Sunday, August 4, 2013

വിശപ്പ് വിൽക്കുന്ന ഒരാൾ


2010

നിനക്ക് സ്വാഭാവികമായ വിശപ്പും ദാഹവും ഇല്ലാത്ത ഒരവസ്ഥയുണ്ടാകട്ടെയന്നതാണു ഏറ്റവും വലിയ ശാപങ്ങളിൽ ഒന്നെന്ന്  എവിടെയോ വായിച്ചതോർക്കുന്നു. എന്റെ ജീവിതത്തിലുമുണ്ടായി അത്തരം ശാപം പിടിച്ച ഒരവസ്ഥ.  ജോലി നഷ്ടപ്പെട്ട ഷാർജക്കാലം. ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത ആ രണ്ട് മാസങ്ങൾ. മദ്യം മാത്രമായിരുന്നു ആ ദിവസങ്ങളിൽ എന്റെ ഭക്ഷണം.

പൂർണ്ണമായും തകർന്ന ഒരാളായിരുന്നു ഞാൻ. ഊണില്ല. ഉറക്കമില്ല. ഒന്നുമില്ല. മദ്യം മാത്രം.  എല്ലാവരുമുപേക്ഷിച്ച് പോയ മുറിയിൽ ഒരേ കിടപ്പ്. ഇടക്കെണീക്കും. കുടിക്കും. പിന്നെയും കിടക്കും. കുടിക്കാൻ മാത്രമായിരുന്നു ഉണർന്നിരുന്നത്.  എങ്ങനെ ജീവൻ നിലനിന്നു എന്നോർക്കുമ്പോൾ ഇന്ന് അത്ഭുതമുണ്ട്. ഒന്നും കഴിക്കാനാകുമായിരുന്നില്ല. മദ്യമല്ലാതെ എന്തു കണ്ടാലും മനസും ശരീരവും ഛർദ്ദിക്കുമായിരുന്നു. കുടിക്കുമ്പോൾ ചവർപ്പ് മാറ്റാൻ തൊട്ട് നക്കിയിരുന്ന നാരങ്ങനീരു, പൊട്ടിച്ചെടുത്ത് കടിച്ച ഇലകൾ, നനഞ്ഞ വിരൽ മുക്കി നാവിൽ വച്ച പൊടിയുപ്പ് ഇതൊക്കെയായിരുന്നു ഉള്ളിൽ ചെന്നിരുന്നത്. ഒരു മാസത്തോളം ഷാർജയിൽ അടഞ്ഞ വില്ലയിൽ ഇത് തന്നെയായിരുന്നു പതിവ്. ഇടയ്ക്ക് അന്വേഷിച്ച് വന്ന കൂട്ടുകാർ പലതും വാങ്ങിക്കൊണ്ടു വന്നു. എന്റെ കിടപ്പ് കണ്ട് അതൊക്കെ അടുക്കളയിൽ വച്ച് മടങ്ങിപ്പോയി. പൂത്ത് പോയതിനാൽ ഞനെടുത്ത് കൊട്ടയിലിട്ട കുബ്ബൂസുകളുടെ നിറം ഇപ്പോഴും ഓർമ്മയിലുണ്ട്.

വീസ ക്യാൻസൽ ചെയ്ത് കുഴൂരിലെത്തിയിട്ടും ഇത് തന്നെയായിരുന്നു ദിനചര്യ. മദ്യക്കുപ്പിക്കായി മുറി മുഴുവൻ, വീട് മുഴുവൻ തപ്പും. കുടിക്കും കിടന്നുറങ്ങും. അധികം വൈകാതെ ഞാൻ ചത്ത് പോകുമെന്ന് അമ്മയും ചേച്ചിമാരും പറയുന്നത് പകുതി ബോധത്തിൽ കേട്ടിരുന്നു. നീ എന്തെങ്കിലും ഒന്ന് കഴിക്ക് എന്ന് കാണാൻ വരുന്നവരൊക്കെ പറയും. പറ്റുമായിരുന്നില്ല. ഒരു വറ്റ് ചോറ്, ഒരു അല്ലി നാരങ്ങ. ഒരു കശുവണ്ടിപ്പരിപ്പ്. ഒന്നും ഒന്നും എനിക്ക് കഴിക്കാനായില്ല. മദ്യമല്ലാതെ. ഒരു പെഗ്ഗ് എന്ന് പറയാനല്ലാതെ ആ ദിവസങ്ങളിൽ വായ തുറന്നിരുന്നില്ല. തുറക്കാൻ ആവുമായിരുന്നില്ല. ഡീ അഡിക്ഷ്കൻ സെന്ററിലേക്ക് വീട്ടുകാരും കൂട്ടുകാരും കൊണ്ട് പോയില്ലായിരുന്നുവെങ്കിൽ ഇതെഴുതുവാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല

കുട്ടിക്കാലത്ത് കണ്ണീരു കലർന്ന മൂക്കിള പോലും സ്വാദോടെ കഴിച്ച ഒരാൾ, അമ്മ ഒതുക്കി വച്ച പലഹാരങ്ങൾ കട്ടെടുത്ത് തിന്ന ഒരാൾ, ചേട്ടത്തിയമ്മ മക്കൾക്കായി കൊണ്ടുവന്ന് വച്ച ഹോർലിക്സ് പൊടി പോലും ആരും കാണാതെ അകത്താക്കിയ ഒരാൾ. ആ ഒരാളാണു നിനക്ക് ഈ ഭൂമിയിൽ എന്ത് വേണം കഴിക്കാൻ എന്ന ചോദ്യത്തിനു മുന്നിൽ ചുമ്മാ മിഴിച്ച് നിന്നത്. അതൊക്കെ കണ്ടപ്പോൾ ഛർദ്ദിക്കാൻ തുനിഞ്ഞത്.
എന്നോടും കാലത്തിനോടും അത്ഭുതം തോന്നിയിരുന്നു.

2013

ഇപ്പോൾ ജോലി ചെയ്യുന്ന ചാനലിന്റെ ഓഫീസിനടുത്ത് ഒരു തട്ട് കടയുണ്ട്. അലിയെന്ന മംഗലാപുരത്തുകാരൻ നടത്തുന്ന നീല ഷീറ്റ് മേഞ്ഞ ഒരു കുഞ്ഞുകട. അലി ഇതിനു മുൻപ് പണിയെടുത്തിരുന്നത് അടുത്ത് ഒരു ഹോട്ടലിലാണു. അവിടത്തെ മെയിൻ കുക്ക് ആ പയ്യനായിരുന്നു. പ്രായം കുറഞ്ഞ സുന്ദരൻ കുക്ക് എന്നതിനാൽ മാത്രമല്ല അവന്റെ കന്നട കലർന്ന മലയാളവും അവനെ നോട്ടപ്പുള്ളിയാക്കിയിരുന്നു. പൊറോട്ട റെഡി, ചാപ്സ് റെഡി എന്നിങ്ങനെ അവൻ വിളിച്ച് പറയുന്നത് കേൾക്കാൻ തന്നെ നല്ല സ്വാദായിരുന്നു. അവനാണു ഇപ്പോൾ തട്ട് കട നടത്തുന്നത്.




അവിടെ ചെന്ന് കഴിക്കുന്നതിനേക്കാൾ രസം അവൻ അവിടെ ഓരോ പണികൾ ചെയ്യുന്നത് നോക്കി നിൽക്കലാണു. അവൻ പൊറോട്ട പരത്തുന്നത്. അടിക്കുന്നത്. ചുടുന്നത്. ദോശ കല്ലിൽ ഒഴിക്കുന്നത്. മുട്ടകൾ പൊട്ടിച്ച് ഓം ലറ്റ് അടിക്കുന്നത്. പാഴ്സൽ പൊതിയുന്നത്. ഇടക്കിടെ തൊഴിലാളിയും മുതലാളിയുമായി കൂടെയുള്ള 2 സഹായി പയ്യന്മാർക്ക് നിർദ്ദേശം കൊടുക്കുന്നത്. കാണെക്കാണെ നമുക്ക് വിശപ്പ് വർദ്ധിക്കും. 2 പൊറോട്ട തിന്നാൻ ചെല്ലുന്ന നമ്മൾ 4 പൊറോട്ട കഴിക്കും. മടിച്ച് മടിച്ച് ഒരു സിം ഗിൾ ഓം ലറ്റ് അടിക്കുവാൻ പറയുന്ന നമ്മൾ പതുക്കെ പതുക്കെ അത് ഡബിളാക്കും. അവന്റെ ചെയ്തികൾ കണ്ട് നിന്നാൽ പതുക്കെ പതുക്കെ വിശപ്പ് വർദ്ധിക്കും.  അവനവിടെ വിൽക്കുന്നത് ഭക്ഷണമല്ല വിശപ്പാണെന്ന് തോന്നിപ്പോവും

ഒരു ദിവസം പാതിരാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോവുകയായിരുന്നു .അതാ വഴിയിൽ അലി. വണ്ടി നിറുത്തി. അവൻ കയറി.  ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് പോവുകയാണെന്ന് അലി പറഞ്ഞു. തട്ടുകടയല്ലേ നിനക്കുള്ളത്. പിന്നെ വേറെത് ഹോട്ടൽ. അവൻ പറഞ്ഞു. ചേട്ടാ ഞാൻ രാവിലെ 4 മണി മുതൽ വൈകിട്ട് 4 മണി വരെ ഒരു ഹോട്ടലിൽ മെയിൻ കുക്കായി ജോലി ചെയ്യുന്നുണ്ട്. എന്നിട്ട് തട്ടുകടയിൽ വരും. അപ്പോഴേക്കും സഹായി ആയുള്ള പിള്ളേർ കുറെ ഒക്കെ ഒരുക്കി വച്ചിട്ടുണ്ടാകും. പിന്നെ രാത്രി 12 വരെ തട്ടുകട. അത്ഭുതം തോന്നി. എന്തിനാണു ഈ ചെറുപ്രായത്തിൽ നീയിങ്ങനെ കഷ്ടപ്പെടുന്നത് എന്ന് ചോദിച്ചു. ഉപ്പ മരിച്ചു. പെങ്ങളെ കെട്ടിച്ചു. കടമുണ്ട്. ഒരു വീട് വയ്ക്കണം. ചുരുങ്ങിയ വാക്കുകളിൽ അവൻ ജീവിതം പറഞ്ഞു.

പിറ്റേന്ന് മുതൽ തട്ടുകടയിൽ നിന്ന് മാത്രമായി വൈകിട്ടത്തെ ഭക്ഷണം. കഴിക്കുമ്പോഴെല്ലാം ഒരു തരം ആരാധനയോടെ ഞാനവനെ നോക്കി കൊണ്ടിരിക്കും. ഇപ്പോൾ എനിക്കറിയാം. അവൻ ഭക്ഷണമല്ല വിൽക്കുന്നത്. വിശപ്പാണെന്ന്

2009

റേഡിയോ വാർത്താ വായനക്കൊപ്പം ടിവി ന്യൂസ് സ്റ്റോറികൾ ചെയ്യുന്ന പതിവുമുണ്ടായിരുന്നു അന്ന്.  ടി വി സ്റ്റോറികൾ ചെയ്ത് തുടങ്ങിയതിനു  ശേഷമുള്ള ആദ്യത്തെ നോമ്പ് കാലം. ഷാർജ മൻസൂറയിൽ താമസിക്കുന്ന വില്ലക്ക് പുറകിലുള്ള  പള്ളികളിലൊന്നിൽ ഞാനും ജോബി വാഴപ്പിള്ളിയെന്ന ക്യാമറമാനും നോമ്പ് തുറ ഷൂട്ട് ചെയ്യാൻ പോയി.

മലയാളികൾ, പാക്കിസ്ഥാനികൾ, തമിഴ്നാട്ടുകാർ, ആന്ധ്രക്കാർ, സോമാലിയക്കാർ, പേരിനു അത്ര മുന്തിയവരല്ലാത്ത അറബികൾ. കാത്ത് കാത്തിരിക്കുന്നു. സമയമാകുവാൻ. ബാങ്ക് കൊടുക്കുവാൻ. നോമ്പെടുക്കാതിരുന്നിട്ടും നല്ല വിശപ്പ് തോന്നി. ഞാനും നിർബന്ധത്തിനു വഴങ്ങി ജോബിയും അന്ന് എടുക്കാത്ത നോമ്പ് തുറന്നു.  നീളത്തിൽ വിരിച്ച പൊളിത്തീൻ പായയിൽ. ബിരിയാണി, ചിക്കൻ, ഈത്തപ്പഴം, പൊരിച്ച മീൻ.  ഞാൻ ഭക്ഷണത്തിൽ മാത്രമായിരുന്നില്ല നോക്കിയത്. എല്ലാവരുടെയും കണ്ണുകളിലേക്കും ആയിരുന്നു. ഒരു പകൽ മുഴുവൻ വിശന്നിരിക്കുന്ന ആളുകളുടെ കണ്ണിൽ കൊതിയൂറുന്ന ഭക്ഷണങ്ങൾ നിരത്തുമ്പോൾ പടർന്നേക്കാവുന്ന ആർത്തിയല്ല കണ്ടത്. ഒരു തരം ശാന്തത. പൊതുവേ ഭക്ഷണത്തോട് ആർത്തിക്കാരായ പാക്കിസ്താനികൾ പോലും അത്ര ശാന്തരായി അച്ചടക്കത്തോടെ

അത് നല്ലതാണെന്ന് മാത്രം എനിക്ക് മനസ്സിലായി.
പിന്നീടുള്ള നോമ്പ് ദിവസങ്ങളിൽ ആ പള്ളിയിൽ പോയത് നോമ്പ് ഷൂട്ട് ചെയ്യാൻ ആയിരുന്നില്ല. നോമ്പ് തുറക്കാനായിരുന്നു.  പറ്റുന്ന ദിവസങ്ങളിലൊക്കെ ഞാൻ നോമ്പെടുത്തു. അത് തുറക്കുമ്പോൾ ഉള്ള ലഹരി അത്രയ്ക്കായിരുന്നു .അത് ആർത്തിയില്ലാത്ത വിശപ്പായിരുന്നു എന്ന് ഇപ്പോഴറിയുന്നു

വിശപ്പ് മറന്ന ഒരു കാലം, വിശപ്പ് വിൽക്കുന്ന ഒരാൾ,  സുഖമുള്ള വിശപ്പിനായി കൊതിച്ച നോമ്പ് കാലം
വിശപ്പ് ജീവിതമാണു. അതറിയലാണു നോമ്പ്

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved