കവി വിഷ്ണുപ്രസാദിന്റെ
കവിതകളിലെപ്രണയമുഹൂര്ത്തങ്ങള്

സ്നേഹത്താല്‍ ആത്മപീഡ അനുഭവിച്ച ഒരാളെ കണ്ട് പിടിക്കുകയായിരുന്നു ഈ വരികളില്‍.
സ്നേഹത്താല്‍ കൈമുറിഞ്ഞ കുട്ടി, ആശുപത്രിയില്‍ ദേഹമാസകലം മുറിഞ്ഞ ഒരാളെ കണ്ട് മുട്ടും പോലെ. എന്നാലും എനിക്ക് വേദനിക്കുന്നു എന്ന് ആ കുട്ടി പിന്നെയും കരയുന്നുണ്ട്. കൂടെ കരയുന്നുണ്ട്.
കുഴൂര്‍ വിത്സണ്പ്രകാശത്തിന്റെ കുറച്ചു
വെളുത്ത പൂവുകള്‍ വിതറി
സൂര്യന് മേഘങ്ങളുടെ
ഒരു കരിങ്കൊടി വെച്ച് തലകുനിച്ചു.
നിലച്ച മിടിപ്പുകള്‍ നക്ഷത്രങ്ങളാവുമെന്ന്
ഒരു മഴവില്ല് എഴുതിവായിച്ചു.
(അടക്കം)

കണ്ടില്ല എന്ന് നടിക്കുവാന്‍ കണ്ണുകളും
കേട്ടില്ല എന്ന് നടിക്കുവാന്‍ കാതുകളുമുള്ള ലോകമേ
കീഴടക്കലിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്താനോ
ഉറച്ച കാലുകള്‍ നല്‍കുന്നത്...?
മലമുകളില്‍ എത്തിയ ഒരാള്‍ക്ക്
പിന്നെയും കയറുവാനാവില്ല.
അയാള്‍ രണ്ടു തവണ മലയിറങ്ങും.
(കീഴടങ്ങല്‍)

എല്ലാ വിളക്കുകളും കെടുമ്പോള്‍
നിങ്ങളെ ഒരാള്‍ തൊടും.
അപ്പോള്‍ ഒരിടിമിന്നല്‍ ഉണ്ടാവും.
ഇരുട്ടില്‍ പ്രകാശിച്ചു നില്ക്കുന്ന
നിങ്ങളുടെ ഹൃദയത്തെ ഈ ലോകം കാണും.
(-)

ഒരു തവണ മാത്രമേ
ഒരാള്‍ക്ക് പ്രേമിക്കാന്‍ കഴിയൂ എന്ന്
എത്ര തവണ പ്രേമിക്കാന്‍ ശ്രമിച്ചിട്ടാണ്
മനസ്സിലായത്...
ജീവിതത്തെ രണ്ടായി പിളര്‍ക്കുന്ന ഒരു വിള്ളല്‍
ഒരിക്കല്‍ മാത്രമേ ഉണ്ടാവൂ...
(വിള്ളല്‍)

എപ്പോഴും ഞാന്‍ ചോദിക്കാന്‍ മറക്കും,
നീയെന്തിനാണ് ഈ ചെടിയെ
നിന്റെയുള്ളില്‍ നട്ടു വളര്‍ത്തുന്നതെന്ന്...
(ആസ്താമലത)

ദൈവമേ നൂല്‍പ്പാലം കെട്ടാനുള്ള
കോണ്ട്രാക്റ്റ് എനിക്ക് തരണം.
നൂല്‍പ്പാലത്തിലൂടെയുള്ള നടത്തിപ്പിന്റെയും
വറചട്ടിയിലെ പിടച്ചിലിന്റെയും
തത്സമയ സംപ്രേഷണാവകാശം
എനിക്കു തന്നാല്‍
ഞാനൊരു ചാനലു തുടങ്ങും.
തമ്പുരാനേ...നിന്റെ കൃപ.
(ദൈവവിചാരം)

ഞാന്‍
പ്രണയത്തിന്റെ
വിഷം തിന്നിരിക്കുകയാണ്.
തലച്ചോറ്
ഒരു ചിതല്‍പ്പുറ്റു പോലെ
തകര്‍ന്നിരിക്കുയാണ്.
(നീലകണ്ഠന്)

വേദനകളുടെ തീകൂട്ടിയ നെഞ്ച്
എനിക്ക് പറിച്ചുതന്നിട്ട്
അവള് പറഞ്ഞു:
എന്റെ ഹൃദയം നിനക്കുള്ളതാണ്.
അവളുടെ മിടിപ്പുകളുടെ ഭാണ്ഡം
സ്വീകരിച്ചപ്പോള്‍
എന്റെ ചോര കത്തി.
ആകാശത്തിന്റെ ഒരു കഷ്ണം
തടാകത്തിലേക്ക് തകര്‍ന്നുവീണു.
(വിനിമയം)

നമുക്കെന്തുകൊണ്ട് ഒരേ സമയം
പ്രണയിക്കാനാവുന്നില്ല.....?
ഉദാഹരണത്തിന് എട്ടുമണി,
എട്ടുമണി എന്ന കുറ്റി കൊണ്ട്
പ്രണയത്തെ തറച്ചു നിര്‍ത്താനാവാത്തതെന്ത്..?
(പ്രണയവും സമയവും)

എനിക്ക് നിന്നില്‍ നിന്ന് ഒഴിഞ്ഞുപോവാം,
അവനവനില്‍ നിന്ന് ഒഴിയാനാവാത്തതാണ്
പരമമായ ദു:ഖം.
(ഒഴിയല്‍)

അറിയാത്ത സ്നേഹത്തിന് വേരുകള്‍
തിരഞ്ഞു കൊണ്ടലയുവാനാണ് വിധി.
ഒക്കെയും മടുക്കുന്നു ചങ്ങാതീ
രാത്രിഗന്ധികള്‍ പൂക്കുന്ന ശ്യാമയാമങ്ങളില്‍
പാട്ടു പാടി ഞാനലഞ്ഞുവേകാന്തനായ്.
പാതിരാവിന്റെ കല്പടവിലെന്റെ
ശോകരാഗം തളം കെട്ടി നിന്നു.
ഇരുളു മൂടുന്ന ഭൂമി മുഴുവനും
സ്വന്തമായ് മാറ്റി.
പക്ഷേ എവിടെയാണിപ്പൊഴും സ്നേഹം..?
(രാമനാഥന്റെ പ്രേതം)

പ്രണയ മുദ്രകള്‍ കൈവിട്ടൊരെന്നെ നീ
മിന്നലായ് വന്നു പ്രാപിച്ചുകൊള്ളുക.
കത്തിനില്ക്കട്ടെ കനല്‍മരമായിഞാന്‍
(പ്രാണസങ്കടം)

നല്ല വേദനയുണ്ട്.
എന്നാലും കാലെടുക്കാന്‍
തോന്നുന്നില്ല.
ഇടതു കാലില്‍ കൂടി
അവള് ചവിട്ടി നിന്നെങ്കില്‍
എന്നായിരുന്നു
ആ വേദനയിലും
എന്റെ വിചാരം.
(ചവിട്ട്)

ഞാന്‍ എന്ന ബിന്ദു വില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കും
നീ എന്ന ബിന്ദുവില്‍ നിന്ന് ഞാന്‍ എന്ന ബിന്ദുവിലേക്കുമുള്ള
ദൂരം എങ്ങനെ അളന്നിട്ടും തുല്യമാകുന്നില്ല സര്.
ഞാന്‍ എന്ന ബിന്ദുവില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കുള്ള
ദൂരം എപ്പോഴും കുറവാണ് സര്
(രണ്ട് ബിന്ദുക്കള്‍ തമ്മില്‍)

എങ്കിലും ഒരു ചോദ്യമുണ്ട്:
എന്നെക്കുറിച്ച് വിചാരിച്ചിട്ടേയില്ലെന്ന് വരുത്താന്‍
നിന്റെ തലച്ചോറിനെ ഇനി എന്തു ചെയ്യാന്‍ പോവുന്നു...
(മുറിച്ച് മാറ്റല്‍)

നില്ല്,നില്ലുനില്ലെന്‍ കിളിയേ...
നാടുനീളെ നിലവിളിയായ്
പൂത്തുനില്‍ക്കാന്‍ നീ കൊതിക്ക്,
ചോരയായി പച്ചകളില്‍
ഇറ്റുവീണ് പൂക്കളാവ്,
വെള്ളിലയ്ക്ക് കാതുകുത്ത്,
ചക്രവാളം ചൊകചൊകയ്ക്കാന്‍
പോണപകലിന്‍ നെഞ്ചുകൊത്ത്,
പുല്ലുപോലെ കൊല്ല്...കൊല്ല്,
ചെല്ല്....ചെല്ല്.
(വേട്ട)

ഒരു ചിരിയുടെ ചൂടില്‍
നീ കരിഞ്ഞേക്കുമോ എന്ന് ഭയന്ന്
ചിരിച്ചില്ല
ഒരു കരച്ചിലില്‍ ഒഴുകിപ്പോവുമോ
എന്ന് ഭയന്ന് കരഞ്ഞില്ല
ഒന്ന് മിണ്ടിയാല്‍ ഉടഞ്ഞേക്കുമോ
എന്നു ഭയന്ന് മിണ്ടിയില്ല
ഒരനക്കത്താല്‍ പറന്നു പോവുമോ
എന്ന് ഭയന്ന് അനങ്ങിയുമില്ല
എന്നിട്ടും....
എന്നിട്ടും
നീ എന്നെ വിട്ടു പോയല്ലോ...
(എന്നിട്ടും)

നീ എന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞതിന്റെ
മൂന്നാം ദിവസം ഒരു ഭയം ചിറകടിച്ചു
നിന്ന നില്പില് മരങ്ങള്‍ അപ്രത്യക്ഷമായി
കിളികള്‍ പാട്ടു നിര്‍ത്തി
(ഭയം)

എനിക്ക്
നിന്റെ നട്ടെല്ലോ
വൃക്കയോ കരളോ ഹൃദയമോ
തലച്ചോറോ ആവേണ്ട.
എനിക്ക് ഞാന്‍ പോലുമാവേണ്ട.
നിന്റെ എല്ലാ കോശങ്ങളിലേക്കും
കുതിച്ചുകൊണ്ടിരിക്കുന്ന
രക്തമായാല്‍ മതി.
(രക്തം)

എന്നെ മാത്രം തഴുകിയൊഴുകൂ എന്ന്
ഒരു മലയും നദിയോട് പറയില്ല
എനിക്കു മാത്രം പറക്കുവാന്‍
ഈ ആകാശം ഒരുക്കിവെക്കൂവെന്ന്
ഒരു കിളിയും പറയില്ല
എനിക്കുമാത്രം നില്ക്കുവാന്
ഈ ഭൂമിയെന്ന്
ഒരു പുല്‍ക്കൊടിയും പറയില്ല
എനിക്കു മാത്രം...
എനിക്കു മാത്രം നീയെന്ന്
എന്നിട്ടും എന്താണ്
എന്നെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്
(സ്വാര്‍ഥം)