Sunday, September 29, 2013

ആകാശത്തേക്ക് വേരുകള്‍

 ആകാശത്തേക്ക് വേരുകള്‍  / പ്രസന്ന ആര്യൻ


മണ്ണിന്‍റെ മാറില്‍ മുഖം ചേര്‍ത്ത് ഭൂമിയുടെ സ്പന്ദങ്ങളേറ്റുവാങ്ങി അതിരുകളില്ലാത്ത ആകാശത്തേക്ക് വേരുകള്‍ പായിച്ചുകൊണ്ടിരിക്കുന്ന ഒരു മരമാണ് കുഴൂര്‍ വില്‍സന്‍റെ കവിത എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

ആദ്യമായി 'മരങ്ങള്‍ ജീവിതത്തില്‍, കവിതയില്‍' എന്ന കവിതയിലാണ് വില്‍സനെ ശ്രദ്ധിച്ചതെന്നാണ് ഓര്‍മ്മ. ജീവിതത്തില്‍ നമ്മുടെ ശ്രദ്ധയില്‍പ്പെട്ട ചിലത് കവിതയില്‍ വായിക്കുമ്പോള്‍ നമ്മളെന്തേ അതിനെ എഴുതിയില്ല എന്ന്‍ വെറുതെയെങ്കിലും തോന്നിപ്പിക്കുന്നതിലാണ് ഒരു കവിതയുടെ, കവിയുടെ വിജയം.

എത്ര കാലമായി
ഇങ്ങനെ ഒരേ നില്‍പ്പില്‍ നില്‍ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത് ( മരങ്ങള്‍ ജീവിതത്തില്‍, കവിതയില്‍)

എന്‍റെ
പൊന്നോമനയിലകളേ
അവര്‍
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ
എന്റെ മക്കള്‍ കരയരുത്(കറിവേപ്പ്)

തക്കം കിട്ടുമ്പോഴൊക്കെ
അതിന്‍റെ നിഴലില്‍ പതുങ്ങും
ആരും കണ്ടില്ലെങ്കില്
ഒരുമ്മ കൊടുക്കും
അപ്പോഴൊക്കെ
ആ ഇളം പച്ചച്ച
തൊണ്ണ കാട്ടിയുള്ള
ചിരി കാണണം(ആര്യവേപ്പ്).

പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കല്
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്‍ത്ത്
മനസ്സ് മലര്‍ത്തിയിട്ടുണ്ട് ഞാന്‍ (മരയുമ്മ)painting - Prasanna Aryan

വിയര്‍പ്പോ
കണ്ണീരോ
കൊടുത്ത്
ഈന്തപ്പനയെ
ഇളം പച്ചയാക്കുക
കലുങ്കിനടിയിലെ വളര്‍ച്ചമുട്ടിയ ആല്‍മരത്തെ ഉമ്മവെച്ച് അമ്മയാക്കുക എന്നിങ്ങിനെ നിരവധി തലങ്ങളില്‍ നിരവധിതവണ പ്രത്യക്ഷപ്പെടുന്ന മരബിംബങ്ങളില്‍ നിന്നാവാം വില്‍സന്‍റെ കവിതയെ ഇങ്ങിനെ വിവര്‍ത്തനം ചെയ്യാന്‍ തോന്നിയതിന്നു കാരണം.

മരങ്ങളെഴുതുന്ന നിഴല്‍ച്ചിത്രങ്ങളില്‍ (മരയുമ്മ) നോക്കിയിരുന്ന് സ്വയം മറന്നുപോകുന്നവര്‍ അപ്രതീക്ഷിതമായൊരു തളിരിടലിനെ ഓമനിച്ചുപോകുന്നവര്‍ കസേരകളും മേശകളും കാണുമ്പോള്‍ അറിയാതെ ഒരു കാടുമനസ്സിലോടിയെത്തുന്നവര്‍, അവര്‍ നമ്മളൊക്കെത്തന്നെയാണ്

മുറിച്ച് കടക്കലില്‍ (പഴയതെങ്കിലും പുതിയത്)റോഡ് മുറിച്ചുകടക്കുന്നത്, ‘ജമ്മത്തിലെ അമ്മ, ‘കടിഎന്ന കവിതയിലെ അമ്മിണിയും, ‘അലക്കിലെ കഴുകാനിടുന്ന ശരീരവും എല്ലാം നമ്മള്‍ തന്നെയോ നമുക്ക് പ്രിയപ്പെട്ടവരോ ആയി മാറുന്നു.

നിത്യക്കാഴച്ചകളില്‍ നിന്നും അറിയാതെ കൂടെപ്പോന്ന അല്ലെങ്കില്‍ സമര്‍ത്ഥമായി തിരഞ്ഞെടുത്ത സര്‍വ്വസാധാരണമായ വെറും കാഴച്ചകളില്‍ പ്രതീക സങ്കലനം നടത്തി അവയെ അനായാസ ലളിതമായ ഭാഷയില്‍ ആകാശത്തോളം വളര്‍ത്തി വെറും സാധാരണക്കാരനായ അനുവാചകനെ കൂടെ നടത്തുന്ന അല്ലെങ്കില്‍ അവന്‍റെയും കൂടെ കവിതയാക്കിമാറ്റുന്ന ഒരു ജാല വിദ്യയാണ് വില്‍സന്‍ എഴുത്തിലൂടെ ചെയ്യുന്നത്..... രചനാസംമ്പ്രദായത്തില്‍ അനുനിമിഷം അവസ്ഥാന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ഇത്തരം കവിതകളെ കാലത്തിന്‍റെ കവിതകള്‍ എന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു. അത് കാലത്തെ അതിജീവിക്കുമെന്നുതന്നെ വിശ്വസിക്കുന്നു.

ഇത് ചെറിയൊരു ജാലകക്കാഴ്ച മാത്രം...കൂടുതല്‍ വായിക്കേണ്ടവര്‍ക്ക് ഈ ലിങ്കിലൂടെ അവിടെയെത്താവുന്നതാണ്.

No comments:

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved