Tuesday, December 10, 2013

ഒരു കവിയുടെ വീട് എന്ത് ചെയ്യണം ?

ഒന്ന്

കവിത തലയ്ക്ക് പിടിച്ചു തുടങ്ങിയ കൗമാരത്തിന്റെ നാളുകളിലാണു ആദ്യമായി നായത്തോട് പോകുന്നത്. ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളമിരിക്കുന്ന പാടത്തിന്റെ കരയിലെ ഗ്രാമം. പെങ്ങളെ അവിടേക്കാണു കല്ല്യാണം കഴിച്ചിരിക്കുന്നത്.

ജി.ശങ്കരക്കുറുപ്പിനെയൊന്നും കാര്യമായി വായിക്കാതിരുന്നിട്ടും എനിക്കാ വീട്ടിൽ പോകാൻ തോന്നി. നായത്തോട്ടെ അദ്ദേഹത്തിന്റെ വീട്ടിൽ. ഇരുപത് വർഷം മുൻപാണു ആദ്യമായി ആ വീട്ടിൽ പോകുന്നത്. അന്ന് അവിടെ ആരൊക്കെ ഉണ്ടായിരുന്നു എന്ന് ഓർക്കുന്നില്ല. എങ്കിലും ആ വീടിന്റെ അടുക്കളയിൽ ഉൾപ്പടെ കയറി കൗതുകത്തോടെ എല്ലാം കണ്ട ഒരു പയ്യൻ ഇന്നും എന്റെ ഉള്ളിലുണ്ട്. ഒരു മഹാകവിയുടെ വീട് കാണാൻ പോയ കുട്ടിയുടെ കൗതുകം എന്തിന്റെ തുടക്കമായിരുന്നുവെന്ന് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്. കവികളെ കണ്ടാൽ സാഹോദര്യത്തിന്റെ രക്തം തിരയിളക്കം നടത്തുന്ന ഒരുടലും ഒരാത്മാവും ഉള്ളതിന്റെ ഉന്മാദവും സങ്കടവും. അത് തന്നെയായിരുന്നു അത്

രണ്ട്


ഉന്മാദം ഉച്ചസ്ഥായിയിൽ ആയ  സമയത്താണു ‘ആദ്യം മരിച്ചാൽ നിന്നെ ആരു നോക്കുമെന്നല്ലായിരുന്നു സങ്കടം ആരെല്ലാം നോക്കുമെന്നായിരുന്നു ‘ എന്ന എന്റെ പുസ്തകം ഇറങ്ങുന്നത് (2011) .പ്രണയം എന്നെ വേറൊരാളാക്കിയ സമയമായിരുന്നു അത്. യു.എ.ഇയിൽ നിന്ന് പുസ്തകം കാണാൻ നാട്ടിലെത്തിയ എനിക്ക് അത് എയർപോർട്ടിൽ വച്ച് തന്നെ കാണണമെന്ന നിർബന്ധമുണ്ടായിരുന്നു.പാപ്പിറസിലെ ഹരി അത് അവിടെയെത്തിച്ചു. കൂടെ ശൈലനും വന്നു. റിയാസും രമേഷും കൂടെ വന്നു. ഞാൻ വിളിച്ചിട്ട് കവികളായ സച്ചിദാനന്ദൻ പുഴങ്കരയും ശ്രീകുമാർ കരിയാടും വന്നു.



 
 

എയർപോർട്ടിൽ നിന്ന് ഞങ്ങൾ നേറെ ജി. ശങ്കരക്കുറുപ്പിന്റെ വീട്ടിലേക്ക് പോയി. എയർപോർട്ടിൽ നിന്ന് ഒരു 4 കിലോമീറ്ററേ ഉള്ളൂ ജിയുടെ വീട്ടിലേക്ക്. അവിടെ വച്ച് ആ പുസ്തകം സച്ചിയേട്ടൻ, ജി.യുടെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ പെൺകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു.അപ്പോൾ ആ വീട്ടിൽ താമസിച്ചിരുന്നത് കുഴൂരിൽ നിന്നുള്ളവരായിരുന്നു എന്നുള്ളത് മറ്റൊരു അത്ഭുതം. അന്ന് കുറെക്കൂടി വിശദമായി ആ വീടിനെ കണ്ടു. ജിയുടെ കവിത കുറേക്കൂടി അറിഞ്ഞ ഒരാളെന്ന ആവേശം കൂടി അതിലുണ്ടായിരുന്നു.

എവിടെ ഇരുന്നാവും മാഷ് എഴുതിയിരുന്നതെന്ന് പലയിടങ്ങളിൽ നോക്കി. എവിടെയിരുന്നാവും സങ്കടപ്പെട്ടിരുന്നത്. എവിടെയിരുന്നാവും വാക്കിനെ കാത്തിരുന്നത് എന്നെല്ലാം കൂടെ നോക്കി. കവിത നിറഞ്ഞവർ കൂടെയുള്ളതിനാൽ കാവ്യഉന്മാദത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു ഞാൻ.


മൂന്ന്

ഇന്ന് ഒരിക്കൽ കൂടി ഞാൻ ആ വീട്ടിൽ പോയി. അതെ ജി.ശങ്കരക്കുറുപ്പെന്ന മഹാകവിയുടെ വീട്ടിൽ. കവിതയുടെ സൂര്യകാന്തികൾ ഏറെ വിരിയിച്ച ആ കവിയുടെ വീട്ടിൽ. ഭാരതീയ ജ്ഞാനപീഠത്തിന്റെ പ്രഥമ അവാർഡ് ജേതാവിന്റെ വീട്ടിൽ. 1968ൽ ഇന്ത്യ പത്മഭൂഷൺ നൽകി ആദരിച്ച പ്രതിഭയുടെ വീട്ടിൽ. അമ്പതോളം ക്യതികൾ ശ്രേഷ്ഠമലയാളത്തിനു നൽകിയ എഴുത്തുകാരന്റെ വീട്ടിൽ. 


ആ വീട്ടിൽ ഇപ്പോൾ നിറയെ കന്നാസുകൾ.  ആ കന്നാസുകളിൽ നിറയെ കെമിക്കലുകൾ. ആ കെമിക്കലുകളിൽ നിറയെ സൂര്യകാന്തി പൂക്കളേയും , കുടിവെള്ളത്തേയും കൊല്ലുന്ന ചേരുവകൾ. പുറത്തിറങ്ങിയ എനിക്ക് കരയാൻ തോന്നി.  ലോകത്തോളം പോന്ന ഒരു സങ്കടം എന്നിൽ നിറഞ്ഞു
വീട്ടിൽ വന്ന് ഞാൻ ജി.യുടെ കവിതകളുടെ പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി. അതിൽ ‘നിഴലുകൾ നീളുന്നു’ എന്ന കവിതയുടെ അവസാനഭാഗം ഉറക്കെച്ചൊല്ലി. കരയുന്നതിനു പകരം.

പഴകുംതോറുമേറുന്നു
പാരം മമതയെങ്കിലും
ഈ വീടുവിട്ടിറങ്ങിടാ-
നിനിത്താമസമില്ല മേ
-----
-----
---
-----
കരിമ്പടം പുതച്ചിട്ടു
കാത്തുനിൽക്കുകയാണൊരാൾ
ചൂട്ടുകാണിച്ചു തീവയ്ക്കാൻ,
കൂടോടെല്ലാമെരിക്കുവാൻ

കാലാൽത്തട്ടിനിരത്തട്ടെ
കാലം ജീർണ്ണിച്ചതത്രയും;
നിത്യമാനസബന്ധങ്ങൾ
നിരാലംബങ്ങളൂഴിയിൽ


 



അനുബന്ധം

മഹകവി ജി. ശങ്കരക്കുറുപ്പിന്റെ വീട്ടിൽ ഇപ്പോൾ ഒരു കെമിക്കൽ നിർമ്മാണയൂണിറ്റ് പ്രവർത്തിക്കുന്നു. വീട്ടിലും പരിസരങ്ങളിലും അതിന്റെ കാനുകൾ നിറഞ്ഞു കിടക്കുന്നു. ജി.യുടെ ബന്ധത്തിലുള്ള ഒരാളുടെ കയ്യിലാണു 20 സെന്റിലെ ആ പുരയിടം. കെമിക്കൽ കമ്പനി പരിസരത്തെ കിണറുകൾ മലിനമാക്കുന്നതിനാൽ അധിക്യതർ താൽക്കാലികമായി ആ കമ്പനിക്ക് പ്രവർത്തനാനുമതി നിഷേധിച്ചിരിക്കുകയാണു.

ജി.കാർത്തികേയൻ സാംസ്കാരിക മന്ത്രി ആയ കാലത്ത് ജി.യുടെ വീട് സ്മാരക മന്ദിരം ആക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ആരെങ്കിലും സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന വ്യവസ്ഥയാണു സർക്കാർ മുന്നോട്ട് വച്ചത്. എയർപോർട്ടിനു അടുത്തായതിനാൽ ഒരു 80 ലക്ഷം രൂപയെങ്കിലും അതിനു വിലയുണ്ട്. വില കിട്ടിയാൽ ജി.യുടെ ബന്ധുക്കൾ ആ വീട് കാവ്യസ്നേഹികൾക്ക് കൈമാറാൻ തയ്യാറാണു. എറണാകുളം ഡെപ്യൂട്ടി മേയർ ശ്രീമതി ഭദ്ര കവിയുടെ കൊച്ചുമകളാണു. ശ്രേഷ്ഠമലയാളത്തിനു കോടികളാണു നമ്മൾ ചെലവഴിക്കാൻ പോകുന്നത്. ജി.യുടെ കവിതകൾ നെഞ്ചിലേറ്റിയ ആയിരങ്ങൾ ഇപ്പോഴും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ട്. ജിയുടെ കവിതകൾ പഠിപ്പിക്കുന്ന സർവ്വകലാശാലകൾ കേരളത്തിൽ ഉണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിൽക്കുന്ന പ്രസാധകരുമുണ്ട്.


ഒരു കവിയുടെ വീട് നിങ്ങൾ എന്ത് ചെയ്തു എന്ന് ഒരു തലമുറ നമ്മോട് ചോദിച്ചാൽ  നാം അവരോട് എന്ത് പറയും.  ഇക്കാര്യത്തിൽ നമുക്ക് എന്ത് ചെയ്യാനാകും ?
















2 comments:

കുട്ടനാടന്‍ said...

karayikkathe vilsa
veronnum cheyyanilla


kavi hrudayamullavar iniyumuntenkil
avar koodi ariyatter

കുട്ടനാടന്‍ said...

കരയിക്കാതെ വിൽസാ, വേരൊന്നും ചെയ്യാനുമില്ല

വിൽസനു കിട്ടിയത് ഒരു ഭാഗ്യമായി കരുതുക

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved