Wednesday, December 5, 2007

ആയിരക്കണക്കിന് അധ്യായങ്ങളുള്ള നഗരം; ഗ്രാമവും


ആഹ്ലാദത്തിന്റെ അത്യുന്നതിയിലേക്ക് നമ്മെ കൊണ്ട്പോകുന്ന മനുഷ്യരുണ്ട്. അവരെക്കുറിച്ചുള്ള ഓര്മ്മ മാത്രം മതി ചിലപ്പോള് ഹ്യദയം തുറന്ന് ചിരിക്കാന്. അവരുടെ സാമീപ്യം നമ്മെ സമാധാനത്തിന്റെ താഴ്വാരങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകും. എന്നാല് ഇതിന് വിപരീതവുമുണ്ട്. ചിലരുടെ മുഖങ്ങള് ഒരു കാരണവുമില്ലാതെ നമ്മെ അസ്വസ്ഥരാക്കും.മരണത്തിലേക്ക് നടത്തും

പുസ്തകങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കയ്യിലെടുക്കുമ്പോള് തന്നെ നമ്മെ കടലിലേയ്ക്ക് എറിയുന്ന പുസ്തകളുണ്ട്. ഇനി സന്തോഷമായി മരിച്ചോളൂ എന്ന് ഊര്ജ്ജപ്പെടുത്തുന്നവയും.

ഈ രണ്ടനുഭവങ്ങളും ഒരുമിച്ച് തരുന്നവയാണ് ടി.പി.അനില്കുമാറിന്റെ രണ്ട് അധ്യായങ്ങളുള്ള നഗരം എന്ന പുസ്തകം.

ഒരു പക്ഷേ പുസ്തകത്തിന്റെ പേരും ഇങ്ങനെ വന്നത് മ:നപൂരവ്വം തന്നെയാകാം. പക്ഷേ കവിതകളിലൂടെ സഞ്ചരിയ്ക്കുമ്പോഴാണ് ഇതു ആയിരക്കണക്കിന് അധ്യായങ്ങളുള്ള നഗരമാണല്ലോ എന്ന് നാം അത്ഭുതപ്പെടുന്നത്.

ടി.പി. അനില്കുമാറിനും അയാളുടെ കവിതയ്ക്കും ഇടയില്
ഒരു അധ്യാപകന്റെയോ ഇടത്ത്ട്ടുകാരന്റെയോ ആവശ്യമില്ലെന്ന് ആമുഖകുറിപ്പില് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് പറയുന്നു. സ്കൂളില് നിന്നും പുറത്താക്കപ്പെട്ട കുട്ടിയുടെ നൊമ്പരമാണ് ഇയാളെന്ന് അനില്കുമാറിനെ ശിഹാബുദ്ദീന് പരിചയപ്പെടുത്തുന്നു. കവിതകളിലൂടെ സഞ്ചരിക്കുമ്പോഴാണ് എവിടെ നിന്നാണ് ഇയാള് പുറത്താക്കപ്പെടാത്തതെന്ന് വായനക്കാരന് ചോദിക്കുന്നത്

നാട്ടില് നിന്ന് , കൂട്ടുകാരില് നിന്ന്, അതിനും മുന്പേ വീട്ടുകാരില് നിന്ന്, ആല്ത്തറയില് നിന്ന്, പാര്ട്ടിയില് നിന്ന്, പുസ്തകങ്ങളില് നിന്ന്, ഓഫീസില് നിന്ന്

സര്പ്പശാപം എന്ന കവിതയില് അതിന്റെ അങ്ങേയറ്റം നാം കാണുന്നു. ജീവന്റെ ചോദനയായ രതിയില് നിന്നാണ് അയാള് പുറത്തെറിയപ്പെടുന്നത്.

“ ഇണയുടെ ഉടലിന്റെ
ചൂരയറിയും മുമ്പ്
എപ്പോഴും നീ
ചുറ്റഴിഞ്ഞെറിയപ്പെടട്ടെയെന്ന്
പ്രാകുകയായിരുന്നോ “

എന്ന് സര്പ്പ ശാപത്തില് കവി പാമ്പിനോട് ചോദിക്കുന്നു

കവിതയോ മനുഷ്യനോ വിലപ്പെട്ടതെന്ന് അനില്കുമാറിന്റെ കവിതകളോട് ചോദിച്ചാല് അത് ഉത്തരം പറയും മനുഷ്യന് പിന്നെയും മനുഷ്യനെന്ന്. മനുഷ്യരില് നിന്ന് അയാള് കവിത കണ്ടെത്തുന്നു എന്നു മാത്രം. എങ്കിലും ആര്ത്തിയോടെ അയാള് പറയുന്നത് ചെടികളെയും പൂക്കളെയും കുറിച്ചാണ്. ആനകളെക്കുറിച്ചും പഴുതാരകളെക്കുറിച്ചുമാണ്. എന്തൊരു സ്നേഹമാണ് , ബഹുമാനമാണ് , ആര്ത്തിയാണ് ഇയാളുടെ കവിതകള്ക്ക് പ്രക്യതിയോട്.

“പച്ച മഞ്ഞ നീല വയലറ്റ്
നിറങ്ങള് തന്ന്
വീട്ടുമുറ്റത്തെ വഴിയിലൂടെ
ബീഡി തെറുക്കാന് പോയിരുന്ന
പരുത്തിപ്പാവാടകള്ക്ക്”

(നനഞ്ഞ ആകാശം)

പുസ്ത്കത്റ്റിന്റെ സമര്പ്പണം പോലും
ഇത്തരത്തിലാണ്.

“ഒരു മുങ്ങാം കുഴിയില്
പുഴയെനിക്കെല്ലാം
മണലില്
കാല്കുത്തിക്കുതിക്കലില്
പുഴയെനിക്കന്യം”

(ജലമോടുന്ന ചില സിരകള്)

“കാശിതുമ്പയുടെ
പഴുത്ത വിത്ത്
സ്പര്ശത്താല് പൊട്ടിച്ചിതറി
എനിക്ക് ഉറക്കം മുറിഞ്ഞു”
(സ്വപ്നം)

“ വഴിയെല്ലാം പുല്ല് മൂടിപ്പോയ്
പൊത്തുകള്ക്കുള്ളിലാണ് ജീവിതം
ആര്ക്കും വേണ്ടെങ്കില്
ഞങ്ങളെന്തിനീ വേഷം കെട്ടണം
സങ്കടപ്പെട്ടൂ ചെടികള്
പൂക്കള്
തണ്ടിലേക്ക് തിരിച്ച് പോയ്
(പൊത്തുകള്)

എന്നിങ്ങനെയെല്ലാം അനില്കുമാര് പ്രക്യതിയേയും പ്രക്യതി അനില്കുമാറിനെയും തേടുകയാണ്. എങ്കിലും ഇയാളുടെ കവിതയിലെ പരിസ്ഥിതി എന്ന മട്ടില് ഒരു നിരൂപണം “രണ്ട് അധ്യായങ്ങള് ഉള്ള നഗരം”എന്ന പുസ്തകത്തെ അവഹേളിക്കലുമാകും. പ്രക്യതിയിലൊതുങ്ങാത്ത ഒരു ജീവിതം ഇയാള് കവിതയില് കരുതിവെച്ചിട്ടുണ്ട് എന്നത് തന്നെ അതിനുള്ള കാരണം.

എത്ര സൂക്ഷ്മമാണ് ഈ കവിതകള് എന്നറിയാന് ഈ വരികള് മതിയാകും.ദൈവത്തിന്റെ ചിരിയില് അയാള് എഴുതുന്നു.

“ഒരാള്ക്ക് മാത്രം നടക്കാവുന്ന
വരമ്പിലൂടെ
എതിരെ വരികയാണെങ്കില്
അവളെ എന്തുകൊണ്ട്
മുന്പേ വെളിപ്പെടുത്തിയില്ല
എന്ന് ചോദിച്ച്
ദൈവമേ
തീര്ച്ചയായും നിന്നെ ഞാന്
ചെളിയിലേക്ക് താഴ്ത്തും “

സാധാരണ മനുഷ്യരുടെ വേദപുസ്തകങ്ങളില് ഈ വരികള്ക്ക് വല്ല സാധൂകരണവുമുണ്ടോ എന്ന് ചോദിച്ചാല് അതുമില്ല. അതു തന്നെയാണ് അനില്കുമാറിനെ അടിമുടി കവിയാക്കുന്നതും

എല്ലാവരും ഒന്നാന്തരം ആണുങ്ങളാകാന് കൊതിക്കുന്ന ഇക്കാലത്ത് പെണ്ണുങ്ങള് പോലും അതിനായി ഉത്സാഹിക്കുന്ന വര്ത്തമാനത്തില് പെണ്ണായേ ജനിക്കൂ ഞാനിനി എന്ന് “നമ്മളില്”അനില് പാടുന്നു
എന്തൊരു ജീവിതമെന്ന് എന്തൊരു കവിതയെന്ന് അത്ഭുതപ്പെ
ടാന് നമ്മള് എന്ന കവിത മാത്രം മതിയാകും. ക്രിസ്തുവിനെ പെണ്ണായി ചിത്രീകരിച്ചുകൊണ്ടുള്ള വിവാദമായ പെയിന്റിംഗ് ഓര്ത്ത് പോവുകയാണ്. പെണ്ണിന്റെ വില ശരിക്ക് എഴുതിത്തീര്ത്തിട്ടുണ്ട് ഇയാള് രചനകളില്

സ്ഥലവും കാലവും തെറ്റി ജനിച്ച ഒരാള് എന്ന് ഇയാളെ ആരെങ്കിലും വിളിച്ചാല് അടികൊടുക്കുകയേ നിവ്യത്തിയുള്ളൂ. ഷാരജയില് താമസിച്ച് ദുബായില് അക്കൌണ്ടന്റായി ജോലി ചെയ്ത് കുടുംബത്തെ പോറ്റി, അതിലുപരി കൂട്ടുകാരെയും പോറ്റി എല്ലാത്തിനെയും സഹിച്ചാണ് ജീവിതം. ആര്ക്കും ഒന്നിനും ഒരു കുറവുമില്ല. കുറവുണ്ടായാല് കരച്ചില് വരുന്നത് അയാള്ക്ക് തന്നെയാണ്. അത് കൊണ്ട് തന്നെ അയാളുടെ സാമൂഹ്യബോധം തീക്ഷ്ണമാണ്.

“പ്രയാസങ്ങള് കൊണ്ട് മതം മാറിയ
ഏതെങ്കിലും ഡ്രൈവറുടെ
സുവിശേഷം കേള്ക്കേണ്ടി വരുമോ
എന്ന ഭയം
പുറത്തിറങ്ങുമ്പോള് എന്നെ പിടികൂടി”

എന്നെഴുതാന് ശരിക്കും മനുഷ്യരുമായി ബന്ധമില്ലാത്ത ആര്ക്ക് കഴിയും ?

എല്ലാത്തിനെയും പോലെ ഒത്ത്തീര്പ്പിന്റെ പുസ്തകമായിരിക്കും രണ്ട് അധ്യായങ്ങളുള്ള നഗരം. ഒത്ത് തീര്പ്പില്ലാത്ത ഒരു ജീവിതം ഇവിടെയുണ്ട് എന്ന് ആ പുസ്തകം ഉറക്കെ, വളരെ ഉറക്കെ പറയുന്നുണ്ട്.

എല്ലാ വികാരങ്ങളും ഉള്ക്കൊള്ളാനാകുന്നവര് മാത്രം ഈ കവിതാ സമാഹാരം , ജീവിത സമാഹാരം വായിക്കുക


.പുസ്തകം: രണ്ട് അധ്യായങ്ങള് ഉള്ള നഗരം
ടി.പി.അനില്കുമാര്, കവിതകള്
പ്രസാധകര് : ഒലീവ്
വില 60 രൂപ
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved