Showing posts with label പുതുകവിത. Show all posts
Showing posts with label പുതുകവിത. Show all posts

Tuesday, December 10, 2013

സാക്ഷ്യത്തിന്റെ പിന്തുടർച്ചയായി പിന്നെയും വാർത്തകൾ / ടി.ഡി .രാമക്യഷ്ണൻ

 കവി വിഷ്ണുപ്രസാദിന്റെ ലിംഗവിശപ്പ് എന്ന കവിതയെക്കുറിച്ച് ടി.ഡി.രാമക്യഷ്ണൻ

മലയാള കവിതയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ശക്തമായ മാറ്റത്തിന്റെ വേലിയേറ്റത്തിലാണു ഇത്തരമൊരു കവിത എഴുതപ്പടുന്നത്. ബ്ലോഗുകളിലൂടെ തുടങ്ങി ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ നെറ്റ് വർക്കുകളിൽ എഴുതപ്പെടുകയും സജീവമായി ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സൈബർ കാലത്തെ കവിതയിലെ നവതരംഗം കവിതയെക്കുറിച്ച് നിലവിലുള്ള സകലധാരണകളെയും അട്ടിമറിച്ചുകൊണ്ടാണു പുതിയ ഭാവുകത്വം സ്യഷ്ടിക്കുന്നത്

(
ടി.ഡി .രാമക്യഷ്ണൻ / സാക്ഷ്യത്തിന്റെ പിന്തുടർച്ചയായി പിന്നെയും വാർത്തകൾ / കറുപ്പും വെളുപ്പും പംക്തി / ശാന്തം മാസിക)




തീർച്ചയായും കുഴൂർ വിത്സൺ തന്നെയാണു കവിതാഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുധീഷ് കോട്ടേമ്പ്രവും , നിരഞ്ജനും, ശൈലനും, കെ.വി .സിന്ധുവും, ഡോണ മയൂരയും, എം. ആർ .വിഷ്ണുപ്രസാദുമെല്ലാം വളരെ വ്യത്യസ്തമായ രീതികളിൽ അതിന്റെ തുടർച്ചയാവുകയാണു

വിഷ്ണുപ്രസാദിന്റെ ലിംഗവിശപ്പ് എന്ന കവിതയെക്കുറിച്ച് ടി.ഡി.രാമക്യഷ്ണൻ ശാന്തത്തിൽ എഴുതിയിരിക്കുന്നു. ഇന്ത്യയുടെ ലൈംഗികചിന്തകളെ കൂടി ചേർത്ത് വായിക്കുന്നു. ഇതിൽ മാഷ്  എന്നെ പ്രഭവകേന്ദ്രമാക്കുകയും ചെയ്തു. ഹും സുനാമിക്ക് ഞാൻ മറുപടി പറയണമല്ലോ






Monday, November 18, 2013

കൂടുമാറ്റങ്ങൾ / മരയുമ്മ



അജ്മാനിൽ നിന്ന് പോന്നിട്ട് വർഷം രണ്ട് കഴിഞ്ഞു. എന്നാലും അവനെ മറക്കുക വയ്യ. മരയുമ്മയിലെ എന്റെ ആ മരത്തെ. നന്ദി ഉമ്പാച്ചീ. നന്ദി ചന്ദ്രിക. നന്ദി അജ്മാനിലെ ദിനങ്ങളേ. ആ മരം ഇപ്പോൾ എന്തെടുക്കുകയാവും. അവിടെയുള്ളവരേ എന്റെ സ്നേഹം പറയണേ. (മരയുമ്മ എന്ന കവിതയുടെ ചരിത്രം ചന്ദ്രിക ദുബായ് വാർഷികപ്പതിപ്പിൽ )

മരയുമ്മ

ഇണചേർന്നതിന് ശേഷം
വഴക്കിട്ടിരിക്കുന്ന
രണ്ട് കിളികളുടെ ചിത്രമാണ്
ഇന്ന് ഈ മരം
എനിക്ക് നല്കിയത്

ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതിൽ
അല്ലെങ്കിൽ എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതിൽ
ഈ മരത്തിനുള്ള ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങള്ക്ക് മനസ്സിലാകില്ല

ഒരു ദിവസം
കടന്ന് പോകുന്ന
കാറ്റിനോട്
പോകല്ലേ പോകല്ലേയെന്ന്
കരയുന്ന ഇലകളേ

വേറെ ഒരു ദിവസം
കൊമ്പിൽ നിന്ന്
പ്രാവിന്റെ കാഷ്ഠം വീഴ്ത്തി
തണലിൽ
ആരോ കഴിച്ചതിന്റെ ബാക്കി
മീന് മുളള് തിന്നുന്ന പൂച്ചക ളെ
ഓടിക്കുന്നതിന്റെ

മറ്റൊരു ദിവസം
എന്റെ മുറിവ്
കരിയിച്ച് തരണേയെന്ന് സൂര്യനോട്
പ്രാത്ഥിച്ച് കരയുന്ന
തന്റെ തന്നെ
കൊമ്പിന്റെ
നനഞ്ഞ കണ്ണുകളേ

വേറൊരു നാൾ
താഴെ
അപരിചിതരായ മനുഷ്യർ
അലസരായി ചാഞ്ഞിരിക്കുന്ന
വേശ്യകളായി തീരന്ന
തന്റെ തന്നെ
സഹോദരീ ശിഖരങ്ങളെ
മനുഷ്യരുടെ ഭാഷയിലായാൽ
മരക്കസേരകളെ

ഒരു ദിവസം
ഓരോ കാറ്റ് വരമ്പോഴും
അര്ബാബിനെ പേടിച്ച്
കാറ്റ് സ്നേഹിച്ച് സ്നേഹിച്ച് കൊന്ന
കരിയിലകളെ
അടിച്ച് വാരി കളയാൻ
ഓടി ഓടിയെത്തുന്ന
ബീഹാറുകാരനെ

വേറെ
ഒരു ദിവസമാണെങ്കിൽ
വെള്ളി കലർന്ന
നീല ആകാശത്തെ നോക്കി
ഒറ്റ ചിരി ചിരിച്ച
ചെറുപൂക്കളെ, കൂടെ
തലകുത്തി മറിഞ്ഞ്
ചിരിക്കുന്ന കായകളെ

ഒരു ദിവസമാണെങ്കിൽ
കൊമ്പിലും കുഴലിലും
സ്വർണ്ണനൂലുകൾ പടർത്തിയ
സന്ധ്യയെ നോക്കി പൊടുന്നനെ
പൊട്ടിക്കരഞ്ഞ
തായ് വേരിനെ

പിന്നെ ഒരു ദിവസം
വേറെ ആരെയും
കാണിക്കാത്ത
ഇളം പച്ച കുഞ്ഞിനെ
കാണിച്ച്
ഒരു പേരിട്ട് തരാൻ പറഞ്ഞ
വയസ്സായ നടുക്കഷണത്തെ

അതിനും മുൻപ്
മറ്റൊരു ദിവസം
നാട് നീളെയുള്ള
മരക്കൂട്ടുകാരെ
കാണാറുണ്ടോ നീയെന്ന്
ചോദിച്ച് സങ്കടപ്പെടുത്തിയിരുന്നു

എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കിൽ കുത്തിയിരുന്നു

പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കൽ
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്ത്ത്
മനസ്സ് മലര്ത്തിയിട്ടുണ്ട് ഞാൻ

ചില മരങ്ങൾ
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണൽ നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ

കുരിശേറ്റിയതിന്റെ
ഓർമ്മയിൽ
ഉള്ളം നടുങ്ങുകയും
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തിൽ

മരമേ
നിന്നെ ഞാൻ
കെട്ടിപ്പിടി ക്കുകയാണ്
മരവിച്ചതും
എന്നാൽ
ഏറ്റ വും
ആര്ത്തിപ്പിടിച്ചതുമായ
ഒരുമ്മ നല്കുകയാണ്

മരണത്തോളം
മരവിപ്പും
ജീവിതവും കലർന്ന
ഒരു
മരയുമ്മ

(2011)


പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved