Saturday, December 10, 2011

റേഡിയോ - ഗൾഫ് മലയാളിയുടെ പ്രാത്ഥന

കേരളത്തിൽ റേഡിയോ ഓർമ്മയായി തുടങ്ങുന്ന കാലത്താണു, തൊഴിലനേഷണവുമായി ഗൾഫിലെത്തുന്നത്. ആകാശവാണി, യുവവാണി, സാഹിത്യരംഗം, വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ മറ്റേത് മലയാളിയേയും പോലെ ശരാശരി കാൽപ്പനികമുദ്രകളേ റേഡിയോ സംബദ്ധിച്ച് എനിക്കുണ്ടായിരുന്നുള്ളൂ. ത്യശ്ശൂർ , കൊച്ചി നിലയങ്ങളിൽ കുറച്ച് തവണ കവിതകൾ വായിച്ചുള്ള പരിചയവും.


2003 ൽ യു..ഇ യിൽ എത്തുമ്പോൾ രണ്ട് മലയാളം എ എം റേഡിയോ സ്റ്റേഷനുകളാണു അവിടെയുണ്ടായിരുന്നത്. റാസൽഖൈമ കേന്ദ്രമായി റേഡിയോ ഏഷ്യയും ദുബായ് ആസ്ഥാനമായുള്ള ഏഷ്യാനെറ്റ് റേഡിയോ 657 എ എമ്മും. കഴിഞ്ഞ 8 വർഷത്തിനിടയിൽ ഗൾഫിലെ പ്രക്ഷേപണരംഗത്തെ ഗതിവിഗതികൾക്ക് സാക്ഷിയാകാനും ഭാഗമാകാനും കഴിഞ്ഞത് മാത്രമാണു ഈ വിവരണത്തിനു അടിറസ്ഥാനം.

പ്രവാസി മലയാളിയുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ റേഡിയോ വഹിക്കുന്ന പങ്ക് ഒരു ലേഖനത്തിലോ, പ്രഭാഷണത്തിലോ ഒതുക്കാവുന്നതല്ല.കേവലം 35 വർഷത്തെ മാത്രം ഔദ്യോഗിക ചരിത്രമുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഇപ്പോൾ 2 AM സ്റ്റേഷനുകളും 3 FM സ്റ്റേഷനുകളും മലയാളത്തിൽ മാത്രം സജീവ പ്രക്ഷേപണം നടത്തുന്നു. 2 AM സ്റ്റേഷനുകളും 2 FM സ്റ്റേഷനുകളും പണിപ്പുരയിലും. അറബിക്, ഇംഗ്ലീഷ്, ഉറുദു റേഡിയോ നിലയങ്ങൾ വേറെയും


തദ്ദേശവാസികളുടെ അറബിക് ഭാഷയ്ക്കൊപ്പം ഒരു പക്ഷേ അതിൽ കൂടുതൽ ആഴത്തിൽ ഗൾഫ് മണ്ണിൽ പ്രക്ഷേപണം നടത്തുന്നത് മലയാളമാണെന്നത് കേൾക്കുമ്പോൾ ഇവിടെയുള്ളവർക്ക് അത്ഭുതം തോന്നാം

മലയാളിയുടെ ഹ്യദയസ്വരം

സിനിമാതാരങ്ങളും, ഗായകരും , മിമിക്രി കലാകാരന്മാരും അടങ്ങുന്ന സ്റ്റേജ് ഷോകൾക്ക് ഏറ്റവും വിപണിയുള്ളത് പുറം രാജ്യങ്ങളിലാണു. ടെലിവിഷനിലൂടെ സിനിമാതാരങ്ങൾ ഇത്ര പരിചിതരാകും മുൻപ് പ്രവാസിമലയാളികൾക്ക് അവർ അടുത്തവരായിരുന്നു. തിളങ്ങും താരങ്ങളെ തോളിൽ കയ്യിട്ട് നടക്കുന്ന പ്രവാസികൾ ഒരു കാലത്ത് കാഴ്ച്ച തന്നെയായിരുന്നു.

സിനിമാതാരങ്ങളേക്കാളും പ്രക്ഷേപണ പ്രതിഭകളെ പ്രവാസിമലയാളികൾ നെഞ്ചേറ്റുന്നുവെന്ന് അടുത്തറിയാനുള്ള നിരവധി സന്ദർഭങ്ങളും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായി അബുദാബിയിൽ നിന്നും പ്രക്ഷേപണം നടത്തുന്ന റേഡിയോ നിലയമാണു ഏഷ്യാനെറ്റ് റേഡിയോ. ഗൾഫിലെ പ്രമുഖ മാധ്യമപ്രവർത്തകരിൽ ഒരാളായ കെ.കെ.മൊയ്തീൻ കോയ, രമേഷ് പയ്യന്നൂർ, മനീഷ, റെജി മണ്ണേൽ, വിൽഫ്രഡ് ആന്റണി തുടങ്ങിയവരാണു അതിന്റെ തുടക്കക്കാർ. ആകാശവാണിയിലൂടെ പ്രക്ഷേപണ  രംഗത്ത് ശബ്ദം കേൾപ്പിച്ച ശ്രീ ചന്ദ്രസേനൻ കുറച്ച് കാലം അതിന്റെ സാരഥിയുമായിരുന്നു.

റേഡിയോയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഹ്യദയസ്വരങ്ങൾ എന്ന സ്റ്റേജ് ഷോയുമായി ഗൾഫിലെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ ഒഴികെ.  ചന്ദ്രസേനൻ ഒരുക്കിയ ഹ്യദയസ്വരങ്ങൾ പ്രവാസിമലയാളികളുടെ മനസ്സ് കീഴടക്കി. റേഡിയോ അവതാരകർ മാത്രം അണിനിരന്ന ഹ്യദയസ്വരങ്ങൾക്ക് ടിക്കറ്റ് ലഭിക്കാതെ മടങ്ങിയ ആയിരങ്ങളുണ്ടായിരുന്നു. അബുദാബിയിൽ ജനങ്ങളുടെ ആവശ്യാർത്ഥം രണ്ടാമതും ഹ്യദയസ്വരങ്ങൾ അവതരിപ്പിക്കേണ്ടി വന്നു.


ഉണരുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ ശബ്ദസാന്നിധ്യമായി തങ്ങളോടൊത്തുള്ള റേഡിയോ താരങ്ങളെ നേരിൽ കാണുവാനുള്ള വെമ്പൽ ആ മുഖങ്ങളിൽ എല്ലാമുണ്ടായിരുന്നു.


മലയാളത്തിലെ ഒരു പ്രമുഖസിനിമാ താരത്തിനു സ്വതന്ത്രമായി ഗൾഫ് വീഥികളിലൂടെ സഞ്ചരിക്കാം. ഷോപ്പിംഗ് മാളുകളിൽ പോകാം. എന്നാൽ ജനമധ്യത്തിൽ തിരിച്ചറിയപ്പെട്ടാൽ ഒരു റേഡിയോ പ്രക്ഷേപകനു അത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണു. അനുഭവത്തിൽ നിന്ന് തന്നെയാണു ഈ കുറിപ്പ്.

ഒരിക്കൽ ദുബായിൽ നിന്ന് ടാക്സിയിൽ ഷാർജയ്ക്ക് മടങ്ങുകയായിരുന്നു. മലയാളിയായ ടാക്സി ഡ്രൈവറോട് കുശലം പറഞ്ഞു. വാർത്തകൾ വായിക്കുന്ന കുഴൂർ വിത്സനെന്ന് പരിചയപ്പെടുത്തി. തന്റെ പ്രക്ഷേപണജീവിതത്തിന്റെ ചരിത്രം മനസ്സിൽ സൂക്ഷിച്ച ഒരാളാണു വണ്ടിയോടിക്കുന്നതെന്ന്  ആവേശത്തോടെയുള്ള വർത്തമാനത്തിൽ മനസ്സിലായി. വായനയിൽ സംഭവിച്ച ചെറിയ തെറ്റുകൾ, പ്രത്യേക പ്രയോഗങ്ങൾ, എന്തിനു തത്സമയ പരിപാടിയിൽ എന്നോട് തർക്കിച്ചവരുടെ പേരുകൾ എല്ലാം മനപാഠമാക്കി വച്ചിരിക്കുന്നു അയാൾ

ദുബായിൽ നിന്നും ഷാർജയിലേക്ക് നേരെയല്ലാത്ത മറ്റൊരു വഴിയിലൂടെയാണു ആ ഡ്രൈവർ വണ്ടിയോടിച്ചത്. കാരണമനേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു


ക്ഷമിക്കണം സർ. കാശ് ഞാൻ വാങ്ങിക്കില്ല. ആഗ്രഹം കൊണ്ടാണു. എത്ര നാളായി കാണണമെന്ന് ആഗ്രഹിക്കുന്നു.കുറച്ച് സമയം കൂടി കൂടെയിരിക്കുമല്ലോ
നാട് വിട്ടവന്റെ അനാഥബോധം ശരിക്കറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അതിനു ശേഷം എന്ത് ഉച്ചരിക്കുമ്പോഴും ഒറ്റപ്പെട്ട് പോകുന്ന ഇത്തരം മനസ്സുകളെ ഉള്ളിൽ കരുതാറുണ്ട്. അവരോടായി സംസാരിക്കാറുണ്ട്.


ഗൾഫിലെ പ്രക്ഷേപണ രംഗത്തുണ്ടായിരുന്ന ഏവർക്കുംഈ മേഖലയിലെ അതികായനായ കെപികെ വേങ്ങര മുതൽ ഇളം തലമുറക്കാരിയായ നീനയ്ക്ക് വരെ ഇത്തരം നൂറനുഭവങ്ങൾ പങ്ക് വയ്ക്കാനുണ്ടാകും


കേട്ടും കണ്ടും നിൽക്കുകയല്ല ഇടപെടുകയാണു

നന്നാവുകയോ നശിച്ച് പോവുകയോ ചെയ്യുന്ന നാടിനെക്കുറിച്ച് ആർക്കാണു അധികം ഉത്കണ്ഠ. പ്രവാസിമലയാളികൾക്കാണെന്ന് നിസ്സംശയം പറയാം. നാട്ടിൽ ഒരു സംഭവം ഉണ്ടായാൽ ഉണർന്നിരുന്ന് അതേക്കുറിച്ച്  പ്രതികരിക്കുന്നത്, ഇടപെടുന്നത് പ്രവാസിമലയാളികളാണു. അതിനുള്ള ഊർജ്ജം പകരുന്നത് മലയാളം റേഡിയോ നിലയങ്ങളും


കേരളത്തിലെ ഓരോ ചലങ്ങളും തങ്ങളെ , തങ്ങളുടെ കുടുംബത്തെ , നാടിനെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് ഓരോ മലയാളിയും ബോധവാനാണു. പ്രത്യേക അറിയിപ്പുകളായും ഫ്ലാഷ് ന്യൂസായും അതവരുടെ ചെവികളിൽ തത്സമയം എത്തിക്കൊണ്ടിരിക്കുന്നു.
ജോലിക്കാരൻ യാത്ര ചെയ്യുമ്പോൾ, തയ്ക്കുമ്പോൾ , ഗ്രോസറിയിൽ പണിയെടുക്കുമ്പോൾ, ബിസിനസ്സുകാരൻ കാറിൽ യാത്ര ചെയ്യുമ്പോൾ , വീട്ടമ്മ കറിക്ക് നുറുക്കുമ്പോൾ ഒക്കെ കേരളവിശേഷങ്ങൾ , കേരളത്തിൽ ഉള്ളവർ അറിയുന്നതിനേക്കാൾ ആഴത്തിൽ അവർ അറിഞ്ഞ് കൊണ്ടിരിക്കുന്നു. സുനാമി കടൽത്തിരകളിൽ ജീവിതം കൈവിട്ട് പോയ പലർക്കും സഹായമായെത്തിയ കൈത്താങ്ങുകളിൽ നല്ലൊരു ബലം പ്രവാസി മലയാളികളുടേതായിരുന്നു

റേഡിയോക്കാലത്തെ എന്റെ പരിപാടികളിൽ സജീവമായി ഇടപെടുന്ന ഒരാളുണ്ടായിരുന്നു. മുടങ്ങാതെ അയാളുടെ കാളുകൾ എത്തും. പക്ഷേ പരിപാടിക്കിടയിൽ ഇടക്കിടെ ശബ്ദം മുറിയും. ഒരിക്കൽ കാരണം തിരക്കി. പലപ്പോഴും അദ്ദേഹം ഫോൺ ചെയ്യുന്നത് ആകാശത്ത് നിന്നായിരിക്കും. പത്തും നൂറും നിലകളുള്ള കെട്ടിടങ്ങളിൽ ക്രെയിൻ ഓപ്പറേറ്റയായിരുന്നു അദ്ദേഹം.ക്രെയിനിൽ റേഡിയോ കെട്ടി വച്ചാണു അയാൾ ജോലി ചെയ്യുന്നതെന്ന കാര്യമറിഞ്ഞപ്പോൾ ഞങ്ങളിൽ പലർക്കും ചിരിപൊട്ടി. വീണുകിട്ടിയ ഒരു സ്വകാര്യസംഭാഷണത്തിൽ അയാൾ മനസ്സ് തുറന്നു. ലേബർ ക്യാമ്പിലാണു താമസം. പണിയിടങ്ങളിൽ നിങ്ങളുടെ ശബ്ദം മാത്രമാണു കൂട്ട്. ഭാര്യയുടെയും മക്കളുടെയും ശബദം കേട്ടില്ലേൽ സഹിക്കും. നിങ്ങളുടെ ശബ്ദമില്ലേൽ ഒരു ദിവസം പോലും പറ്റൂല്ല മാഷേ എന്ന് കേട്ടപ്പോൾ തൊണ്ട വരണ്ടത് അദ്ദേഹത്തിനോ എനിക്കോ ?

അബുദാബിയിലെ അടുക്കളയിൽ നിന്ന് വിധവയുടെ ചില്ലിക്കാശ്

സുനാമിത്തിരമാലകൾ ലോകത്തിന്റെ വിവിധഭാഗങ്ങൾക്കൊപ്പം കേരളത്തെയും വിഴുങ്ങിയപ്പോൾ ഉറങ്ങാതിരുന്നത് ഗൾഫ് മലയാളികളാണു. തീരദേശത്തുള്ള ആയിരക്കണക്കിനി മലയാളികൾ ഗൾഫിൽ ഉണ്ടെന്നുള്ളത തന്നെ കാരണം. മറ്റ് പരിപാടികളെല്ലാം നിറുത്തിവച്ച് സുനാമി ദുരന്ത വാർത്തകൾ നൽകുകയായിരുന്നു ഞങ്ങളന്ന്. ഊണില്ല. ഉറക്കമില്ല. ദുരിത ബാധിതർക്ക് സഹായമെത്തിക്കാൻ ഒരു പ്രത്യേക സംഘത്തെ തന്നെ ഗൾഫിലുടനീളം അന്ന് റേഡിയോ ഏർപ്പെടുത്തിയിരുന്നു. ഇടവേളക്കിടയിൽ ലാൻഡ്ഫോണിൽ ഒരു കാൾ വന്നു. തിരക്കിനിടയിലും ഞാനതെടുത്തു. അങ്ങേത്തലയ്ക്കൽ അത്രയൊന്നും പരിഷ്ക്യതമല്ലാത്ത സ്ത്രീശബ്ദം. നിങ്ങളുടെ സുനാമി സഹായ വണ്ടി സിലയിൽ എപ്പോൾ എത്തുമെന്നായിരുന്നു അവരുടെ ചോദ്യം. അബുദാബി നഗരത്തിൽ നിന്ന് കിലോമീറ്ററുകളോളം അകലെയുള്ള ഗ്രാമപ്രദേശമാണു സില. സിലയിലേക്ക് വണ്ടി വരില്ലെന്നായി ഞാൻ. അവർ വല്ലാതെയായി. കരച്ചിലായി.

എന്തൊക്കെയാണു സഹായമായി കരുതിയത് എന്ന് ചോദിച്ചു. രണ്ട് മൂന്ന് ബക്കറ്റുകൾ, കുറച്ച് ഉടുപ്പുകൾ, നൂറു ദിരഹം. സാമ്പത്തിക സ്ഥിതി അധികമില്ലാത്ത ഒരാൾ എന്ന് വർത്തമാനത്തിൽ തോന്നിയതിനാൽ അവരെക്കുറിച്ച് ചോദിച്ചു. അറബിയുടെ വീട്ടിൽ അടുക്കളപ്പണിയാണു അവർക്ക്. കൊല്ലത്താണു വീട്.മാസശമ്പളം 400 ദിർഹമാണു. നാട്ടിൽ പോയിട്ടു വർഷം മൂന്നാകുന്നു. നാട്ടിൽ പോകുമ്പോൾ കൊണ്ട് പോകാൻ അറബികൾ കൊടുത്ത സാധനങ്ങളാനു അവർ സംഭാവനയായി എടുത്ത് വച്ചിരിക്കുന്നത്. പിന്നെ അറബിയോട് സുനാമിയുടെ പേരിൽ കരഞ്ഞ് വാങ്ങിയ 100 ദിർഹവും. ഞാൻ വല്ലാതെയായി. ആയിരങ്ങളേക്കാൾ വിലയുണ്ട് ഈ മനസ്സിനു. അത് മതിയെന്ന് ഞാൻ പറഞ്ഞു. അവർ സമ്മതിച്ചില്ല. രണ്ട് ദിവസമായി അവർ ഭക്ഷണം കഴിച്ചിട്ട്. കൊല്ലത്ത് വീട്ടുകാരും നാട്ടുകാരുഅം ദുരിതത്തിൽ നീന്തുമ്പോൾ ഇവിടെ ഇരിക്കപ്പൊറുതിയില്ലെന്ന് അവർ പറഞ്ഞു. അവരുടെ ശബ്ദം അന്ന് റേഡിയോയിൽ കേൾപ്പിച്ച് എന്നിലെ പ്രക്ഷേപകനെ ഞാനന്ന് ത്യപ്തിപ്പെടുത്തി.

ഗൾഫ് മലയാളിക്ക് ഒരു പ്രശ്നമുണ്ടായാൽ ആകുലരാവുന്ന എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ. ഗൾഫിൽ പണിയെടുക്കന്നവരുടെ മറുജീവിതം എത്ര പേർക്ക് അറിയാം

നാടിനെക്കുറിച്ച് ഒരു ചുക്കുമറിയാത്തവെരെന്ന് പ്രവാസിമലയാളികളെ പരിഹസിക്കുന്നവർ, തങ്ങളിൽ എത്ര പേർക്ക് ഗൾഫിനെക്കുറിച്ചും അവിടെ പണിയെടുക്കന്നവരെക്കുറിച്ചും അറിയാമെന്ന് ആലോചിച്ച് നോക്കിയാൽ നന്നാകുമായിരുന്നു 
പൊലിക
വലിയ ഇഷ്ടമുള്ള വാക്കാണു പൊലിക. വീടിനടുത്തുള്ള കൂട്ടുകാരുടെ കൂട്ടമായ കരിന്തലക്കൂട്ടത്തിൽ കൂടി നടക്കുമ്പോഴാണു ആ വാക്ക് ഉള്ളിൽ കയറിയത്. കൂടുതൽ ഉണ്ടാകട്ടെ എന്നാണത്രെ അർത്ഥം . കൊയ്യാൻ വന്നവർക്ക് അമ്മ നെല്ല് അളന്ന് കൊടുക്കുമ്പോൾ പൊലിച്ചു വാ പൊലിയേ എന്ന് ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ഈ നസ്രാണിയമ്മയ്ക്ക് എവിടെ നിന്നും കിട്ടി ഈ മന്ത്രം എന്ന് അന്തിച്ചിട്ടുമുണ്ട്
പിന്നീട് റേഡിയോ ജോലിക്കാരനായപ്പോൾ മുൻപ് ജോലി ചെയ്തിരുന്ന ഇടത്ത് ഒരു നാടൻപാട്ട് പരിപാടി ചെയ്തിരുന്നു. അതിനു പേരിട്ടു. പൊലിക. 3 വർഷത്തോളം എമിറേറ്റിലെ മലയാളികൾ വെള്ളിയാഴ്ച്ച അത് കേട്ടിരുന്നു. ചിലരെങ്കിലും കൂടെ പാടിയിരുന്നു. ആടിയിരുന്നു.
അതിൽ ഒരാളായിരുന്നു രവീന്ദ്രൻ. അബുദാബിയിൽ നിന്നും ഏറെ അകലെ സിലയിലാണു താമസം. ഒറ്റയ്ക്കാണു. ഒരു അറബിയുടെ ഓഫീസിൽ. ഖസാക്കിലെ രവിയുടെ ഏകാധ്യാപക വിദ്യാലയം പോലെ.
പൊലിക കഴിഞ്ഞാൽ രവീന്ദ്രന്റെ ഫോൺ വരും. ആ പാട്ടുകളെ പറ്റി പറയും. ജീവിക്കാനുള്ള എത്ര ആശയാണെന്നോ ആ പാട്ടുകൾ തരുന്നതെന്ന് പറയും. ചിലപ്പോൾ അയാൾ ഫാക്സ് അയക്കും. പിന്നെപ്പിന്നെ വിളിയുമായി. പാതിരാത്രികളിൽ രവീന്ദ്രൻ വിളിക്കും. സില. ഒറ്റമുറി. വടകരയിലെ വീട്. ഭാര്യ. മോൾ എല്ലാം എല്ലാം. സമയത്തിനു അനുസരിച്ച് ഞാനും കൂടും.
ഒരു ദിവസം എന്നെയും പൊലികയേയും കവിതയേയും ഒക്കെ ചേർത്ത് എഴുതിയ കവിത ആയിരുന്നു രവീന്ദ്രന്റെ സമ്മാനം. കുറച്ചൊന്നുമല്ല ആ വരികൾ എന്നെ ജീവിപ്പിച്ചത്. പിന്നെ പൊലിക ചെയ്യുന്നത് രവീന്ദ്രനും വേണ്ടി കൂടിയായി. ഒരാൾ എന്നെ കേൾക്കുന്നു. എന്റെ ശ്വാസഗതികൾ പോലും ശ്രദ്ധിക്കുന്നു
ഒരു രാത്രി അയാൾ എന്നെ വിളിച്ചു. നല്ല സന്തോഷത്തിലാണു. കവിതയൊക്കെ വായിക്കുന്ന ആളുടെ മോൾ നാട്ടിൽ നിന്നും അന്നും വിളിച്ചിരിക്കുന്നു. രവീന്ദ്രൻ വച്ച കുഞ്ഞു വീടിനു ഒരു പേരു വേണം. ആ വീടിനു ഞാനൊരു പേരിടണം എന്നാണു രവീന്ദ്രന്റെ ആവശ്യം. മക്കളില്ലാത്തൊരുവനോട് കുഞ്ഞിനൊരു പേരിടാനും വീടില്ലാത്തൊരുവനോട് വീടിനൊരു പേരിടാനും ചൊല്ലവേ കൂട്ടുകാരാ രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ നീ കണ്ടുവോ എന്ന അയ്യപ്പന്റെ വരി ഞാൻ തിരികെ ചൊല്ലിക്കൊടുത്തു. വിത്സൺ ചേട്ടനു ഇത് രണ്ടുമുണ്ടല്ലോ എനിക്കൊരു പേരു തായെന്നായി രവീന്ദ്രൻ.
വർത്തമാനത്തിനിടയിൽ ഞാൻ ചോദിച്ചു. വടകരയിൽ നീ ആശിച്ചു വച്ച വീടിനു , പ്രിയപ്പെട്ടവളും മോളും മോനും കഴിയുന്ന വീടിനു പൊലിക എന്ന് പേരിട്ടാലോ . ആലോചിച്ച് പോലുമില്ല. നൂറു സമ്മതം മൂളി. ആഹ്ലാദിച്ച് ചിരിച്ചു. പൊലിക പൊലിക പൊലികയെന്ന് പലവട്ടം പറഞ്ഞു.
ഞാൻ ഇത് വരെ കാണാത്ത രവീന്ദ്രൻ . അയാൾ വടകരയിലെ ഏതോ ഒരു ഉൾപ്രദേശത്ത് ആശിച്ച് വച്ച വീടിനു പൊലികയെന്ന് പേർ. സിലയിൽ നിന്നും മോൾ വഴി രവീന്ദ്രൻ പോലും കാണാത്ത വീടിനു അവൻ ആ പേരിടുമ്പോൾ
ആ. സ്ഥലം കാലം ബന്ധം .
ആ ...
കുറച്ച് മുൻപ് പുതിയ നമ്പർ തപ്പിപ്പിടിച്ച് രവിന്ദ്രൻ വിളിച്ചു. പഴയ റേഡിയോയിൽ എന്റെ ശബ്ദം കേൾക്കാത്തതിലുള്ള പരിഭവം. എന്നാൽ പഴയ ഊഷ്മളത. അതിനേക്കാൾ പൊടിക്ക് കൂടിയിട്ടുണ്ടോ ?
നാട്ടിൽ പോയിരുന്നുവത്രെ. സന്തോഷമാണത്രെ. എല്ലാവരും സുഖമായി ഇരിക്കുന്നുവത്രെ.
ഒടുവിൽ പറഞ്ഞു. ഞാൻ മരിച്ചാലും എന്റെ വീട് വിത്സേട്ടനെ മറക്കുകയില്ല. അതിനു മുൻപിൽ കറുത്ത വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിട്ടുണ്ട്. പൊലികയെന്ന്. ആ വീട് പ്രകാശിക്കട്ടെ. ഞാൻ പറഞ്ഞു.
ഈ പഹയൻ ഇതെവിടെപ്പോയി എന്ന് എന്നും രാത്രി എന്നെക്കാത്തിർക്കുന്ന വീടിനെക്കുറിച്ചോർത്തു.
പതിവ് കണക്കെ സങ്കടം വന്നു. ഫോൺ വച്ചു
പൊലിക പൊലിക പൊലിക





ഗൾഫിൽ റേഡിയോ പ്രാർത്ഥന കൂടിയാണു

ഒരാൾ എപ്പോഴാണു ഏറ്റവും ത്രീവമായി പ്രാർത്ഥിക്കുക. ദുഖം വരുമ്പോൾ, ഒറ്റപ്പെടുമ്പോൾ. തീർച്ചയായും ഗൾഫ് മലയാളിയുടെ റേഡിയോയിൽ തീർത്തും പ്രാർത്ഥനയുടെ അംശമുണ്ട്. 6 നിലയങ്ങളിലായി ഇരുന്നൂറോളം പ്രക്ഷേപകർ യു.. ഇ യിലുണ്ട്. അവരിൽ മിക്കവരും ഗൾഫ് മലയാളിയുടെ കുടുംബാഗങ്ങളിൽ ഒരാളുമാണു. ഒരു തരം ഹ്യദയബന്ധം.
അതിന്റെ തുടക്കം പ്രാർത്ഥനയിൽ നിന്നാണെന്ന് അറിയുക. തൊഴിൽ തേടിയാണു മലയാളി കടൽ കടന്നത്. തൊഴിലായി. ശാരീരിക ആവശ്യങ്ങൾ നിറവേറ്റി. കുടുമബത്തെ നോക്കി. പിന്നെ ഈശ്വരനു നന്ദി പറയണം
വെള്ളിയാഴ്ച്ചകളിൽ ഗൾഫിലെ പള്ളികളിൽ നമസ്ക്കരിക്കാൻ പോയിരുന്നവർ മലയാലത്തിനായി കൊതിച്ചു. ആദ്യകാലങ്ങളിൽ കുതുബ( ഈശ്വരനെ ഓർക്കുന്ന പ്രഭാഷണം) അറബിക്കിലായിരുന്നു. മലയാളത്തിൽ ഈശ്വരനെ കേൾക്കാൻ കൊതിച്ചവർ അതിനായി പരിശ്രമിച്ചു. അതെ  ആദ്യമായി ഗൾഫിൽ റേഡിയോ മലയാളത്തിനായി ഉപയോഗിക്കപ്പെട്ടത് കുതുബ മലയാളം പ്രക്ഷേപണം ചെയ്യാനെന്ന് ചരിത്രം പറയുന്നു
അത് പടർന്നു. അതിന്റെ വീചികളിൽ സംഗീതവും, നാടൻപാട്ടുകളും വാർത്തകളും ഇടകലർന്നു

ഗൾഫിൽ ഒറ്റപ്പെടുന്നവരുടെ പ്രാർത്ഥന കണക്കെ അത് പരക്കുകയാണു. മനുഷ്യന്റെ മനസ്സോളം. ആകാശത്തോളം
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved