Saturday, October 27, 2007

ഇറച്ചിവെട്ടുകടയില് കണക്കെഴുതിയ കൈ കവിതയിലേക്ക് വരുമ്പോള്

( 5 വര്‍ഷം മുന്‍പാണു. പച്ചക്കറിക്കച്ചവടം നടത്തുന്ന ആലുവയിലെ സെബാസ്റ്റ്യന്‍ എന്ന കവി എഡിറ്റ് ചെയ്ത പുസ്തകം പുറത്തിറങ്ങിയത്. 30 നവകവിതകള്‍ എന്നോ മറ്റോ ആണ് അതിന്റെ പേരു. അതിന്റെ ആമുഖത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായിരുന്നു. എഡിറ്റര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ആയി എഴുതിയ ഉത്തരങ്ങള്‍ ആണ് ഇവിടെ. നിലപാടുകളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടാകാം. രാം മോഹന്‍ പാലിയത്ത് ചിലതെല്ലാം ഓര്‍മ്മിപ്പിച്ചത് കൊണ്ടു
അത് ഇവിടെ പകര്‍ത്തുന്നു. നല്ലതും ചീത്തയും പറയുന്നവര്‍ ഇതു എഴുതിയ കാലം ഓര്‍മ്മയില്‍ വയ്ക്കണം എന്ന് അപേക്ഷ )
കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ ഇറച്ചിവെട്ടുകാരുണ്ട്. സ്കൂള്‍ കാലത്ത് ചേട്ടനുമുണ്ടായിരുന്നു കശാപ്പ് ശാല.

അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ അവിടെ കണക്കെഴുത്തുകാരനുമായിരുന്നു

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ കവിത എഴുതുന്നത്. 89 ല്‍

90-കളില്‍ മലയാള കവിതയെ അടുത്ത് പരിചയപ്പെട്ട് തുടങ്ങുന്നു. ഇറച്ചിവെട്ട് കടയില്‍ കണക്കെഴുതിയ കൈകൊണ്ട് കവിതയെഴുതാനുള്ള അര്‍ഹത മലയാളം നേടിയ കാലമെന്ന് ഞാനെന്നോട് അടക്കം പറഞ്ഞു.

ഇങ്ങനെയൊരു സ്വാതന്ത്ര്യത്തിലേക്ക്
മലയാള കവിതയെ നയിച്ചത് കഴിഞ്ഞ
തലമുറയാണെന്നുള്ളതു കൊണ്ട് ആ ബഹുമാനവും സ്നേഹവും ആരാധനയും ഉള്ളില്‍ സൂക്ഷിച്ച് കൊണ്ടു തന്നെയാണ്‍ കവിതയെ കാണുന്നത്.
അതു കൊണ്ടു തന്നെ ത്രീവവാദി പ്രസ്ഥാനമെന്നോ
ജനതക്കു പുതിയ നീതി തിരക്കുന്ന കാവ്യ അന്വേഷണമെന്നോ നിര് വചിക്കുന്ന കവിതയെ അംഗീകരിക്കുകയും ചെയ്യുന്നു

അക്കാലത്തിനു ശേഷം പിന്നീടൊരു ഉയിര്‍പ്പ് മലയാളത്തില്‍ ഉണ്ടായില്ല എന്ന നിരീക്ഷണത്തോട് യോജിപ്പില്ല

ആധുനികതയുടെ ത്രീവബോധത്തോടൊപ്പവും പുതിയ കവിത
സഞ്ചരിക്കുന്നുണ്ടായിരുന്നു. സച്ചിദാനന്ദന്‍ പുഴ്ങ്കര, എന്‍.ജി .ഉണ്ണിക്യഷന്‍, മേതില്‍, കല്‍പ്പറ്റ നാരായണന്‍ തുടങ്ങിയവര്‍ തന്നെ ഉദാഹരണങ്ങള്‍

മലയാളത്തില്‍ 90 കള്‍ക്ക് ശേഷം പഴയതിലേക്ക്
തിരിച്ച് പോവാനുള്ള ശ്രമം പ്രകടമായി നടക്കുന്നുണ്ട്.
പി.പി രാമചന്ദ്രനും, റഫീക്ക് അഹമ്മദുമെല്ലാം
ആ പാതയിലാണെന്ന് ഞാന്‍ കരുതുന്നു.
ആധുനികത്യ്ക്കും മുന്‍പുള്ള കവിതയുമായി ഇവര്‍ ഇടയ്ക്ക്
തിരിച്ച് വരുന്നത് കാണാം

അത്കൊണ്ടാണ് ആധുനികതിയില്‍ നിന്ന് കവിതാ പാഠങ്ങള്‍ ഉള്‍ക്കൊണ്ട എസ്. ജോസഫിന് പോലും
മലായാള് കവിത അമ്പലത്തിലേക്ക് കാറില്‍ പോകുന്ന പെണ്‍കുട്ടിയാണെന്ന്
തോന്നുന്നതും , വിപരീത അര്‍ത്ഥത്തിലാണെങ്കിലും
അവള്‍ക്ക് കത്തയക്കുന്നതും

മൂന്ന് വഴികള്‍ ഇപ്പോള്‍ പ്രകടമാകുന്നുണ്ട്.
ഒരു വഴി നേരത്തെ പറഞ്ഞതാണെങ്കില്‍
ആധുനികതയുടെ തുടര്‍ച്ചയായി അന് വര്‍ അലിയും, പി.എ.നാസുമുദ്ദീനും .പി.എന്‍.ഗോപീക്യഷണനും എഴുതുന്നു
ടോണിയും, ജോസഫും മാറി സഞ്ചരിക്കാന്‍ വളരെ ശ്രമിക്കുന്നു)

ശ്രീകുമാര്‍ കരിയാട്, മാങ്ങാട് രത്നാകരന്‍, വി.ആര്‍. സന്തോഷ്, രൂപേഷ് പോള്‍ തുടങ്ങിയ കവികളില്‍
നിന്ന് ശരിയായ പുതു കവിത ഉയര്‍ന്ന് വരുന്നുണ്ട്

കവിതയിലെ വയസ്സറിയിക്കല്‍


കവിതയുടെ വയസ്സ് കവിതയുടേത് മാത്രമാണ് . കവിയുടേതല്ല. പുതുശില്‍പ്പത്തില്‍ പഴയത് തിരികെ വന്നാലും
ഫാന്‍സി ഡ്രസ്സിനു സമ്മാനം കിട്ടുമെന്നല്ലാതെ മറ്റ് കാര്യങ്ങളില്ല. കവിതയില്‍ എന്റെ യുവാക്കളുടെ
പേരെഴുതുമ്പോള്‍ നേരത്തെ പറഞ്ഞ കവികളുടെ
കൂട്ടത്തില്‍ എഴുതി ചേര്‍ക്കുന്ന പേരുകള്‍
(മുന്‍ ഗണനാക്രമത്തിലല്ല)

ടോണി, വി.ജി.തമ്പി, പുഴങ്കര, ടി.പി.രാജീവന്‍, വി.ആര്‍.സന്തോഷ്, കരിയാട്, കല്‍പ്പറ്റ, രൂപേഷ്, മേതില്‍, മാങ്ങാട്, ഡി.വിനയ ചന്ദ്രന് - പുതു കവിത പൂരവ്വ ഭാവുകത്വ ബന്ധമില്ലാത്ത പുതു തലമുറക്കാര്‍ക്ക് മാത്രം
ആഗതമാകുന്നതല്ല

കവികള്‍ പോയട്രി കഫേകളില്‍
കണ്ട് മുട്ടുമ്പോള്‍


പല കവികളേയും നേരില്‍ കണ്ടിട്ടില്ല.
മലയാളത്തിലെ തന്നെ കവികളെ പരിചയിച്ചത് നെറ്റിലൂടെയാണ്.
അമേരിക്കയില്‍ ജോലി ചെയ്യുന്ന ജയന്‍ കെ.സി, ദുബായിലെ
രാം മോഹന്‍ പാലിയത്ത് തുടങ്ങിയവരെ ഒക്കെ കണ്ടത് നെറ്റിലാണ്. രൂപേഷ് പോളിനോട് ആദ്യം സംസാരിക്കുന്നതും നെറ്റിലായിരുന്നു.

യഹൂവിന്റെ എത്ര പോയട്രീ കഫേകളില്‍ ദിവസേന
എത്രയോ കവിതാ വായനകള്‍ക്ക് കാഴ്ച്ചക്കാരനും
കേള്‍വിക്കരനുമായിരിക്കുന്നു. ആലോചിച്ച് നോക്കൂ
ഇംഗ്ലണ്ടിലും ലാറ്റിനമേരിക്കയിലും 24 വയസ്സുള്ള ഒരാളുടെ
കവിത അയാളില്‍ നിന്ന് തന്നെ അതേ സമയം നേരിട്ട് കേള്‍ക്കുന്നത്. ആശയ വിനിമയം നടത്തുന്നത്.
പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കാവ്യസ്വീകരണം നടത്തുന്ന
മേതിലും , ടി.പി. രാജീവനും , രാം മോഹനും, ജയന്‍ കെ.സിയും രൂപേഷ് പോളും എനിക്കു
പ്രിയപ്പെട്ടവരാണ്

വിവരസാങ്കേതിക വിദ്യയുടെ കടന്നു കയറ്റം (കയറ്റം)
മലയാള ആസ്വാദ്യ ശീലങ്ങളെ, പ്രത്യേകിച്ച് കവിതയെ ഗുണപരമായി തുണച്ചിട്ടുണ്ട്.

അറിയാത്തവരും, ഉപയോഗപ്പെടുത്താത്തവരും അതിനെ
പഴിക്കുമെങ്കിലും

അച്ചടി മാധ്യമം എനിക്ക് പുഴയാണ്. നെറ്റ് കടലും.
രണ്ടിനും അതിന്റേതായ ഗുണദോഷങ്ങള്‍ ഉണ്ടെങ്കിലും.
മാധ്യമങ്ങളും ചാനലുകളും നിര്‍മ്മിച്ചെടുക്കുന്ന കവികളും
എഴുത്തുകാരും കാവ്യലോകത്തില്‍ വലിയ ഇടം നേടുമെങ്കില്‍
ഓ.എന്‍.വിയും ,റോസ്മേരിയുമെല്ലാം കാവ്യലോകം ഭരിക്കുമായിരുന്നു

മലയാള കവിതയ്ക്ക് തൂറാന്‍ പേടി

മലയാള കവിതയ്ക്ക് തൂറാന്‍ പേടി, മൂത്രമൊഴിക്കാന്‍ പേടി,
ഭോഗിക്കാന്‍ പേടി, ഒന്നില്‍ കൂടുതല്‍ പ്രേമിക്കാന്‍ പേടി. ഇത്തരം പേടികളിലൂടെ കാര്‍ന്നോന്മാരുടെ ചൂരല്‍ വടികളുടെ മുന്നില്‍ ചൂളി നില്‍ക്കുന്ന കവിതകളെയും മലയാളത്തില്‍ കാണാം. ഈ കവിതകള്‍ക്ക് പ്രമുഖ ഇടങ്ങളില്‍
സ്ഥാനം ലഭിക്കുന്നുമുണ്ട്. ജൈവപരമായ അവസ്ഥകളെ കവിതയിലേക്കു കൊണ്ടു വരാനുള്ള വിമുഖതയാണ്‍ കാല്‍പ്പനികതയുടെ ജീര്‍ണ്ണതയുമായി നാണിച്ച് തല താഴ്ത്തി നില്‍ക്കുന്നത്

എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തെ ജീവിതമാക്കിത്തീര്‍ക്കുന്നത് കവിതയും കൂടി ചേര്‍ന്നാണ്‍. ക്രിക്കറ്റും, സിനിമയും, ടി.വിയും, ചെസ്സും, ക്യഷിയും, ചിത്രകലയും എല്ലാമുണ്ടെങ്കില്‍ കൂടിയും. മുന്‍ഗണന കവിതയ്ക്ക് തന്നെയാണ്‍. അതു കൊണ്ട് തന്നെ മുഴുവന്‍
മനുഷ്യാവസ്ഥകളെയും ചിത്രീകരിക്കുന്ന കവിതയ്ക്ക് വേണ്ടി
ആര്‍ത്തിയോടെ കാത്തിരിക്കുകയും ചെയ്യുന്നു. അവിടെ എല്ലാത്തരം വികാരങ്ങളും ഉണ്ടാകണം. ജൈവപരമായ എല്ലായിടങ്ങളും വേണം.

അത് വേണം, ഇതു വേണമെന്നെല്ലാം മലയാളകവിതയെ
നിര്‍ബദ്ധിക്കാന്‍ പറ്റുമോ ? ഇവിടെ കിട്ടിയില്ലെങ്കില്‍ മറ്റിടങ്ങളില്‍ പോകും. ചിലപ്പോള്‍ ഇറക്കുമതി ചെയ്യും. എന്നാലും ഉള്ളില്‍ ഒരാഗ്രഹം ഉണ്ട്. മലയാള കവിത
സ്വയം പര്യാപ്തമാകണം. നമുക്കുള്ള കവിതകള്‍ ഇവിടെ തന്നെ നിര്‍മ്മിക്കണം

ദേശത്തനിമ, ദ്രാവിഡത, കേരളീയത

ഇതില്‍ എനിക്ക് വിശ്വാസമില്ല. ദ്രാവിഡത എന്താണെന്ന് അറിയില്ല. മലയാളം തന്നെ വായിക്കുമെന്ന് നിര്ബന്ധമില്ല. എഴുതുമെന്നും. എവിടെയും പോകും. കാലം, ദേശം, ഭാഷ എന്നീ വിത്യാസങ്ങളെ നേരിടുന്ന ഒരു കവിത കിട്ടിയെങ്കിലെന്ന് എന്നും പ്രാത്ഥിക്കും. കേരള ദൈവങ്ങളോടും.

പുതുമൊഴി വഴികളും ഗൂഡസംഘങ്ങളും

പുതുകവികളുടെ ശക്തമായ പ്രവേശനത്തെ തടയാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ല.
ആറ്റൂര്‍ രവിവര്‍മ്മ എഡിറ്റ് ചെയ്ത പുതുമൊഴിവഴികള്‍ പോലെയുള്ള ചില സമാഹാരങ്ങള്‍ യഥാര്‍ത്ഥപുതുകവിതയെ ഒഴിവാക്കിയതു പോലുള്ള സംഭവങ്ങള്‍ അനേകമുണ്ട്. പക്ഷേ സമകാലീന കവിത, കവിതാസംഗമം തുടങ്ങിയ ഇടങ്ങള്‍ പുതു കവിതയെ വെളിച്ചം കാണിക്കും എന്ന് തന്നെ കരുതുന്നു.
1984ല്‍ കലികാല കവിത ഒരുക്കിയ ആറ്റൂര്‍ 1999ല്‍ പുതുമൊഴിവഴികള്‍ ഒരുക്കിയത് ഒരു പ്രതീകമാണ്. മലയാള കവിതയില്‍ പുതിയ തെരഞ്ഞെടുപ്പുകാര്‍ പോലും ഉണ്ടായില്ല എന്നു കാണിക്കാനുള്ള ഏതോ ഗൂഡസംഘങ്ങളുടെ വ്യഗ്രതയും.

ഇതു നിന്റെ മാത്രം കാലമാണ്
മരിച്ച് പോയവരുടെയും ജനിക്കാനിരിക്കുന്നവരുടേതുമല്ല


എന്ന് എപ്പോഴും പറയുന്നുണ്ട്. ഓര്‍മ്മയും പ്രതീക്ഷയുമുണ്ടാകണം. ഈ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുകയും വേണം.
ആകുലപ്പെടാനില്ല.

ഈ കാലത്തിന്റെ കവിത രൂപപ്പെടുന്നുണ്ട്.
രൂപപ്പെടുകയും ചെയ്യും.

അത് ഇന്നലത്തേതുമല്ല. നാളത്തേതുമല്ല

20 comments:

അഞ്ചല്‍ക്കാരന്‍ said...

നല്ല നിരീക്ഷണങ്ങള്‍.

വിഷ്ണു പ്രസാദ് said...

വില്‍സാ,പലതും ഇങ്ങനെ ധൈര്യമായി വിളിച്ചു പറയാനുണ്ട്...നന്നായി.

P Jyothi said...

വില്‍സന്‍
നന്നായി. തികച്ചും സത്യസന്ധമായ കാഴ്ച്ചപ്പാടുകള്‍.എഴുതിയ കാലത്തെക്കുറിച്ചു മുന്‍കൂര്‍ജാമ്യമെടുത്തതുകൊണ്ട്‌ മനസ്സില്‍ തോന്നിയ ചില സംശയങ്ങള്‍ ചോദിക്കേണ്ടെന്നു വെച്ചു :)

സാല്‍ജോҐsaljo said...

ഭംഗിയായി. തികച്ചും ശരിയായ കാര്യങ്ങള്‍.

സനാതനന്‍ said...

ഉള്ളിലേക്ക് സൂക്ഷ്മം നോക്കിയാല്‍ മാത്രം മതി വെളിയില്‍ എത്ര പഴയ ചെളിയിലാണു നാമിപ്പൊഴും എന്നു മനസ്സിലാക്കാന്‍.വിഗ്രഹങ്ങളെ എളുപ്പം സൃഷ്ടിക്കുകയും പിന്നെ എല്ലാ ഇടവഴികളിലൂടെയും ചുമന്ന് എഴുന്നള്ളിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ ദുര്‍യ്യ്യോഗം.ഒരു മിന്നല്‍ വെളിച്ചം കണ്ടാല്‍ അതൊരു പുലരിയാണെന്നു പറഞ്ഞ് കൂട്ടത്തോടെ ഓടിപ്പോകുന്ന നിരൂപകവൃന്ദം,പാശ്ചാത്യന്‍ കക്കുന്നതും തൂറുന്നതും അതേപടി പാഠപുസ്തകങ്ങളില്‍ വിളമ്പുന്ന സാഹിത്യ പാണ്ഡിത്യം.സത്യത്തില്‍ ഈ അവസ്ഥയില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധ്യമല്ല.ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണതകൂടിയുണ്ട് നെഗറ്റീവ് എന്നുകരുതിയതിനെയൊക്കെ പിടിച്ച് പോസിറ്റീവ് ആക്കിയാല്‍ കവിതയായി എന്നു കരുതുന്ന ഒരു മാനസികാവസ്ഥ.എന്തായാലും പത്രാധിപന്‍ എന്ന വിവരദോഷിയുടെ കയ്യില്‍ നിന്നും സാഹിത്യം രക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.അതോടെ എഴുത്ത് ഒരു വരുമാനമാര്‍ഗ്ഗമാക്കുക എന്ന കുഴിയില്‍നിന്നും അത് രക്ഷപ്പെട്ടുതുടങ്ങുന്നു.ഇനി മേലില്‍ ഒരുത്തനും എഴുത്തുകാരന്‍ എന്ന ജോലി സ്വീകരിക്കാന്‍ ധൈര്യപ്പെടില്ല എന്നുതോന്നുന്നു.എഴുത്ത് ഒര് ആത്മപ്രകാശനമാര്‍ഗ്ഗം എന്ന നിലയിലേക്ക് മാത്രം മാറുമെന്നും തോന്നുന്നു.എഴുത്തുകാരനും വായനക്കാരനും ഇടയില്‍ നിന്നിരുന്ന പ്രസാധകന്‍ എന്ന വാതിലും എഡിറ്റര്‍ എന്ന സെക്യൂരിറ്റിക്കാരനും ഇല്ലാതാകുന്നതോടെ അനിവാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുക തന്നെ ചെയ്യും.
നല്ല ചിന്തകള്‍.ആത്മാര്‍ത്ഥമായി എഴുതിയിരിക്കുന്നു.
ഒന്നും കൂടി:
ആധുനികം പുരാതനം എന്നൊക്കെ തിരിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്നുതോന്നുന്നില്ല.വര്‍ത്തമാനത്തില്‍ ജീവിച്ചുകൊണ്ട് ഉണ്ടാകുന്ന കവിതകള്‍ മാത്രം മതി.കവിക്ക് ഇന്നും ഇപ്പോഴും ജീവിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി.പക്ഷേ ഒരു വലിയ അത്ഭുതം എന്താണെന്നുവച്ചാല്‍ വര്‍ത്തമാനത്തിന്റെ ജൈവസൃഷ്ടിയാകുന്ന എല്ലാ കവിതകളും വര്‍ത്തമാനത്തെ അതിജീവിച്ച് ഭൂതകാലത്തേക്ക് മുതല്‍ക്കൂട്ടുന്നു എന്നതാണ് അങ്ങനെ അത് ചരിത്രവുമാകുന്നു.

Sabu Prayar said...

നല്ല ലേഖനം...

മന്‍സുര്‍ said...

വില്‍സണ്‍ജീ....

ഓര്‍മ്മകളില്‍ നിന്നും ചികഞെടുത്ത
ഇത്തരം വിവരണങ്ങള്‍ തീര്‍ച്ചയായും
ഞങ്ങള്‍ക്ക്‌ ഒട്ടേറെ കാര്യങ്ങള്‍ ചൊല്ലിതരുന്നു ...
മറ്റൊരു ഓര്‍മ്മയിലെ കവിത പോലെ....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

latheesh mohan said...
This comment has been removed by the author.
latheesh mohan said...
This comment has been removed by the author.
ദ്രൗപദി said...

നല്ല കാഴ്ചപ്പാട്‌
എഴുത്തിന്റെ ഭാഷയെ ചൊല്ലിയും വിഷയത്തിന്റെ ശക്തിയെ ചൊല്ലിയും തര്‍ക്കങ്ങള്‍ നാമ്പെടുത്ത്‌ കൊണ്ടിരിക്കുന്നു...
ഇത്‌ കവിതയുടെ
നാശത്തിലേക്കല്ലെന്നും
മറിച്ച്‌
അതിന്റെ
വളര്‍ച്ചക്കെ
ഉപകരിക്കൂ എന്നും കരുതാനാണെനിക്കിഷ്ടം...

നല്ല ലേഖനം
അഭിനന്ദനങ്ങള്‍

Pramod.KM said...

നന്നായി ഈ കുറിപ്പ്

vimathan said...

"കവിതയുടെ വയസ്സ് കവിതയുടേത് മാത്രമാണ് . കവിയുടേതല്ല. പുതുശില്‍പ്പത്തില്‍ പഴയത് തിരികെ വന്നാലും, ഫാന്‍സി ഡ്രസ്സിനു സമ്മാനം കിട്ടുമെന്നല്ലാതെ മറ്റ് കാര്യങ്ങളില്ല.... ദേശത്തനിമ, ദ്രാവിഡത, കേരളീയത...ഇതില്‍ എനിക്ക് വിശ്വാസമില്ല" വിത്സണ്‍, സല്യൂട്ട്

സിമി said...

വിത്സാ,

കുറിപ്പ് നല്ലത്. എന്നാല്‍ ഏകവീക്ഷണകോണേ ഈ കുറിപ്പിനുള്ളൂ. മഞ്ഞക്കണ്ണാ‍ടി.

മഹാകവികള്‍, നൂറ്റാണ്ടുകളോ ദശാബ്ദങ്ങളോ ആയി നിലനില്‍ക്കുന്ന കവിതകള്‍, ഇതൊക്കെ ഏതെങ്കിലും പാഠപുസ്തകത്തിന്റെ താളില്‍ മാത്രമല്ല ജീവിക്കുന്നത്.

ഇത്രയും ആധുനിക കവികളെ പറയുമ്പോള്‍ പഴയ കവികളെ മറന്നതെന്തേ?

കവിതയും കഥയും തമ്മില്‍, അല്ലെങ്കില്‍ കവിതയും വരികള്‍ മുറിച്ച ചിന്താശകലങ്ങളും തമ്മില്‍, എന്താണു വ്യത്യാസം?

എനിക്ക് കവിത ഈണത്തില്‍ ചൊല്ലാനുള്ളതാണ്. അതുകൊണ്ട് ഈണത്തില്‍ ചൊല്ലാന്‍ പറ്റാത്ത ഉത്തരാധുനിക കവിതകള്‍ കവിതകളല്ലാതാവുന്നില്ല.

എന്നാല്‍

മനുഷ്യന്റെ കൈകള്‍, മനുഷ്യന്റെ കൈകള്‍, കരിമ്പാറ പൊട്ടിച്ചുടയ്ക്കുന്ന കൈകള്‍, കലപ്പക്കഴുത്തില്‍ കൊഴുക്കുന്ന കൈകള്‍,
കരം കൊണ്ടു പെണ്ണിന്‍ മടിക്കുത്തുചുറ്റി-ച്ചഴിപ്പോന്റെ കണ്ഠം തകര്‍ക്കുന്ന കൈകള്‍

എന്ന രീതിയില്‍ എത്ര കവികള്‍ കവിതയെഴുതുന്നു? ഈ കവിത ഞാന്‍ പതിനൊന്നാം ക്ലാസില്‍ ഒരു കാമ്പില്‍ കേട്ടതാണ്. വര്‍ഷങ്ങളൊരുപാടായിട്ടും മനസ്സില്‍ മായാതെ കിടക്കുന്നു. വരികള്‍ ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നതുകൊണ്ട്, ഇമ്പത്തോടെ മനസ്സില്‍ മുഴങ്ങുന്നതുകൊണ്ട്. ഇങ്ങനെ കുറെ ഉണ്ട്. ഇവിടെ വൃത്തവും അലങ്കാരവുമല്ല ഞാന്‍ ഉദ്യേശിച്ചത്.

ഇനി ഉത്തരാധുനിക കവികള്‍ക്ക് ഒരു ചലഞ്ച്

വൃത്തവും അലങ്കാരവും ഒപ്പിച്ച് ഒരു നല്ല കവിത എഴുതിക്കാണിക്കൂ. ഈണം തെറ്റാതെ ചൊല്ലാന്‍ കഴിയുന്ന ഒരു കവിത എഴുതിക്കാണിക്കൂ.

അല്ലാത്തവയും എഴുതിക്കൊള്ളൂ, ഇതു മാത്രമല്ല കവിത എന്നല്ല.

കാഴ്ച്ചപ്പാടുകള്‍ inclusive ആവണം. exclusive ആവരുത്.

പഴമയുടെ നന്മ തലമുറകളുടെ അരിപ്പിലൂടെ അരിച്ച് തെളിനീരായി വന്നതാണ്. അതിനെ തട്ടിക്കളഞ്ഞുകൊണ്ടും എഴുതാം, അതിനെ ആവോളം നുകര്‍ന്നും എഴുതാം. രണ്ടാമത്തെ രീതിയാണ് എനിക്കിഷ്ടം.

ഇത്രയും എഴുതുന്നത് - മലയാളം ബ്ലോഗില്‍ വരുന്ന പല കവിതകളും വരികള്‍ മുറിച്ചുവെച്ച ചിന്താശകലങ്ങള്‍ - രസകരമായ, അതിശയകരമായ ചിന്താശകലങ്ങള്‍ തന്നെ - ആവുന്നു എന്നു തോന്നിയതുകൊണ്ടാണ്. വിത്സന്റെയും വിഷ്ണുമാഷിന്റെയും സനാതനന്റെയും പ്രമോദിന്റെയും ലാപുടയുടെയും ഒക്കെ പല കവിതകളിലും‍ ഇത് തോന്നിയിട്ടുണ്ട്.

ഞാന്‍ ഈ ആശയം വിശദീകരിച്ച് ഒരു പോസ്റ്റാക്കാം - വേണമെങ്കില്‍.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വില്‍സന്‍
നന്നായി. തികച്ചും സത്യസന്ധമായ നിരീക്ഷണങ്ങള്‍,
നല്ല ലേഖനം...

വാല്‍മീകി said...

വളരെ നല്ല വീക്ഷണം.

അനാഗതശ്മശ്രു said...

GOOD

sheela said...

വില്‍സന്‍
ധീരമായ കാഴ്ച്ചപ്പാടുകള്‍ ഇഷ്ടമായി.
എന്നാലും ചില സംശയങ്ങളുണ്ട്.

ഒരു കാലത്ത് പണ്ഡിത ന്യൂനപക്ഷത്തിനെ ചുറ്റിക്കറങ്ങി എന്നു പഴി കേട്ടിരുന്ന കവിത ഇപ്പോളും അതുപോലെ ഒരു പ്രത്യേക ബൌധിക നിലവാരത്തില്‍ ഉള്ളവര്‍ക്കു മാത്രം, അല്ലെങ്കില്‍ കവികള്‍ക്കു മത്രം ദഹിക്കുന്നതായി മാറിയിട്ടില്ലേ? കവിത ബുദ്ധിയുടെ ഭാഷയായ് മാത്രം മാറുന്നില്ലെ?
അപ്പോള്‍ അതു സാധാരണക്കാരനില്‍ നിന്നും അകന്നു പോകുകയല്ലേ?

ആശംസകളോടെ...

കുറുമാന്‍ said...

വളരെ വ്യക്തതയോടെ പറഞ്ഞിരിക്കുന്നു പറയണമെന്ന് തോന്നിയ കാര്യങ്ങള്‍.

ആശംസകള്‍

സുനില്‍ പണിക്കര്‍ said...

ഞാൻ പറയാൻ വന്നത്‌
സിമി പറഞ്ഞിരിക്കുന്നു.
100 ശതമാനവും
സിമി പറഞ്ഞതാണ്‌ ശരി.
വിൽസാ ഇതൊരു
മു ൻ കൂർ ജാമ്യമാണോ..?

ഇനി ഉത്തരാധുനിക കവികള്‍ക്ക് ഒരു ചലഞ്ച്

വൃത്തവും അലങ്കാരവും ഒപ്പിച്ച് ഒരു നല്ല കവിത എഴുതിക്കാണിക്കൂ. ഈണം തെറ്റാതെ ചൊല്ലാന്‍ കഴിയുന്ന ഒരു കവിത എഴുതിക്കാണിക്കൂ.

N.J ജോജൂ said...

എന്തിനാണ്‌ ഈ അവകാശവാദങ്ങളും വെല്ലുവിളികളും എന്നു മനസിലാവുന്നു.

അവനവനു തോന്നുന്ന രീതിയില്‍ കവിതയെഴുതട്ടെ.
മനസിലാകുന്നവനും ആസ്വദിയ്ക്കാന്‍ കഴിയുന്നവനും വായിക്കട്ടെ.

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved