Sunday, March 27, 2011

കാക്കയാണു ഞങ്ങളുടെ പക്ഷി

(നസീർ കടിക്കാടിന്റെ “കാ കാ” എന്ന കവിതാപുസ്തകത്തിന് എഴുതിയ മുഖക്കുറി )

ഒരു പിറന്നാൾ ദിവസം.
പുത്തനുടുപ്പ്,ഉമ്മകൾ,ഉള്ളിലെ കറുപ്പും വെളുപ്പുമറിയുന്ന കൂട്ടുകാർ,ഏറ്റവും പ്രിയപ്പെട്ട നഗരം.ഒരു ചെറുകാറ്റിൽ പെട്ട് ദാ,ഇപ്പോൾ വന്ന് ഒരിടത്തിരിക്കുന്ന തൂവലിനെപ്പോലെ അങ്ങിനെ ഇരിക്കുകയാണ് കാസഗോവയിൽ.നോമ്പുകാലമാണ്.ബാങ്കു വിളി കഴിഞ്ഞു.പുറത്തങ്ങനെ സന്ധ്യ വരയ്ക്കുന്നു.കാസഗോവയുടെ അകത്തും.വിശ്വാസികൾ നോമ്പുമുറിക്കുവാൻ കൂട്ടിൽ കയറിയിട്ടുണ്ടാകണം.വിജനമായ നട്ടുച്ചകളിലൂടെ നടന്നിട്ടുണ്ടോ, ഒന്നുമുണ്ടാകില്ല.ലോകം എല്ലാം മറന്ന് പ്രാർത്ഥിക്കാൻ പോയി എന്നു തോന്നും.അപ്പോൾ ഒന്നുമാത്രം കേൾക്കാം…വേണ്ട,ഇപ്പോൾ പറയുന്നില്ല.ഈ പുസ്തകം കഴിയട്ടെ.അതുപോലെ പുറത്ത് വിജനമായ ഒരു സന്ധ്യയാണ്.അവളും കൂട്ടിൽ കയറിയിട്ടുണ്ടാവും.ഒരു തൂവലായി അങ്ങിനെ ഇരിക്കുകയാവും.ഇനിയെങ്ങോട്ട് എന്ന വിചാരത്തിൽ.


കൈയിൽ രണ്ടു പുസ്തകങ്ങളുണ്ട്.ഒന്നു കുഞ്ഞുണ്ണിമാഷ്.മറ്റൊന്ന് കുരീപ്പുഴ.പിറന്നാളിനു കിട്ടിയതാണ്.രണ്ടും വെറും പുസ്തകങ്ങളല്ല.എവിടെ നിന്നോ നമ്മെ മാത്രം തേടിയെത്തുന്നത്.കുഞ്ഞുണ്ണിമാഷ് എവിടേക്കാണ് പോയത്? “നിനക്കുണ്ടൊരു ലോകം,എനിക്കുണ്ടൊരു ലോകം,നമുക്കില്ലൊരു ലോകം…”പുസ്തകമില്ലെങ്കിലും ഉറക്കത്തിൽ പറയുന്ന കുഞ്ഞുണ്ണിയുടെ വരികൾ അതുമാത്രമാണ്.

കാസഗോവയിലെ ഫിലിപ്പിനോ പെണ്ണ് അടുത്തേക്കുവന്നു. “സർ,ഷൂ കാലിൽ തന്നെ ഇടണം.ഊരി വെക്കാൻ പാടില്ല…”കുറേനേരം തൂവൽ മാത്രമായതിന്റെ ഒരിതിൽ നിന്നും പക്ഷിയിലേക്കും മരത്തിലേക്കും അവിടെനിന്നും മനുഷ്യരിലേക്കും കാസഗോവയിലേക്കും തിരികെ വന്നു.ക്ഷമിക്കണം…എനിക്കറിയില് ലായിരുന്നു.ഷൂസുകൾ തിരികെ കാലിൽ കയറ്റി.അല്ലെങ്കിൽ കാലുകൾ ഓടി ഷൂസിൽ കയറി.നിനക്കുണ്ടൊരു ലോകം,എനിക്കുണ്ടൊരു ലോകം ഷൂസുകൾക്കുണ്ടൊരു ലോകം!

വരാമെന്നു പറഞ്ഞവനെവിടെ?നൊമ്പാണോ,മുറിച്ചു കാണുമോ,കൂടെ വിളിക്കാമോ,കുടിക്കാമോ,കുടിപ്പി ക്കാമോ….?

ഇന്നെന്റെ പിറന്നാളാണ്.
എന്റെ നക്ഷത്രം വിശാഖമാണ്.
മൃഗം സിംഹം.
മരം വയ്യങ്കതവ് ,
പക്ഷി കാക്ക.

കാക്കയാണ് വരുന്നത് .കാക്കയാണ് എന്റെ പക്ഷി
അപ്പോൾ ഞാനാരാണ് ?


കോഴി കൂവിയതിനു ശേഷം വരുന്ന ആദ്യത്തെ ശബ്ദം.എണീക്ക് ഇതാ പരുപരുത്ത ജീവിതം എന്മ്ൻ പ്രഭാതത്തെ അലോസരപ്പെടുത്തുന്ന കറകറാ ശബ്ദം.കാക്കയാണു വരുന്നത്.ചേക്കേറാൻ വരുന്നതാണ്.പകൽ മുഴുവൻ എവിടെയായിരുന്നു.എന്തോരം പണികളായിരുന്നു.മുന്നാമ്പുറത്തെ യ്ം പിന്നാമ്പുറതെയും വൃത്തികേടുകൾ മുഴുവൻ വിഴുങ്ങി മുറ്റം വൃത്തിയാക്കുമ്പോൾ ഇന്നാരും വിരുന്നുവരാനില്ലേയെന്നു കുറുകി….പിന്നെ എവിടെയായിരുന്നു.എന്തോരം പണികളായിരുന്നു.ആലുവ മണപ്പുറത്തേക്കു പറന്നു.മരിച്ചുപോയവരുടെ ഉണ്ണികൾ ചോറുരുള കാട്ടി കൈകൊട്ടി വിളിക്കുകയല്ലേ…ആട്ടിയോടിക്കുന് ന ഉണ്ണികളെയല്ലേ കണ്ടിട്ടുള്ളൂ.അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം തട്ടിയെടുത്ത കാക്ക.അമ്മ പുഴുങ്ങിയ കുയിലപ്പം തട്ടിതിന്ന കാക്ക.ഉണക്കാഇട്ട മുളകു തിന്ന കാക്ക.വെയിലത്തുവെച്ച കൊപ്രക്കഷണം തട്ടിപറന്ന കാക്ക.തല്ലിക്കൊന്ന കൂട്ടുകാരന്റെ,കൂട്ടുകാരിയുടെ ചിറകു തൂക്കിയിട്ടാലും പനമ്പിലെ നെൽമണികളിലേക്ക് കണ്ണുംവെച്ചെത്തുന്ന കാക്ക…..


ഇതങ്ങനെയല്ല.സ്നേഹത്തോടെയുള്ള വിളിയാണ്.കണ്ണു നനഞ്ഞുള്ള വിളിയാണ്.പോകാതെ പറ്റുമോ?പറക്കുമ്പോൾ ചിറകുകൾ
ആകാശത്തല്ല.ഭൂമിയിലുമല്ല.സ്വർഗ് ഗത്തിലോ,നരകത്തിലോ,വിശുദ്ധീ കരണസ്ഥലത്തൊ ആണ്.പറക്കുന്നത് കാക്കയല്ല.പുഴപ്പുറത്ത് ചോറുരുളയും വെച്ച് വിളിക്കുന്ന ഉണ്ണികളുടെ ആരോ ആണ്.അച്ഛനോ അമ്മയോ ഭർത്താവോ മകനോ മകളോ പേരക്കുട്ടിയോ കൂട്ടുകാരനോ.എന്തായാലും മരിച്ചവനാണ്.ഞാൻ ആരുടെ ആരാണ് എന്നു വിചാരിച്ചു പറക്കുകയാണ്.

ഉണ്ണീ,ഞാൻ വെറുമൊരു കാക്കയാണ്.ഇന്നേക്ക് നിന്റെ അച്ഛനായി അഭിനയിക്കുകയാണ്.ഉള്ളു പിടഞ്ഞ് നീ വെച്ചുനീട്ടുന്ന ഈയുരുള വിശപ്പില്ലാഞ്ഞിട്ടും അപ്പാടെ തിന്നുകയാണ്.ഉള്ളൊക്കെ രാവിലെതന്നെ വൃത്തികേടുകൾ തിന്നുതിന്നു നിറഞ്ഞു.ദൂരെ മാറി ഒറ്റയ്ക്കിരുന്നു കൈകൊട്ടി വിളിക്കുന്ന ഉണ്ണീ,ഒരിക്കൽ,പലപ്പോൾ നീയെന്നെ കൈകൊട്ടി ആട്ടിയിട്ടുണ്ട്.ഇതു നീ നിന്റെ അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ടവർക്കും ജന്മാന്തരം കൊടുക്കുന്ന ഉരുളയാണ്.നിനക്കറിയുമോ,ഞങ്ങൾ കാക്കകൾ വെളുത്തവരായിരുന്നു.മരിച്ചവർക് കുള്ള ചോറുരുളകൾ തിന്നു കറുത്തു പോയതാണ്.എല്ലാവരും വെളുത്തവരാണ്.കറുത്തുപോകുന്നതാ ണ്.ആരുടെ ആരുമല്ലാത്ത ഈ നിമിഷം കാക്കകൾ എല്ലാവരുടേയുമാണ്.കഴിഞ്ഞ കാലമോർത്തു കരയുന്ന ഉണ്ണീ,നിന്റെ ഇടത്തേ കവിളിൽ എന്താണൊരു പാട് ,ആരാണു നിന്നെ തല്ലിയത് ,ആരുമായാണു നീ തല്ലുകൂടിയത്…?അച്ഛൻ പോവുകയാണ്.ഇനി വരുംവരെ ഉണ്ണീ,ഉണ്ണിയായിരിക്കുക.ഉരുള ഞാനെടുക്കുന്നു.നിന്റെ വിരൽചൂടും.



കാത്തിരിക്കുന്നു.കാക്ക വന്നില്ലല്ലൊ.ഇന്നു പിറന്നാളാണ്.നാൾ വിശാഖം.പക്ഷി കാക്ക.എന്റെ കാക്ക എവിടെയാണ് ?ൻപ്പ്മ്പുണ്ടായിക്കാണുമോ,പകൽ മുഴുവൻ വെള്ളമിറക്കാതെയാവുമോ?വെറുതേ വിശപ്പ് വന്നു.വിശക്കുന്നുമില്ല.കാസഗോവ എന്തു വിചാരിക്കും,ഫിലിപ്പിനോ പെണ്ണ് എന്തു വിചാരിക്കും?നമ്മളെയല്ല,എന്നാൽ നമ്മളെയാണ് എന്ന തോന്നലിൽ കാക്കയെ കാത്തുള്ള ഈയിരിപ്പിനെന്തു തോന്നും ?ഒരു ബിയർ പറഞ്ഞു ,ഹെനിക്കൻ.കൂട്ടുകാരി കവിതയിൽ ഹെനിക്കൻ ഉപയോഗിച്ചതു മുതൽ ബിയറെന്നാൽ വായിൽ ഹെനിക്കനേ വരൂ.ബിയർ വന്നു.ഉരുളക്കിഴങ്ങിന്റെ വറുത്ത വിരലുകൾ വന്നു….കാക്കേ കാക്കേ കൂടെവിടെയാണ്.നീയെവിടെയാണ് ?എസ്.എം.എസിൽ മറുപടി വന്നു.എന്തോരം പണിയാണ്.കൂട്ടിൽ പോകണം.കുഞ്ഞിനു തീറ്റി കൊടുക്കണം.കാക്കക്കൂറ്റീന് കാക്കത്തണൽ കൊടുക്കണം.കൂടെയുള്ള കാക്കകൾക്ക് പകലിന്റെ കണക്കു കൊടുക്കണം….ദേയെത്തി ദേയെത്തി.
കുഴൂര് വിട്ടതിനുശേഷം ഉള്ളറിഞ്ഞു കാക്കകളെ കണ്ടിട്ടില്ല.പൂച്ചകൾക്ക് മീൻ കൊടുക്കുന്നബീരാൻകാക്കയാണ് ആദ്യം.ബീരാന്റെ വരവും കാത്തിരിക്കും.ആ പൂഹോയ് വിളിയും കാത്തിരിക്കും.ബീരാന്റെ വരവോ,ചാള കടിച്ചുള്ള കല്യാണിആശേരിച്ചിയുടെ പൂച്ചകളുടെ ഓട്ടമോ ,എന്താണ് കൊതിപ്പിച്ചിരുന്നത്?വിശപ്പ് ഒരു പൂച്ചയോളമെന്ന് അന്നു വിചാരിച്ചിരുന്നു ,ഒരു പുലിയോളമെന്ന് പിന്നീട് അറിഞ്ഞുവെങ്കിലും.അന്നു പതിഞ്ഞതു കൊണ്ടാകാം ഇന്ന് പൂച്ചയോളമേയുള്ളൂ എല്ലാ വിശപ്പും.

ഈ വരുന്ന കാക്കയ്ക്ക് വിശന്നിട്ടുണ്ടാകുമോ എന്നെങ്കിലും.ഉണ്ടാകണമല്ലേ.കടൽ കടന്നു പറത്തിവിട്ടപ്പോൾ ,ഒമാനിലെ ഹോട്ടലിൽ പാത്രം കഴുകുമ്പോൾ ഒരു കലാകൌമുദിക്ക് വേണ്ടി വിശന്നുവെന്ന് ഒരിക്കൽ പറഞ്ഞു.രണ്ടെണ്ണം വിട്ട് മനസ്സഴിയുമ്പോഴൊക്കെ പറഞ്ഞു.കടൽ കടന്നതിന്റെ ചൊരുക്കാകണം.കടൽ കടന്നതിന്റെ ആദ്യനാളുകളിൽ കലാകൌമുദി കാണുമ്പോഴൊക്കെയും ഛർദ്ദിക്കാൻ വന്നുവെന്ന് മനസ്സഴിയുമ്പോഴൊക്കെ തിരിച്ചും പറഞ്ഞു.

പുന്നയൂർക്കുളം,നീർമാതളത്തിന്റെ മണ്ണ്,പാടം,മാഷ് കാക്കയായ ബാപ്പ.ഇയാൾക്കെവിടെ നിന്നാണ് വിശപ്പ് കിട്ടിയത് ,കവിതയുടെ.ഇയാൾക്കെവിടെ നിന്നാണ് വിശപ്പ് കിട്ടാഞ്ഞത്.ഈ കാക്കയെന്തിനാണ് കടൽ മുറിച്ചുപറന്നത്…രണ്ടായ് മുറിച്ചത് .ഉമ്മയോ,ബാപ്പയോ,റിസ്റ്റ് വാച്ച് കെട്ടുന്ന കാക്കകളോ ആരാണ് ഈ കാക്കയെ നാടുകടത്തിയത്.എന്തിനാണിയാൾ കൂട്ടുകാരെ വിട്ടുപോന്നത്.കടലിനിപ്പുറത്തെ വെളുത്ത കാക്കകളിയാളെ കൂട്ടത്തിൽ കൂട്ടിയോ…?

കണ്ണടച്ചു കവിത ചൊല്ലുന്ന ഒരു കൂട്ടുകാരനെ കാണാൻ വിശപ്പുതോന്നുന്നുവെന്ന് ഒരിക്കൽ പറഞ്ഞു.മറ്റൊരിക്കൽ മനസ്സഴിഞ്ഞപ്പോൾ.കവിത പറയാൻ ,കവിത കേൾക്കാൻ മൊബൈൽകമ്പനിക്ക് കാശ് മുടക്കുന്ന മറ്റൊരു കാക്കയെ എന്നല്ല,മറ്റൊരു പക്ഷിയേയും ഞാൻ കണ്ടിട്ടില്ല.ഒന്നു പറന്നുപോകുമോ എന്ന് മുഷിഞ്ഞു പറയുവോളം കവിത സംക്രമിപ്പിച്ച ഒരാൾ .ഈ കാക്കയ്ക്ക് ഈ മുടിഞ്ഞ വിശപ്പ് എവിടെ നിന്നാണു കിട്ടിയത് ?


വിശപ്പേറെയായിട്ടും ഇവിടെ അവനവനെ തന്നെ വായിച്ച് വല്ലാതെ മുറിയുന്നു.ഒരു ബിയർ കൂടി പറഞ്ഞു.കാസഗോവയിൽ കുയിൽനാദം കേട്ടുതുടങ്ങി.അത് ആരവങ്ങളാവാൻ അധികമില്ല.വന്നില്ലല്ലൊ.ഫോണിൽ വിളിച്ചു.എൻഗേജ്ഡ് ആണ്.ആരാവാം അങ്ങേത്തലയ്ക്കൽ?നാടോ വീടോ അതോ കടക്കാരോ…വെള്ളമോ ബ്രഡോ ചോദിച്ചോ ,ഒരു പാകറ്റ് പൈൻ സിഗരറ്റ് ചോദിച്ചോ ?എന്തു വിളിയും പറച്ചിലുമാണിത്.വിളിച്ചു തീർത്ത ജീവിതം.പറഞ്ഞുതീർത്ത ജീവിതം.ആരായിരിക്കും മറുപുറം ?നിലവിടുമ്പോൾ കുയിൽനാദം കേൾക്കുന്ന വട്ടുണ്ട്.ഏതു കുയിലായിരിക്കും കാക്കയുടെ അങ്ങേത്തലയ്ക്കൽ ?

ഒരിക്കൽ കവിതയുടെ ഊക്കിൽ വീട്ടുകാരിയുടെ കണ്ണുവെട്ടിച്ചു പുറത്ത് ഈന്തപ്പനകളുടെ കീഴിൽ നിൽക്കുക്കയായിരുന്നു.ഫോൺ നീട്ടി.ഒരു കവിത ചൊല്ലാൻ പറഞ്ഞു.രാമന്റെ “കാട്ടിലെത്തിയാൽ നിശ്ശബ്ദനാകുമെൻ കൂട്ടുകാരനോടൊപ്പമേ ഞാൻ വരൂ…”കണ്ണടച്ചു ചൊല്ലുകയാണ്.അപ്പുറത്തൊരു കുയിലാണെന്നു മാത്രമറിയാമായിരുന്നു.ഈ കാക്കയ്ക്കും കുയിലിനുമെന്ത്?പറഞ്ഞു കേട്ട കഥയാണ്.കറുത്തിട്ടാണെങ്കിലും ഒച്ച മുരടാണെങ്കിലും കരച്ചിൽ കരുത്തുള്ളതാകയാൽ കുയിലുകൾ കാക്കക്കൂട്ടിലേ മുട്ടയിടൂ.കരച്ചിൽ കേട്ട് ,കറുപ്പിന്റെ ചൂടറിഞ്ഞ് മുട്ടകളങ്ങനെ വിരിയും.കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞാണെന്നറിഞ്ഞ കുയിലുകൾ തൻകുഞ്ഞേ പൊൻകുഞ്ഞേയെന്നു പിടഞ്ഞ് നേരവും നേരും കൊടുത്ത് അങ്ങനെ വളർത്തും.കണ്ടറിയുന്ന കാക്കകൾ കൊള്ളാതെയറിയുന്ന ജാഗ്രതയുടെ കറുപ്പ് കുയിൽപാട്ടിൽ മറക്കും.കാക്കയുടെ തൻകുഞ്ഞുങ്ങളെല്ലാം പൊൻകുഞ്ഞുങ്ങളാകും.കുയിൽകുഞ് ഞുങ്ങൾ ചിറകാവുമ്പോൾ പറന്നുപോകും.കുഞ്ഞുങ്ങൾ പറന്നുപോയ എന്റെ കാക്കേ നിന്റെയിപ്പോഴത്തെ കരച്ചിലിന് ഇടർച്ചയുണ്ടോ?


എവിടെയാണ്,പറന്നെത്താത്തതെന്താ ണ് ?കാസഗോവയിൽ ഇരുട്ടിനൊപ്പം നൃത്തവും പടരുന്നു.നിഴലുകൾക്ക് ജീവൻ വയ്ക്കുന്നു.ഒരു ബിയർ കൂടി പറയുന്നു.കുയിലുകളും വെളുത്ത കാക്കകളും തുറിച്ചു നോക്കുന്നു.കുഞ്ഞുണ്ണിമാഷും കുരീപ്പുഴയും അമ്മമലയാളവും മുന്നിൽ കിടക്കുന്നു.ഒരു പിറന്നനാൾ കൂടി കടന്നുപോകുന്നു.


ഒടുവിൽ ,കാക്കകലമ്പലും കടംപറച്ചിലും കാക്കക്കൂടും ,കൂടും കുടുക്കയും വെടിഞ്ഞ് കാക്കയെത്തുന്നു.

കാക്കക്കുളി കഴിഞ്ഞിട്ടുണ്ട്
സുന്ദരക്കുട്ടപ്പനായിട്ടുണ്ട്
കൊക്കു വെളുത്ത ചിരിയുണ്ട്
ആ പ്രകാശത്തിൽ കാസഗോവ വെളുക്കവേ
സന്തോഷം വന്നു.

ഈയിരുണ്ട കാലത്തിൽ ആളുകൾ മതത്തിലേക്കും മയക്കുമരുന്നിലേക്കും നീങ്ങുമ്പോൾ ഞാൻ കവിതയിൽ അഭയം തേടുന്നുവെന്ന് വോൾ സോയിങ്കേ ഞങ്ങളുടെ കാലത്ത് എവിടെയോ ജീവിക്കുകയും ,എഴുതുകയും ചെയ്യുന്ന കവി.ഞങ്ങളും അഭയം തേടുന്നു.മതത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും പെഗ്ഗിൽ നിന്നും കവിതയിലേക്ക് .

മുന്നിലിപ്പോൾ ചാറ്റ്റൂമിൽ കണ്ട അരസികനായ,ബുൾഗാൻ താടി വെച്ച,ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ നിന്നിറങ്ങി വന്ന വെറു നസീറില്ല.കൂട്ടുകാരിക്ക് ചെമ്പരത്തിപൂവ് കൊടുത്ത (അന്നു ഞാൻ കൊന്നേനെ)വട്ടനില്ല.ഫ്ലാറ്റുകളു ടെ മുകൾനിലകളിലേക്കു ഗ്യാസ്കുറ്റി ചുമന്ന ഗ്രോസറിക്കാരനില്ല.പെണ്ണിന്റെ വിളിയിൽ പേടിക്കുന്ന ഭർത്താവില്ല.രണ്ടു കുട്ടികളുടെ ബാപ്പയില്ല.

ഒരു കാക്ക.
അതാ,കുരീപ്പുഴയുടെ പുസ്തകത്തിന്റെ കവറിലെ കാക്കയുമായി അതു സ്നേഹത്തിലാകുന്നു.

ഞാൻ ചോദിച്ചു.കാക്കകളെക്കുറിച്ച് ഒരു കവിതയെഴുതാമോ ,ഒരു കാവ്യം.

എഴുതാം.അല്ല ,എഴുതി കഴിഞ്ഞു.

കവിതയുടെ കലപില ,കാക്കകരച്ചിൽ .കാക്കകവിതകളുടെ ഒരാകാശം

അത് ഇതാണ്.
കവിതയിൽ ഈ കാക്ക എന്റെ ചേട്ടനാണ്
കാക്ക എന്റെ പക്ഷിയാണ്.

ഈ കവിതകൾ എന്റേതാണ്

9 comments:

Unknown said...

Kakkayaninnete dukham....

Ennthe ningade pakshi kaakkayaayathu.. mina nalla pakshiyalle....
ayyye ariyille
mina kulikkarrilla...
kakka mathrame kulikku.. kokkavanalla tto..
kakkakku kakka mathram aayal mathi.. thante asthithwam athanallo...

Manoj vengola said...

"...വേണ്ട,ഇപ്പോൾ പറയുന്നില്ല.ഈ പുസ്തകം കഴിയട്ടെ...."

yousufpa said...

കാ കാ ഞാനൊന്ന് വായിക്കട്ടെ...

ശ്രീജിത് കൊണ്ടോട്ടി. said...

ആശംസകള്‍ നേരുന്നു..

kureeppuzhasreekumar said...

ഒരു കാക്ക നോട്ടത്തിന്റെ ചാരുത.

നാസിര് കെ സി said...

എഴുത്തിന്റെ ശ്യാമ സൌന്ദര്യം,
കാക ദ്രിഷ്ടിയുറെ അകക്കാഴ്ച്ഴയും.
nasir kc

kaviurava said...

നേരും നെറിയുമുള്ള കോടതിയെത്രെ, കാക്കകളുടെ കോടതി.
അത് സോദരനായാലുംപക്ഷിയായാലും, ശരി.
മുഖ ക്കുറിക്കും, പുസ്തകത്തിനും ആശംസകളോടെ ..KC

Unknown said...

ചിരിച്ചു ചിരിച്ചു കാക്ക മലർന്നു പറക്കുന്ന ഒരു കാലം നമുക്കുമുന്നിൽ അനാവൃതമാകുന്നു...
http://uaepoets.blogspot.com/2011/05/blog-post_06.html

Umesh Pilicode said...

മുഖ ക്കുറിക്കും, പുസ്തകത്തിനും ആശംസകള്‍

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved