Tuesday, October 20, 2009

ഉപമയിലെ ആട്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ആടാണ് ഞാന്

അല്ലാതെ കവിതയിലെപ്പോലെ
വെറും ഉപമയല്ല

ഉപമയുടെ കൂട്ടിനകത്താണെങ്കിലും
ഇത് ഒരു വലിയ കാടാണെന്നെനിക്കറിയാം

കരച്ചിലടക്കാന്
പാട് പെടുന്നുണ്ട്
യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
ആടിങ്ങനെ
കരയാമോയെന്ന്
ഞാന്
എന്നോട് തന്നെ
ചോദിക്കുന്നുണ്ട്

വിശക്കുന്നുണ്ട്
ഇലകളേ, മരങ്ങളേ
യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കാണാതായ ആടാണ്
ഞാനെന്ന്
അവരോട് പറയണെമെന്നുണ്ട്

പറഞ്ഞാല്
അവരെനിക്ക്
നിറയെ തീറ്റി തരുമായിരിക്കും
കാറ്റ് പാടിയുറക്കുമായിരിക്കും

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ആട്
ഇങ്ങനെയൊക്കെ
ചിന്തിക്കാമോയെന്ന
സംശയത്തിലാണ് ഞാന്

കയ്യും കാലും
നെറ്റിയുമൊക്കെ
നന്നായി മുറുഞ്ഞിട്ടുണ്ട്
വേദനിക്കുന്നുണ്ട്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ
ആടിന്റെ ഗതിയാരും
കാണുന്നില്ലേയെന്ന്
പ്രാത്ഥിക്കണമെന്നുണ്ട്

ആകാശത്തില് നിന്നും
ഒരത്ഭുതം വന്ന്
മുറിവുകള് മായ്ച്ച് കളയണമെന്ന്
ആഗ്രഹമുണ്ട്

അപ്പോഴെല്ലാം

അപ്പോഴെല്ലാം
യേശുദേവനല്ലേ
നല്ല ഇടയനല്ലേ
കൂട്ടം തെറ്റിയതല്ലേ
വലിയ ഉപമയിലെ
ആടല്ലേ
എന്നൊക്കെ ആശ്വസിക്കുന്നുണ്ട്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ആട്
എപ്പോള്
എങ്ങനെ
എന്തൊക്കെയെന്ന്
ഒന്നറിഞ്ഞിരുന്നുവെങ്കില്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ
ആടായിത്തന്നെ
കാത്ത് കിടക്കാമായിരുന്നു

എനിക്കൊന്നുമുണ്ടായിട്ടല്ല

കൂട്ടത്തിലൊന്നിനെ
കാണാതായപ്പോള്
ബാക്കിയെല്ലാ
ആടുകളേയും വിട്ട്
അന്വേഷിച്ച് പോയ
നല്ല ഇടയന്റെ
ഉപമയിലെ
ആടല്ലേ


അല്ലാതെ
കവിതയിലെപ്പോലെ
അല്ലല്ലോ

Sunday, September 20, 2009

എല്ലാത്തിനും നിന്റെ പേരിട്ടു.


ദൈവത്തിനോട് ചോദിക്കാതെ
ഒരു ദിവസം ലോകത്തിലെ
എല്ലാ മരങ്ങള്‍ക്കും നിന്റെ പേരിട്ടു
ആദിവാസിക്കുട്ടികള് പുത്തനുടുപ്പണിഞ്ഞ പോലെ
മരങ്ങളെല്ലാം ഒന്ന് തെളിഞ്ഞു

കാറ്റിനോടും കിളികളോടും വെട്ടാന് വരുന്നവരോടും
പേരിന്റെ മിനുസമാര്‍ന്ന തുമ്പ് കാട്ടി വീമ്പു കാണിക്കുന്ന
മരങ്ങള്

അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്
എത്ര ബോറാകുമായിരുന്നു
ഓരോ മരത്തിനെയും ഞാന്
നിന്റെ പേര് ചൊല്ലി വിളിച്ചു

പള്ളിയില് പോകുമ്പോള്
വഴിയുടെ വലത് വശത്തായി പൂത്തുനില്‍ക്കുന്നു നീ
കുടിക്കാനോടുമ്പോള് ഇടത് വശത്തായി വാടിക്കരിഞ്ഞു
നില്‍ക്കുന്ന നീ
മരിക്കാനോടുമ്പോള്
ആകാശത്തിന്റെ ചെരുവില്
ഒറ്റമരക്കൊമ്പില് ഒരിക്കലും
പൊഴിയാത്ത ഒറ്റപ്പൂവായി നീ

എല്ലാത്തിനും നിന്റെ പേരിട്ടു

Sunday, February 8, 2009

പ്രകാശത്തിന്റെ കുറച്ച് വെളുത്ത പൂവുകള്

കവി വിഷ്ണുപ്രസാദിന്റെ
കവിതകളിലെ
പ്രണയമുഹൂര്ത്തങ്ങള്


സ്നേഹത്താല്‍ ആത്മപീഡ അനുഭവിച്ച ഒരാളെ കണ്ട് പിടിക്കുകയായിരുന്നു ഈ വരികളില്‍.
സ്നേഹത്താല്‍ കൈമുറിഞ്ഞ കുട്ടി, ആശുപത്രിയില്‍ ദേഹമാസകലം മുറിഞ്ഞ ഒരാളെ കണ്ട് മുട്ടും പോലെ. എന്നാലും എനിക്ക് വേദനിക്കുന്നു എന്ന് ആ കുട്ടി പിന്നെയും കരയുന്നുണ്ട്. കൂടെ കരയുന്നുണ്ട്.

കുഴൂര്‍ വിത്സണ്‍




പ്രകാശത്തിന്റെ കുറച്ചു
വെളുത്ത പൂവുകള്‍ വിതറി
സൂര്യന്‍ മേഘങ്ങളുടെ
ഒരു കരിങ്കൊടി വെച്ച് തലകുനിച്ചു.
നിലച്ച മിടിപ്പുകള്‍ നക്ഷത്രങ്ങളാവുമെന്ന്
ഒരു മഴവില്ല് എഴുതിവായിച്ചു.

(അടക്കം)



കണ്ടില്ല എന്ന് നടിക്കുവാന്‍ കണ്ണുകളും
കേട്ടില്ല എന്ന് നടിക്കുവാന്‍ കാതുകളുമുള്ള ലോകമേ
കീഴടക്കലിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്താനോ
ഉറച്ച കാലുകള്‍ നല്‍കുന്നത്...?

മലമുകളില്‍ എത്തിയ ഒരാള്‍ക്ക്
പിന്നെയും കയറുവാനാവില്ല.
അയാള്‍ രണ്ടു തവണ മലയിറങ്ങും.

(കീഴടങ്ങല്)





എല്ലാ വിളക്കുകളും കെടുമ്പോള്‍
നിങ്ങളെ ഒരാള്‍ തൊടും.
അപ്പോള്‍ ഒരിടിമിന്നല്‍ ഉണ്ടാവും.
ഇരുട്ടില്‍ പ്രകാശിച്ചു നില്‍ക്കുന്ന
നിങ്ങളുടെ ഹൃദയത്തെ ഈ ലോകം കാണും.

(-)




ഒരു തവണ മാത്രമേ
ഒരാള്‍ക്ക് പ്രേമിക്കാന്‍ കഴിയൂ എന്ന്
എത്ര തവണ പ്രേമിക്കാന്‍ ശ്രമിച്ചിട്ടാണ്
മനസ്സിലായത്...
ജീവിതത്തെ രണ്ടായി പിളര്‍ക്കുന്ന ഒരു വിള്ളല്‍
ഒരിക്കല്‍ മാത്രമേ ഉണ്ടാവൂ...

(വിള്ളല്)





എപ്പോഴും ഞാന്‍ ചോദിക്കാന്‍ മറക്കും,
നീയെന്തിനാണ് ഈ ചെടിയെ
നിന്റെയുള്ളില്‍ നട്ടു വളര്‍ത്തുന്നതെന്ന്...

(ആസ്താമലത)




ദൈവമേ നൂല്‍പ്പാലം കെട്ടാനുള്ള
കോണ്ട്രാക്റ്റ് എനിക്ക് തരണം.
നൂല്‍പ്പാലത്തിലൂടെയുള്ള നടത്തിപ്പിന്റെയും
വറചട്ടിയിലെ പിടച്ചിലിന്റെയും
തത്സമയ സംപ്രേഷണാവകാശം
എനിക്കു തന്നാല്‍
ഞാനൊരു ചാനലു തുടങ്ങും.
തമ്പുരാനേ...നിന്റെ കൃപ.

(ദൈവവിചാരം)




ഞാന്‍
പ്രണയത്തിന്റെ
വിഷം തിന്നിരിക്കുകയാണ്.
തലച്ചോറ്
ഒരു ചിതല്‍പ്പുറ്റു പോലെ
തകര്‍ന്നിരിക്കുയാണ്.

(നീലകണ്ഠന്‍)




വേദനകളുടെ തീകൂട്ടിയ നെഞ്ച്
എനിക്ക് പറിച്ചുതന്നിട്ട്
അവള്‍ പറഞ്ഞു:
എന്റെ ഹൃദയം നിനക്കുള്ളതാണ്.
അവളുടെ മിടിപ്പുകളുടെ ഭാണ്ഡം
സ്വീകരിച്ചപ്പോള്‍
എന്റെ ചോര കത്തി.
ആകാശത്തിന്റെ ഒരു കഷ്ണം
തടാകത്തിലേക്ക് തകര്‍ന്നുവീണു.

(വിനിമയം)



നമുക്കെന്തുകൊണ്ട് ഒരേ സമയം
പ്രണയിക്കാനാവുന്നില്ല.....?
ഉദാഹരണത്തിന് എട്ടുമണി,
എട്ടുമണി എന്ന കുറ്റി കൊണ്ട്
പ്രണയത്തെ തറച്ചു നിര്‍ത്താനാവാത്തതെന്ത്..?

(പ്രണയവും സമയവും)





എനിക്ക് നിന്നില്‍ നിന്ന് ഒഴിഞ്ഞുപോവാം,
അവനവനില്‍ നിന്ന് ഒഴിയാനാവാത്തതാണ്
പരമമായ ദു:ഖം.

(ഒഴിയല്)



അറിയാത്ത സ്നേഹത്തിന്‍ വേരുകള്‍
തിരഞ്ഞു കൊണ്ടലയുവാനാണ് വിധി.
ഒക്കെയും മടുക്കുന്നു ചങ്ങാതീ
രാത്രിഗന്ധികള്‍ പൂക്കുന്ന ശ്യാമയാമങ്ങളില്‍
പാട്ടു പാടി ഞാനലഞ്ഞുവേകാന്തനായ്.
പാതിരാവിന്റെ കല്പടവിലെന്റെ
ശോകരാഗം തളം കെട്ടി നിന്നു.
ഇരുളു മൂടുന്ന ഭൂമി മുഴുവനും
സ്വന്തമായ് മാറ്റി.
പക്ഷേ എവിടെയാണിപ്പൊഴും സ്നേഹം..?

(രാമനാഥന്റെ പ്രേതം)




പ്രണയ മുദ്രകള്‍ കൈവിട്ടൊരെന്നെ നീ
മിന്നലായ് വന്നു പ്രാപിച്ചുകൊള്ളുക.
കത്തിനില്‍ക്കട്ടെ കനല്‍മരമായിഞാന്‍

(പ്രാണസങ്കടം)




നല്ല വേദനയുണ്ട്.
എന്നാലും കാലെടുക്കാന്‍
തോന്നുന്നില്ല.
ഇടതു കാലില്‍ കൂടി
അവള്‍ ചവിട്ടി നിന്നെങ്കില്‍
എന്നായിരുന്നു
ആ വേദനയിലും
എന്റെ വിചാരം.

(ചവിട്ട്)



ഞാന്‍ എന്ന ബിന്ദു വില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കും
നീ എന്ന ബിന്ദുവില്‍ നിന്ന് ഞാന്‍ എന്ന ബിന്ദുവിലേക്കുമുള്ള
ദൂരം എങ്ങനെ അളന്നിട്ടും തുല്യമാകുന്നില്ല സര്‍.
ഞാന്‍ എന്ന ബിന്ദുവില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കുള്ള
ദൂരം എപ്പോഴും കുറവാണ് സര്‍

(രണ്ട് ബിന്ദുക്കള് തമ്മില്)



എങ്കിലും ഒരു ചോദ്യമുണ്ട്:
എന്നെക്കുറിച്ച് വിചാരിച്ചിട്ടേയില്ലെന്ന് വരുത്താന്‍
നിന്റെ തലച്ചോറിനെ ഇനി എന്തു ചെയ്യാന്‍ പോവുന്നു...

(മുറിച്ച് മാറ്റല്)



നില്ല്,നില്ലുനില്ലെന്‍ കിളിയേ...
നാടുനീളെ നിലവിളിയായ്
പൂത്തുനില്‍ക്കാന്‍ നീ കൊതിക്ക്,
ചോരയായി പച്ചകളില്‍
ഇറ്റുവീണ് പൂക്കളാവ്,
വെള്ളിലയ്ക്ക് കാതുകുത്ത്,
ചക്രവാളം ചൊകചൊകയ്ക്കാന്‍
പോണപകലിന്‍ നെഞ്ചുകൊത്ത്,
പുല്ലുപോലെ കൊല്ല്...കൊല്ല്,
ചെല്ല്....ചെല്ല്.

(വേട്ട)



ഒരു ചിരിയുടെ ചൂടില്‍
നീ കരിഞ്ഞേക്കുമോ എന്ന് ഭയന്ന്
ചിരിച്ചില്ല
ഒരു കരച്ചിലില്‍ ഒഴുകിപ്പോവുമോ
എന്ന് ഭയന്ന് കരഞ്ഞില്ല
ഒന്ന് മിണ്ടിയാല്‍ ഉടഞ്ഞേക്കുമോ
എന്നു ഭയന്ന് മിണ്ടിയില്ല
ഒരനക്കത്താല്‍ പറന്നു പോവുമോ
എന്ന് ഭയന്ന് അനങ്ങിയുമില്ല
എന്നിട്ടും....
എന്നിട്ടും
നീ എന്നെ വിട്ടു പോയല്ലോ...

(എന്നിട്ടും)




നീ എന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞതിന്റെ
മൂന്നാം ദിവസം ഒരു ഭയം ചിറകടിച്ചു
നിന്ന നില്പില്‍ മരങ്ങള്‍ അപ്രത്യക്ഷമായി
കിളികള്‍ പാട്ടു നിര്‍ത്തി

(ഭയം)

എനിക്ക്

നിന്റെ നട്ടെല്ലോ
വൃക്കയോ കരളോ ഹൃദയമോ
തലച്ചോറോ ആവേണ്ട.
എനിക്ക് ഞാന്‍ പോലുമാവേണ്ട.
നിന്റെ എല്ലാ കോശങ്ങളിലേക്കും
കുതിച്ചുകൊണ്ടിരിക്കുന്ന
രക്തമായാല്‍ മതി.

(രക്തം)





എന്നെ മാത്രം തഴുകിയൊഴുകൂ എന്ന്
ഒരു മലയും നദിയോട് പറയില്ല
എനിക്കു മാത്രം പറക്കുവാന്‍
ഈ ആകാശം ഒരുക്കിവെക്കൂവെന്ന്
ഒരു കിളിയും പറയില്ല
എനിക്കുമാത്രം നില്‍ക്കുവാന്‍
ഈ ഭൂമിയെന്ന്
ഒരു പുല്‍ക്കൊടിയും പറയില്ല
എനിക്കു മാത്രം...
എനിക്കു മാത്രം നീയെന്ന്
എന്നിട്ടും എന്താണ്
എന്നെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്

(സ്വാര്ഥം)

Wednesday, December 5, 2007

ആയിരക്കണക്കിന് അധ്യായങ്ങളുള്ള നഗരം; ഗ്രാമവും


ആഹ്ലാദത്തിന്റെ അത്യുന്നതിയിലേക്ക് നമ്മെ കൊണ്ട്പോകുന്ന മനുഷ്യരുണ്ട്. അവരെക്കുറിച്ചുള്ള ഓര്മ്മ മാത്രം മതി ചിലപ്പോള് ഹ്യദയം തുറന്ന് ചിരിക്കാന്. അവരുടെ സാമീപ്യം നമ്മെ സമാധാനത്തിന്റെ താഴ്വാരങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകും. എന്നാല് ഇതിന് വിപരീതവുമുണ്ട്. ചിലരുടെ മുഖങ്ങള് ഒരു കാരണവുമില്ലാതെ നമ്മെ അസ്വസ്ഥരാക്കും.മരണത്തിലേക്ക് നടത്തും

പുസ്തകങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കയ്യിലെടുക്കുമ്പോള് തന്നെ നമ്മെ കടലിലേയ്ക്ക് എറിയുന്ന പുസ്തകളുണ്ട്. ഇനി സന്തോഷമായി മരിച്ചോളൂ എന്ന് ഊര്ജ്ജപ്പെടുത്തുന്നവയും.

ഈ രണ്ടനുഭവങ്ങളും ഒരുമിച്ച് തരുന്നവയാണ് ടി.പി.അനില്കുമാറിന്റെ രണ്ട് അധ്യായങ്ങളുള്ള നഗരം എന്ന പുസ്തകം.

ഒരു പക്ഷേ പുസ്തകത്തിന്റെ പേരും ഇങ്ങനെ വന്നത് മ:നപൂരവ്വം തന്നെയാകാം. പക്ഷേ കവിതകളിലൂടെ സഞ്ചരിയ്ക്കുമ്പോഴാണ് ഇതു ആയിരക്കണക്കിന് അധ്യായങ്ങളുള്ള നഗരമാണല്ലോ എന്ന് നാം അത്ഭുതപ്പെടുന്നത്.

ടി.പി. അനില്കുമാറിനും അയാളുടെ കവിതയ്ക്കും ഇടയില്
ഒരു അധ്യാപകന്റെയോ ഇടത്ത്ട്ടുകാരന്റെയോ ആവശ്യമില്ലെന്ന് ആമുഖകുറിപ്പില് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് പറയുന്നു. സ്കൂളില് നിന്നും പുറത്താക്കപ്പെട്ട കുട്ടിയുടെ നൊമ്പരമാണ് ഇയാളെന്ന് അനില്കുമാറിനെ ശിഹാബുദ്ദീന് പരിചയപ്പെടുത്തുന്നു. കവിതകളിലൂടെ സഞ്ചരിക്കുമ്പോഴാണ് എവിടെ നിന്നാണ് ഇയാള് പുറത്താക്കപ്പെടാത്തതെന്ന് വായനക്കാരന് ചോദിക്കുന്നത്

നാട്ടില് നിന്ന് , കൂട്ടുകാരില് നിന്ന്, അതിനും മുന്പേ വീട്ടുകാരില് നിന്ന്, ആല്ത്തറയില് നിന്ന്, പാര്ട്ടിയില് നിന്ന്, പുസ്തകങ്ങളില് നിന്ന്, ഓഫീസില് നിന്ന്

സര്പ്പശാപം എന്ന കവിതയില് അതിന്റെ അങ്ങേയറ്റം നാം കാണുന്നു. ജീവന്റെ ചോദനയായ രതിയില് നിന്നാണ് അയാള് പുറത്തെറിയപ്പെടുന്നത്.

“ ഇണയുടെ ഉടലിന്റെ
ചൂരയറിയും മുമ്പ്
എപ്പോഴും നീ
ചുറ്റഴിഞ്ഞെറിയപ്പെടട്ടെയെന്ന്
പ്രാകുകയായിരുന്നോ “

എന്ന് സര്പ്പ ശാപത്തില് കവി പാമ്പിനോട് ചോദിക്കുന്നു

കവിതയോ മനുഷ്യനോ വിലപ്പെട്ടതെന്ന് അനില്കുമാറിന്റെ കവിതകളോട് ചോദിച്ചാല് അത് ഉത്തരം പറയും മനുഷ്യന് പിന്നെയും മനുഷ്യനെന്ന്. മനുഷ്യരില് നിന്ന് അയാള് കവിത കണ്ടെത്തുന്നു എന്നു മാത്രം. എങ്കിലും ആര്ത്തിയോടെ അയാള് പറയുന്നത് ചെടികളെയും പൂക്കളെയും കുറിച്ചാണ്. ആനകളെക്കുറിച്ചും പഴുതാരകളെക്കുറിച്ചുമാണ്. എന്തൊരു സ്നേഹമാണ് , ബഹുമാനമാണ് , ആര്ത്തിയാണ് ഇയാളുടെ കവിതകള്ക്ക് പ്രക്യതിയോട്.

“പച്ച മഞ്ഞ നീല വയലറ്റ്
നിറങ്ങള് തന്ന്
വീട്ടുമുറ്റത്തെ വഴിയിലൂടെ
ബീഡി തെറുക്കാന് പോയിരുന്ന
പരുത്തിപ്പാവാടകള്ക്ക്”

(നനഞ്ഞ ആകാശം)

പുസ്ത്കത്റ്റിന്റെ സമര്പ്പണം പോലും
ഇത്തരത്തിലാണ്.

“ഒരു മുങ്ങാം കുഴിയില്
പുഴയെനിക്കെല്ലാം
മണലില്
കാല്കുത്തിക്കുതിക്കലില്
പുഴയെനിക്കന്യം”

(ജലമോടുന്ന ചില സിരകള്)

“കാശിതുമ്പയുടെ
പഴുത്ത വിത്ത്
സ്പര്ശത്താല് പൊട്ടിച്ചിതറി
എനിക്ക് ഉറക്കം മുറിഞ്ഞു”
(സ്വപ്നം)

“ വഴിയെല്ലാം പുല്ല് മൂടിപ്പോയ്
പൊത്തുകള്ക്കുള്ളിലാണ് ജീവിതം
ആര്ക്കും വേണ്ടെങ്കില്
ഞങ്ങളെന്തിനീ വേഷം കെട്ടണം
സങ്കടപ്പെട്ടൂ ചെടികള്
പൂക്കള്
തണ്ടിലേക്ക് തിരിച്ച് പോയ്
(പൊത്തുകള്)

എന്നിങ്ങനെയെല്ലാം അനില്കുമാര് പ്രക്യതിയേയും പ്രക്യതി അനില്കുമാറിനെയും തേടുകയാണ്. എങ്കിലും ഇയാളുടെ കവിതയിലെ പരിസ്ഥിതി എന്ന മട്ടില് ഒരു നിരൂപണം “രണ്ട് അധ്യായങ്ങള് ഉള്ള നഗരം”എന്ന പുസ്തകത്തെ അവഹേളിക്കലുമാകും. പ്രക്യതിയിലൊതുങ്ങാത്ത ഒരു ജീവിതം ഇയാള് കവിതയില് കരുതിവെച്ചിട്ടുണ്ട് എന്നത് തന്നെ അതിനുള്ള കാരണം.

എത്ര സൂക്ഷ്മമാണ് ഈ കവിതകള് എന്നറിയാന് ഈ വരികള് മതിയാകും.ദൈവത്തിന്റെ ചിരിയില് അയാള് എഴുതുന്നു.

“ഒരാള്ക്ക് മാത്രം നടക്കാവുന്ന
വരമ്പിലൂടെ
എതിരെ വരികയാണെങ്കില്
അവളെ എന്തുകൊണ്ട്
മുന്പേ വെളിപ്പെടുത്തിയില്ല
എന്ന് ചോദിച്ച്
ദൈവമേ
തീര്ച്ചയായും നിന്നെ ഞാന്
ചെളിയിലേക്ക് താഴ്ത്തും “

സാധാരണ മനുഷ്യരുടെ വേദപുസ്തകങ്ങളില് ഈ വരികള്ക്ക് വല്ല സാധൂകരണവുമുണ്ടോ എന്ന് ചോദിച്ചാല് അതുമില്ല. അതു തന്നെയാണ് അനില്കുമാറിനെ അടിമുടി കവിയാക്കുന്നതും

എല്ലാവരും ഒന്നാന്തരം ആണുങ്ങളാകാന് കൊതിക്കുന്ന ഇക്കാലത്ത് പെണ്ണുങ്ങള് പോലും അതിനായി ഉത്സാഹിക്കുന്ന വര്ത്തമാനത്തില് പെണ്ണായേ ജനിക്കൂ ഞാനിനി എന്ന് “നമ്മളില്”അനില് പാടുന്നു
എന്തൊരു ജീവിതമെന്ന് എന്തൊരു കവിതയെന്ന് അത്ഭുതപ്പെ
ടാന് നമ്മള് എന്ന കവിത മാത്രം മതിയാകും. ക്രിസ്തുവിനെ പെണ്ണായി ചിത്രീകരിച്ചുകൊണ്ടുള്ള വിവാദമായ പെയിന്റിംഗ് ഓര്ത്ത് പോവുകയാണ്. പെണ്ണിന്റെ വില ശരിക്ക് എഴുതിത്തീര്ത്തിട്ടുണ്ട് ഇയാള് രചനകളില്

സ്ഥലവും കാലവും തെറ്റി ജനിച്ച ഒരാള് എന്ന് ഇയാളെ ആരെങ്കിലും വിളിച്ചാല് അടികൊടുക്കുകയേ നിവ്യത്തിയുള്ളൂ. ഷാരജയില് താമസിച്ച് ദുബായില് അക്കൌണ്ടന്റായി ജോലി ചെയ്ത് കുടുംബത്തെ പോറ്റി, അതിലുപരി കൂട്ടുകാരെയും പോറ്റി എല്ലാത്തിനെയും സഹിച്ചാണ് ജീവിതം. ആര്ക്കും ഒന്നിനും ഒരു കുറവുമില്ല. കുറവുണ്ടായാല് കരച്ചില് വരുന്നത് അയാള്ക്ക് തന്നെയാണ്. അത് കൊണ്ട് തന്നെ അയാളുടെ സാമൂഹ്യബോധം തീക്ഷ്ണമാണ്.

“പ്രയാസങ്ങള് കൊണ്ട് മതം മാറിയ
ഏതെങ്കിലും ഡ്രൈവറുടെ
സുവിശേഷം കേള്ക്കേണ്ടി വരുമോ
എന്ന ഭയം
പുറത്തിറങ്ങുമ്പോള് എന്നെ പിടികൂടി”

എന്നെഴുതാന് ശരിക്കും മനുഷ്യരുമായി ബന്ധമില്ലാത്ത ആര്ക്ക് കഴിയും ?

എല്ലാത്തിനെയും പോലെ ഒത്ത്തീര്പ്പിന്റെ പുസ്തകമായിരിക്കും രണ്ട് അധ്യായങ്ങളുള്ള നഗരം. ഒത്ത് തീര്പ്പില്ലാത്ത ഒരു ജീവിതം ഇവിടെയുണ്ട് എന്ന് ആ പുസ്തകം ഉറക്കെ, വളരെ ഉറക്കെ പറയുന്നുണ്ട്.

എല്ലാ വികാരങ്ങളും ഉള്ക്കൊള്ളാനാകുന്നവര് മാത്രം ഈ കവിതാ സമാഹാരം , ജീവിത സമാഹാരം വായിക്കുക


.



പുസ്തകം: രണ്ട് അധ്യായങ്ങള് ഉള്ള നഗരം
ടി.പി.അനില്കുമാര്, കവിതകള്
പ്രസാധകര് : ഒലീവ്
വില 60 രൂപ
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved