Monday, April 4, 2011

കാവിലെ വെടി



കുഴൂരിൽ നിന്ന് കുറെ ദൂരമുണ്ട് കൊടുങ്ങല്ലൂർക്ക്. ബസ്സിൽ പോയാൽ 2 ബസ് മാറിക്കയറിയാൽ ഒരു മണിക്കൂറിലധികം. ബൈക്കിൽ അറിയാവുന്ന വഴി വച്ച് പിടിച്ചാൽ അര മണിക്കൂർ.
(സിഗരറ്റിനും ചായക്കുമുള്ള മിനിറ്റുകൾ വേറെ). അവിടെയാണു കൊടുങ്ങല്ലൂരമ്പലം

കോളേജ് കാലം തൊട്ടെ കൊടുങ്ങല്ലൂരിനെ നന്നായറിയാം. അതിന്റെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞറേ നടകൾ. ചുറ്റിനുമുള്ള ബാറുകൾ. തളിക്കുളത്തേക്ക് ബസ് പിടിക്കാനുള്ള സ്റ്റോപ്പ്. നാസു മിക്കപ്പോഴും വന്നിരിക്കാറുള്ള ഒരിടം.

അധികം അകലെയല്ലാതെ സുബൈദമ്മയുടെ കോളേജ്. സെബാസ്റ്റ്യൻ
ചേട്ടന്റെ , ചേട്ടന്റെ കോട്ടപ്പുറം മാർക്കറ്റ്. മറുകര കടന്നാൽ എത്താവുന്ന ചീപ്പന്റെ (സ്റ്റീഫൻ ജോർജ്ജ്- കവി) ആനാപ്പുഴ കടത്ത്.

പിന്നെയുമുണ്ട്. ഉഷേച്ചി. പി.എൻ.ഗോപീക്യഷ്ണൻ. എം.എസ്
ബനേഷ് ആയ ബനേഷ് കൊടുങ്ങല്ലൂർ. വര വര റാവുവിന്റെ പ്രസംഗം രണ്ട് പെഗ്ഗിന്റെ മാത്രം ബലത്തിൽ തർജ്ജമ ചെയ്ത കൊടുങ്ങല്ലൂർ കുഞ്ഞിമൈതാനം (പണി തലയിൽ വച്ചത് അന്ന് ഗോപീക്യഷ്ണൻ.)

കൂട്ടുകാരൻ തോമസിന്റെ ചേട്ടനാണു കൊടുങ്ങല്ലൂരിൽ ഒരു ബാറിന്റെ റസ്റ്റോറന്റ് നടത്തിയിരുന്നത്. ഭരണിപോലുള്ള തിരക്കുള്ള ദിവസങ്ങളിൽ അവിടെ ചിലപ്പോഴൊക്കെ വെയിറ്ററായിട്ടുണ്ട്. പിന്നെ കൊടുങ്ങല്ലൂർ ടാക്കീസുകൾ. പേരെല്ലം മറന്ന് പോയി.

സെബാൻ ഭായുടെ പുസ്തകപ്രകാശനം കവികൾ മറന്ന് കാണില്ല. കുഞ്ഞിക്കുട്ടൻ തമ്പ്രാന്റെ കോവിലകം. അയ്യപ്പൻ. ഈത്തപ്പഴം ഇട്ട് വാറ്റിയ നാടൻ. ഷെഹബാസിന്റെ പാട്ട്. ജോസഫ് അന്ന് നിലാവായ് പരന്നു. കുറൂരും ,കണ്ണനും. കരിയാട്, അൻ വർ ജി ആവോ ആരൊക്കെയോ ആവോ മറന്നു.

ആ കൊടുങ്ങല്ലൂരിലെ വടക്കേ നടയിലെ ഒരു മുറിയിലാണു രണ്ട് ദിവസം എ അയ്യപ്പനുമായി കഴിഞ്ഞത്. സെബാസ്റ്റ്യൻ ചേട്ടൻ ഏൽപ്പിച്ച പണി. ഡിസിക്ക് വേണ്ടി അയ്യപ്പൻ എഴുതണം. ജോണിനെക്കുറിച്ച്. എന്റെ ജോൺ ദിനങ്ങൾ. പകർത്തിയെഴുത്തുകാരൻ ഞാൻ. ആലുവയിലെ അങ്കം കഴിഞ്ഞ് കൊടുങ്ങല്ലൂരിൽ ആദ്യത്തെ ദിവസം അങ്ങനെ ഇങ്ങനെ പോയി. രണ്ടാം ദിനം സന്ധ്യക്ക് അയ്യപ്പണ്ണൻ പറഞ്ഞു. ഡാ എനിക്ക് ഒരു മനുഷ്യനെ തൊടണം . എന്നെത്തൊട്ടോ , ഞാൻ പറഞ്ഞു. എന്റെ പട്ടി തൊടും . നീയൊന്ന് താഴെ പോയി വാ. നീ സുന്ദരനാടാ. ഒന്ന് പോവണ്ണാ. എനിക്ക് പേടിയാ. എന്നാലും താഴെ പോയി വന്നു. അന്ന്
പകൽ മുഴവനും വിദ്വാൻ ഒന്നും കഴിച്ചിട്ടില്ല. കുറച്ച് തട്ട് ദോശവാങ്ങി വന്നു. എന്റെ പട്ടി കഴിക്കും എന്നായി. ഓരോ നുള്ള് ദോശ വായിൽ വച്ച് കൊടുത്തു. മകൻ അച്ഛനു നൽകും പോലെ. അച്ഛൻ മകനു കൊടുക്കും പോലെ. അപ്പോഴത്തെ ആ അയ്യപ്പ മുഖം മറക്കാവതല്ല.

ആ കൊടുങ്ങല്ലൂരിൽ നാളെ ഭരണി. ഇന്നല്ലേ. കാവ് തീണ്ടൽ. അവിടെ
വച്ച് ശൈലൻ തെറിക്കവിതകൾ പ്രകാശിപ്പിക്കുന്നു. ചുമ്മാതല്ല ഇന്ത്യൻ സമയം 3 നു പുലർച്ചെ ഇവിടെ ഒരാൾ ഉണർന്ന് പോയത്. ദേ
ഈ കുറിപ്പ് വരെ ഉണ്ടായി പോയത്. ഇപ്പോൾ
ഇവിടെ ഇന്ത്യൻ സമയം 5.30

ഞാനിവിടെയുണ്ട്
ഞാനിവിടെയുണ്ട്. ശൈലാ ഹരീ പ്രദീപേ. എന്നെയും
കൂട്ടുമോ എന്നെയും കൂട്ടുമോ. ഇന്നെനിക്ക്
ഇരിക്കപ്പൊറുതി കാണില്ല. ശൈലന്റെ
പുസ്തകത്തിനു മേൽ ഈ പുലർച്ചെക്ക്
ഒരുമ്മ

കൊടുങ്ങല്ലൂർ കാവിലേക്കുള്ള ദൂരത്തിൽ നിന്നാണു തുടങ്ങിയത്. ഒരു കാര്യം കൂടി. കൊടുങ്ങലൂരിൽ പുലർച്ചെ മൂന്നിനു മുൻപേ വെടിപൊട്ടിക്കും . കാവിലെ വെടി. കുഴൂരിലെ തെക്കുംചേരിയിലെ പാടങ്ങളിലേക്ക് അപ്പനു പോകാനുള്ള വാച്ച് അതായിരുന്നു.
കാവിലെ വെടികേട്ട് ഉണർന്നു. കാവിലെ വെടി പൊട്ടുമ്പോൾ വെള്ളം ദാ കിഴക്കേ കണ്ടത്തിൽ എത്തിയതേ ഉള്ളൂ. കാവിലെ
വെടി കേട്ടപ്പോൾ തന്നെ കുമാരനെ വിളിച്ചു. അങ്ങനെ
എത്ര അപ്പന്റെ കാവിലെ വെടി കേട്ടിരിക്കുന്നു

ബസിൽ പോയാൽ ഒരു മണിക്കൂർ എടുക്കുന്ന
ബൈക്കിൽ പോയാൽ അരമണിക്കൂർ എടുക്കുന്ന കാവിലെ വെടി കുഴൂരിൽ അപ്പനെയും കൂട്ടുകാരെയും ഉണർത്തിയിരുന്നു എന്ന് ആലോച്ചിക്കുമ്പോൾ ഇപ്പോൽ അത്ര ചെറുതല്ലാത്ത അഭ്തുതം. അപ്പ്ന്റെ
പറച്ചിൽ കേട്ട് പുലർച്ചയ്ക്ക് ഏണീക്കുമ്പോൾ ഒക്കെ കാതോർത്തിരുന്നതിന്റെ ഓർമ്മ

ഇത് ഒരു പുലർച്ചെയാണു. ഷാർജ അജ്മാൻ ബോർഡറിൽ വില്ലയിൽ ഒറ്റയ്ക്ക് ഇത് ഇരുന്നു ഇത് കുറിക്കുന്നു. കാവിൽ വെടി പൊട്ടികാണണം. ശൈലൻ അവിടേക്ക് തിരിച്ച് കാണും. ബുക്കുമായി
ഹരിയും. പ്രദീപും കരിയാടും എത്തുമോ ? ആരൊക്കെയുണ്ടാകും

ഈ പുലർച്ചെ അപ്പൻ , അയ്യപ്പണ്ണൻ
അവരൊക്കെ ഇപ്പോൾ എന്തോർക്കുവായിരിക്കും.

ഏത് കാവിലെ വെടിയായിരിക്കും അവരെ പാടത്തേക്കും കവിതയിലേക്കും ഉണർത്തുക കൊടുങ്ങല്ലൂരമ്മേ




No comments:

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved