Tuesday, August 14, 2007

ആരുടെയുമല്ലാത്ത രാധ ; എന്റെയും

മറിയം, രാധ എന്നീ പേരുകളോട് ഏറെ പ്രിയമുണ്ടെനിക്ക്.
സ്ത്രീക്ക് പകരമുള്ള വാക്കായി മറിയം പല തവണ നിറഞ്ഞിട്ടുമുണ്ട്, കവിതയിലും ജീവിതത്തിലും

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാത്ഥന ചൊല്ലിതുടങ്ങിയ നാള് മുതല് അതങ്ങനെയാണ്. എന്നും അനേകം തവണ ചൊല്ലിയിരുന്ന നന്മ നിറഞ്ഞ മറിയമേ എന്ന പ്രാത്ഥന ഇപ്പോഴും ഉള്ളിലുള്ളത് അതു കൊണ്ടായിരിക്കണം.

ക്രിസ്തുവിന്റെ അമ്മയായ മറിയം നിറയുന്ന നിരവധി മുഹൂര്ത്തങ്ങള് ബൈബിളിലുണ്ട്. നിന്റെ ഹ്യദയത്തിലൂടെ ഒരു വാള് കടക്കുമെന്ന ദൈവത്തിന്റെ വാചകം ഇടക്കിടെ ഓര്മ്മിക്കും. ഏതു മകനെക്കുറിച്ചാണ് അമ്മമാരുടെ ഹ്യദയത്തില് വാള് കടക്കാത്തത്.

ക്രിസ്തുവിന്റെ കൂട്ടുകാരിയായിരുന്ന മഗ്ദലനമറിയവും പ്രിയപ്പെട്ടവള് തന്നെ. എല്ലാ പൂമുഖങ്ങളില് നിന്നും പുറത്താക്കപ്പെടുന്നവരുടെ പ്രതീകമായി മഗ്ദലന.

വായിച്ച കവിതകളിലെല്ലാം മറിയമാര് നിറഞ്ഞിരുന്നു. എഴുതിയ കവിതകളിലും.

മറിയമാര്‍ പലവിധം

മുന്തിരിത്തോട്ടത്തില്

ഞാന് നിനക്കായി കാത്തിരിക്കും
മറിയം അയാളോട്‌ പറഞ്ഞു

നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു

ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള്‍ ചോദിച്ചു

മൗനത്തിന്റെ
കുരിശില്‍ കിടന്നു
അയാള്‍ പിടഞ്ഞു.


മേരി

സ്നേഹത്തെക്കുറിച്ചു
പ്രബന്ധമെഴുതാനിരുന്ന്
ജീവിതത്തിന്റെ
തീവണ്ടി കിട്ടാതെ പോയവള്‍

അവള്‍ക്കിപ്പോള്
പാളമാണഭയം

മറിയത്തെക്കുറിച്ച് നിറഞ്ഞെഴുതിയത് ആദ്യപുസ്തകമായ ഉറക്കം ഒരു കന്യാസ്ത്രീയിലാണ്

മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേയെന്നും

ഈ പാതിരാത്രിയില്
‍നഗരത്തില് കറങ്ങുന്ന
പോലീസു വണ്ടിയില്‍ ഉരുക്കനാം
പോലീസുകാരന്റെ മടിയില്‍
തല വച്ചുറങ്ങുന്നു മഗ്ദലന


ഇരുപതാം നൂറ്റാണ്ടില്
യേശു പോലീസുകാരന്റെ
മകനായി പിറന്നിടാം
എന്നുമെല്ലാം

മറിയം എന്ന് പേരുള്ളവള് ജീവിതത്തില് കൂട്ടായി വന്നതും നിമിത്തമാകാം. പെങ്ങളുടെ പേരും മറ്റൊന്നല്ല.

തുടങ്ങിയത് മറിയത്തില് നിന്നും രാധയില് നിന്നുമാണ്.ക്രിസ്തുവും ക്ര്യിഷ്ണനും പലപ്പോഴും താരതമ്യ പഠനങ്ങള്ക്ക് വിധേയമാകാറുണ്ടു. ഭാരതീയ സ്ത്രീകളുടെ പുരുഷസങ്കല്പ്പങ്ങളില് നിറഞ്ഞ് നില്ക്കുന്ന ക്ര്യിഷ്ണന്. ക്രിസ്ത്യന് ജീവിതത്തിന് അന്തര്ധാരയായി വര്ത്തിക്കുന്ന ക്രിസ്തു.

എവിടെയോ വായിച്ചിട്ടുണ്ട്. ക്രിഷ്ണന്റെ ജീവിതം നിലവിളക്ക് പോലെയാണെന്ന്. ക്രിസ്തുവിന്റേത് മെഴുതിരിപോലെയെന്നും. എണ്ണയില് നിന്ന് ഊര്ജ്ജം സ്വീകരിച്ചാണ് നിലവിളക്ക് പ്രകാശിക്കുക. അത് എന്നും പ്രകാശിച്ച് കൊണ്ടേയിരിക്കും. എണ്ണയുള്ളിടത്തോളം. എന്നാല് മെഴുതിരി സ്വയമുരുകി തീര്ന്ന് പ്രകാശിക്കും

കവി പി.എ.നാസുമുദ്ദീനെക്കുറിച്ച് എഴുതിയപ്പോള് കല്പ്പറ്റ നാരായണന് ഈ നിരീക്ഷണം നടത്തിയിട്ടുണ്ട്. ചില കവികള് അനുഭവങ്ങളില് നിന്ന് ഊര്ജ്ജം സ്വീകരിച്ചാണ് എഴുതുക. ചിലര് ജീവിതത്തിനു തീ കൊളുത്തിയും.

സച്ചിദാനന്ദനും, കെ.ജി.എസുമെല്ലാം അങ്ങനെ കവിതയിലെ ക്രിഷ്ണന്മാരാകുമ്പോള് ക്രിസ്തുരൂപങ്ങളും അനവധി. അയ്യപ്പനും നാസുവും അനില്കുമാറും…

ഓരോ വരിക്ക് വേണ്ടിയും എരിയാറുണ്ട് എന്നുള്ളതിനാല് ക്രിസ്തുജീവിതത്തോട് തന്നെയാണ് എന്റെ കാവ്യജീവിതത്തിന് കൂടുതല് അടുപ്പം

ജീവിതത്തിലും കവിതയിലും ക്രിഷ്ണനായിട്ടില്ല. അമ്പാടിയല്ല ജീവിത പരിസരം. ഗാഗുല്ത്താ തന്നെയാണ്. ഓരോ വരികളിലും പിടഞ്ഞ് മരിക്കാന് തന്നെയാണ് ഇഷ്ട്ടം. ഉയിര്ത്തെഴുന്നേലുക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ.

എന്നിരുന്നാലും രാധയെക്കുറിച്ച് എഴുതാതെ വയ്യ.

എന്റെ കുട്ടിക്കാലത്ത് രാധ ഞങ്ങളുടെ നാട്ടിലില്ല. ഇടയ്ക്കെപ്പോഴോ വന്നു രാധയും ആങ്ങള മുകുന്ദനും. രാധക്ക് ഭ്രാന്തുണ്ടായിരുന്നത്രെ. എനിക്കൊരിക്കലും അങ്ങനെ തോന്നിയില്ല. കണ്ടിട്ടുണ്ട് എന്നും അമ്പലത്തില് പോകുന്ന രാധയെ. കൂലിവേലക്ക് പോകുന്ന രാധയെ.അയല്പക്കത്തെ അടുക്കളപ്പണി ചെയ്യുന്ന രാധയെ.

അച്ചനുമമ്മയും നേരത്തെ മരിച്ച് പോയിരുന്നു.

സംസാരിക്കുമ്പോഴെല്ലാം വലിയ ബഹുമാനം അവര് മനുഷ്യരോട് സൂക്ഷിച്ചിരുന്നു. കൌമാരക്കാരനായിരുന്ന് എന്നോടു പോലും. രാധ സുന്ദരിയായിരുന്നില്ല. ചെറിയ മീശ രോമങ്ങള് അവര്ക്കുണ്ടായിരുന്നു. ലോകത്തോളം പ്രതീക്ഷയുള്ള അവരുടെ മുഴങ്ങുന്ന ശബ്ദം ഇപ്പോഴും കാതിലുണ്ട്.

കുഴൂരമ്പലത്തിലെ കുളത്തിലാണ് രാധ മുങ്ങി മരിച്ചത്. ജീവനൊടുക്കുകയായിരുന്നോ ? അതിനുള്ള ലോകവിവരം അവര്ക്ക് ഉണ്ടായിരുന്നോ ? അറിയില്ല.

ഒന്നറിയാം . ഒരെറുമ്പിനെപ്പോലും നോവിക്കാതെയാണ് അവര് അവര് ജീവിച്ചിരുന്നതെന്ന്. അമ്പലക്കുളത്തില് മുങ്ങിമരിച്ച രാധയുടെ കുലം ഏതായിരുന്നു. കണ്ണനെ തേടി അവള് നടന്നിരുന്നുവോ ?
ആവോ ഒന്നുമറിയില്ല.

ഞങ്ങളുടെ അയല്പക്കത്ത് ഒരു രാധയുണ്ടായിരുന്നു.അവള്ക്കു വട്ടായിരിന്നെന്ന് ജനങ്ങള് പറഞ്ഞിരുന്നു. അവള് അമ്പലക്കുളത്തില് മുങ്ങിയാണ് മരിച്ചത്. അത് മാത്രമറിയാം.

കുളിച്ച് , വ്ര്രിത്തിയുള്ള ഉടുപ്പിട്ട് അമ്പലത്തിലേക്ക് പോകുന്ന രാധ എന്ന സ്ത്രീ ഇപ്പോഴും ഉള്ളിലുണ്ട്. കണ്ണന് അവളുടെ പ്രാത്ഥന കേട്ടിട്ടുണ്ടാകുമോ ? അവളെ രക്ഷപ്പെടുത്തിയതാകുമോ ?

ക്രിഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ലാ എന്ന ഒരു പുസ്തകം ഇടമറുകിന്റേതായാണ്ട്.

മറിയവും രാധയും ജീവിച്ചിരുന്നുവോ ?

കുഴൂരിലെ അമ്പലക്കുളത്തില് മുങ്ങിമരിച്ച രാധ എന്ന പെണ്കുട്ടി ജീവിച്ചിരുന്നുവോ ? അതോ ജീവിച്ച് മരിച്ചുവോ ?

അല്ലെങ്കില് മരിച്ച് ജീവിച്ചുവോ ?
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved