Friday, June 8, 2007

ല എന്ന പെണ്‍കുട്ടി

വെളുത്ത തൂവലുകള്‍ കൊണ്ട്‌
ശരീരം മറച്ചു നില്‍ക്കുന്ന പെണ്‍കുട്ടി
പ്രകാശത്തിന്റെ ശലഭങ്ങളാല്‍ മഴ നനയുന്നവള്‍
കാറ്റ്‌ കൂടു കൂട്ടുന്ന താഴ്‌വാരം
പ്രണയത്തിന്റെ ഏകാന്ത ദ്വീപ സമൂഹം
മീന്‍ കുഞ്ഞുങ്ങളെ ആഹ്ലാദിപ്പിക്കുന്ന സൗന്ദര്യം
മഞ്ഞിന്റെ ഇലകള്‍ കൊണ്ടു പൊതിഞ്ഞ ഹ്യദയം
എന്റെയാത്മാവിന്റെ വിതാനങ്ങളിലൂടെ
തിരശ്ചീനയായി കടന്നുപോകുന്നവള്‍
(ല എന്ന പെണ്‍കുട്ടി, എ.ജെ.മുഹമ്മദ്‌ ഷഫീര്‍)

ക്യതികളുടെ ഉള്ളടക്കത്തേക്കാള്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ളതും അതിശയിപ്പിച്ചിട്ടുള്ളതും തലക്കെട്ടുകളാണു.ചില ആളുകളേക്കാള്‍ അവരുടെ പേരുകള്‍ പോലെ. ചില ദേശങ്ങളേക്കാള്‍ അവയുടെ പേരുകള്‍ പോലെ. അതു കൊണ്ടു തന്നെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ എ.ജെ.മുഹമ്മദ്‌ ഷഫീറിന്റെ "ല" എന്ന പെണ്‍കുട്ടി എന്ന കവിത എന്നും ഉള്ളിലുണ്ടു. വായിച്ച അന്നു മുതല്‍. ജീവിതത്തിലെ പെണ്‍കുട്ടികളേക്കാള്‍ എനിക്കു പരിചയവും അടുപ്പവുമുള്ളതു കവിതയിലെ പെണ്‍കുട്ടികളോടാണു.

എന്തു കൊണ്ടായിരിക്കാം ? ഒറ്റനോട്ടമെറിഞ്ഞ്‌, ദൂരത്തേക്ക്‌ മാഞ്ഞ്‌ പോകാത്തതു കൊണ്ടായിരിക്കും.

പാദസ്വരത്തിന്റെ കിലുക്കം കേള്‍പ്പിച്ച്‌ ഓടിയൊളിക്കാത്തതു കൊണ്ടായിരിക്കും

മുറിവുകളില്‍ ചെറുനാരകത്തിന്റെ നീരു വീഴ്ത്താത്തതുകൊണ്ടായിരിക്കും (ഒരാളൊഴികെ)

ത്യഷ്ണയുടെ മഹാനദിയിലേക്കു എടുത്തെറിയാത്തതുകൊണ്ടായിരിക്കും(ഒരാളൊഴികെ)

ആവോ അറിയില്ല

കവിതയിലെ പെണ്‍കുട്ടികള്‍ എന്നെ കരയിച്ചിട്ടുണ്ട്‌.ആഹ്ലാദിപ്പിച്ചിട്ടുണ്ടു. ജീവിതത്തിന്റെ സകല വികാരങ്ങളും പങ്കുവച്ചിട്ടുണ്ട്‌.നിത്യജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കവിതയിലെ പെണ്‍കുട്ടികള്‍ തന്നെയാണു അധികവും. അല്ലെങ്കില്‍ തന്നെ ജീവിതത്തില്‍ എത്ര പെണ്ണുങ്ങളെയറിഞ്ഞിട്ടുണ്ട്‌. ഒരു കയ്യിലെ വിരലുകളുടെ എണ്ണത്തോളം വരില്ല അവ. ഒരര്‍ത്ഥത്തിലും

കവിതയിലേക്കു മാമ്മോദീസ മുക്കിയ ആളായതിനാലാകണം ചുള്ളിക്കാടിന്റെ അന്നയും , മറിയവും എന്നും ഉള്ളിലുണ്ട്‌. അന്നാ----- എന്ന് ചുള്ളിക്കാട്‌. മറിയമേ ഭൂമിയിലെ മെഴുതിരികളൊക്കെയും മനമുരുകിയെരിയുന്നുവെന്ന് മറ്റൊറിടത്ത്‌. അന്നും ഇന്നും അന്നയും മറിയവും എനിക്കു പ്രിയപ്പെട്ടവര്‍ തന്നെ. ഒറ്റയ്ക്കാവുമ്പോള്‍, വേദനിക്കുമ്പോള്‍ അമ്മയെ വിളിക്കുന്നതിനു പകരം, ദൈവത്തെ വിളിക്കുന്നതിനു പകറം ഈ വരികള്‍ ചൊല്ലുന്നത്‌ അതായിരിക്കണം.

പിന്നെയുമുണ്ടു ഒരുപാട്‌ പെണ്ണുങ്ങള്‍, പെണ്‍കുട്ടികള്‍, കുഞ്ഞുങ്ങള്‍. കുമാരനാശാന്റെ നളിനിയും ലീലയും, അധികം പരിചയമില്ലാത്ത പെണ്ണുങ്ങളായി അവിടെയും ഇവിടെയും നടക്കുന്നു. എങ്കിലും തോന്നും എവിടെയോ കണ്ടിട്ടുണ്ടല്ലോ ഇവരെ. എപ്പോഴോ കേട്ടിട്ടുണ്ടല്ലോ ഇവരെ. കേട്ടിട്ടുണ്ടല്ലോ ഈ ശബ്ദം എന്നൊക്കെ

കവിതയില്‍ ഏറ്റവും ആകര്‍ഷിച്ച പെണ്‍കുട്ടികളിലൊന്നു പി.എ.നാസുമുദ്ദീന്റെ ശ്രീജയാണു. ശ്രീജാ നീയുള്ളിടത്തോളം ഈ ലോകം ജീവിതാര്‍ഹമാണു എന്നാണു നാസു എഴുതിയതു.

നിന്റെ അരുണാഭമായ മുഖത്തു നിന്നും
പടയാളികള്‍ ആയുധം വാങ്ങുന്നു
തോറ്റവര്‍ വിശ്വാസമാര്‍ജ്ജിക്കുന്നു
യോഗികള്‍ ആശ വക്കുന്നു

(ശ്രീജ, പി.എ.നാസുമുദ്ദീന്‍)

പിന്നെയും നിരവധി പെണ്‍കുട്ടികള്‍. സച്ചിദാനന്ദന്റെ സുലേഖ, എ.അയ്യപ്പന്റെ സുമംഗലി, കടമ്മനിട്ടയുടെ ശാന്ത, കവി വിനയചന്ദ്രന്റെ റോസലിന്‍ഡയാണു മായാത്ത മറ്റൊരു ചിത്രം.

റോസാലിന്‍ഡ ഒരു കന്യാസ്ത്രീ, തന്റെ കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിച്ച്‌ അവള്‍ മടങ്ങിവന്നു. കന്യകാത്വത്തിന്റെയും മാത്യത്വത്തിന്റെയും ഏതേതു വഴികളിലേക്കാണു റോസാലിന്‍ഡ എന്നെ കൂട്ടിക്കൊണ്ടു പോയത്‌. എന്റെ കവിതകളിലെന്നും നിറഞ്ഞു നിന്നിരുന്ന കന്യസ്ത്രീകള്‍ കൂട്ടമായി അവതരിച്ചതു പോലെ റോസാലിന്‍ഡ ഇന്നും പൂത്തലഞ്ഞ്‌ നില്‍ക്കുന്നു. അല്‍പ്പം സങ്കടത്തോടെ.

കവിതയിലും നിത്യജീവിതത്തിലും പരിചയമുള്ള അപൂര്‍വ്വ വ്യക്തികളിലൊരാള്‍ സച്ചിദാനന്ദന്‍ പുഴങ്കരയുടെ എത്സിയാണു. കവിത ജീവിതത്തിലേക്കു നിറഞ്ഞു തുടങ്ങിയ സമയത്ത്‌ വായിച്ച കവിതയാണു' എത്സി പറഞ്ഞു' എന്നത്‌. സച്ചിമാഷിനു എങ്ങനെ കിട്ടി എത്സിയെന്ന അന്വേഷണം കൊണ്ട്‌ ചെന്നെത്തിച്ചതു വലിയൊരു കാവ്യസൗഹ്രദത്തിലാണു. പിന്നീട്‌ എത്രയോ തവണ കവിതയിലെ ആ കഥാപാത്രത്തില്‍ നിന്നു ഊണുവാങ്ങിക്കഴിച്ചിരിക്കുന്നു. ചാലക്കുടിയിലെ ആറങ്ങാലി മണപ്പുറവും സന്ധ്യകളും സ്വന്തമായിരിക്കുന്നു.

സച്ചിയേട്ടന്റെ മക്കളും കവിതകള്‍ തന്നെ. നിമഗ്നയും, ഇളയും. അവരും കവിതകളില്‍ നിറയാറുണ്ട്‌.

ആ കവിതകള്‍ ഇപ്പോള്‍ മുതിര്‍ന്നു കാണും

കവിതയിലെ എന്റെ പെണ്‍കുട്ടികള്‍. ആദ്യത്തേതു ബിനിയാണു. 'ബിനിയും രാത്രിയും' എന്ന കവിതയില്‍ എന്റെ കൗമാരപ്രണയം വിരിഞ്ഞു.

നിലാവും രാത്രിയും
തമ്മില്‍ പിണങ്ങി

നിലാവു രാത്രിയോട്‌ പറഞ്ഞു
ഇനി നിന്നോട്‌ കൂടാന്‍
ഞാന്‍ വരില്ല

എന്നെ കൂടാതെ
നീ ജീവിക്കുന്നതൊന്നു കാണട്ടെ
രാത്രി വെല്ലുവിളിച്ചു

നിലാവു
ബിനിയുടെ ചിരിയിലേക്കു
കുടിയേറി പാര്‍ത്തു

അതിനു ശേഷമാണു
എന്റെയിരുട്ടില്‍
അവള്‍
പ്രകാശിക്കാന്‍ തുടങ്ങിയതു.

ബിനിയും രാത്രിയും ആദ്യപുസ്തകമായ ഉറക്കം ഒരു കന്യസ്ത്രീയില്‍ ഉള്‍പ്പെടുത്തി. ഇപ്പോഴും അതെടുത്ത്‌ വായിക്കുമ്പോള്‍ രസകരമായ ഒരു സംഭവം ഓര്‍മ്മ വരും.

കോളേജ്‌ കാലത്താണു ആ കവിത. ആദ്യവായനക്കാര്‍ കൂടെ പഠിക്കുന്നവര്‍ തന്നെ.

ഒരു ദിവസം അതേ കോളേജില്‍ പഠിക്കുന്ന വകയിലെ സഹോദരി വീട്ടില്‍ വന്നു. എനിക്കൊരു ചെക്കന്‍ ഒരു കവിത തന്നു എന്നെല്ലാം പറഞ്ഞ്‌. കവിത വായിച്ച്‌ നോക്കി. 'ബീനയും നിലാവും' എന്ന തലക്കെട്ടില്‍ എന്റെ കവിത. കൊടുത്തതു മറ്റാരുമായിരുന്നില്ല.ക്ലാസ്‌ മേറ്റായ ചാള്‍സായിരുന്നു.

ബീന തന്ന കവിതയും കയ്യില്‍ പിടിച്ച്‌ പിറ്റേന്നു അവനെ കണ്ടു. എടാ എന്റെ കവിത കോപ്പിയടിച്ച്‌ എന്റെ പെങ്ങള്‍ക്കു തന്നെ പ്രണയലേഖനം നല്‍കണമെന്നെല്ലാം കുറെ കളിയാക്കി.

10, 12 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഓര്‍ക്കാന്‍ നല്ല രസമുണ്ടു. പ്രത്യേകിച്ച്‌ അതു കവിതയിലെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാകുമോള്‍.

ബിനിയെവിടെ, ബീനയെവിടെ, ചാള്‍സെവിടെ. ആ കവിതയുണ്ടു ബാക്കി. അതെ എനിക്കു സത്യമാണു കവിത. ആരും കൊണ്ടു പോകാത്ത കാലം മാറ്റം വരുത്താത്ത ഒന്നു.

14 comments:

Kuzhur Wilson said...

"കവിതയിലെ പെണ്‍കുട്ടികള്‍ എന്നെ കരയിച്ചിട്ടുണ്ട്‌.ആഹ്ലാദിപ്പിച്ചിട്ടുണ്ടു. ജീവിതത്തിന്റെ സകല വികാരങ്ങളും പങ്കുവച്ചിട്ടുണ്ട്‌.നിത്യജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കവിതയിലെ പെണ്‍കുട്ടികള്‍ തന്നെയാണു അധികവും. അല്ലെങ്കില്‍ തന്നെ ജീവിതത്തില്‍ എത്ര പെണ്ണുങ്ങളെയറിഞ്ഞിട്ടുണ്ട്‌. ഒരു കയ്യിലെ വിരലുകളുടെ എണ്ണത്തോളം വരില്ല അവ. ഒരര്‍ത്ഥത്തിലും"

ല എന്ന പെണ്‍കുട്ടി - ഒരു കുറിപ്പ്. നേരത്തെ എഴുതിയതു.

ഞാന്‍ എവിടെപ്പോകാനാ ? ഒരു 400 കിലോമീറ്റര്‍ ഡ്രൈവു ചെയ്താല്‍ ഒരായുസ്സ് ജീവിക്കാനുള്ള ഊര്‍ജ്ജം ലഭിക്കും. പിന്നെ അത് തീര്‍ക്കാനുള്ള കുഴപ്പം മാത്രം.

അതെല്ലാം പോകട്ടെ അപ്പോള്‍ ശശി ആരായി ?

വിഷ്ണു പ്രസാദ് said...

വിത്സാ,നീ വീണ്ടും എഴുതികണ്ടതില്‍ സന്തോഷമുണ്ട്.ഒപ്പം നിന്റെ എഴുത്തിലൂടെ കുറെ പുതിയ പെണ്‍കുട്ടികളുമായി പരിചയപ്പെടാനുമായി.
അനുരാഗത്തിലാവാന്‍ ഞാന്‍ ശ്രദ്ധിച്ചോളാം.കുരീപ്പുഴയുടെ ജെസ്സിയെ അറിയുമോ?

. said...

ജെസ്സിയെ അറിയാം. കുരീപ്പുഴയില്‍ നിന്നും നേരിട്ടും.

ഈ കുറിപ്പിനു പിന്നിലും ഒരു കഥയുണ്ട്.
കവി രൂപേഷു പോളും ഞാനും മലയാളകവിതയിലെ പെണ്‍പിള്ളാരെ കുറെ കണ്ടു പിടിച്ചു.

എന്നെ എഡിറ്ററാക്കി പുസ്തകം ഇറക്കാന്‍.
സാബു ഷണമുഖം എന്ന കവിയുടെ “ ഭൂമിയിലെ പെണ്‍കുട്ടികള്‍ക്കു “ എന്ന തലക്കെട്ടായിരുന്നു പുസ്തകത്തിനു.

എല്ലാം ശരിയായി. അതില്‍ ജെസ്സിയും ഒരു പാടു പെണുകുട്ടികളും ഉണ്ടായിരുന്നു.

പുസ്തകം ചെയ്യാമെന്നേറ്റതു മള്‍ബെറിയിലെ കവി ഷെല്‍വിയായിരുന്നു. ഒടുവില്‍ ഷെല്‍വിയെ കണ്ടു. എല്ലാം ഏൽപ്പിച്ചു. കോഴിക്കോടു വച്ചൊ കവി ജയന്‍ കെ.സിയുടെ പുസ്തക പ്രകാശനത്തിന്‍റെ ആ രാത്രിയില്‍. ആ രാത്രി മറക്കുകയില്ല. വിനയചന്ദ്രന്‍ മാഷു, ഷെല്‍വി. കൂട്ടുകാര്‍. കള്ള് കവിത. നേരം വെളുക്കും വരെ

ആമുഖക്കുറി ഉടന്‍ അയച്ചു തരാമെന്നു പറഞ്ഞു ഞാന്‍ ദുബായിലേക്കു പോന്നു.

6-) ദിനം വെബ് ലോകത്തില്‍ വാര്‍ത്ത. ഷെല്‍വി ആത്മഹത്യ ചെയ്തു.

ആ പുസ്തകത്തോട് ഒരു വിരക്തി തോന്നി. ഞാനതു മറന്നു.

ഒരിക്കല്‍ രൂപേഷ് വിളിച്ചു.
ഇന്ദുമേനോന്‍ അതു പുസ്തകമാക്കിയാല്‍ കൊള്ളാമെന്നു. അങ്ങനെ 35 ആണ്‍കവികള്‍ എന്ന തലക്കെട്ടില്‍ പുസ്തകം വന്നു.(തല്‍ക്കെട്ടും പ്രസാധകരുടെ പേരും ക്യത്യമായി ഓര്മ്മയില്ല.

സന്തോഷം തോന്നി. പരിശ്രമം വെറുതെയായില്ല എന്നോര്‍ത്തു.

അതു തന്നെയാണു ഇങ്ങനെ ഒരു കുറിപ്പിനു ആധാരം

Ajith Polakulath said...

ഈ കുറിപ്പ് നേരത്തേ ഞാന്‍ വായിച്ചതാണ് വിത്സണ്‍ മാഷെ...മയൂരിയില്‍ മാഷെഴുതികൊണ്ടിരുന്ന കുറിപ്പ് പരമ്പരയില്‍ നിന്നും ഒരേട് അല്ലെ? മാഷ് ഈ ബ്ലൊഗില്‍ ഒതുങ്ങാതെ ഇനിയും എഴുതണം മാഗസിനുകളില്‍....

പിന്നെ നാസിമദ്ധീനെ ഓര്‍ത്തുപോയ് വായിച്ചപ്പോള്‍
ഈ വരികളും

നിന്റെ അരുണാഭമായ മുഖത്തു നിന്നും
പടയാളികള്‍ ആയുധം വാങ്ങുന്നു
തോറ്റവര്‍ വിശ്വാസമാര്‍ജ്ജിക്കുന്നു
യോഗികള്‍ ആശ വക്കുന്നു

snehagayakan said...

പ്രിയ സ്നേഹിതാ,(അങ്ങനെ വിളിച്ചോട്ടെ)
മറന്നു, പലതും മറന്നു, പലരേയും മറന്നു....
ഇരട്ടിക്കാത്തതിന്റെ വ്യഥകളോ, ഉച്ചനൂലിന്റെ കുരുക്കിലോ താങ്കള്‍ മറവിയിലേയ്ക്ക് നടന്നുപോയി...
ഏതോ വീട്ടുമുറ്റത്ത് ആകുലയായവള്‍ ഇന്നുമുണ്ട്...
അവള്‍ക്കു രാവണോദ്യാനത്തിലെ ആകുലയായ സീതയുടെ ഛായ....
തീവ്ര വേദനയിലും ബുധ്ദ ഭിക്ഷുവിനെക്കണ്ട് പുഞ്ചിരിച്ച വാസവദത്തയുടെ ഛായ...
മറവിയുടെ ആഴങ്ങളില്‍ വീണുപോയ കമിതാവിനെ ഓര്‍ത്ത് കണ്വാശ്രമത്തില്‍ കണ്ണീര്‍ തൂവി നിന്ന ശകുന്തളയുടെ ഛായ....
വാണിഭത്തെരുവില്‍ വഴിയറ്റു നിന്ന ആയിഷയുദെ ഛായ...
ആഴങ്ങളിലെ മുത്തു തേടി പോയ ഉണ്ണിതന്‍ കുഞ്ഞേടത്തിയുടെ ഛായ...
ഓര്‍ക്കാനും പ്രണയിക്കാ‍നും കൊള്ളാത്ത ഒട്ടേറെ പേരുകള്‍ ഇനിയുമിണ്ട് സ്നേഹിതാ‍...
അക്ഷരങ്ങളുടെ ഒഴുക്ക്... മനസ്സിലേക്കിറ്റുന്ന നീരുറവ പോലെ... മനോഹരം...
തങ്കളേ ഞാന്‍ അറിയാതെ പോയി, ഞാനെന്ന വിഡ്ഡി...
സ്നേഹ പൂര്‍വ്വം,
വര്‍ക്കല ഹനി

Kalesh Kumar said...

ടച്ചിംഗ് പോസ്റ്റ്!

സുനീഷ് said...

ദൈവമേ, മനസ്സില് എവിടെയൊക്കെയോ കൊണ്ട് മുറിയുന്നുണ്ടല്ലോ… ഓര്മ്മകളുടെ കടലിരമ്പം…

Unknown said...

ninakku sukham thanneyalle kavithakl bloganayil kandu


m.sang

Unknown said...

bloganayil kavithakal kandu sukham thanneyalle

Unknown said...

kavithakal kanarundu sukham thanneyalle?

Unknown said...

വാസവദത്തയെ എന്തെ കാണാതെ പോയത് ...എന്തെ അറിയാതെ പോയത്

Sunitha Ezhumavil said...

koottathil ONV yude perariyathoru penkidavum.....

Touching post!


സുനിതാ കല്യാണി said...

wow....v.good

സുനിതാ കല്യാണി said...

woww..very good

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved