സ്വകാര്യം
1
സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിക്കാനല്ലാതെ ആദ്യമായി പേനയെടുത്തത് ഇറച്ചിവെട്ടുകടയിൽ കണക്കെഴുതാനായിരുന്നു.ആന്റണി 2 കിലോ, രാമച്ചോൻ അരക്കിലോ എന്നൊക്കെ.ആ കൈകൊണ്ട് ഇപ്പോൾ കവിതയെഴുതുമ്പോൾ ചിലപ്പോൾ സങ്കടവും ചിലപ്പോൽ സന്തോഷവും വരും. കുടുംബത്തിൽ ഒന്നിലധികം ഇറച്ചിവെട്ടുകാരുണ്ടായിരുന്നു. ഇറച്ചിവെട്ടുകാരന്റെ ബുധൻ ശനി ഞായർ തിങ്കൾ ദിവസങ്ങളെക്കുറിച്ച് ഒരു പുസ്തകം ഉള്ളിൽ എഴുതി വച്ചിട്ടുണ്ട്.
2
അപ്പൻ നല്ല ഒരു കർഷകനായിരുന്നു. മണ്ണ് രുചിച്ച് നോക്കി വളമൊക്കെ തീരുമാനിക്കുമായിരുന്നു കക്ഷി. ക്യഷിയിലേക്ക് വരുന്നതിനു മുൻപ് പുള്ളിക്കാരൻ കൊടകിലായിരുന്നു. മരം വെട്ടുകാരുടെ നോട്ടക്കാരൻ. മരങ്ങളെക്കുറിച്ചൊക്കെ നല്ല പിടിപാടുണ്ടായിരുന്നു. അപ്പൻ വെട്ടിയ മരങ്ങൾക്ക് വേണ്ടി കൂടിയാകണം എന്റെ ചില മരക്കവിതകൾ. കവിതകൾക്ക് മരത്തിൽ ആരു കൂടോത്രം കൊടുത്തു എന്നുള്ളതിനു തൽക്കാലം ഇതല്ലാതെ ഇപ്പോൾ മറുപടിയില്ല. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മരമായി ജനിക്കണം എന്നത് കാൽപ്പനികമായ വെറും സ്വപ്നം മാത്രമല്ല
3
ജമ്മം എന്ന കവിത എഴുതിയതിനാൽ ഗൾഫിലെ മുസ്ലിംലീഗുകാരുടെ ഉപരോധത്തിന്റെ പേരിൽ മുൻപ് ജോലിചെയ്തിരുന്ന ഒരു ചാനൽ ഒരു മാസം ശമ്പളമില്ലാതെ പുറത്ത് നിർത്തിയിട്ടുണ്ട്. പ്രവാസത്തിന്റെ അസ്ഥിരതയാൽ അതെക്കുറിച്ച് ഇത് വരെ എഴുതിയിട്ടില്ല. അതേ ചാനലുകാർ വളരെ ആർജ്ജവത്തോടെ ഐസ് ക്രീം കേസിന്റെയൊക്കെ വാർത്ത നൽകുന്നത് കാണുമ്പോൾ ചിലപ്പോഴൊക്കെ ചിരി വരും.
4
മലയാളകവിതയിൽ ഏറ്റവുമാദ്യം ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യഅഞ്ച് ബ്ലോഗുകളിൽ എന്റേതുമുണ്ട്. ബ്ലോഗിനെ പരിഹസിച്ചും പുച്ഛിച്ചും അവതരിപ്പിച്ച ഒരു റേഡിയോ ടാക്കിലൂടെയാണു ബ്ലോഗിലേക്ക് വരുന്നത്.
അഞ്ച് വർഷം മുൻപ് അന്ന് മലയാളത്തിൽ ഉണ്ടായിരുന്ന അമ്പതോളം ബ്ലോഗർമാർ പിന്നീട് പലതരത്തിൽ കൂട്ടുകാരായി.വിശാല മനസ്ക്കൻ, കുറുമാൻ, കൈപ്പിള്ളി തുടങ്ങിയവർ. അന്ന് ബ്ലോഗിനു വേണ്ടി വാദിച്ച സമീഹ എന്ന പെൺകുട്ടിയാണു ഇ ലോകത്തേക്ക് കൊണ്ട് വന്നത്.
5
കലാകൗമുദിയിൽ വളരെ മുൻപ് ഒരു കവിത അച്ചടിച്ച് വന്നിട്ടുണ്ട്.മാധ്യമത്തിലും. മറ്റ് മാധ്യമങ്ങളുടെ മുഖ്യധാരയിൽ ഇത് വരെ കവിത അച്ചടിച്ചിട്ടില്ല. എങ്കിലോ പുതുകവിതയെക്കുറിച്ചുള്ള സജീവമായ ചർച്ചകളിൽ ഒക്കെ തന്നെ എന്റെ വരികളെക്കുറിച്ചുള്ള പരാമർശമുണ്ട്. അച്ചടി മലയാളം നാട് കടത്തിയ കവിതകൾ എന്ന് ബ്ലോഗിനു ചെറുതലക്കെട്ട് ഇടാൻ അതാകാം പ്രചോദനം. ഇന്ന് ഇത് കുറിക്കുമ്പോൾ ബ്ലോഗിലെ സന്ദർശകരുടെ എണ്ണം അമ്പതിനായിരത്തോട് അടുക്കുകയാണു. ഒരു വഴി അടഞ്ഞാൽ ആയിരം വഴി തുറക്കുമെന്ന ചൊല്ലിൽ വിശ്വാസം വലുതാകുന്നു
6
മലയാളം അക്ഷരമാല ഇപ്പോഴും ക്രമമായി എഴുതാൻ അറിയില്ല. മലയാളം വാക്കുകളുടെ ഉച്ചാരണം നേരെയാക്കാൻ ചെറുപ്പത്തിൽ ആരും ഉണ്ടായിരുന്നുമില്ല. എന്നിരുന്നാലും ഒരു റേഡിയോ വാർത്താ വായനക്കാരൻ എന്ന നിലയിൽ പത്ത് വർഷം പൂർത്തിയാവുകയാണു. തരക്കേടില്ലാത്ത ജനകീയതയോടെ തന്നെ. പഴഞ്ചൊല്ലിന്റെ ഒരു ഭാഗം പോലെ മലയാളികൾ ഓർക്കുന്ന ഒന്നായ വാർത്തകൾ ‘വായിക്കുന്നത് രാമചന്ദ്രൻ’, ആദ്യമായി വാർത്ത വായിക്കാൻ പറഞ്ഞ ചന്ദ്രസേനൻ സാറിന്റെ അവതരണം എന്നിവ ഓർക്കുന്നു
7
മുപ്പത്തി അഞ്ച് വയസ്സിനിടയ്ക്ക് മറ്റ് മനുഷ്യരെപ്പോലെ, സാധാരണവും അസാധാരണവുമായ നിരവധി നിമിഷങ്ങളിലൂടെ കടന്ന് പോന്നിട്ടുണ്ട്. മൂന്ന് വിവാഹങ്ങൾ അതിലൊന്നാണു. ഒന്ന് പഠിക്കുന്ന കാലത്ത് വീട്ടുകാരറിയാതെ. രണ്ട് അമ്മയുടെ സമാധാനത്തിനു പള്ളിയിൽ വച്ച്. മൂന്ന് ഗൾഫിലെ ഫാമിലി സ്റ്റാറ്റസ് രേഖകൾ ശരിയാക്കാൻ രജിസ്റ്റർ ഓഫീസിൽ. മൂന്നിലും പെൺകുട്ടി മേരി തന്നെയാണെന്നത് സന്തോഷം തരുന്നു.
പള്ളിയിലെ കല്ല്യാണത്തിനു 101 പവൻ വാങ്ങിയത് എറണാകുളം നോർത്തിലുള്ള നവാസ് ജ്വല്ലറിയിൽ നിന്നാണു. എന്നത്തെയും റോൾഡ് ഗോൾഡ് ജീവിതത്തെക്കുറിച്ച് നിരവധി എഴുതാനും പറയാനുമുണ്ട്
8
സ്കൂളിൽ പഠിക്കുന്ന കാലത്ത് പി.എം ആന്റണിക്കെതിരെയും ആറാം തിരുമുറിവിനെതിരെയും ജയ് വിളിക്കാൻ പോയത് മറക്കാവതല്ല. പിന്നെ ആന്റണി മാഷ് വീട്ടിൽ വന്ന് ചായ കുടിച്ച് പോയി. കർത്താവിനെ ഭർത്താവിനേക്കാൾ ആരാധിക്കുന്ന അമ്മ തന്നെയാണു ചായ കൊടുത്തതും. ജീവിതം വല്ലാത്ത രസം നിറഞ്ഞ ഒരേർപ്പാട് തന്നെ.
9
ശബരിമല. മൂകാംബിക തുടങ്ങിയ ഇടങ്ങൾ എന്നും വിളിച്ച് കൊണ്ടിരിക്കും. പോകാറുമുണ്ട്. ആളൊഴിഞ്ഞ പള്ളി പോലെ, അതിനേക്കാൾ പ്രിയമാണു അമ്പലങ്ങളോട് , പരിസരങ്ങളോട്. പെൺക്രിസ്തു പോലെ ഉള്ളിലുള്ള ഒരു ഈശ്വരനാണു ഭാരതീയനായ ക്രിസ്തു. അമ്പലത്തിനുള്ളിലെ യേശുപ്രതിഷ്ഠ. ഇത് വായിച്ചാൽ ആർ.എസ്.എസ് കാരും സഭക്കാരും കൊല്ലാൻ വരികയൊന്നും വേണ്ട. ഉള്ളിൽ , കവിതയിൽ പണിഞ്ഞ ഒന്നിനെ ആർക്കും പോളിക്കാൻ കഴിയില്ലല്ലോ.
10
തങ്ങളാണു ശരിയെന്ന് എല്ലാവർക്കും തോന്നാം തങ്ങൾ മാത്ർമാണു ശരിയെന്ന് തോന്നൽ ത്രീവവാദമാണു. എല്ലാ മേഖലയിലെയും ചില ആളുകളുടെ വീമ്പുകൾ കേൾക്കുമ്പോൾ അങ്ങനെ തോന്നും. തങ്ങൾക്ക് ശേഷമുള്ള പ്രളയവിലാപകാവ്യങ്ങളെക്കുറിച്ച് തന്നെ.എന്റെ പ്രായത്തിൽ ഉള്ളവരുടെ നീതിബോധവും , നന്മയും സ്നേഹവും, ദേശീയതയും, കഴിവും പ്രതിഭയും ഒക്കെ തെളിയിച്ച ആളാണു സച്ചിൻ ടെണ്ടുൽക്കർ. കപിൽ ദേവിനു ശേഷം ,സച്ചിൻ ഒരു തലമുറയുടെ സത്യം കാണിച്ചത് ക്രിക്കറ്റിലൂടെയാണെങ്കിൽ മറ്റ് മേഖലകളിൽ അത് വരാനിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.
അത് ക്യഷിയിലും , കുടുംബത്തിലും , പൊതുപ്രവർത്തന രംഗത്തും, വാർത്തയിലും കവിതയിലും ഒക്കെ വരിക തന്നെ ചെയ്യും
കലാകൗമുദിയിലെ അവസാനപേജിൽ വന്നത്
13 comments:
അസ്സലായിരിക്കുന്നു. പ്രത്യേകിച്ചും കല്യാണം.
Excellent
കൗമുദിയില്‍ വായിച്ചിരുന്നു...:)
ജീവിതം വല്ലാത്ത രസം നിറഞ്ഞ ഒരേർപ്പാട് തന്നെ. :)
ജമ്മം എന്ന കവിത എഴുതിയതിനാൽ ഗൾഫിലെ മുസ്ലിംലീഗുകാരുടെ ഉപരോധത്തിന്റെ പേരിൽ മുൻപ് ജോലിചെയ്തിരുന്ന ഒരു ചാനൽ ഒരു മാസം ശമ്പളമില്ലാതെ പുറത്ത് നിർത്തിയിട്ടുണ്ട്. പ്രവാസത്തിന്റെ അസ്ഥിരതയാൽ അതെക്കുറിച്ച് ഇത് വരെ എഴുതിയിട്ടില്ല. അതേ ചാനലുകാർ വളരെ ആർജ്ജവത്തോടെ ഐസ് ക്രീം കേസിന്റെയൊക്കെ വാർത്ത നൽകുന്നത് കാണുമ്പോൾ ചിലപ്പോഴൊക്കെ ചിരി വരും.
മനോരമയില്‍ വായിച്ചു
വെള്ളമടിച്ചു പൂസായ നിന്നെയൊഴിച്ച് നിന്നിലെ ബാക്കിയെല്ലാം എനിക്കിഷ്ടമാണ്... ഈ പറഞ്ഞതൊക്കെയും നിന്നിലെ മരം പോലെ മനസ്സില്‍ പടര്‍ന്നിരിപ്പുണ്ട്; ആ തണലില്‍ എന്നിലും ചില ചെറുമരങ്ങള്‍ വളര്‍ന്നു വന്നാലോയെന്ന് ആശിക്കുന്നുമുണ്ട്.
ഹൃദയത്തില്‍ തൊടുന്നതു.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ശൈലിയുടെ ഒരു മണം അടിക്കുന്നു.. :)
അങ്ങനെ ആരുടേയും മണമൊന്നും എനിക്കടിക്കുന്നില്ല നന്നായി പറഞ്ഞു
ആശംസകള്‍
കൊള്ളാം കൂഴൂർജീ...
പ്രത്യേകിച്ച് മൂന്നു കല്യാണം ഒരാളെത്തന്നെ കഴിച്ച കഥ...!!
asahamsakal.............
ചങ്കില്‍ കൊണ്ടു മാഷേ
കാല്പപനീകതയില്ലാത്ത തെളിഞ്ഞ, നേര്‍മ്മയുള്ള മനസ്സ് എനിക്കിവിടെ വായിക്കാന്‍ കഴിഞ്ഞു . തുടരുക വിത്സന്‍... നന്മ ഭവിക്കട്ടെ..
Post a Comment