Thursday, August 10, 2017

സ്നേഹത്തിന്റെ വലിയ കടവൻ


"വിശുദ്ധ ചുംബനങ്ങൾ"
എന്ന നൊസ്സുകൾ എഴുതിയ
ഷാജി എന്റെ നാട്ടുകാരനാണ്..
ബാല്യകൗമാരങ്ങൾ സൈക്കിൾ ചവിട്ടിയ കൊച്ചുകടവിന്റെ ഇടവഴികളിലാണ് ഇയാളെ ആദ്യം കാണുന്നത്..
കാൽ നൂറ്റാണ്ട് മുമ്പാണത്.. അന്നയാൾ മണൽ 
 വാരുന്ന ആളായിരുന്നു..
മണലുവാരൽ കുറ്റകരമല്ലാതിരുന്ന കാലമായിരുന്നു അത്..
ബെന്യാമിന്റെ ആടുജീവിതത്തിലെ
മുഖ്യ കഥാപാത്രമായ
നജീബിന്റെ ആദ്യകാലജോലിയും മണൽവാരലായിരുന്നു...


                                    കൊച്ചുകടവുകാരൻ ഷാജിയെ  
പിന്നെ പല വേഷങ്ങളിലും കണ്ടിട്ടുണ്ട്..
മീൻ വിൽപ്പനക്കാരനായി.. ലോട്ടറി വിൽക്കുന്ന ആളായി.. ഓട്ടോ ഡ്രൈവറായി..
കമ്പനി സൂപ്പർവൈസറായി.. കൊച്ചിൻ കലാഭവനിലെയും കൊച്ചിൻ ഹരിശ്രീയിലെയും മിമിക്രിക്കാരനായി.. കലാഭവൻ മണിക്കൊപ്പം
ഞങ്ങളുടെ പള്ളിയിൽ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളായി..
പല രൂപത്തിൽ പല ഭാവത്തിൽ..
ജീവിതത്തോട് പ്രണയവും ഉത്സാഹവുമുള്ള ഒരാളാണ്
മനുഷ്യനെന്ന് അന്നേ ഉള്ളിൽ കുറിച്ചിരുന്നു..
എന്നാലിന്ന് അദ്ദേഹത്തിന്റെ കവിതകൾക്ക്
ആമുഖം കുറിയ്ക്കാനിരിയ്ക്കുകയാണ് ഞാൻ..
പതിവുപോലെ ജീവിതത്തോട് അത്ഭുതം തോന്നുന്നു..ഇവനാണ് നുമ്മ പറഞ്ഞ നടൻ
___________________________

മുറ്റത്തെ മുല്ലക്ക് മണമില്ലെന്നു പഴമക്കാർ പറഞ്ഞിട്ടുണ്ട്...
നമ്മുടെ മുറ്റമല്ലേ നമ്മുടെ മുല്ലയല്ലെ എന്ത് മണം എന്ന മട്ടിൽ..
ഇറക്കുമതി ചെയ്ത പെർഫ്യൂമുകൾ ആളുകൾ ഉപേക്ഷിച്ചു തുടങ്ങിയ
കാലത്ത് മുറ്റത്തെ മുല്ലക്ക് പതുക്കെ സുഗന്ധം ലഭിച്ചു തുടങ്ങുന്നത് ഞാൻ കണ്ടു..

ഒരു ദിവസം നെടുമ്പാശേരിയിൽ ഇറങ്ങി കൊച്ചുകടവ് വഴി കുഴൂരിലേക്ക് വരികയായിരുന്നു.. കൊച്ചുകടവിന്റെ നെഞ്ചിൽ ഒരു ഫ്ലെക്സ്..
അതിൽ ഷാജി കൊച്ചുകടവന്റെ പടം.. ഇവനാണ് നുമ്മ പറഞ്ഞ നടൻ എന്നർത്ഥമുള്ള വാചകമായിരുന്നു ഫ്ലെക്സിൽ.. ഞങ്ങളുടെ മുറ്റത്തെ മുല്ലക്ക് മണമുണ്ട് എന്നുള്ള നാട്ടുകാരുടെ സാക്ഷ്യം.. സമയം പ്രമുഖ ചാനലിലെ കോമഡി റിയാലിറ്റി ഷോയിൽ തിളങ്ങുന്നുണ്ടായിരുന്നു
പുസ്തകത്തിന്റെ എഴുത്തുകാരൻ..


ഒരു നാട്ടുമ്പുറത്തുകാരന്റെ നൊസ്സുകൾ
____________________________________

ലോകത്തിന്റെ പല കോണുകളിലായി
പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ കവിതകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്..
എന്നാൽ ഇതെനിക്ക് അങ്ങിനെയല്ല..
നാട്ടുമ്പുറത്തുകാരനായ ഒരു പച്ചമനുഷ്യന്റെ ദൗർബല്യങ്ങളിലൂടെ കടന്നുപോകുകയാണ് ഞാൻ.. സ്വയം കവിയെന്ന് വിളിക്കാനോ താനെഴുതിയത് കവിതകളെന്നു സമർത്ഥിക്കാനോ കൊച്ചുകടവൻ തയ്യാറല്ല..
താനെഴുതിയത് നൊസ്സുകളാണെന്നാണ് (കുഞ്ഞു കുഞ്ഞു ഭ്രാന്തുകൾ ) ഇദ്ദേഹം പറയുന്നത്.. ഒട്ടും കാപട്യമില്ലാത്ത വിനയത്തിനു മുമ്പിൽ എന്റെ ആദരം..


സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒത്തിരിപേരുടെ പ്രണയങ്ങൾ പൂത്തുലഞ്ഞിരുന്നത് കൊച്ചുകടവൻ എഴുതിക്കൊടുത്ത പ്രണയലേഖനങ്ങളിലൂടെയായിരുന്നു.. അതായിരുന്നു തുടക്കം..
അന്നേ കവിതയുടെ വിത്തുകൾ അയാളുടെ ഉണ്ടായിരുന്നിരിക്കണം..
മണിമാളികകളുടെ സുഖ സൗകര്യങ്ങളിൽ നിന്നും കവിത സാധാരണക്കാരുടെ
കൈഫോണുകളിലേക്ക് ഇറങ്ങിവന്ന സോഷ്യൽ മീഡിയ കാലത്താണ് കൊച്ചുകടവൻ എഴുതിത്തുടങ്ങുന്നത്..
"വിശുദ്ധ ചുംബനങ്ങൾ" എന്ന പുസ്തകത്തിലൂടെ
കൊച്ചുകടവൻ തന്നിലെ എഴുത്തുകാരനെ അടയാളപ്പെടുത്തുകയാണ്‌..
തന്നിലെ നൊസ്സുകാരനെ അതിലൂടെ തന്നിലെ കവിയെ പുറത്തു കൊണ്ടുവരികയാണ്.. 

പലതും ചെയ്യാനറിയാം ഇയാൾക്ക്
ബാപ്പയെയും ഉമ്മയെയും ഓർക്കുന്ന മകനാകാൻ..
നല്ലൊരു ചങ്ങാതിയാകാൻ.. പ്രണയിക്കാൻ.. കവിതയെഴുതാൻ.. തമാശ പറയാൻ.. അനുകരിക്കാൻ.. അഭിനയിക്കാൻ.. പാടുവാൻ.. (പാട്ടുകാരനായ കൊച്ചുകടവന് ലോകമെമ്പാടും ആരാധകരുണ്ട്


അത്ഭുതപെടുത്തുന്ന
ഒരു കാര്യം ഇതൊന്നും അയാളെ ആരും പഠിപ്പിച്ചതല്ല..
കണ്ടും കേട്ടും അനുഭവിച്ചും ആർജ്ജിച്ച അറിവുകളാണ് അയാളുടെ ഗുരു..
ഒരു ജില്ലയുടെ അതിർത്തിയിലെ പുഴവക്കത്തുള്ള ഒരു ഗ്രാമത്തിലെ ഒരു ബഹുമുഖപ്രതിഭ..
പ്രതിഭയുടെ എഴുത്തുകളും
ഇനി ലോകമറിയുകയാണ്.. അയാളെ അറിയാൻ ശ്രമിച്ച ഒരാളെന്ന നിലയിലാണ് എളിയ കുറിപ്പ്..


പുസ്തകങ്ങളിലൊന്നും എഴുതപ്പെടാതെപോയ നോവുകടലാണ് എന്റെയുള്ളമെന്ന്
പുസ്തകത്തിൽ കവിയെഴുതുന്നു..
പുഴ നിറഞ്ഞൊഴുകിയ കാലത്തിൽ നിന്നും വേനലൊഴുകുന്ന കാലത്തിലേക്കാണ് കൊച്ചുകടവൻ വളർന്നത്.. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വരികളിൽ ഓർമ്മകളുടെ നനവുണ്ട്, പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, ആത്മാർത്ഥതയുടെ ഇഴയടുപ്പമുണ്ട്.. വരികൾ നിങ്ങൾ വായിക്കാൻ തുടങ്ങുന്നത് കൊണ്ട് അവ നിങ്ങൾക്ക് വിട്ടു തരുന്നു..

ആത്മാവിന്റെ അയൽക്കാരൻ എന്ന പ്രയോഗം ഉപയോഗിച്ച എഴുത്തുകാരന്റെ പേര് ഞാൻ മറന്നുപോയിരിക്കുന്നു..
മറവി ഇവിടെ ഓർത്തെഴുതുന്നു.. കൊച്ചുകടവൻ എന്റെ അയൽക്കാരനാണ്.. അയാളുടെ കവിതകളും എന്റെ ഹൃദയത്തിന്റെ അയൽപക്കത്താണ്.. വായിക്കുന്നവർ ഇത് സ്വന്തമാക്കാനും മതി...


എഴുത്തിന്റെ ഒരു വലിയ ലോകം, ആത്മാവിന്റെയും കവിതയുടെയും പ്രണയത്തിന്റെയും അയൽപക്കകാരനായ
എന്റെ പ്രിയപെട്ട ചങ്ങാതിക്ക് നേർന്നുകൊണ്ട് നിർത്തുന്നു...ഹൃദയപൂർവ്വം   കുഴൂർ വിൽസൺ


( ഷാജി കൊച്ചുകടവന്റെ പുസ്തകത്തിനു എഴുതിയ ആമുഖം )


No comments:

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved