ചിങ്ങത്തിലാണു ജനിച്ചത്. അതാവണം ഓണക്കാലത്ത് എന്റെയുള്ളിൽ കൂടുതൽ പൂക്കൾ വിരിയുന്നത്.
അമ്മയ്ക്ക് പിടിപ്പത് പണിയുള്ള മധ്യവയസ്സിലാണു
ഈയുള്ളവൻ കാലം തെറ്റി വന്നത്. എല്ലു മുറിയെ പണിയെടുക്കുന്ന അപ്പൻ, പാടത്തെയും
പറമ്പിലേയും പണികൾ. അടുക്കള, മറ്റ് അഞ്ച് മക്കളുടെ കുഞ്ഞും വലുതുമായ കാര്യങ്ങൾ. പള്ളിയും
പട്ടക്കാരും… അമ്മയ്ക്ക് ഒരു
ദിവസം ഇരുപത്തിനാലു മണിക്കൂറെന്ന കണക്കിനോട് നല്ല ദേഷ്യം തോന്നിക്കാണണം. ആയതിനാൽ വടക്കേലെ
ചേന്ദച്ചോന്റെ വീട്ടിലായിരുന്നു കുട്ടിക്കാലം.
അഞ്ചാണും ഒരു പെണ്ണുമായിരുന്നു അമ്മയ്ക്ക്.
വടക്കേലെ ചേന്ദച്ചോനും മാധവിച്ചോത്തിക്കുമാകട്ടെ അഞ്ച് പെണ്ണും ഒരാണും. അവർക്ക് ക്യഷിയുമില്ല.
അങ്ങനെ അവിടത്തെ അഞ്ച് ചേച്ചിമാരുടെ തക്കുടുവായി ഈ ചെക്കൻ വളർന്നു. പുലർച്ചെ അവിടെയേൽപ്പിച്ച് പോകുന്ന അമ്മ അത്താഴമൊക്കെ കഴിഞ്ഞേ ഞാനെന്ന മുതലിനെ തിരിച്ചെടുക്കുകയുള്ളൂ.
അന്നത്തെ അപ്പിയുടെയും മൂത്രത്തിന്റെയും കണക്ക്
പറഞ്ഞ് പിന്നീട് ചേച്ചിമാരെന്നെ കളിയാക്കിയിട്ടുണ്ട്. കുഞ്ഞ് നാളിൽ കുളിപ്പിച്ചത്,
ഒക്കത്ത് എടുത്ത് കൊണ്ട് നടന്നത്, ചോറു വാരിത്തന്നത് ഒക്കെയൊക്കെ ആ ചേച്ചിമാരാണു. തക്കിടിമുണ്ടനായ
കുഞ്ഞ് മിൻസനെയെടുക്കാൻ അവർ തല്ലു കൂടിയ കഥകളും
കേട്ടിട്ടുണ്ട്.
ചേച്ചിമാർ വട്ട് കളിച്ചാൽ ഞാനും കളിക്കും,
അവർ തൊങ്കിത്തൊട്ടം കളിച്ചാൽ ഞാൻ തൊങ്കിയും അല്ലാതെയും തൊടും. അവരുണ്ടാൽ ഞാനുണ്ണും. അവർ ഉത്സവത്തിനു പോയാൽ ഞാനും പോവും. അവരായിരുന്നു
അന്ന് ഞാൻ. അൾത്താര ബാലനൊക്കെയായി പള്ളിയിൽ പോയി തുടങ്ങും മുൻപ് കുട്ടികളുടെ ഭാഷയിൽ
പറഞ്ഞാൽ ഞാനൊരു അമ്പലക്കാരനായിരുന്നു. സന്ധ്യക്ക് വിളക്ക് കത്തിച്ച് രാമനാരായണയെത്തിക്കുന്ന
ആ എന്നെ എനിക്കിപ്പോഴും നല്ല തെളിച്ചത്തിൽ കാണാം. അക്കാലത്ത് ഓണമെനിക്ക് ദേശീയോത്സവമായിരുന്നില്ല.
ആത്മാവിന്റെയും ശരീരത്തിന്റെയും ആഗോള – ആകാശോത്സവമായിരുന്നു. ആ ദിവസങ്ങളിൽ തന്നെ തന്നെ
മറന്ന് അപ്പൂപ്പൻ താടിയാവും എന്നൊക്കെ പറഞ്ഞാൽ അത് അപ്പൂപ്പൻ താടിക്ക് തന്നെ ദേഷ്യമാവും.
തിരുവോണനാളുകളുടെ പുലർച്ചകളിൽ
മാവേല്യപ്പോ, മാവേല്യമ്മേ ഞാനിട്ട പൂക്കളം കാണാൻ വായോയെന്ന് തൊണ്ട പൊട്ടി വിളിച്ചത്
എനിക്കിപ്പോഴും കേൾക്കാം. (അതിലെ മാവേല്യമ്മേ വിളി പിന്നെയധികം കേട്ടിട്ടില്ല. )കൗമാരം
ആരംഭിച്ച ഒരു തിരുവോണപ്പുലരി ഇപ്പോഴും നല്ല ഓർമ്മയുണ്ട്. 6 മണിയുടെ കുർബ്ബാനക്ക് അൾത്താരച്ചെക്കനായി
മാറിയ എനിക്ക് പള്ളിയിലെത്തണം. ഓണക്കാലങ്ങളുടെ ശർക്കരമധുരമുള്ള വിളികൾ പള്ളിയിലേക്കെന്നെ
വിട്ടില്ല. പുലർച്ചെയുണർന്ന് വടക്കേൽ പോയി.
ചേച്ചിമാർക്കൊപ്പം ഞങ്ങളിട്ട പൂക്കളം കാണാൻ മാവേല്യപ്പനേയും മാവേല്യമ്മയേയും വിളിച്ചു.
വിളിച്ചവരൊക്കെ വരുന്നതിനും മുൻപ് ഉള്ളിൽ സങ്കടത്തിന്റെ ഒരു പൂക്കളവുമിട്ട് പള്ളിയിലേക്ക്
പോയി. ആ ഞാൻ ഇത് വരെ തിരിച്ചു വന്നില്ല എന്ന്
തോന്നുന്നു.
ഈ ഓണക്കാലത്ത് വീടിന്റെ വടക്കേ അതിരിനോട് ചേർന്ന് തന്നെയാണു ഇതെഴുതാനിരിക്കുന്നത്.
അമ്മയില്ല. അപ്പനുമില്ല. കൂടെപ്പിറന്ന അഞ്ച്
പേരും അടുത്തെങ്ങുമില്ല. വടക്കേൽ ചേന്ദച്ചോനും മാധവിച്ചോത്തിയുമില്ല. അഞ്ച് ചേച്ചിമാരുമില്ല. ഉള്ളിൽ അവർ ഓർമ്മയിൽ വിരിയിച്ച പൂക്കൾ കൊണ്ട് ഓണമിട്ട് അങ്ങനെ ഇരിക്കുകയാണു. വിളിച്ച് നോക്കിയാലോ.
ചേച്ചിമാരേ ചേച്ചിമാരേ ഞാനിട്ട പൂക്കളം കാണാൻ വായോയെന്ന്
കുഴൂർ വിത്സൺ
ആഗസ്റ്റ് 22, 2017
Kuzhur Wilson
Temple Of Poetry,
Annalayam,Kuzhur P O,
No comments:
Post a Comment