Sunday, July 8, 2007

ആശാത്തി

"പ്രാത്ഥിക്കാന് നോക്കുമ്പോള്
പ്രാത്ഥന ഓര്മ്മയില്ല
എത്ര ചികഞ്ഞിട്ടും ഓര്മ്മയില് നിന്നും
അതു രൂപം കൊള്ളുന്നില്ല
അപ്പോള് അയാള്
അക്ഷരമാല, കൈകൂപ്പികൊണ്ട്
ഭക്തിനിര്ഭരമായി ചൊല്ലി

ആ പ്രാര്ത്ഥന നിര്മ്മിച്ച അക്ഷരങ്ങള്
ആ ക്രമത്തിലല്ലെങ്കിലും ഇവയാണല്ലോ
എന്ന അര്ത്ഥത്തില്

തെറ്റായ ക്രമത്തില് വിന്യസിച്ച
ഒരക്ഷരമാലയാണല്ലോ
ഏതു പ്രാത്ഥനയും
എന്ന അര്ത്ഥത്തില്

അക്ഷരമാല
ക്രമം തെറ്റിയെഴുതിയ
ഒരു പ്രാത്ഥനയാണ്
എന്ന അര്ത്ഥത്തില്"

(പ്രാത്ഥന, കല്പറ്റ നാരായണന്)

അക്ഷരമാലയുടെ വലിയ സാധ്യത മുന്നില് തുറന്നിട്ടത് കല്പ്പറ്റ നാരായണന് എന്ന പ്രിയ കവിയുടെ പ്രാത്ഥന എന്ന കവിതയാണ്. അതിനു ശേഷം അക്ഷരമാലയോട് ഒരു പ്രത്യേക മമത തോന്നിയിട്ടുണ്ട്.

കൊടുങ്ങല്ലൂരിലെ കെ.കെ.ടി.എം കോളേജില് കവിതയെക്കുറിച്ച് സംസാരിക്കാന് പോയപ്പോള് ഈ കവിത ചൊല്ലി. അവര്ക്ക് ആദ്യമൊന്നും ഒന്നും പിടികിട്ടിയില്ല. പിന്നെ പറഞ്ഞു. നിങ്ങള് പ്രണയലേഖനമെഴുതരുത്. പകരം അക്ഷരമാല പകര്ത്തി ഇഷ്ട്ടമുള്ളയാള്ക്കു കൊടുക്കണം. നിങ്ങള്ക്ക് പറയാനുള്ളത് അവന്/ അവള് അതില് നിന്ന് വായിച്ചെടുക്കട്ടെ. പ്രണയവുമായി ബന്ധപ്പെടുത്തിയതുകൊണ്ടാകണം അവര്ക്ക് അതു നന്നേ ബോധിച്ചു.

ദൈവത്തെപ്പോലെ നമ്മെ മനസ്സിലാക്കാന് കഴിവുള്ള ആര്ക്കും അക്ഷരമാല മാത്രം കൊടുത്താല് മതിയാകും. അതിനു കഴിയാതെ വരുമ്പോഴാണ് നമുക്കു കത്തെഴുതേണ്ടി വരുന്നത്. കരയേണ്ടി വരുന്നതു. കവിതയെഴുതേണ്ടി വരുന്നതു.ഇങ്ങനെയൊരു കുറിപ്പു പോലുമെഴുതേണ്ടി വരുന്നത്.

അക്ഷരമാലയും ഞാനും തമ്മില് എന്തെന്നായിരിക്കും. ഇപ്പോഴും അക്ഷരമാല ക്രമമായി എഴുതാനറിയില്ല എന്നുള്ളതാണ് ഞങ്ങള് തമ്മിലുള്ള ഒരു ബന്ധം.

ആശാത്തിയുടെ അടുത്താണ് ഞാന് ആദ്യാക്ഷരം കുറിച്ചത്. രണ്ടാമത്തെ പുസ്തകമായ “ഇ”യിലെ ബയോഡാറ്റയിലെ കുറിപ്പു കണ്ട് പലരും പറഞ്ഞു. സവിശേഷമായിരിക്കുന്നു. പഠിച്ച സ്കൂളുകളുടെയും കോളേജുകളുടെയും പേരെഴുതുന്നതിനു മുന്പ് എഴുതിയ വാചകം ഇതായിരുന്നു
“മീനാക്ഷി ആശാത്തിയുടെ എഴുത്തുപുരയില് ഹരിശ്രീ കുറിച്ചു” അങ്ങനെ എഴുതാതിരിക്കുവാന് ആവുമായിരുന്നില്ല. മീനാക്ഷി ആശാത്തി എന്റെ ആദ്യഗുരു. മൂന്നാം വയസ്സില് എന്റെ കൈപിടിച്ച് മണലില് ഹരിശ്രീ എഴുതിപ്പിച്ച ആശാത്തി.

അയല്പക്കത്താണ് അവരുടെ വീട്. കോലായിലാണ് എഴുത്ത് പുര. പുര എന്നൊന്നും വിളിക്കാനാകില്ല. നിലത്തിരുന്ന് മണലില് ഇരുന്നെഴുതും. തെറ്റിയാല് മായ്ച്ച് കളയാം. ജീവിതം പോലെയല്ല. ഇപ്പോള് കമ്പ്യൂട്ടറില് എഴുതുന്നതു പോലെ. ഒരക്ഷരം ഉറച്ചതിനു ശേഷമാണ് അടുത്തതിലേക്കു കടക്കുക. അക്ഷരം മണലിലെഴുതി മനപാഠമാക്കിക്കഴിഞ്ഞാല് ആശാത്തി അതു ഓലയില് കുറിച്ച് തരും. പനയോലയില് നാരായമുപയോഗിച്ച്.

പനയോല വെട്ടിയൊരുക്കിയാണ് അവര് ഓലക്കെട്ട് തയ്യാറാക്കുക. നാരായമുപയോഗിച്ച് വരഞ്ഞതിനു ശേഷം അക്ഷരങ്ങളില് കരിപൂശും. പിന്നീട് കശുമാങ്ങ പകുതിയായി മുറിച്ച് അതിന്റെ ചാറ് കൊണ്ടു തുടക്കും. അപ്പോള് മുതല് സ്വര്ണ്ണ നിറമുള്ള ഓലയില് കറുത്ത അക്ഷരങ്ങള് തിളങ്ങും. ആ അക്ഷരങ്ങള് ഇപ്പോഴും ഉള്ളില് തെളിഞ്ഞ് കിടപ്പുണ്ടു.

തെറ്റിയാലുള്ള ശിക്ഷയാണ് ഭയങ്കരം. കുഞ്ഞ് വിരലുകള് മണലില് കുത്തിയെഴുതിക്കും. നോവും. കുസ്രുതികളുടെ വിരലുകളില് നിന്ന് ചോര പൊടിയും. ചോര പൊടിഞ്ഞ് എഴുതിയ അക്ഷരങ്ങളുടെ കരുത്ത് ഇപ്പോഴുണ്ടോ എന്റെ വരികളില് ? ഇല്ല ആ വേദനയുണ്ടോ ? ആവോ അറിയില്ല


ആശാത്തി അക്ഷരം പഠിപ്പിച്ച ആ നസ്രാണിചെക്കന് അക്ഷരങ്ങള് കൊണ്ടു മാത്രം ജീവിക്കുന്നതിനെക്കുറിച്ച് അവര്ക്ക് എത്ര മാത്രമറിയാം എന്നറിയില്ല. എന്റെ ഒരു വരി പോലും അവര് വായിച്ചിട്ടില്ല.

സ്ക്കൂളിനെക്കുറിച്ചുള്ള ഓര്മ്മപ്പുസ്തകമായ ഇ” മീനാക്ഷി ആശാത്തിയെക്കൊണ്ട് ആദ്യം പഠിച്ച എരവത്തൂര് ശ്രീക്യഷ്ണ വിലാസം എല്.പി.സ്ക്കൂളില് വച്ച് പ്രകാശനം ചെയ്യിപ്പിക്കണമെന്നത് ആഗ്രഹമായിരുന്നു. നടന്നില്ല.

ആശാത്തിക്കു ശേഷം നിരവധി അധ്യാപകര്. എന്നെ കരയിപ്പിച്ചവരും. ഞാന് കരയിപ്പിച്ചവരും. വാദിച്ച് ജയിക്കാന് ഒരിക്കല് കോളേജില് ഒരു ടീച്ചറോട് മുഖക്കുരു ക്ര്യഷിയുണ്ടോ എന്ന് ചോദിച്ചു. അവര് കരഞ്ഞ് കൊണ്ടാണ് ക്ലാസ്സ് വിട്ടതു. പിന്നീട് പഠനത്തിന്റെ ഇടവേളകളില് ട്യൂഷന് അധ്യാപകനായപ്പോള് പഠിപ്പിക്കുന്നതിന്റെ നോവറിഞ്ഞു.

മീനാക്ഷി ആശാത്തി ഇപ്പോഴും കുഴൂരിലുണ്ടു. അവരുടെ അടുത്ത് എഴുത്ത് പഠിക്കാന് കുട്ടികളില്ല.

ഇപ്പോഴും ആ വഴികളിലൂടെ പോകുമ്പോള് ഞങ്ങളുടെ പഴയ അക്ഷരമാലയുടെ ഈണം ഉയര്ന്ന് കേള്ക്കും

പഴയ എഴുത്തോല ഇപ്പോഴും വീട്ടിലുണ്ടോ എന്തോ ?


എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള് എന്തായിരുന്നു ജീവിതമെന്ന് ദൈവം ചോദിച്ചാല് തീര്ച്ചയായും ഞാന് അക്ഷരമാല പകര്ത്തിയ ആ എഴുത്തോല എടുത്ത് കൊടുക്കും.
അദ്ദേഹം വായിച്ചെടുത്താലും ഇല്ലെങ്കിലും.


വായനക്കാരാ എന്ത് തോന്നുന്നു
ഈ കുറിപ്പിനു പകരം
അക്ഷരമാല മതിയായിരുന്നുവോ ?
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved