Saturday, September 2, 2017

തങ്കമാലി

കഥ  /  തങ്കമാലി


കുഴൂർ വിത്സൺ

                      മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള  മുക്കുത്തിയൊന്ന് തരണേയെന്ന ഒരൊമ്പതു വയസ്സുകാരിയുടെ പ്രാത്ഥന ദൈവത്തിന്റെ അടുത്തേക്ക് പോവുകയായിരുന്നു. ആകാശത്ത് , മൂവന്തിക്ക് കണ്ണു തിരുമ്മി ഉണരാൻ തുടങ്ങിയ ലാറ എന്ന പെൺനക്ഷത്രം അതു കണ്ടു. അതിനു മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തിയോട് ഭയങ്കര കൊതിയായി. ഒമ്പത് വയസ്സുകാരിയുടെ പ്രാത്ഥനയുടെ മുകളിൽ തന്റെ പേരൊട്ടിച്ച് ലാറ അത് ദൈവത്തിനയച്ചുകൊടുത്തു . കണ്ട പാടേ, മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തിയുടെ പ്രാത്ഥന ഒമ്പതു വയസ്സുകാരിയുടേതാണെന്ന് ദൈവത്തിനു മനസ്സിലായി. ദൂരെ ദൂരെയുള്ള തങ്കമാലിയിൽ ഒറ്റയ്ക്ക് പോയി മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തി വാങ്ങി ഒമ്പതു വയസ്സുകാരിയുടെ മൂക്കിലണിയിക്കാനായിരുന്നു ലാറയോട് ദൈവത്തിന്റെ വിധി. 

                      ദൈവത്തോട് നുണ പറഞ്ഞതിലുള്ള കുറ്റബോധവും, മഞ്ഞക്കലിൽ പച്ചക്കണ്ണുള്ള മുക്കുത്തിയോടുള്ള കൊതിയും , ഒമ്പതു വയസ്സുകാരിയോടുള്ള അസൂസയും പേറി ലാറ എന്ന പെൺനക്ഷത്രം തങ്കമാലിക്കുള്ള വഴിയനേഷിച്ചു. നട്ടപ്പാതിരക്ക് റൂട്ട് തെറ്റിപ്പറന്ന വിമാനമൊന്നിനു കൈ കാണിച്ച് നെടുമ്പാശ്ശേരിയിലിറങ്ങി. തങ്കമാലിയായ തങ്കമാലിയിലെ തങ്കക്കടകളിലെല്ലാം കയറിയിറങ്ങിയിട്ടും ലാറ എന്ന പെൺനക്ഷത്രത്തിനു മഞ്ഞക്ല്ല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തി കണ്ടെത്താനായില്ല.  അതേ സമയം ദൈവത്തോട് കരഞ്ഞ് കരഞ്ഞ് പ്രാർത്ഥിച്ച് പനി പിടിച്ച ഒമ്പതു വയസ്സുകാരി തങ്കമാലിയിലെ ലിറ്റിൽ എയ്ഞ്ചൽ ആശുപത്രിയിലുണ്ടായിരുന്നു. ലാറ എന്ന പെൺനക്ഷത്രം മൂന്നാമത്തെ നിലയിലുള്ള പത്താമത്തെ  മുറിയിൽ അവളുടെ ബെഡിനരികെ ഇരുന്നു. എന്നിട്ട് ചിറകുകൾ കൊണ്ട് ഒമ്പതു വയസ്സുകാരിയുടെ നെറുകയിൽ തൊട്ടു. ദൈവം  പണ്ട് പഠിപ്പിച്ച പ്രാത്ഥന ഉരുവിട്ട് അവളുടെ മൂക്കിൽ ഉമ്മ വച്ചു. ഉമ്മയുടെ നനവിൽ , ലിറ്റിൽ എയ്ഞ്ചൽ ആശുപത്രിയിൽ, കണ്ണു തിരുമ്മിയുണർന്ന ഒമ്പതു വയസ്സുകാരി തന്റെ മൂക്കിൽ മഞ്ഞക്കലിൽ പച്ചക്കണ്ണുള്ള മുക്കുത്തി കണ്ട് തുള്ളിച്ചാടി. 

                  പുലർകാലത്തെ ആകാശത്തേക്കുള്ള വിമാനം കാത്ത് ലാറ എന്ന പെൺനക്ഷത്രം തങ്കമാലി ജംഗ്ഷനിൽ നിൽക്കുകയാണിപ്പോൾ . തങ്കമാലിക്ക് താനെന്തിനാണു വന്നതെന്ന് ലാറ എപ്പോഴെങ്കിലും തന്നോട് ചോദിച്ചേക്കുമോയെന്ന് ദൈവമപ്പോൾ ഭയപ്പെട്ടു


പേനത്തുമ്പോണം, മെട്രോ മനോരമ, 2017 )


No comments:

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved