Sunday, July 29, 2018

ഒരച്ഛന്‍ പെണ്‍മക്കള്‍ക്ക് അയച്ച കത്ത്

1969 ല്‍ വിന്നി മണ്ടേല അറസ്റ്റിലായപ്പോള്‍ , നെത്സണ്‍ മണ്ടേല തന്റെ പെണ്മക്കളായ സെനിക്കും സിന്‍സിക്കും ജയിലില്‍ നിന്നും എഴുതിയ കത്ത് 
എന്റെ തങ്കക്കുടങ്ങളേ, 

ഒരിക്കൽ കൂടി മമ്മിയെ പൊലീസ് പിടിച്ച് കൊണ്ട് പോയിരിക്കുന്നു. ഇപ്പോൾ ഡാഡിയും മമ്മിയും അകലെയുള്ള ജയിലുകളിലാണു. എവിടെയോ ഒരു ജയിലിന്റെ സെല്ലിൽ ഒറ്റയ്ക്കിരിക്കുന്ന അവളെയോർക്കുമ്പോൾ നെഞ്ച് വിങ്ങുന്നു. അവളവിടെ എന്തെടുക്കുകയായിരിക്കും. മിണ്ടാൻ പോലും ആരുമുണ്ടാകില്ല. വായിക്കാനും ഒന്നും കിട്ടാനിടയില്ല. ഇരുപത്തിനാലു മണിക്കൂറും നിങ്ങളെക്കുറിച്ച് തന്നെയാവും മമ്മിയുടെ വേവലാതി. ഇനി എന്നാണു മമ്മിയെ കാണാനാവുക എന്ന് പറയാനാവില്ല. ചിലപ്പോൾ മാസങ്ങളെടുക്കും, ചിലപ്പോൾ വർഷങ്ങൾ, ചിലപ്പോൾ അനവധി വർഷങ്ങൾ നിങ്ങൾ അനാഥരേപ്പോലെ കഴിയേണ്ടി വരും, സ്വന്തമായി വീടില്ലാതെ, ഡാഡിയും മമ്മിയുമില്ലാതെ, സ്വാഭാവികമായി കിട്ടേണ്ട സ്നേഹവും പരിഗണനകളും കിട്ടാതെ, മമ്മി വാരിക്കോരി തന്നിരുന്ന കരുതലും സംരക്ഷണവും ഇല്ലാതെ.  

ഇനി മുതൽ നിങ്ങൾക്ക് പിറന്നാൾ സമ്മാനങ്ങൾ കിട്ടില്ല. ക്രിസ്തുമസ്സ് പാർട്ടികൾ ഉണ്ടാവില്ല. പുതിയ പുതിയ ഉടുപ്പുകൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ ...ഒന്നുമുണ്ടാകില്ല. സന്ധ്യാനേരത്ത് ഇളംചൂടുള്ള വെള്ളത്തിൽ കുളിപ്പിക്കാൻ ഇനി മമ്മിയില്ല എന്നോർക്കണം. അവരുണ്ടാക്കിയിരുന്ന രസമുള്ള പലഹാരങ്ങൾ, വെടുപ്പായി ഒരുക്കിയ മെത്ത, ഇളം ചൂടുള്ള പുതപ്പുകൾ. ഒക്കെ ഓർമ്മയാണു. കൂട്ടുകാർക്കൊപ്പം കസർത്തു കാണിക്കാൻ മമ്മിയൊരുക്കിയിരുന്ന സൂത്രങ്ങൾ. അവൾ പറഞ്ഞ് തന്ന സുന്ദരൻ കഥകൾ. നിങ്ങളുടെ തുടരൻ ചോദ്യങ്ങൾക്കുള്ള മമ്മിയുടെ ഉത്തരങ്ങൾ ഒക്കെ അന്യം. നിങ്ങളുടെ പല സംശയങ്ങൾക്കും അവൾ തെരഞ്ഞെടുത്ത് തന്ന പുസ്തകങ്ങൾ. പെൺകുട്ടികളായ നിങ്ങൾക്ക് ഈ പ്രായത്തിൽ ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക് മറുപടി പറയാനും മമ്മിയില്ല.  നമുക്കെല്ലാവരും പ്രിയപ്പെട്ട ഓർലാന്റോയിലെ 8115 ആം നമ്പർ വീട്ടില്‍  ഇനിയൊരിക്കലും നമ്മൾ പഴയ പോലെ ഒത്തുചേർന്നു എന്നും വരില്ല 

ഇതാദ്യമായല്ല മമ്മി ജയിലിൽ പോവുന്നത്. 1958 ഒക്ടോബറിൽ , ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ് 4 മാസങ്ങൾക്കുള്ളിൽ  അവൾ മറ്റ് രണ്ടായിരം പേർക്കൊപ്പം ജയിലിൽ പോയിട്ടുണ്ട്. ജോഹന്നാസ് ബർഗിലെ ആ പ്രതിഷേധത്തിനു അവൾ കിടക്കേണ്ടി വന്നത് രണ്ടാഴ്ച്ചയാണു. കഴിഞ്ഞ വർഷം അവൾ നാലു ദിവസം തടവറയിൽ കിടന്നു.  ഇതാ വീണ്ടും അവളെ പൊലീസ് പിടിച്ച് കൊണ്ട് പോയിരിക്കുന്നു. ഇത് എത്ര നാളത്തേക്കാണെന്ന് പറയാനാവില്ല. 

ഒരു കാര്യം എനിക്ക് തറപ്പിച്ച് പറയാൻ പറ്റും. നമ്മുടെ മമ്മി ഒരു ധീരയാണു. നാട്ടിലെ ജനങ്ങൾക്കൊപ്പമാണു അവരുടെ നെഞ്ച് മിടിക്കുന്നത്.  അതൊരിക്കലും നിങ്ങളും മറന്ന് കൂടാ. സുഖസൗകര്യങ്ങൾ നിറഞ്ഞ ഒരു ജീവിതം വെടിഞ്ഞ് കയ്പ്പും വേദനയും നിറഞ്ഞ ഒന്ന് അവൾ തെരഞ്ഞെടുത്തത് ഈ നാടിനു വേണ്ടിയാണു. ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണു. മുതിരുമ്പോൾ നിങ്ങൾക്കത് കൂടുതൽ മനസ്സിലാവും . 

അവൾ കടന്ന് പോയ കനൽ വഴികൾ. വിശാസങ്ങൾക്ക് വേണ്ടി അവൾ നടത്തിയ ആത്മബലികൾ. അതിനായി അവളർപ്പിച്ച സ്വന്തം ജീവിതം. സത്യത്തിനും നീതിക്കും വേണ്ടി അവൾ നടത്തിയ സഹനസമരങ്ങൾ, യുദ്ധസമാനമായ ആത്മസംഘർഷങ്ങൾ . അതിലൂടെ ബലി കഴിക്കപ്പെട്ട സ്വകാര്യസന്തോഷങ്ങൾ 
No comments:

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved