Saturday, May 12, 2007

അന്നക്കുട്ടിയമ്മയുടെ തിരുമുറിവുകള്‍

ബൈബിള്‍ കാണുമ്പോള്‍ എനിക്കു പള്ളിപ്പുറത്ത്‌ കൈതാരത്ത്‌ അന്തോണിയുടെ മകള്‍ അന്നക്കുട്ടിയെ ഓര്‍മ്മ വരും . മരം വെട്ടുകാരനും, ക്യഷിക്കാരനുമായിരുന്ന അര്‍ക്കക്കാരന്‍ ഔസേപ്പിന്റെ ഭാര്യയെ.അതായതു ഈയുള്ളവന്റെ അമ്മയെ. ബൈബിളും അമ്മയും തമ്മിലെന്തു എന്നായിരിക്കും. അതാണു പറഞ്ഞു വരുന്നത്‌.

കടുത്ത ദു:ഖം നിയന്ത്രിക്കാനാവാതെ വരുമ്പോഴാണു സാധാരണയായി ഇതെഴുതുന്നയാള്‍ ബൈബിള്‍ നിവര്‍ത്തുക.ഇയ്യോബിന്റെ പുസ്തകം എത്രയാവര്‍ത്തിച്ചാലും മതിവരുകയില്ല. എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ ഏകനാക്കുന്നതെന്ത്‌ എന്നു എത്ര തവണ കരഞ്ഞിരിക്കുന്നു. ( എന്റെ പ്രണയമേ, എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ന് മനോഹരമായി അതിനെ പുനര്‍ വ്യാഖ്യാനിച്ചത്‌ കവി.വി.ജി.തമ്പിയാണു)

ഓര്‍മ്മ വച്ച നാളുകളില്‍ വീട്ടിലുണ്ടായ ഏകപുസ്തകം ബൈബിളായിരുന്നു. പ്രാത്ഥനാമുറിയിലെ ഒരു മൂലയില്‍ അതു ആര്‍ക്കും വേണ്ടാതെ കിടന്നു. പഴയ നിയമങ്ങളുടെ ഏടുകളില്‍ ചിതലു കയറിയും മറ്റും. സന്ധ്യാപ്രാര്‍ത്ഥനകളിലും വിശേഷാവസരങ്ങളിലും ബൈബിള്‍ അതിന്റെ ഇടം കണ്ടെത്തി. മാമ്മോദീസ, ആദ്യകുര്‍ബാന, വിവാഹം, മരണം തുടങ്ങിയ വേളകളില്‍ അതു പൂമുഖത്തേക്കു വന്നു.

അമ്മയും ബൈബിളും എവിടെയോ കൂട്ടിമുട്ടുന്നതു ഇന്നു തിരിച്ചറിയുകയാണു. ദു:ഖം വരുമ്പോള്‍ ഞാന്‍ ബൈബിള്‍ തിരയുന്നു. കൂടെ അമ്മയേയും. ഒരു സന്തോഷത്തിലും രണ്ടിനേയും കൂടെ കൂട്ടിയിട്ടില്ല. നേരത്തെ പറഞ്ഞ ചില ചടങ്ങുകളിലൊഴികെ. ഒരു പക്ഷേ ലോകത്തിലെ ഭൂരിഭാഗം അമ്മമാരുടെയും ദുര്‍വിധി ഇതു തന്നെയാകാം. ആവോ അറിയില്ല. ഒരിക്കലും തുറന്നു നോക്കാത്ത വിശുദ്ധ പുസ്തകങ്ങളായി നമ്മുടെ അമ്മമാര്‍. ആപത്തിലും ദു:ഖത്തിലും തുറന്നു വായിക്കുവാനുള്ള പുസ്തകങ്ങള്‍.

അന്നക്കുട്ടിയിലേക്കു വരികയാണു. ബൈബിളില്‍ ക്രിസ്തുവിനെക്കുറിച്ച്‌ അമ്മ മറിയത്തോട്‌ ദൈവം പറയുന്ന ഒരു വാചകമുണ്ടു." നിന്റെ ഹ്യ്ദയത്തിലൂടെ ഒരു വാള്‍ കടക്കും" എന്ന്. ഏതമ്മമാരുടെ കാര്യത്തിലാണ്‍, ഏതു മക്കളുടെ കാര്യത്തിലാണു ഈ വാചകം സ്വാര്‍ത്ഥകമല്ലാത്തത്‌.

ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെ ഹൃദയത്തിലൂടെ കടന്നത്‌ ഒരു വാളാണെങ്കില്‍ അന്നക്കുട്ടിയെന്ന എന്റെയമ്മയുടെ ഉള്ളിലൂടെ കടന്നതു ആറു വാളുകളാണു.( അതിലൊന്നിന്റെ മുന ഇടയ്ക്ക്‌ വച്ച്‌ മുറിഞ്ഞുപോയി) ജീവിതത്തിലേറ്റവും സ്വാധീനം ചെലുത്തിയ സ്ത്രീ ആരെന്ന ചോദ്യത്തിനു മറ്റു പലരേയും പോലെ മൗലികതയില്ലാത്ത ഉത്തരം തന്നെയാണു ഞാന്‍ നല്‍കുക. അമ്മയെന്ന്. അന്നക്കുട്ടിയെന്ന്.

അന്നകുട്ടീയെന്ന് സ്നേഹത്തോടെ അപ്പന്‍ അവരെ വിളിക്കുന്നത്‌ ഇതു വരെ കേട്ടിട്ടില്ല.(ഇനിയങ്ങനെ വിളിക്കാന്‍ അപ്പനുമില്ല) ലഹരി മൂത്ത രണ്ടാമത്തെയാള്‍ വല്ലപ്പോഴും അങ്ങനെ കളിയാക്കി വിളിച്ചെങ്കിലായി.

അമ്മയുടെ ഭാഷ തന്നെയാണു എന്നെ ഏറെക്കുറെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്‌..കോഴികള്‍ക്കും പശുക്കള്‍ക്കും ചെടികള്‍ക്കും മനസ്സിലാകുന്ന അതിമനോഹരമായ ഭാഷ. അടുത്ത കൊല്ലം ശരിക്കും ചക്ക തന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ശരിപ്പെടുത്തുമെന്നു അവര്‍ മുറ്റത്തെ കടപ്പ്ലാവിനോട്‌ പറയും. മനസ്സിലായിട്ടോ എന്തോ അതിന്റെ ഇലകള്‍ തലയാട്ടുന്നതു കാണാം. അമ്മയെ കാണാതായാല്‍ കരയുന്ന ഒരു പശുവുണ്ടായിരുന്നു വീട്ടില്‍.മൂത്തവന്റെ ഭാര്യ പ്രസവിച്ചു കിടക്കുകയാണു. എടീ തള്ളപ്പിടേ ഇത്തവണ കൂടുതല്‍ മുട്ട തരണേ എന്നവര്‍ പറയും. വിരുന്നുകാര്‍ കൂടുതലുള്ള ദിവസങ്ങളില്‍ അവര്‍ പാല്‍ ചോദിച്ചുവാങ്ങും.

പശുവും, ആടുകളും, കോഴികളും, മരങ്ങളും പോകട്ടെ അടുപ്പത്തിരിക്കുന്ന ചോറിനോടും, അടുപ്പിലെ തീയിനോടും അവര്‍ സംസാരിക്കും. എന്താ വേവാന്‍ ഇത്ര മടി. ഒന്നു നന്നായി കത്തിയാലെന്താ തുടങ്ങിയുള്ള പരിഭവങ്ങള്‍.( പിന്നീടൊരിക്കല്‍ ദസ്തയേവ്കിയുടെ ആത്മകഥയില്‍ ഇത്തരമൊരു സ്ത്രീയെ കണ്ടു. എന്തായാലും തിളക്കണം. അതിത്തിരി നേരത്തെയായിക്കൂടെയെന്നു പരിഭവിക്കുന്ന ഒരു കഥാപാത്രം)

പുരുഷന്‍ എന്നാണ്‍ അന്നക്കുട്ടി ഈയുള്ളവനെ നീട്ടി വിളിക്കുക. എടാ പുരുഷാ നീ കഞ്ഞികുടിക്കുന്നില്ലേ ? പോകാന്‍ സമയമായില്ലേ എന്നിങ്ങനെ. പുലയനും നായരും ഈഴവനും ക്രിസ്ത്യാനികളും സഹവസിക്കുന്ന ഞങ്ങളുടെ നാട്ടില്‍ അമ്മയെ എല്ലാവരും സ്നേഹത്തോടെ അന്നകുട്ടീയെന്നു തന്നെ വിളിക്കും( ഹിന്ദുക്കളെ അമ്മ വിളിക്കുക മലയാളികള്‍ എന്നാണു) ക്ര്യിസ്ത്യാനികള്‍ അല്ലാത്തവരെക്കുറിച്ച്‌ പറയുമ്പോള്‍ അമ്മ പറയും അവര്‍ മലയാളികള്‍ ആണെന്നു. അമ്മ എന്താ ഫോറിന്‍ കാരിയാണോയെന്നു ഞങ്ങള്‍ കളിയാക്കും. അന്നക്കുട്ടിയുടെ സത്യസദ്ധ്യമായ ഭാഷ എന്നെയെന്നും ആകര്‍ഷിച്ചിട്ടുണ്ടു.

അന്നക്കുട്ടിയുട്ടിയെന്ന അമ്മയുടെ ജീവിതം എഴുതി പ്രതിഫലിപ്പിക്കാന്‍ മാത്രം ഈ എഴുത്തുകാരന്‍ വളര്‍ന്നിട്ടില്ല. ഒരു ചെറിയ സംഭവം ഇവിടെ പകര്‍ത്തുകയാണു.

ക്രിസ്തുവിന്റെ ആറാം തിരുമുറിവു എഴുതിയ പി.എം. ആന്റണി ഒരിക്കല്‍ വീട്ടില്‍ വന്നു. അമ്മയ്ക്ക്‌ ആന്റണിചേട്ടനെ അറിയുമായിരുന്നില്ല. പക്ഷേ നാടകം വന്നപ്പ്പ്പോള്‍ പള്ളിക്കാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അമ്മ പോയതു ഓര്‍മ്മയുണ്ടു.( പള്ളിയും പട്ടക്കാരനും വിട്ടുള്ള ഒരു ലോകം ചിന്തയില്‍ പോലും ഇല്ല അവര്‍ക്കു.)

ആന്റണിച്ചേട്ടനു അമ്മ ചായയും പലഹാരങ്ങളും കൊടുത്തു.പുള്ളിക്കാരന്‍ വന്നു പോയതു പിന്നീട്‌ ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ ചര്‍ച്ചാവിഷയമായി. മനസ്സറിയാതെ അമ്മ കുറ്റക്കാരിയായി.

ആ ദിവസങ്ങളില്‍ അമ്മ ചോദിച്ചു. നമ്മുടെ ഈശോമിശിഹായ്ക്കു എത്ര തിരുമുറിവുകള്‍ ഉണ്ടെന്നു ? ഞാനന്നു ചിരിച്ച്‌ ഒഴിഞ്ഞുമാറി.

ഓശാന ഞായര്‍ തുടങ്ങി ഈസ്റ്റര്‍ ഞായറില്‍ അവസാനിക്കുന്ന വിശുദ്ധവാരം അമ്മയുടേതാണു. അതിലെ ദു:ഖവെള്ളിയും. കുരിശിന്റെ വഴിയെന്ന ചടങ്ങിനു പോകുമ്പോള്‍ എല്ലാവരും മരക്കുരിശ്ശ്‌ കയ്യില്‍ കരുതണം. തട്ടിന്മുകളില്‍ കിടക്കുന്ന പൊടിപിടിച്ച കുരിശുകള്‍ വ്യത്തിയാക്കി അമ്മയെടുത്ത്‌ വയ്ക്കും. ഞങ്ങള്‍ പലരും അതു തൊടുക പോലുമില്ല. ഞങ്ങള്‍ക്കു വേണ്ടി അമ്മയാണു കുരിശുകള്‍ പള്ളിയിലേക്കു കൊണ്ടു പോവുക. ഒന്നില്‍ കൂടുതല്‍ കുരിശ്ശുകളുമായി പള്ളിയിലേക്കു പോകുന്ന അമ്മയെ ഓര്‍ക്കുകയാണു.

അന്നക്കുട്ടി എത്ര കുരിശുകളാണു ചുമന്നതു. അവരുടെ ഹ്യദയത്തിലൂടെ എത്ര വാളുകളാണു കടന്നതു. അവരുടെ തിരുമുറിവുകള്‍ എത്രയാണു ? ആറോ ? അഞ്ചോ ?

അതിലെ ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ പേരെന്തായിരിക്കും ?
പുരുഷനെന്നോ ?

59 comments:

Kuzhur Wilson said...

“ക്രിസ്തുവിന്റെ ആറാം തിരുമുറിവു എഴുതിയ പി.എം. ആന്റണി ഒരിക്കല്‍ വീട്ടില്‍ വന്നു. അമ്മയ്ക്ക്‌ ആന്റണിചേട്ടനെ അറിയുമായിരുന്നില്ല. പക്ഷേ നാടകം വന്നപ്പ്പ്പോള്‍ പള്ളിക്കാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അമ്മ പോയതു ഓര്‍മ്മയുണ്ടു.( പള്ളിയും പട്ടക്കാരനും വിട്ടുള്ള ഒരു ലോകം ചിന്തയില്‍ പോലും ഇല്ല അവര്‍ക്കു.)

ആന്റണിച്ചേട്ടനു അമ്മ ചായയും പലഹാരങ്ങളും കൊടുത്തു.പുള്ളിക്കാരന്‍ വന്നു പോയതു പിന്നീട്‌ ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ ചര്‍ച്ചാവിഷയമായി. മനസ്സറിയാതെ അമ്മ കുറ്റക്കാരിയായി.“

ഇന്നു ലോകമാത്യദിനമാണെന്ന് പരസ്യക്കാര്‍ പറയുന്നു.
അമ്മയെക്കുറിച്ചോര്‍ക്കാന്‍ ഈയുള്ളവനു ഇപ്പോഴും ഈ ദിനം ഒന്നും വേണ്ട.

ഈ കുറിപ്പു മയൂരിയില് വന്നതു.

reshma said...

മനോഹരം

myexperimentsandme said...

രേഷ്‌മ പറഞ്ഞതിനു പുറമേ, ഹൃദ്യം എന്നുകൂടി ചേര്‍ക്കുന്നു. ഹൃദയത്തില്‍ നിന്നും വരുന്ന ഭാഷയുടെ ഒഴുക്ക് ഒന്ന് വേറേ തന്നെ.

Sapna Anu B.George said...

അന്നക്കുട്ടിമാര്‍ക്കുള്ള മുറുവുകള്‍ അവര്‍ സ്വന്തമായിത്തന്നെ കടിച്ചിറക്കുന്ന വേദനകളാണ്, അതിനു പഴിചാരാനും, പതം പെറുക്കാന്നും , നൂറ്റാണ്ടുകളായി ഒരു അന്നക്കുട്ടിയും മുതിര്‍ന്നിട്ടില്ല. എന്നത്തേയും പോലെ നന്നായിരിക്കുന്നു വിത്സാ.

കുട്ടനാടന്‍ said...

ദു:ഖം വരുമ്പോള്‍ ഞാന്‍ ബൈബിള്‍ തിരയുന്നു. കൂടെ അമ്മയേയും. ഒരു സന്തോഷത്തിലും രണ്ടിനേയും കൂടെ കൂട്ടിയിട്ടില്ല. ഒരു പക്ഷേ ലോകത്തിലെ ഭൂരിഭാഗം അമ്മമാരുടെയും ദുര്‍വിധി ഇതു തന്നെയാകാം. ആവോ അറിയില്ല. ഒരിക്കലും തുറന്നു നോക്കാത്ത വിശുദ്ധ പുസ്തകങ്ങളായി നമ്മുടെ അമ്മമാര്‍. ആപത്തിലും ദു:ഖത്തിലും തുറന്നു വായിക്കുവാനുള്ള പുസ്തകങ്ങള്‍.
ഇതു മാത്രം മതി അന്നക്കുട്ടിയെന്ന അമ്മമാഹത്മ്യം തിരിച്ചറിയാന്‍ ! അന്നക്കുട്ടി നിന്നെ പുരുഷാ എന്ന് അറിഞ്ഞു വിളിക്കുന്നു

പ്രിയംവദ-priyamvada said...

അമ്മയെക്കുറി ച്ചോര്‍ക്കാന്‍ ഇപ്പോഴും ഈ ദിനം ഒന്നും വേണ്ട...എങ്കിലും,ഒരിക്കലും തുറന്നു നോക്കാത്ത വിശുദ്ധ പുസ്തകങ്ങളായി നമ്മുടെ അമ്മമാര്‍.

ഒന്നും അധികം പറയാതെ എന്തൊക്കൊയൊ അനുഭവിപ്പിക്കുന്നു ഈ ലേഖനം
qw_er_ty

അത്തിക്കുര്‍ശി said...

അമ്മയെ അറിയല്‍ ഹൃദ്യം വില്‍സാ..

റീനി said...

വില്‍സാ, മനോഹരം! ആത്മാര്‍ത്ഥത തുളുമ്പുന്ന എഴുത്ത്‌.

ആപത്തിലും ദു:ഖത്തിലും തുറന്നുവായിക്കുവാനുള്ള പുസ്തകമാവുന്നതില്‍ എനിക്ക്‌ വിരോധമില്ല. നിരാശയും മോഹഭംഗങ്ങളും വരുമ്പോള്‍ മദ്ദളമായി ഉപയോഗിക്കാതിരുന്നാല്‍ മതി.

വിനയന്‍ said...

ശ്രീ.വില്‍
പോസ്റ്റ് എന്റെ മനസ്സില്‍ ഒരു പാട് നൊമ്പരങ്ങളുണര്‍ത്തി.
“ഒന്നില്‍ കൂടുതല്‍ കുരിശ്ശുകളുമായി പള്ളിയിലേക്കു പോകുന്ന അമ്മയെ ഓര്‍ക്കുകയാണു.“
എന്നും ഞാന്‍ എന്റെ ഉമ്മയെ ഓര്‍ക്കാറുണ്ട്.പക്ഷെ ഇപ്പോള്‍ പ്രത്യേകമായി ഓര്‍ത്തു.

നന്ദി.

വല്യമ്മായി said...

നമുക്കായി കുരിശു ചുമക്കാന്‍ മുറിവുകള്‍ ഏറ്റു വാങ്ങാന്‍ എന്നും അമ്മ മാത്രം.ഹൃദയത്തില്‍ തൊട്ടു ഈ എഴുത്ത്.

asdfasdf asfdasdf said...

വിത്സന്റെ കവിത പോലെ ഹൃദ്യമായ വരികള്‍.

തറവാടി said...

താങ്കളുടെ കവിതയെക്കുറിച്ചു പറയാന്‍ ഞാനാളല്ല

എന്നാല്‍ , ഇതൊരു വല്ലാത്ത അനുഭവമായി

നന്ദി :)

Kiranz..!! said...

പള്ളിയില്‍ പോവാതെ ഞായറാഴ്ച്ച ദിവസം ക്രിക്കറ്റ് കളീ കാണാനോ,കളിക്കാനോ പോവാനോ നമ്പര്‍ അടിച്ച് പുതപ്പിന്റെ അടിയില്‍ കള്ളയുറക്കം അഭിനയിക്കുമ്പോ‍ള്‍ “ആദ്യം ദൈവത്തേയും അവന്റെ രാജ്യത്തേയും അന്വേഷിക്കെടാ” എന്നു പറയുന്ന ഒരന്നമ്മയമ്മക്കുട്ടിയേ ഓര്‍മ്മ വന്നു ഈ ലേഖനം വായിച്ചപ്പോള്‍..!

P.Jyothi said...

നന്നായിരിക്കുന്നു വിത്സന്‍. പക്ഷെ ഇന്നു തന്നെ ഈ പോസ്റ്റ്‌ ചേര്‍ക്കാന്‍ കുറച്ച്‌ ധൃതി പിടിച്ചൂന്നൊരു ഒരു തോന്നല്‍ ഉണ്ടാവുന്നു ചിലയിടങ്ങളില്‍

അപ്പു ആദ്യാക്ഷരി said...

"ഒരിക്കലും തുറന്നു നോക്കാത്ത വിശുദ്ധ പുസ്തകങ്ങളായി നമ്മുടെ അമ്മമാര്‍. ആപത്തിലും ദു:ഖത്തിലും തുറന്നു വായിക്കുവാനുള്ള പുസ്തകങ്ങള്‍...."

വിത്സാ, നല്ല ഹൃദ്യമായ പോസ്റ്റ്.

മുസ്തഫ|musthapha said...

“ഒരിക്കലും തുറന്നു നോക്കാത്ത വിശുദ്ധ പുസ്തകങ്ങളായി നമ്മുടെ അമ്മമാര്‍. ആപത്തിലും ദു:ഖത്തിലും തുറന്നു വായിക്കുവാനുള്ള പുസ്തകങ്ങള്‍“

വിത്സാ... വളരെ നന്നായി ഈ കുറിപ്പ്... അതിമനോഹരമായി ചേര്‍ത്തുവെച്ചിരിക്കുന്ന, ഉള്ളില്‍ തട്ടുന്ന വരികള്‍ !

രാജ് said...

വെറുതെയല്ല നിന്നെ മനുഷ്യര്‍ സ്നേഹിച്ചു പോകുന്നത്.

പുള്ളി said...

വില്‍സണ്‍ ചേട്ടാ..മാതൃദിനത്തില്‍ കണ്ട ഏറ്റവും നല്ല കുറിപ്പ്. മനസ്സിനോട് സംസാരിക്കുന്ന ഭാഷ. അന്നക്കുട്ടിയമ്മ‌യോട് ഈ അയല്‍ക്കരന്ന്റ്റെ സ്നേഹാന്വേഷണം...

NITHYAN said...

ഇതിലെ പലവരികളും പലര്‍ക്കും എഴുതാവുന്നതേയുള്ളൂ. എന്നാല്‍ "ഒരിക്കലും തുറന്നുനോക്കാത്ത വിശുദ്ധ പുസ്‌തകങ്ങളായി നമ്മുടെ അമ്മമാര്‍" എന്നൊരു നീരീക്ഷണം വില്‍സണെ ആ പലരിലെ ഒരുവനാക്കുന്നു. കൃഷ്‌ണന്‍നായര്‍ സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വില്‍സാ മാര്‍വ്വെലസ്‌

[ nardnahc hsemus ] said...

"ദു:ഖം വരുമ്പോള്‍ തേടുന്ന രണ്ടു സാധനങ്ങള്‍.." നന്നായിട്ടുണ്ട്‌...

ഒരു പക്ഷെ, ഇത്തരം അമ്മമാര്‍ക്ക്‌ വംശനാശം നേരിടുകയാണോ?

ടി.പി.വിനോദ് said...

ദീപ്തം, സുന്ദരം, സാന്ദ്രം...

Kalesh Kumar said...

ente ammaye enik ippam vilikkanam....
:(

കുറുമാന്‍ said...

വായിക്കാന്‍ വൈകിപോയി വിത്സാ.....അതിമനോഹരം തന്നെ ഈ ഓര്‍മ്മകള്‍. മക്കളുടെ കുരിശു ചുമക്കുന്ന എത്രയോ അന്നക്കുട്ടിമാര്‍. എല്ലാവര്‍ക്കും നന്മവരട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചു നടക്കുന്നവര്‍. നന്ദി വിത്സാ, ഈ ഓര്‍മ്മകള്‍ പങ്ക് വച്ചതിന്

jineshgmenon said...

എടാ പുരുഷാ നീ.......ഈ വാക്ക് ഓര്‍ക്കുന്ന ഒരു മലയാളീയാ.... ഞാന്‍

തമനു said...

വായിക്കാന്‍ വളരെ താമസിച്ചു, ഈ ഹൃദയം തൊട്ട കുറിപ്പ്‌.

വളരെ ഹൃദ്യം വിത്സണ്‍.....

Kaithamullu said...

“....പശുവും, ആടുകളും, കോഴികളും, മരങ്ങളും പോകട്ടെ അടുപ്പത്തിരിക്കുന്ന ചോറിനോടും, അടുപ്പിലെ തീയിനോടും അവര്‍ സംസാരിക്കും. എന്താ വേവാന്‍ ഇത്ര മടി. ഒന്നു നന്നായി കത്തിയാലെന്താ തുടങ്ങിയുള്ള പരിഭവങ്ങള്‍.“

വിത്സാ,
ഭാഷയെക്കുറിച്ചോ എഴുത്തിന്റെ ഒഴുക്കിനെക്കുറിച്ചോ അതിന്റെ ക്രാഫ്റ്റിനെപ്പറ്റിയോ അല്ല, അമ്മയെക്കുറിച്ചാണു പറയുന്നത്.
-അമ്മ...വിത്സന്റെ അമ്മ, എന്റെ അമ്മ, എല്ലാരുടേയും അമ്മ!

അമ്മയെക്കുറിച്ചാരെഴുതിയാലും എന്തെഴുതിയാലും അത് മധുരതരമായിരിക്കും: മുലപ്പാലിന്റെയത്ര മാധുര്യമുറ്റതായിരിക്കും.

അപ്പോള്‍ ഈ കമെന്റും അങ്ങനെ മധുരിക്കുമല്ലോ, അല്ലേ?

മുസാഫിര്‍ said...

ഒരു കയ്യില്‍ വേദപുസ്തകവും കൊന്തയും മറുകയ്യില്‍ കുരിശുകളും പിടിച്ച് ഇടവഴിയിലൂടെ പള്ളിയിലേക്കു പോകുന്ന ആ അമ്മയെ നേരില്‍ കണ്ടു വിത്സന്റെ എഴുത്തിലൂടെ.

JacoBlog said...

എന്റെ കണ്ണു നിറഞ്ഞു… ശരിക്കും…

കാടോടിക്കാറ്റ്‌ said...

“ഒരിക്കലും തുറന്നു നോക്കാത്ത വിശുദ്ധ പുസ്തകങ്ങളായി നമ്മുടെ അമ്മമാര്‍. ആപത്തിലും ദു:ഖത്തിലും തുറന്നു വായിക്കുവാനുള്ള പുസ്തകങ്ങള്‍“

Hridayathinte bhasha.. alle wilson?

Kannu niranju..
sheela

Unknown said...

പെരിങ്ങോടന്‍ പറഞ്ഞതാണ് സത്യം.

Kuzhur Wilson said...

ഒന്നും അവശേഷിപ്പിക്കാതെ പോകണം എന്നായിരുന്നു. പറ്റുന്നില്ല. വിട. എല്ലാവരോടും.തിരിച്ച് വരുമോ എന്നറിയില്ല

Vakkom G Sreekumar said...

ഒന്നും അവശേഷിപ്പിക്കാതെ പോകണം എന്നായിരുന്നു. പറ്റുന്നില്ല. വിട. എല്ലാവരോടും.തിരിച്ച് വരുമോ എന്നറിയില്ല

എന്താ വിത്സാ ഇങ്ങിനെ?

Vakkom G Sreekumar said...

ആരെയാണ് ഭയക്കുന്നത്?
ധീരമായി എഴുതൂ

മാണിക്യം said...

ഒര്‍മ്മകള്‍ക്കായി
ദിവസങ്ങള്‍ മാറ്റിവയ്ക്കുന്ന
സംസ്കാരം ഉള്‍ക്കോള്ളാറായില്ല
ഇതുവരെ.....
എപ്പോഴെന്നോ
എവിടെയെന്നൊ
വിവേചിക്കാനാവാതെ
ഒര്‍മ്മകള്‍ അനുവാദം
ചോദിക്കാതെ കടന്നുവരുമ്പോള്‍
അപ്പൂപ്പന്‍ താടിപോലെ
അവയ്ക്കൊപ്പം പറന്നുയര്‍ന്ന്
എവിടെയോ ചെന്ന്
വീഴുമ്പോഴുള്ള ആ സുഖം
അതനുഭവിച്ചു ,ഇതു വായിച്ചപ്പോള്‍
നല്ലൊരു പോസ്റ്റ്..
ഭാവുകങ്ങള്‍

Kuzhur Wilson said...

മാത്യഭൂമിയില്‍ ഇത്തവണ അമ്മയുടെ 2 പടങ്ങള്‍, ഈ കുറിപ്പിനൊപ്പം

ഇല്ല , എന്റെ എഴുത്ത് ഇത്രയൊന്നും അര്‍ഹിക്കുന്നില്ല

അത് അമ്മയുടെ അര്‍ഹത തന്നെയാവണം

angela2007 said...

മാതൃഭുമിയില്‍ വായിച്ചു ....... ഹൃദയത്തില്‍ തൊടുന്ന ഭാഷ സത്യസന്ധമായ അവതരണം എല്ലാത്തിനും മീതെ അമ്മ ചുമന്ന കുരിശുകളുടെ, മകന്‍ ചുമക്കുന്ന കുരിശുകളുടെ നൊമ്പരം മനസ്സില്‍ തടഞ്ഞു .......മനോഹരം.........

rojinsam said...

kavitha mathrammallalo ee eyullavanu vazhangunnathu manoharamayirikkunnu

Rojin Pynummood Dubai

Joy Mathew said...

നാടുനന്നാക്കാന്‍ നടക്കുന്ന കാലത്ത് , രാത്രിയില്‍ വന്നുകയറുന്ന അപരിചിത സഖാക്കള്‍ക്ക് ഗ്യാസടുപ്പില്ലാത്ത അടുക്കളയില്‍വെച്ചു വിളബികൊടുത്ത അമ്മയെ ഓര്‍ത്തുപോയീ നിന്‍റെ വരികള്‍ വായിച്ചപ്പോള്‍.അത് കോണ്ടൊക്കെയായിരിക്കാം ജോണ്‍ പറഞ്ഞ്ത്,"അമ്മമാരുടെ ആശീര്‍വാദമുണ്ടെങ്കിലേ വിപ്ലവം സാദ്ധ്യമാകൂ "എന്ന്

സുകന്യ said...

ഈ പുരുഷനെന്താ ഇങ്ങനെ
എഴുതി കരയിക്കുന്നതു...

വിഷ്ണു പ്രസാദ് said...

ഞാന്‍ കണ്ടിട്ടുണ്ട് ഈ അമ്മയെ...

ദൈവം said...

അല്പമാത്രമായ സന്തോഷങ്ങൾ പോലും അമ്മക്കു നൽകാൻ മറന്നുപോയ മറ്റൊരു കുരിശ് ഈ കുറിപ്പിനെ നെഞ്ചോടു ചേർക്കട്ടെ

കാപ്പിലാന്‍ said...

ദു:ഖം വരുമ്പോള്‍ ഞാന്‍ ബൈബിള്‍ തിരയുന്നു. കൂടെ അമ്മയേയും. ഒരു സന്തോഷത്തിലും രണ്ടിനേയും കൂടെ കൂട്ടിയിട്ടില്ല.

:(

kichu / കിച്ചു said...

വിത്സാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

പകല്‍കിനാവന്‍ | daYdreaMer said...

അമ്മയ്ക്കൊരുമ്മ.. നിനക്കും..

Kaithamullu said...

kaithamullu : കൈതമുള്ള് said... May 15, 2007 5:13 AM
“....പശുവും, ആടുകളും, കോഴികളും, മരങ്ങളും പോകട്ടെ അടുപ്പത്തിരിക്കുന്ന ചോറിനോടും, അടുപ്പിലെ തീയിനോടും അവര്‍ സംസാരിക്കും. എന്താ വേവാന്‍ ഇത്ര മടി. ഒന്നു നന്നായി കത്തിയാലെന്താ തുടങ്ങിയുള്ള പരിഭവങ്ങള്‍.“

വിത്സാ,

ഭാഷയെക്കുറിച്ചോ എഴുത്തിന്റെ ഒഴുക്കിനെക്കുറിച്ചോ അതിന്റെ ക്രാഫ്റ്റിനെപ്പറ്റിയോ അല്ല, അമ്മയെക്കുറിച്ചാണു പറയുന്നത്.
-അമ്മ...വിത്സന്റെ അമ്മ, എന്റെ അമ്മ, എല്ലാരുടേയും അമ്മ!

അമ്മയെക്കുറിച്ചാരെഴുതിയാലും എന്തെഴുതിയാലും അത് മധുരതരമായിരിക്കും: മുലപ്പാലിന്റെയത്ര മാധുര്യമുറ്റതായിരിക്കും.

അപ്പോള്‍ ഈ കമെന്റും അങ്ങനെ മധുരിക്കുമല്ലോ, അല്ലേ?“

ഞാന്‍ ഇരിങ്ങല്‍ said...

വെറുതെയല്ല കാണാതെ കണ്ടു കൊണ്ട് നിന്നെ വല്ലാതെ സ്നേഹിച്ചു പോകുന്നത്..
എല്ലാ അമ്മമാരും കുരിശുകള്‍ ചുമക്കുന്നു
ഹൃദയത്തിന്‍ റെ ഭാഷയെ എഴുത്താക്കി മാറ്റാന്‍ വിത്സന്‍.. നിനക്ക് സാധിക്കുന്നു അതേ പോലെ.. സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Cartoonist said...

മനോഹരം !
അമ്മയുടെ കാര്യം വരുമ്പോള്‍ എന്തു പറഞ്ഞാലാണ് ......

k.a.saifudeen said...

ഒറ്റപ്പെട്ടുപോകുന്നുവെന്ന് തോന്നുമ്പോഴൊക്കെ ഓടിച്ചെല്ലാന്‍ ഏതു പാതിരാത്രിയിലും തുറന്നിരിക്കുന്നൊരു വീടുണ്ട്. വിളക്കണയാത്ത അമ്മ എന്ന വീട്..... അവരുടെ വയറിന്റെ ഓരത്ത് വെറുമൊരു മിടിപ്പായിരുന്നതു മുതല്‍ പിറന്നു വീണപ്പോഴും അതിനുശേഷവും നമ്മള്‍ എന്തായിരുന്നുവെന്ന് അമ്മമാര്‍ക്കറിയാമായിരുന്നു. ഓരോ കരച്ചിലിലും അടങ്ങിയിരുന്ന ആവശ്യങ്ങളെ അവര്‍ അറിഞ്ഞു. ഒടുവില്‍ ഒന്നോളം പോന്നപ്പോള്‍ നമ്മളെല്ലാം അവരുടെ മുഖത്തുനോക്കി പറയുന്നു അമ്മയ്ക്കൊന്നുമറിയില്ല.... പാവം അമ്മമാര്‍ അപ്പോഴും അവര്‍ മക്കളെ അറിയുന്നുണ്ട്

ശ്രീകുമാര്‍ കരിയാട്‌ said...

VANDE MAATHARAM !!!!!

Unknown said...

ഇവിടേ എന്തെഴുതാനാ?മനസ്സിൽ തൊട്ടു

Sureshkumar Punjhayil said...

Ella ammamarkkum...!

Manoharam, Ashamsakal...!!!

Sapna Anu B.George said...

Beautiful Wilson , no doubt

ജയകൃഷ്ണന്‍ കാവാലം said...

നോവുണര്‍ത്തുന്ന സൌന്ദര്യമേ...
ഉയിര്‍ത്തെഴുന്നേല്‍‍പ്പിക്കുന്ന വാത്സല്യമേ...
തിരികെ വിളിക്കുന്ന സ്നേഹമേ...
സാന്ത്വനമേകുന്ന പ്രാര്‍ത്ഥനയേ...
അമ്മേ.......

Unknown said...

കുരിശു ചുമക്കുമ്പോഴും ചുമക്കുന്ന കുരിശിനെ അനിര്‍വച്ചനീയമായ വാത്സല്യത്തോടെ ഓമനിക്കുന്നവരാന് അമ്മമാര്‍, അതെന്നും നിലനില്‍ക്കും.
എത്രകാലം കഴിഞ്ഞാലും അന്ന്യം നില്‍ക്കാത്ത ഒറ്റ വര്‍ഗ്ഗമേയുള്ളൂ അതാണ് അമ്മ.
നല്ല പോസ്റ്റ്‌

ഇഗ്ഗോയ് /iggooy said...

manoharam

പ്രവാസം..ഷാജി രഘുവരന്‍ said...

പകരം വെക്കുവാന്‍ ഇല്ലാത്ത ഒന്ന് ..അമ്മ ..ആ സ്നേഹം

Sailendran Mannayan said...

"കത്തുന്ന വിറകിനോടും തിളയ്ക്കുന്ന അരിയൊടും പരിഭവിക്കുന്ന അന്നക്കുട്ടി ..കുരിശിന്‍റെ വഴിയില്‍ കുരിശുകള്‍ ചുമക്കുന്ന അന്നക്കുട്ടി .......നന്മയുടെ വികിരണം സംഭവിക്കുന്നത് ലോകം അറിയുന്നു.........നന്നായി വിലസാ ....

yousufpa said...

ആ തിരുമുറിവുകളില്‍ ഒന്ന്‍ താനായിരിക്കില്ല.തനി
ക്കങ്ങനെ ആവാനും കഴിയില്ല. അമ്മ അത് വല്ലാത്തൊരു ഭാവമാണടോ ..

നാടകത്തിന്റെ അരങ്ങില്‍ നാടുവാണ പി ജെ ആന്റണിക്ക് ആദരാഞജലികള്‍ ..

Unknown said...

കുരിശു ചുമന്നു മലകയറി വരുന്ന യേശുവിനെ[മകനെ ]ഒരു നോക്ക് കാണാന്‍ കത്ത് നിന്ന മറിയാമ്മ.ചോര വാര്‍നോഴുകുന്ന മുഖവുമായ് കയറി വരുന്ന മകനെ കണ്ടു നിന്ന അമ്മയോട് പട്ടാള ഉദ്യോഗസ്ഥന്‍ ചോദിച്ചു ,നിങ്ങള്‍ ആരാണ് ?'ഞാന്‍ മറിയയാണ്, അവന്റെ അമ്മ. ഇവരെല്ലാം ഞങ്ങളുടെ സുഹൃത്തുക്കളും' എന്ന് പറഞ്ഞ അതെ അമ്മയാണ് .. പുരുഷന്റെ സ്വന്തം അമ്മ .. ഇപോഴെന്റെയും അമ്മ അന്നകുട്ടി അമ്മ

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved