Sunday, July 8, 2007

ആശാത്തി

"പ്രാത്ഥിക്കാന് നോക്കുമ്പോള്
പ്രാത്ഥന ഓര്മ്മയില്ല
എത്ര ചികഞ്ഞിട്ടും ഓര്മ്മയില് നിന്നും
അതു രൂപം കൊള്ളുന്നില്ല
അപ്പോള് അയാള്
അക്ഷരമാല, കൈകൂപ്പികൊണ്ട്
ഭക്തിനിര്ഭരമായി ചൊല്ലി

ആ പ്രാര്ത്ഥന നിര്മ്മിച്ച അക്ഷരങ്ങള്
ആ ക്രമത്തിലല്ലെങ്കിലും ഇവയാണല്ലോ
എന്ന അര്ത്ഥത്തില്

തെറ്റായ ക്രമത്തില് വിന്യസിച്ച
ഒരക്ഷരമാലയാണല്ലോ
ഏതു പ്രാത്ഥനയും
എന്ന അര്ത്ഥത്തില്

അക്ഷരമാല
ക്രമം തെറ്റിയെഴുതിയ
ഒരു പ്രാത്ഥനയാണ്
എന്ന അര്ത്ഥത്തില്"

(പ്രാത്ഥന, കല്പറ്റ നാരായണന്)

അക്ഷരമാലയുടെ വലിയ സാധ്യത മുന്നില് തുറന്നിട്ടത് കല്പ്പറ്റ നാരായണന് എന്ന പ്രിയ കവിയുടെ പ്രാത്ഥന എന്ന കവിതയാണ്. അതിനു ശേഷം അക്ഷരമാലയോട് ഒരു പ്രത്യേക മമത തോന്നിയിട്ടുണ്ട്.

കൊടുങ്ങല്ലൂരിലെ കെ.കെ.ടി.എം കോളേജില് കവിതയെക്കുറിച്ച് സംസാരിക്കാന് പോയപ്പോള് ഈ കവിത ചൊല്ലി. അവര്ക്ക് ആദ്യമൊന്നും ഒന്നും പിടികിട്ടിയില്ല. പിന്നെ പറഞ്ഞു. നിങ്ങള് പ്രണയലേഖനമെഴുതരുത്. പകരം അക്ഷരമാല പകര്ത്തി ഇഷ്ട്ടമുള്ളയാള്ക്കു കൊടുക്കണം. നിങ്ങള്ക്ക് പറയാനുള്ളത് അവന്/ അവള് അതില് നിന്ന് വായിച്ചെടുക്കട്ടെ. പ്രണയവുമായി ബന്ധപ്പെടുത്തിയതുകൊണ്ടാകണം അവര്ക്ക് അതു നന്നേ ബോധിച്ചു.

ദൈവത്തെപ്പോലെ നമ്മെ മനസ്സിലാക്കാന് കഴിവുള്ള ആര്ക്കും അക്ഷരമാല മാത്രം കൊടുത്താല് മതിയാകും. അതിനു കഴിയാതെ വരുമ്പോഴാണ് നമുക്കു കത്തെഴുതേണ്ടി വരുന്നത്. കരയേണ്ടി വരുന്നതു. കവിതയെഴുതേണ്ടി വരുന്നതു.ഇങ്ങനെയൊരു കുറിപ്പു പോലുമെഴുതേണ്ടി വരുന്നത്.

അക്ഷരമാലയും ഞാനും തമ്മില് എന്തെന്നായിരിക്കും. ഇപ്പോഴും അക്ഷരമാല ക്രമമായി എഴുതാനറിയില്ല എന്നുള്ളതാണ് ഞങ്ങള് തമ്മിലുള്ള ഒരു ബന്ധം.

ആശാത്തിയുടെ അടുത്താണ് ഞാന് ആദ്യാക്ഷരം കുറിച്ചത്. രണ്ടാമത്തെ പുസ്തകമായ “ഇ”യിലെ ബയോഡാറ്റയിലെ കുറിപ്പു കണ്ട് പലരും പറഞ്ഞു. സവിശേഷമായിരിക്കുന്നു. പഠിച്ച സ്കൂളുകളുടെയും കോളേജുകളുടെയും പേരെഴുതുന്നതിനു മുന്പ് എഴുതിയ വാചകം ഇതായിരുന്നു
“മീനാക്ഷി ആശാത്തിയുടെ എഴുത്തുപുരയില് ഹരിശ്രീ കുറിച്ചു” അങ്ങനെ എഴുതാതിരിക്കുവാന് ആവുമായിരുന്നില്ല. മീനാക്ഷി ആശാത്തി എന്റെ ആദ്യഗുരു. മൂന്നാം വയസ്സില് എന്റെ കൈപിടിച്ച് മണലില് ഹരിശ്രീ എഴുതിപ്പിച്ച ആശാത്തി.

അയല്പക്കത്താണ് അവരുടെ വീട്. കോലായിലാണ് എഴുത്ത് പുര. പുര എന്നൊന്നും വിളിക്കാനാകില്ല. നിലത്തിരുന്ന് മണലില് ഇരുന്നെഴുതും. തെറ്റിയാല് മായ്ച്ച് കളയാം. ജീവിതം പോലെയല്ല. ഇപ്പോള് കമ്പ്യൂട്ടറില് എഴുതുന്നതു പോലെ. ഒരക്ഷരം ഉറച്ചതിനു ശേഷമാണ് അടുത്തതിലേക്കു കടക്കുക. അക്ഷരം മണലിലെഴുതി മനപാഠമാക്കിക്കഴിഞ്ഞാല് ആശാത്തി അതു ഓലയില് കുറിച്ച് തരും. പനയോലയില് നാരായമുപയോഗിച്ച്.

പനയോല വെട്ടിയൊരുക്കിയാണ് അവര് ഓലക്കെട്ട് തയ്യാറാക്കുക. നാരായമുപയോഗിച്ച് വരഞ്ഞതിനു ശേഷം അക്ഷരങ്ങളില് കരിപൂശും. പിന്നീട് കശുമാങ്ങ പകുതിയായി മുറിച്ച് അതിന്റെ ചാറ് കൊണ്ടു തുടക്കും. അപ്പോള് മുതല് സ്വര്ണ്ണ നിറമുള്ള ഓലയില് കറുത്ത അക്ഷരങ്ങള് തിളങ്ങും. ആ അക്ഷരങ്ങള് ഇപ്പോഴും ഉള്ളില് തെളിഞ്ഞ് കിടപ്പുണ്ടു.

തെറ്റിയാലുള്ള ശിക്ഷയാണ് ഭയങ്കരം. കുഞ്ഞ് വിരലുകള് മണലില് കുത്തിയെഴുതിക്കും. നോവും. കുസ്രുതികളുടെ വിരലുകളില് നിന്ന് ചോര പൊടിയും. ചോര പൊടിഞ്ഞ് എഴുതിയ അക്ഷരങ്ങളുടെ കരുത്ത് ഇപ്പോഴുണ്ടോ എന്റെ വരികളില് ? ഇല്ല ആ വേദനയുണ്ടോ ? ആവോ അറിയില്ല


ആശാത്തി അക്ഷരം പഠിപ്പിച്ച ആ നസ്രാണിചെക്കന് അക്ഷരങ്ങള് കൊണ്ടു മാത്രം ജീവിക്കുന്നതിനെക്കുറിച്ച് അവര്ക്ക് എത്ര മാത്രമറിയാം എന്നറിയില്ല. എന്റെ ഒരു വരി പോലും അവര് വായിച്ചിട്ടില്ല.

സ്ക്കൂളിനെക്കുറിച്ചുള്ള ഓര്മ്മപ്പുസ്തകമായ ഇ” മീനാക്ഷി ആശാത്തിയെക്കൊണ്ട് ആദ്യം പഠിച്ച എരവത്തൂര് ശ്രീക്യഷ്ണ വിലാസം എല്.പി.സ്ക്കൂളില് വച്ച് പ്രകാശനം ചെയ്യിപ്പിക്കണമെന്നത് ആഗ്രഹമായിരുന്നു. നടന്നില്ല.

ആശാത്തിക്കു ശേഷം നിരവധി അധ്യാപകര്. എന്നെ കരയിപ്പിച്ചവരും. ഞാന് കരയിപ്പിച്ചവരും. വാദിച്ച് ജയിക്കാന് ഒരിക്കല് കോളേജില് ഒരു ടീച്ചറോട് മുഖക്കുരു ക്ര്യഷിയുണ്ടോ എന്ന് ചോദിച്ചു. അവര് കരഞ്ഞ് കൊണ്ടാണ് ക്ലാസ്സ് വിട്ടതു. പിന്നീട് പഠനത്തിന്റെ ഇടവേളകളില് ട്യൂഷന് അധ്യാപകനായപ്പോള് പഠിപ്പിക്കുന്നതിന്റെ നോവറിഞ്ഞു.

മീനാക്ഷി ആശാത്തി ഇപ്പോഴും കുഴൂരിലുണ്ടു. അവരുടെ അടുത്ത് എഴുത്ത് പഠിക്കാന് കുട്ടികളില്ല.

ഇപ്പോഴും ആ വഴികളിലൂടെ പോകുമ്പോള് ഞങ്ങളുടെ പഴയ അക്ഷരമാലയുടെ ഈണം ഉയര്ന്ന് കേള്ക്കും

പഴയ എഴുത്തോല ഇപ്പോഴും വീട്ടിലുണ്ടോ എന്തോ ?


എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള് എന്തായിരുന്നു ജീവിതമെന്ന് ദൈവം ചോദിച്ചാല് തീര്ച്ചയായും ഞാന് അക്ഷരമാല പകര്ത്തിയ ആ എഴുത്തോല എടുത്ത് കൊടുക്കും.
അദ്ദേഹം വായിച്ചെടുത്താലും ഇല്ലെങ്കിലും.


വായനക്കാരാ എന്ത് തോന്നുന്നു
ഈ കുറിപ്പിനു പകരം
അക്ഷരമാല മതിയായിരുന്നുവോ ?

37 comments:

കുഴൂര്‍ വില്‍‌സണ്‍ said...

എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള് എന്തായിരുന്നു ജീവിതമെന്ന് ദൈവം ചോദിച്ചാല് തീര്ച്ചയായും ഞാന് അക്ഷരമാല പകര്ത്തിയ ആ എഴുത്തോല എടുത്ത് കൊടുക്കും.
അദ്ദേഹം വായിച്ചെടുത്താലും ഇല്ലെങ്കിലും.

വായനക്കാരാ എന്ത് തോന്നുന്നു
ഈ കുറിപ്പിനു പകരം
അക്ഷരമാല മതിയായിരുന്നുവോ ?

പെരിങ്ങോടന്‍ said...

കഖഗഘങ
ചഛജഝഞ
ടഠഡഢണ
തഥദധന
പഫബഭമ...

ആയിലും ഈയിലും ആ‍രംഭിക്കുന്നില്ല, അമ്മയേയും കരച്ചിലിനേയും ഓര്‍ക്കും.

ശെഫി said...

കവിത ഇഷ്ടമായി

അഞ്ചല്‍കാരന്‍ said...

ആദ്യം ആശാന്‍ പള്ളികൂടത്തിലെ കളരി. അതൊരനുഭവമാണ്. പുതു തലമുറക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത അനുഭവം.

പക്ഷേ ശിക്ഷയും മറ്റൊരനുഭവം തന്നെ. വിരല്‍ മണലില്‍ ഉരക്കുന്നതിനും പുറമേ നാരായത്തിന്റെ മൂട് തുടയിമ്മേല്‍ ചേര്‍ത്തു വച്ചുള്ള ആ പ്രയോഗമുണ്ടല്ലോ അതിന്റെ വേദന ഓര്‍ക്കുമ്പോഴിപ്പോഴും ഞടുക്കം അനുഭവപ്പെടുന്നു.

അന്നെഴുതി പഠിച്ച “ഓല” ബാല്യകാല ശേഖരത്തില്‍ ഞാനറിയാതെ തന്നെ സമ്പാദ്യമായി. ഇടക്ക് കാണുമ്പോള്‍ ലാപ്ടോപ്പിന്റെ മുന്നിലിരുന്ന് ചെസ്സ് കളിക്കുന്ന കുട്ടികളുടെ കണ്ണുകളില്‍ അത്ഭുതം വിരിയും.
“ഇതൊക്കെ വച്ച് എങ്ങിനാ പഠിക്കുന്നതെന്ന” ചോദ്യവും.

പത്തു മുപ്പത് വര്‍ഷം പിറകിലേക്ക് ഓര്‍മ്മകളെ നയിച്ച കുറിപ്പ്.

ദിവ (ഇമ്മാനുവല്‍) said...

ടച്ചിംഗ്

സാല്‍ജോҐsaljo said...

വില്‍‌സന്‍ മാഷെ,

ഇന്നുവരെ കേള്‍ക്കാത്ത ആ കവിത പറഞ്ഞു തന്നതിന് നന്ദി. അക്ഷരങ്ങള്‍ ശാന്തി മന്ത്രങ്ങളാണ്. അത് വെറുതെ ചൊല്ലിയാലും. ആശാത്തിയോടുള്ള നന്ദിയും ഈ എഴുതിയതില്‍ വായിക്കാനാവും. വളരെ മനോഹരമായി ആ കുറിപ്പ്. വായിച്ചാദ്യം ചെയ്തത് ഒരു പ്രിന്റ് എടുക്കുകയായിരുന്നു. 2006-ല്‍ ഞാന്‍ ബ്ലോഗ് തുടങ്ങിയത് ആശാത്തിക്ക് പ്രണാമം അര്‍പ്പിച്ചായിരുന്നു. അതൊണ്ടാ ആശാത്തി എന്ന് കണ്ടപ്പോള്‍ തന്നെ ഓടിക്കയറിയത്.

എല്ലാവരും വിട്ടുപോകുന്നതിനെക്കുറിച്ചെഴുതുന്നതു കൊണ്ട് ഈ ബ്ലോഗ് മനോഹരമാകുന്നു.

സാല്‍ജോҐsaljo said...

ഓ.ടോ.: ഇന്നലെ ഒരു കടയില്‍ ആ വാച്ചിന്റെ പരസ്യവാചകം കണ്ടു. സന്തോഷം തോന്നി.

mumsy-മുംസി said...

വില്‍സന്‍ ചേട്ടാ നമുക്കവരെ 'വേറിട്ട കാഴ്ചകളില്‍' കാണിച്ചാലോ?
നിങ്ങള്‍ പഴയ പോലെ ഒരു 'സൈഡ് കമന്റും തരണം .
കുറിപ്പ് വളരെ നന്നായി.

sheela said...
This comment has been removed by the author.
sheela said...

ദൈവത്തെപ്പോലെ നമ്മെ മനസ്സിലാക്കാന് കഴിവുള്ള ആര്ക്കും അക്ഷരമാല മാത്രം കൊടുത്താല് മതിയാകും. അതിനു കഴിയാതെ വരുമ്പോഴാണ് നമുക്കു കത്തെഴുതേണ്ടി വരുന്നത്. കരയേണ്ടി വരുന്നതു. കവിതയെഴുതേണ്ടി വരുന്നതു.

വിത്സന്‍, പ്രാര്‍ത്ധന പലവട്ടം വായിച്ചിട്ടും ഈ ആഴം കണ്ടില്ലാ...

എഴുത്തുപുര അറിഞ്ഞിട്ടില്ലാ‍..
നല്ല കുറിപ്പ്.

“എന്തായിരുന്നു ജീവിതമെന്ന് ദൈവം ചോദിച്ചാല് തീര്ച്ചയായും ഞാന് അക്ഷരമാല പകര്ത്തിയ ആ എഴുത്തോല എടുത്ത് കൊടുക്കും.“

ജീവിച്ചു തീര്‍ക്കാന്‍ നമ്മള്‍ കുറെ കഷ്ടപ്പെടുന്നതല്ലെ.. വായിച്ചെഡുക്കാന്‍ കക്ഷിയും കുറച്ചു കഷടപ്പെടട്ടെ, അല്ലെ വിത്സാ..

ഷീല


ഷീല

അനിലന്‍ said...

വലത്തെ ചൂണ്ടു വിരലില്‍ ഒരു കടച്ചില്‍.
ചാണകം മെഴുകിയ ഉമ്മറത്തിരുന്ന് അമ്മ പഠിപ്പിക്കുന്നു എത്ര ശ്രമിച്ചിട്ടും 2 എന്നെഴുതാനാകുന്നില്ല. നിലത്തെ പരപരുപ്പില്‍ ചൂണ്ടുവിരല്‍കൊണ്ട് അമര്‍ത്തിയെഴുതിച്ചു. രണ്ട് പ്രാവശ്യം എഴുതിയപ്പോഴേയ്ക്കും 2 ശരിയായത്രേ.

പറയുവാനുള്ളത് പറഞ്ഞുതീര്‍ക്കാന്‍ പഠിച്ച അക്ഷരമാല മതിയാവുന്നില്ല. പറയാതെ മനസ്സിലാക്കുന്ന ഭാഷയുടെ പേരെന്താ വിത്സാ?
അതിപ്പോഴുമുണ്ടോ??
ഒന്നു പറഞ്ഞു തരുമോ???

മുരളി വാളൂര്‍ said...

വില്‍സാ...ഈ കുറിപ്പുവായിക്കാന്‍ കഴിയുന്നവര്‍ തന്നെ ഭാഗ്യവാന്മാരാണ്‌. വാക്കുകളുടെ മാന്ത്രികത നിങ്ങളില്‍ നിന്നറിയുന്നു, ഒപ്പം കല്‍പറ്റയുടെ മനസ്സുനിറക്കുന്ന വരികളും. രാവിലെ തന്നെ ഒരു നല്ല വായന തന്നതിനു നന്ദി...

kaithamullu : കൈതമുള്ള് said...

അക്ഷരമാല എഴുതുമ്പോള്‍ ഒരിക്കലും ക്രമത്തിലെഴുതരുത്, വിത്സാ! ശബ്ദതാരാവലി നോക്കാനാണോ നാം അക്ഷരം പഠിക്കുന്നത്?

കുറിപ്പേറെ ഇഷ്ടപ്പെട്ടു, ആശാത്തിയേയും.
നന്ദി.

ഡാലി said...

കുറിപ്പ് ഹൃദ്യമായി.
ഇത്രനാളും എന്റെ സംശയം ക്രമം തെറ്റിച്ചെഴുതാന്‍ വേണ്ടിയെന്തിനാണ് ക്രമത്തില്‍ അക്ഷരമാല പഠിപ്പിച്ചെന്നതായിരുന്നു. അത് മാറി.

ദില്‍ബാസുരന്‍ said...

വളരെ നന്നായിട്ടുണ്ട് വിത്സണ്‍ ചേട്ടാ.

~*~മഴതുള്ളി~*~ said...

മലയാളംസ ഖ ത പ വ ച

ജീവനുള്ള അക്ഷരമാല
സത്യം

ദ്രൗപതി said...

ഇഷ്ടമായി

Shaji Kizhakathra said...

വിത്സന്റെ കവിത, അക്ഷരങ്ങളെ വെറുതെ വീടാന്‍ 'എന്നെ' പ്രേരിപ്പിക്കുന്നു... ഒരു മാനസാന്തരം

ദേവസേന said...

അനിലിന്റെ വാചകം കടമെടുത്തോട്ടെ. "വലത്തെ ചൂണ്ടു വിരല്‍ കടയുന്നു"

മുത്തശ്ശി പറഞ്ഞൊരു കഥയുണ്ടു.
പണ്ടു വാടകവീടിന്റെ കോലായില്‍ അരി നിരത്തിയിട്ട്‌ അഛനെന്നെ അക്ഷരമെഴുതിച്ചതു. വളഞ്ഞൊടിഞ്ഞു കൂനിക്കുത്തിയിരുന്ന ആദ്യാക്ഷരം മൂന്നു വയസുകാരിയുടെ വിരലിനു വഴങ്ങാതിരുന്നതും അഛന്‍ ചൂണ്ടുവിരല്‍ പിടിച്ചു തറയിലുരച്ച്‌ ചോര വരുത്തിയതും, നീയെന്റെ കുഞ്ഞിനെ പഠിപ്പിക്കണ്ടയെന്നു പറഞ്ഞു എന്നെയെടുത്തു ഒക്കത്തിരുത്തി മുത്തശ്ശി പറഞ്ഞത്രേ 'എന്റെ കുട്ടി പഠിക്കണ്ട". ആ നാവ്‌ അങ്ങനെ തന്നെ ഫലിച്ചു. മുത്തശ്ശിയുടെ കുട്ടി ജീവിതത്തില്‍ ഒന്നും പഠിച്ചില്ല. തോറ്റു തോറ്റു കിടന്നു, എക്കാലത്തും.

നന്നായി ഇഷ്ടപ്പെട്ടു കുറിപ്പ്‌,
നെഞ്ചില്‍ കിടക്കുന്ന അപൂര്‍വം കവിതകളിലൊന്നാണു കല്‍പ്പറ്റയുടെ പ്രാര്‍ത്ഥന.

സ്നേഹപൂര്‍വ്വം.

കുട്ടമ്മേനൊന്‍| KM said...

വിത്സാ, മനോഹരമായി എഴുതിയിരിക്കുന്നു. (ഓടോ : കഴിഞ്ഞ ദിവസത്തെ മലയാളം വാരികയില്‍ ‘എറണാംകുളം’ കവിതയില്‍ വിത്സണെവിടെ എന്നൊരു ചോദ്യം കണ്ടിരുന്നു.ഇനി അത് വേറേ വിത്സ്നാണാവോ ? :) )

അനാഗതശ്മശ്രു said...

ഇടക്കൊക്കെ കല്‍പറ്റയുടെ ചിന്തകള്‍ അവതരിപ്പിക്കുന്നതു നന്നായിരിക്കും..
വാക്കുകളെയും ആശയത്തെയും ശീര്‍ഷാസനം ചെയ്യിപ്പിക്കാന്‍ വി കെ എന്നിനു ശേഷം ഈ ഒരാളല്ലെ ഉള്ളൂ

Rodrigo said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Se você quiser linkar meu blog no seu eu ficaria agradecido, até mais e sucesso. (If you speak English can see the version in English of the Camiseta Personalizada. If he will be possible add my blog in your blogroll I thankful, bye friend).

കലേഷ്‌ കുമാര്‍ said...

touching!

ഞാന്‍ ഇരിങ്ങല്‍ said...

വിത്സന്‍,
ചിലവരികള്‍ ഉദാത്തമായി തോന്നി. ചിലപ്പോള്‍ മറ്റാരും പറയാത്ത വരികള്‍.
നന്ദി
ഇരിങ്ങല്‍

Pramod.KM said...

കല്‍പ്പറ്റയുടെ കവിതയും,കുഴൂരേട്ടന്റെ കുറിപ്പും,
കണ്ണും കരളും കവറ്ന്നു:).

വല്യമ്മായി said...

വളരെ നല്ല ലേഖനം.

അലിഅക് ബര്‍ said...

ഞാന്‍ അക്ഷരമാല പഠിച്ചിട്ടില്ല. പഠിക്കാന്‍ തോന്നിയില്ല. ഇപ്പോഴും ഋ വരെയേ ക്രമം തെറ്റാതെ അറിയൂ. ക, ത, ട ഗണങ്ങളിലായി നമ്മള്‍ എഴുതാന്‍ ഉപയോഗിക്കുന്ന കുറെ അക്ഷരങ്ങളുണ്ടെന്നറിയാം. മാലയായി നിശ്ചല്ല്യ. അതു കൊണ്ടാണ്‌ ഞാന്‍ അക്ഷരമാല എഴുതാത്തത്‌. സഖാവേ ഒരു സംശയം, നമ്മള്‍ വര്‍ത്തമാനം പറയുന്നത്‌ ഈ അക്ഷരമാലയിലെ ക്ഷരങ്ങളുപയോഗിച്ചാണോ... അല്ലെന്നാണെനിക്കു തോന്നുന്നത്‌. നിങ്ങടെയീ അക്ഷരക്കുന്ത്രാണ്ടത്തിന്‌ വര്‍ത്തമാനങ്ങളെ സ്വീധീനിക്കാറായിട്ടില്ല. പിന്നെച്ചിലര്‍ ജാഡ കാട്ടാന്‍ വേണ്ടി ചില നേരമ്പോക്കൊക്കെ പറയും. അവരെ നമ്മള്‍ അച്ചടി ഭാഷക്കാര്‍ എന്നു വിളിക്കും. നമ്മള്‍ നായനാരെ കണ്ടു പഠിക്കണം. ഇതു എഴുത്തായതു കൊണ്ട്‌ എനിക്ക്‌ പറയുമ്പോലെ പറ്റില്ലല്ലോ. കേള്‍ക്കണമെങ്കില്‍ വിളിച്ചോ... അസ്സല്‌ വള്ളുവനാടന്‍ മാപ്പിള സ്റ്റൈലില്‍ വര്‍ത്തമാനം പറഞ്ഞു കേള്‍പ്പിക്കാം. ആശാത്തി എഴുത്തു പഠിപ്പിക്കും മുമ്പ്‌ താങ്കള്‍ അമ്മയെ വിളിച്ചില്ലേ അതാണ്‌ ഭാഷ. അക്ഷരങ്ങള്‍ ഭാഷയാണോ? അല്ലെന്നു തോന്നുന്നു. അക്ഷരങ്ങള്‍ ഉപാധിയാണ്‌. പകര്‍ത്തി വെക്കാനുള്ള ഉപാധി. കുറെ പോയില്ലെ.... ശബ്ദങ്ങളും ചിത്രങ്ങളും വന്നപ്പോള്‍ ഇനിയും പോകാനിരിക്കുന്നു. ബ്ലോഗില്‍ ശബ്ദം പ്രാപ്‌തമായാല്‍ താങ്കള്‍ കവിത ചൊല്ലിക്കേള്‍പ്പിക്കാനാണ്‌ ഇഷ്ടപ്പെടുക എന്നെനിക്കറിയാം. മൊബൈലില്‍ ഫോണില്‍ വിളിച്ചപ്പോള്‍ പോലും ഒരു കവിത കേള്‍പ്പിച്ചല്ലേ വെക്കാന്‍ സമ്മതിച്ചിള്ളു.
അപ്പോള്‍ അക്ഷരമാല പറ്റില്ല, ക്രമം ആര്‍ക്കും അറിയില്ല, വര്‍ത്തമാനം തന്നെയാണ്‌ വേണ്ടത്‌്‌. വര്‍ത്താനം അക്ഷരക്രമം തെറ്റിച്ച്‌ എഴുതിക്കോളൂ....ന്നാലും കൊഴപ്പല്ല്യ........

മുസിരിസ് / അജിത്ത് said...

ഇത് താങ്കള്‍ എഴുതിയത് മുന്‍പേ പ്രിന്റഡ് മീഡിയയൈല്‍ വായിച്ചിട്ടുണ്ട്...


ആശാത്തി..

കല്‍പ്പറ്റയുടെ കവിതകള്‍ ഓര്‍മ്മവന്നു
പിന്നെ കോന്തലയും

പ്രാത്ഥിക്കാന് നോക്കുമ്പോള്
പ്രാത്ഥന ഓര്മ്മയില്ല
എത്ര ചികഞ്ഞിട്ടും ഓര്മ്മയില് നിന്നും
അതു രൂപം കൊള്ളുന്നില്ല
അപ്പോള് അയാള്
അക്ഷരമാല, കൈകൂപ്പികൊണ്ട്
ഭക്തിനിര്ഭരമായി ചൊല്ലി

(സൂപ്പര്‍ അല്ലേ കല്പറ്റയുടെ ഈ വരികള്‍)

കുഴൂര്‍ വില്‍‌സണ്‍ said...

കുട്ടമ്മേനൊന്‍| KM said...
വിത്സാ, മനോഹരമായി എഴുതിയിരിക്കുന്നു. (ഓടോ : കഴിഞ്ഞ ദിവസത്തെ മലയാളം വാരികയില്‍ ‘എറണാംകുളം’ കവിതയില്‍ വിത്സണെവിടെ എന്നൊരു ചോദ്യം കണ്ടിരുന്നു.ഇനി അത് വേറേ വിത്സ്നാണാവോ ? :) ) ""


പ്രിയ കുട്ടമ്മേനോന്‍ എറണാകുളം എന്ന കവിതയിലേക്കു വഴി കാട്ടിയതിനു നന്ദി. അതു സാബു ഷണ്മുഖം എഴുതിയതാണു. അതില്‍ പറയുന്ന വിത്സണ്‍ ഞാന്‍ തന്നെ. സന്തോഷ് കവി വി.ആര്‍. സന്തോഷും.
സാബു ഷണ്മുഖത്തെക്കുറിച്ച് വിവരം ഒന്നുമില്ലായിരുന്നു. നെറ്റില്‍ ഞാന്‍ പലരോടും തിരഞ്ഞു. കണ്ടെത്തിയില്ല.
രണ്ട് പേര്‍ക്കും എറണാകുളത്ത് തീ പിടിച്ച കാലം ഉണ്ടായിരുന്നു.

കുഴൂര്‍ വില്‍‌സണ്‍ said...

കുട്ടമ്മേനൊന്‍| KM said...
വിത്സാ, മനോഹരമായി എഴുതിയിരിക്കുന്നു. (ഓടോ : കഴിഞ്ഞ ദിവസത്തെ മലയാളം വാരികയില്‍ ‘എറണാംകുളം’ കവിതയില്‍ വിത്സണെവിടെ എന്നൊരു ചോദ്യം കണ്ടിരുന്നു.ഇനി അത് വേറേ വിത്സ്നാണാവോ ? :) ) ""


പ്രിയ കുട്ടമ്മേനോന്‍ എറണാകുളം എന്ന കവിതയിലേക്കു വഴി കാട്ടിയതിനു നന്ദി. അതു സാബു ഷണ്മുഖം എഴുതിയതാണു. അതില്‍ പറയുന്ന വിത്സണ്‍ ഞാന്‍ തന്നെ. സന്തോഷ് കവി വി.ആര്‍. സന്തോഷും.
സാബു ഷണ്മുഖത്തെക്കുറിച്ച് വിവരം ഒന്നുമില്ലായിരുന്നു. നെറ്റില്‍ ഞാന്‍ പലരോടും തിരഞ്ഞു. കണ്ടെത്തിയില്ല.
രണ്ട് പേര്‍ക്കും എറണാകുളത്ത് തീ പിടിച്ച കാലം ഉണ്ടായിരുന്നു.

vaalkashnam said...

ഇതൊക്കെ എഴുതാന്‍ മാത്രല്ലെ പറ്റൂ വിത്സാ...

വീട്ടിലുണ്ണാന്‍ വിളിച്ച വിരുന്നുകാരനു ഭക്ഷണമൊരുക്കാതെ, നിലവറയും മസാലപൊടികളും കാണിച്ചു കൊടുക്കുന്ന പോലെയല്ലെ ഇത്‌? എന്തിനെയും അതിന്റെ സംതൃപ്ത ഭാവങ്ങളില്‍/രൂപങ്ങളില്‍ കൊണ്ടെത്തിയ്ക്കാന്‍ കാലാന്തരങ്ങളിലൂടെ മനുഷ്യന്‍ കണ്ടുപിടിച്ച ചില പ്രക്രിയകളുണ്ട്‌.. അതങ്ങനെയല്ലേ കൂടുതലുത്തമം...

വാര്‍ത്തയ്ക്കു പകരം, അക്ഷരമാല വായിച്ചോണ്ടിരുന്നാല്‍ ജനങ്ങള്‍ക്കതു മനസ്സിലാവോ, വിത്സാ ?

:)

AJISH said...

very nice one
i think "akshramala" is enough
for the people who understand us

AJISH said...
This comment has been removed by the author.
വിക്രമന്‍ said...

എനിക്കു മലയാളം എഴുതാനും വായിക്കാനും അറിയാമെന്നത് എന്റെ ഭാഗ്യം.
അല്ലെങ്കില്‍ ഇതു എനിക്കു വായിക്കാനും ആസ്വദിക്കാനും പറ്റുമായിര്ന്നൊ.
അഭിനന്ദനങ്ങള്‍

രണ്‍ജിത് ചെമ്മാട്. said...

പ്രിയപ്പെട്ട വില്‍സണ്‍,
ഞാന്‍ രണ്‍ജിത്ത് ചെമ്മാട്,
സാബു ഷണ്മുഖം സാറിന്റെ ഒരു നല്ല ശിഷ്യനും സുഹൃത്തുമാണെന്നും പറയാം
ദുബായിലെത്തിയ ശേഷം അദ്ധേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു...
നെറ്റില്‍ സേര്‍ച്ച് ചെയ്തപ്പോഴാണ് ഇവിടെ പരാമര്‍ശിച്ചതായ് കണ്ടത്!...
അദ്ധേഹത്തെ കിട്ടാവുന്ന മെയില്‍ അഡ്രസ്സോ, ഫോണ്‍ നമ്പരോ കൈവശമുണ്ടോ?
ഉണ്ടെങ്കില്‍ ranjidxb@gmail.com ല്‍ ഒന്ന് അയച്ചു തരുമല്ലോ?

gramasree said...

സംഗതി ഗംഭീരമായിട്ടുണ്ട് മാഷേ...
പി.എം.അബ്ദുല്‍ റഹിമാന്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വിത്സാ, അക്ഷരമാലയെയും, ആശാത്തിയേയും കുറിച്ചുള്ള ഈ പോസ്റ്റ് ഇടക്കിടെ കൈവിട്ടു പോകുന്ന എഴുത്തിനെ എത്തിപ്പിടിക്കുവാനുള്ള പ്രചോദനം നല്‍കുന്നു.

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved