത്രം കിടക്കുന്ന ശങ്കരന് നായരുടെ കടയില് നിന്ന് ചായ കുടിച്ചു. മുന്പില് എന്റെ കവിത എന്റെ കവിത എന്റെ കവിത.


ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു...

പിന്നെ അങ്ങനെ യുള്ള ഒരു മിഥ്യാബോധം എന്നെയും പിടികൂടിയിരുന്നു... പത്രത്തില്‍ വരുന്നത് എല്ലാം നല്ലത് ആണെന്നുള്ളത്... ഇപ്പം നമ്മുടെ ബ്ലോഗില്‍ എത്രയോ നല്ല കവിതകല്‍ (ഉദാ: ദേവസേന, രാജ് ഇരിങ്ങല്‍, പ്രമോദ്, വിഷ്ണുമാഷ്) ഇവരൊക്കെ അയച്ചിരിന്നെങ്കിലും ആ നല്ല കവിതകള്‍ വെളിച്ചം കാണുമായിരുന്നോ?

പിന്നെ സര്‍ഗ്ഗസൃഷ്ടികള്‍ ഇമെയിലില്‍ എടുക്കാത്തതിനെ ഞാനും വെറുക്കുന്നു.. വിത്സന്‍ മാഷ് പറഞ്ഞ പോലെ ഇ ബാങ്കിങ്ങ് നടക്കുന്ന കാലത്ത് എന്തിനീ പ്രഹസനം? ഹാര്‍ഡായി വന്നാലെ പരിഗണിക്കൂ ,
അതില്‍ ചിലത്;
പൂജക്കെടുക്കാത്ത പുഷപം പോലെ പത്രമാപ്പീസില്‍ കെട്ടികിടന്ന് അത് പിന്നെ അളിഞ്ഞ് ചീഞ്ഞ് ഉണങ്ങി ചവറായി മാറുന്നുണ്ടാകും..കൊട്ടേഷന്‍ ടീമിനെ കോണ്ട് ഒരുന്നാള്‍ വൃത്തിയാക്കുമ്പോള്‍ , ചൂലില്‍ തടയുമ്പോള്‍...മാത്രം.

(ചില പത്രാധിപര്‍ രാഷ്ട്രീയം ചോദിക്കും ...ആളും തരവും നോക്കി പരിഗണിക്കും)


വിത്സന്‍ മാഷെ എന്തായാലും ഇതെനിക്കിഷ്ടമായി...
ജെയ് ജെയ് സിന്ദാബാദ്!!!

കാടോടിക്കാറ്റ്‌ said...

‘വെറുതെയെങ്കിലുമതൊക്കെയൊറ്ക്കുംബോള്‍
ഒരു കുറി കൂടി ചെറുപ്പമാകുവാന്‍
കൊതിക്കുന്നേനല്ല, ചെറുപ്പമാകുന്നു.’
ഈ വരികള്‍ ഓര്‍ത്തു പോയ്.

അനിലന്‍ പറഞ്ഞപോല്‍ നഷ്ട ബോധം വേണ്ട.
വിത്സനും വിത്സന്റ്റെ കവിതയും ചെറുപ്പമാ.

വിഷ്നുപ്രസാദും മറ്റും പറഞ്ഞതാ എനിക്കും തോന്നിയത്. വിത്സന്‍
കവിതകള്‍ പ്രിന്റ് മീഡിയക്കും അയയ്ക്കണം, ബൂലോകം അച്ചടി മാധ്യമങ്ങളെക്കാള്‍ വായിക്കപ്പെടുന്ന കാലം വരും വരെ...
ആശംസകള്‍.

Latheesh Mohan said...
This comment has been removed by the author.
അതുല്യ said...

തീരുമാനങ്ങള്‍ക്ക് പരാതിയുടെ ധ്വനി പുരണ്ടതിനോട് യോജിയ്കാനാവുന്നില്ല.

ഭൂമിപുത്രി said...

വിത്സാ,ആരും ആവശ്യപ്പെടാത്ത കവിതകള്‍ക്കു/കവികള്‍ക്കു ഒരു സൌഭാഗ്യമുണ്ട്-തോന്നുമ്പോലെയുണറ്ന്നാല്‍ മതി.

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

::::
അയാളുടെ കയ്യിലെ ചായ തട്ടിമറിഞ്ഞ് ആ അക്ഷരങ്ങള് കലരുമോ എന്ന് പേടിപ്പെട്ടു :::



കുട്ടിത്തത്തിന്റെ മണം വീശുന്നു....!!

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved