അമ്മയുടെ പെട്ടി
കുഴൂർ വിത്സൻ
അമ്മയ്ക്കൊരു പെട്ടിയുണ്ടായിരുന്നു. അല്ലെങ്കിൽ അമ്മയ്ക്ക് സ്വന്തമായി ആ പെട്ടി
മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ചെറിയ മരപ്പെട്ടിയിൽ
ഒരു കള്ളിയുണ്ട്. ആ കള്ളിയിലെ ചില്ലറ തുട്ടുകളാണു
ആദ്യമായെന്നെ കള്ളനാക്കിയത്. കുടുംബ ഡയറി, റേഷൻ കാർഡ് തുടങ്ങിയവ സുരക്ഷിതമായി ഇരുന്നതും
അതിലായിരുന്നു. കല്ല്യാണങ്ങൾക്കും പെരുന്നാളുകൾക്കും മാത്രം ഇടാനുള്ള ചട്ട മുണ്ട്,
പൊതമുണ്ട് ,തിളക്കമുള്ള കൊന്ത, കൂടു പൊട്ടിക്കാത്ത വെന്തിങ്ങ, അങ്ങനെ ചില്ലറ ഇനങ്ങൾ
മാത്രമുള്ള ഒരു കുഞ്ഞ് ദേവാലയം. അമ്മ ആ പെട്ടിയുടേയും മാതാവായിരുന്നു. എന്റെ കൗമാരത്തിലെ ചില്ലറ ചില്ലറ പ്രാർത്ഥനകൾക്ക്
വല്ലപ്പോഴും മറുപടി കിട്ടിയിരുന്ന എന്റെ തള്ളപ്പള്ളി. അമ്മയുടെ കാൽപ്പെരുമാറ്റം, മുരടനക്കം എന്നിവ മാത്രമായിരുന്നു
അതിന്റെ താഴും പൂട്ടും. ചേട്ടന്മാർ പൊളിച്ച് പൊളിച്ച് പൂട്ടിനു തന്നെ ബോറടിച്ചതാണെന്നും ശ്രുതിയുണ്ട്
ആ പെട്ടിക്ക്
Sreekumar kariyad, Saradakutty, Annam kutty, Agnus Anna Wilson, Kuzhur Wilson
ആ പെട്ടിയും എന്റെ കവിതയും തമ്മിൽ വലിയ ബന്ധമുണ്ട്. പറഞ്ഞല്ലോ അതിൽ ഒളിച്ചിരുന്ന തുട്ടുകൾ വച്ചായിരുന്നു
കവിതയുടെ ആദ്യ കുഞ്ഞ് കുഞ്ഞ് യാത്രകൾ. അതിനുള്ള നന്ദി സമീപകവിത ( പ്രയോഗത്തിനു കവി വിഷ്ണുപ്രസാദിനോട് കടപ്പാട് ) അമ്മയ്ക്ക് തിരിച്ച് കൊടുത്തിട്ടുമുണ്ട്. എന്റെ കവിത അച്ചടിച്ചു വന്നിട്ടില്ലെങ്കിലും മാത്യഭൂമി
ആഴ്ച്ചപ്പതിപ്പിൽ അമ്മയുടെ പടമടിച്ചു വന്നിട്ടുണ്ട്. അമ്മയെക്കുറിച്ച് സച്ചിദാനന്ദൻ
പുഴങ്കര, ഉമ്പാച്ചി( റഫീക്ക് തിരുവള്ളൂർ),
സുധീർ രാജ് തുടങ്ങിയവർ കവിതകൾ എഴുതിയിട്ടുണ്ട്. അമ്മച്ചി ഞങ്ങടെയാ എന്നാ സുധീർ എഴുതിയത്. ആ അമ്മയിൽ നിന്നാണു
വിത്സന്റെ കവിതകൾ എന്ന് ഉമ്പാച്ചിയും . അന്നം കുട്ടിയെ കാണാൻ ശാരദക്കുട്ടി ടീച്ചർ കുഴൂരിൽ
വന്നിട്ടുണ്ട്. എന്റെ ഭൗതിക ആത്മീയ പരിസരങ്ങൾ മാറ്റിയെഴുതുന്നതിൽ നിർണ്ണായ പങ്ക് വഹിച്ച
കവിതയാണു അമ്മ പ്രധാനകവിതാ പാത്രമായി വരുന്ന ജമ്മം.
പറഞ്ഞ് വന്നത് ഇതൊന്നുമല്ല. അമ്മയെ അടക്കിയതിന്റെ അന്ന് സന്ധ്യക്ക് ഞാൻ മദ്യപിച്ചു. അമ്മകന്യേ എന്ന് തുടങ്ങുന്ന അർണോസ്
പാതിരിയുടെ പുത്തൻപാനയിൽ അലഞ്ഞ് നടന്നു. ആ വലിയ കവിതയുടെ ലഹരിയിൽ അമ്മയുടെ പെട്ടി തുറന്നു.
കാൽപ്പെരുമാറ്റങ്ങളും മുരടനക്കങ്ങളും ഭയപ്പെടുത്തിയില്ല. അതിന്റെ ഉള്ളിൽ
ഒരു തുണിയുടെ ഉള്ളിൽ, അതിന്റെ ഉള്ളിൽ പൊതിഞ്ഞു വച്ച അഞ്ച് പത്ത് രൂപാ
നോട്ടുകളുണ്ടായിരുന്നു. ഒരെണ്ണം ദ്രവിച്ച്
തുടങ്ങിയിരുന്നു. ഞാനതെടുത്ത് ഓരോന്ന് വീതം മൂന്ന് ചേട്ടന്മാർക്കും ഒരു പെങ്ങൾക്കും
കൊടുത്തു. ദ്രവിച്ചത് പേഴ്സിൽ ഭദ്രമായി വച്ചു. അതിപ്പോഴും എന്റെ പേഴ്സിലുണ്ട്. ആ പെട്ടിയിൽ
വച്ചാണു ഇപ്പോൾ എന്റെ പതിനൊന്നാമത്തെ പുസ്തകം
കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം പൂർത്തിയാക്കുന്നത്
. ഇത് എനിക്ക് അമ്മ തന്ന കവിതയുടെ പെട്ടിയാണു
2018 മാർച്ച് 2/
ടെമ്പിൾ ഓഫ് പോയട്രി