Monday, October 24, 2011

മരണവാർത്തകൾക്കിടയിൽ ഒരു സുകുമാരൻ


കുറച്ച്കാലം ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചിബ്യൂറോയിൽ ലേഖകനായിരുന്നു ഞാൻ. ട്രെയിനി ആയിരുന്നതിനാൽ പലപ്പോഴും രാത്രികാലങ്ങളിൽ ബ്യൂറോയിലിരിക്കേണ്ടി വന്നിട്ടുണ്ട്

അന്നവിടെ കഥാകരന്മാരായ തോമസ് ജോസഫും ജയാറാം തോപ്പിലുമുണ്ട്. തോമസേട്ടൻ അധികം സംസാരിക്കുകയില്ല. സി.കെ ഹസ്സൻ കോയയുടെ സ്നേഹത്തോടെയുള്ള ഇടപെടലും, ജയറാം തോപ്പിലിന്റെ സിനിമാസ്റ്റൈലിലുള്ള സംസാരവുമാണു ആകെയുള്ള ആശ്വാസം. മെഹബൻ എന്ന കഥ ഇവിടത്തെ ജീവിതത്തെക്കുറിച്ച് തോമസ് ജോസഫ് എഴുതിയിട്ടുണ്ട്

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണു എന്റെ ഡ്യൂട്ടിയാരംഭിക്കുക. കൊച്ചിയിലെ പോലീസ് സ്റ്റേഹനുകളിലേക്കും ആശുപത്രികളിലേക്കും ഫോൺ വിളിക്കുന്ന ചുമതല എനിക്കാണു. പോലീസുകാരോടും ആശുപത്രി പി ആർ ഓമാരോടും വിശേഷങ്ങളെന്തെങ്കിലുമുണ്ടോയെന്ന് ആരായുന്ന പത്രവിശേഷം

കുമ്പളങ്ങിയിൽ ഓട്ടോ ഇടിച്ച് ഒരാൾ മരിച്ചു. അരൂരിൽ അജ്ഞാതമായ ജഡം. ഇടപ്പള്ളിയിൽ ഒരാൾ തൂങ്ങിമരിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കാലുകൾ നഷ്ടപ്പെട്ട ഒരാൾ അഡ്മിറ്റായിട്ടുണ്ട് തുടങ്ങിയ വാർത്തകൾ വരും

കവിതയുടെ കണ്ണടവച്ച് പത്രക്കാരന്റെ സൂക്ഷ്മദർശനിയിലൂടെ അതെല്ലാം പരിശോധിക്കണം

മരണവാർത്തകളെഴുതുമ്പോൾ കവിത ഇടയ്ക്ക് വന്ന് മുട്ടിവിളിക്കും. പ്രേമിച്ചവർ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കുമ്പോൾ, പരീക്ഷയിൽ തോറ്റത്തിനു ഒരു ജീവിതം ഇല്ലാതാകുമ്പോൾ , മക്കളെ തനിച്ചാക്കി അച്ഛനും അമ്മയും കാറപകടത്തിൽ കൊല്ലപ്പെടുമ്പോൾ

മാരുതിക്കാറില്‍ ലൈലന്‍ഡിടിച്ചു
രണ്ടുപേര്‍ മരിച്ച വാര്‍ത്ത കേട്ടു നാം
കൂട്ടിയിടി ചുംബനം പോലെന്നു
ഉപമയുണ്ടാക്കി ചിരിച്ചു ഞാന്

‍ചുംബനങ്ങളില്‍ തരിപ്പണമാകുമോ
ഈ ഹൈവേയില്‍ ചില മാരുതിക്കാറുകള്

റോഡപകടങ്ങളില്‍ ചതരഞ്ഞു
പോയവര്‍ക്കായി ഊണൊരുക്കി
കാത്തിരിക്കും പോലെ
ടെലഫോണിനു മുന്‍പിലും
തപാല്‍പ്പെട്ടിക്കു പിന്നിലും
കാത്തു തന്നെയിരിക്കുന്നു ചിലര്‍

എന്നെല്ലം ഞാൻ ചരക്ക് വണ്ടി എന്ന കവിതയിൽ എഴുതിയതിനു പുറകിൽ ഈ വാർത്തകളാവാം കാരണംനിത്യമായി ഫോൺ വിളിക്കുന്നത് കൊണ്ട് ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും പരിചയക്കാരുണ്ടായി. മെഡിക്കൽ ട്രസ്റ്റിൽ ബിന്ദു. നബീസ, ആരതി, സുമം, സിറ്റി ഹോസ്പിറ്റലിൽ മേരി, ലിന്റ, ശബ്ന. മെഡിക്കൽ സെന്ററിൽലിസിയിൽ.. .

നേരിൽ ആരെയും കണ്ടിട്ടില്ല. എങ്കിലും നല്ല പരിചയമാണു. അവരും രാത്രി ഉറങ്ങതിരിക്കുകയല്ലേ. വിത്സാ, വിശേഷങ്ങളൊന്നുമില്ല എന്ന് ചില ദിവസം വിഷമത്തോടെ പറയും. സാരമില്ല. ആരും മരിക്കാതെയിരിക്കട്ടെയെന്ന് ഞാനും. നിത്യവും മരണത്തോട് സംസാരിക്കുന്ന നഴ്സുമാർ അപ്പോഴെന്നെ കളിയാക്കും

സ്റ്റേഷനിലും പരിചയക്കാരുണ്ടായി. റൈറ്റർമാർ ഭയങ്കര സ്റ്റൈലിലാണു വാർത്തകൾ പറയുക. സോമസുന്ദരം, 45 വയസ്സ് എന്ന് തുടങ്ങും . അനേഷണം തുടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞ് അവസാനിപ്പിക്കും

അങ്ങനെ മരണവാർത്തകളിൽ ഗവേഷണം നടത്തി വിദഗ്ദ്ധനാവുന്നതിനിടയിലാണു സുകുമാരൻ ചേട്ടനുമായി പരിചയത്തിലാവുന്നത്. (അക്ഷരത്തിലൂടെ ഫോണിലൂടെ നേരിൽ കണ്ടിട്ടില്ല ഒരിക്കലും )

മിക്കവാറും  ദിവസങ്ങളിൽ പത്രങ്ങളിലേക്കുള്ള പ്രസ്സ് ബോക്സിൽ സുകുമാരൻ കൊണ്ട് വന്നിടുന്ന മരണവാർത്തകളുണ്ടാകും. വ്യത്തിയുള്ള അക്ഷരങ്ങളിൽ ഒരു പത്രക്കാരനു സംശയങ്ങൾക്കിടയില്ലാത്ത രീതിയിൽ വ്യക്തമായി മരിച്ചയാളുടെ വിശദാംശങ്ങൾ. താഴെ സുകുമാരന്റെ ഒപ്പും സീലും, കൂടെ രണ്ട് ഫോൺ നമ്പറുകളും

സുകുമാരൻ കൊടുത്തു വിട്ട ആരുടെയോ മരണവാർത്ത എനിക്കാദ്യം കിട്ടിയ ദിവസം അയാളുടെ ഫോൺ നമ്പറിൽ വിളിച്ചു. ഒന്ന് കൂടി ഉറപ്പ് വരുത്തി.

പിന്നീടുള്ള മിക്കവാറും ദിവസങ്ങളിൽ അയാളുടെ കയ്യക്ഷരത്തിൽ മരണങ്ങൾ വന്ന് കൊണ്ടിരുന്നു. ഞാനയാൾക്ക് ഫോൺ ചെയ്ത് സ്ഥിരീകരിച്ചുകൊണ്ടുമിരുന്നു

ഫോണിലൂടെ പരിചയമേറിയപ്പോൾ ഞാനീ വിചിത്രമായ ഹോബിയെക്കുറിച്ച് ചോദിച്ചു. കച്ചേരിപ്പടിയിലാണു വീടെന്നും, റിട്ടയർമെന്റിനു ശേഷം മറ്റ് പരിപാടികളൊന്നുമില്ലെന്നും , മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തമെന്നും അയാൾ പറഞ്ഞു. അടുത്ത വീടുകളിലെ മരണങ്ങൾ , പരിചയക്കാരുടേത് തുടങ്ങിയവയെല്ലാം അദ്ദേഹം ആദ്യമറിയും. സ്വന്തം പൈസയെടുത്ത് ഫോട്ടോയും ഫോട്ടോ കോപ്പിയുമെടുക്കും. അയാളതിൽ സന്തോഷവാനായിരുന്നു. ഇങ്ങനെയും ഒരു മനുഷ്യൻ എന്ന് ഞാനും വിചാരിച്ചു

പിന്നീട് സുകുമാരന്റെ ഒപ്പോട് കൂടിയ മരണവാർത്തയെത്തിയാൽ ഞാനത് നേരെ ഡെസ്ക്കിലേക്ക് കൊടുത്ത് തുടങ്ങി. തിരിച്ച് വിളിച്ച് മരണം ബോധ്യപ്പെടാതെ തന്നെ. അത് കൊണ്ട് തന്നെ ഞങ്ങൾ തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും കുറഞ്ഞു.

----
ഒരു ദിവസം രാത്രി പതിവു പോലെ വിശേഷങ്ങളറിയാൻ ആശുപത്രികളിലേക്ക് വിളിക്കുകയായിരുന്നു. മെഡിക്കൽ ട്രസ്റ്റിലെ പി ആർ ഓ ബെന്നിയാണു വാർത്ത തന്നത്

ഒരു മരണമുണ്ട്
അപകടമാണു
സംഭവം രാത്രി 7  മണിക്ക്
കച്ചേരിപ്പടിയിൽ വച്ച്
വഴിയാത്രക്കാരനായ ഒരാൾ
റോഡ് മുറിച്ച് കടക്കവേ
ലോറി മുട്ടി മരിച്ചു
പേരു സുകുമാരൻ
വയസ്സ് ഭാര്യമക്കൾ

ഞാൻ വല്ലാതെയായി. മരിച്ചയാളുടെ വീട്ടിലെ നമ്പർ ബെന്നിക്ക് അറിയുമായിരുന്നില്ല

ഞാൻ സുകുമാരൻ ചേട്ടന്റെ നമ്പറിൽ വിളിച്ചു. ബന്ധുക്കളിലാരോ ഫോണെടുത്തു

പത്രത്തിൽ നിന്നാണു
ഫോട്ടോ കിട്ടിയാൽ കൊടുക്കാമായിരുന്നു ഞാൻ പറഞ്ഞു
അതൊന്നും വേണ്ട
ഫോൺ കട്ടായി

ഒരു സാധാരണ മരണവാർത്ത എഴുതി
കവിതയേക്കാൾ വേദനയോടെ


2 comments:

സുജിത് ആര്‍ നായര്‍ said...

ഇടയിലെപ്പോഴോ ഷാര്ജയില് പരിചയപ്പെട്ട കൂട്ടുകാരാ...നിങ്ങള്ക്ക് ദൈവം എഴുത്തിന്റെ രഹസ്യച്ചേരുവകള് പറഞ്ഞുതന്നിട്ടുണ്ട്...ഇനിയും ഒത്തിരി എഴുതണം...മരണത്തിന്റെ മരിക്കാത്ത മുഖത്തേക്കുള്ള ഈ കുറിപ്പ് നന്നായി...

മാണിക്യം said...

മനസ്സിന്റെ ഉള്‍ഭിത്തില്‍ കുത്തിക്കയറാന്‍
പാകത്തില്‍ വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്,
സുകുമാരനെ പറ്റി ഇതിന് മുന്‍പ് ഒരിക്കലും കേട്ടിട്ടില്ലാത്ത
എന്റെ മനസ്സില്‍ ഒരു വേര്‍പാടിന്റെ ദുഖം...
നല്ല എഴുത്ത്....

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved