Monday, November 26, 2007

മുഖം മൂടിയണിയാത്ത വാക്കുകള്

സ്വന്തം പേര് പോലും ഒളിപ്പിച്ച് വെച്ച് ജീവിച്ച ഒരു തമിഴ് എഴുത്തുകാരിയുടെ ജീവിതകഥ കുറെ നാളുകള്ക്ക് മുന്പ് ഒരു മാധ്യമം പ്രസിദ്ധീകരിച്ചു.

റുഖിയ സല്മ എന്ന എഴുത്തുകാരിയുടെ തുറന്ന് പറച്ചില് സങ്കീര്ണ്ണമായ സ്ത്രീ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. അവരുടെ ആദ്യ നോവലായ ‘രണ്ടാം യാമങ്ങളില് കതൈ’( story of mid midnight) കുറച്ച് മുന്പു പുറത്തിറങ്ങുകയും ചെയ്തു.

മുസ്ലിം സമുദായത്തിലെ കുടുംബ ബന്ധങ്ങളെപ്പറ്റിയും അതില് സ്ത്രീകളുടെ അവസ്ഥയെപ്പറ്റിയുമാണ് 520 പുറങ്ങളുള്ള നോവല് പ്രതിപാദിക്കുന്നത്.

എഴുതുന്നതിന് സ്വന്തം കുടുംബത്തില് നിന്നും നേരിട്ട കടുത്ത എതിര്പ്പുകളെ അവര് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ലോകം മുഴുവന് ഉറങ്ങുമ്പോള് അടുക്കളയില് മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില് ഹ്യദയത്തിലുള്ളത് പകര്ത്തിയ അവരുടെ അനുഭവങ്ങള് നമ്മെ അതിശയിപ്പിക്കുന്നതാണ്

എഴുത്തിന്റെയും ജീവിതത്തിന്റെയും വഴിയില് ഇതേ പോലൊരു എഴുത്തുകാരിയുണ്ട്. നിങ്ങള് ബ്ലോഗിലൂടെ നന്നായി അറിയുന്ന ദേവസേന. ഒരു പക്ഷേ അതിനേക്കാള് അതിശയിപ്പിക്കുന്ന എഴുത്ത് ജീവിതത്തിന്റെ വഴി. സാഹിത്യഗുണത്തില് റൂഖീയ ഏറെ മുന്പിലാകാം. അനുഭവത്തിന്റെ വ്യത്യസ്തയിലും.

മുസ്ലിം സമുദായത്തിലെ ഇന്ത്യന് ഗ്രാമത്തിലെ ജീവിതാനുഭവമാണ് അവര് പങ്ക് വയ്ക്കുന്നതെങ്കില് മെട്രോ നഗരത്തിലെ ജീവിതത്തില്, പൊതു ജീവിതം ഏറെയുള്ള ഒരിടത്തിരുന്ന് ദേവസേനയ്ക്ക് സ്വകാര്യമായി എഴുതേണ്ടി വരുന്നു എന്നുള്ളതാണ് വ്യക്തിപരമായി എന്നെ അതിശയിപ്പിച്ച കാര്യം. സ്തീ സ്വാതന്ത്ര്യത്തെക്കുറിച്ച് സെമിനാറുകള് നടക്കുന്ന നാട്ടില്, എന്റെ ഇന്നയാളുടെ പാട്ട്, കഥ, അത്, ഇത് എല്ലാം ബന്ധുക്കള് കൊണ്ടാടുന്ന ഗള്ഫ് ജീവിതത്തിനിടയ്ക്കാണ് ഇത് സംഭവിക്കുന്നത് എന്നത് അതിശയം ഇരട്ടിപ്പിക്കുന്നു.

ഒരു സാധാരണ വീട്ടമ്മ, അടുക്കളയില് നിന്ന് ഓഫീസിലേക്കും
ഓഫീസില് നിന്ന് മക്കളിലേക്കും അവിടെ നിന്ന് സൂപ്പര്മാര്ക്കറ്റിലേക്കും ഓടുന്ന ജീവിതം. അതിനിടയിലാണ് സ്വകാര്യമായി എഴുത്ത്. അത് നേറിട്ടറിയാവുന്നത് കൊണ്ടാവും, സൊ ഫെമിനിസ്റ്റ് എഴുത്തുകളേക്കാള് ഈ രചനകള് സാഹിത്യ ഗുണം ഏറെയില്ലെങ്കിലും കൂടുതല് പ്രിയപ്പെട്ടതാകുന്നത്.

വീട്ടുകാരുടെ അനുവാദമില്ലാതെ അവര് നടത്തുന്ന എഴുത്തില് ശില്പ്പ ഭംഗി കുറവായിരിക്കാം
സത്യസന്ധതയാണ് അതിന്റെ മുഖമുദ്ര. അടുക്കളയെ അറിഞ്ഞിട്ട് തന്നെയാണ് എഴുത്ത്. കുഞ്ഞുങ്ങളെ അമ്മയായി പരിപാലിച്ചിട്ട് തന്നെയാണ് സര്ഗ്ഗ ജീവിതം. അടുക്കള അവര്ക്ക് തടവറയല്ല. എഴുത്ത് പുര തന്നെയാണ്.

അവര് ഒരിക്കല് പറഞ്ഞ കാര്യം ഇപ്പോഴും ഓര്മ്മയിലുണ്ട്.’ഒരിക്കല് മോനെ ശാസിച്ചപ്പോള് അവന് അമ്മയെ പേടിപ്പിച്ചു. അമ്മ കഥയും കവിതയും എഴുതുന്നത് അച്ഛ്നെ അറിയിക്കുമെന്ന് പറഞ്ഞ്.
ഇത് പറഞ്ഞ് അവര് ചിരിച്ചു.

അറിയാമായിരുന്നു അവരപ്പോള് ഉള്ളില് കരയുകയായിരുന്നുവെന്ന്. സ്വന്തം കുഞ്ഞുങ്ങളെ മക്കളേയെന്ന് വിളിക്കാനാവാത്തത് പോലെയാണ് തന്റെ എഴുത്തിന്റെ അവസ്ഥയെന്ന് അവര് പറഞ്ഞു. സ്വന്തം രചന അംഗീകരിക്കപ്പെടുമ്പോഴും, അത് എഴുതിയത് ഈ ഞാനാണ് എന്ന് ലോകരോട് പറയാന് കഴിയാത്ത അവസ്ഥ. അനാഥാലയത്തിലെ കൊച്ച് കുഞ്ഞുങ്ങളെ നോക്കി കന്യാസ്ത്രീകള് നെടുവീര്പ്പിടുന്നത് പോലെ. ഇന്നയിടത്ത് ജനിച്ച ഞാന് ആണ് ഇത്. ഈ പേരുള്ള ആള്. അത് പറയാനാകുന്നില്ല. അതിനാല് തന്നെയാകണം എഴുത്തിന് പുരാണത്തിലെ കഥാപാത്രത്തെ കൂട്ട് പിടിച്ചത്. ( ഇത് എഴുതുന്ന ദേവസേന പുരുഷന് ആണോ എന്ന് എത്ര തവണ കേട്ടിട്ടുണ്ട്. അത് പറഞ്ഞ് എഴുത്തുകാരിയും ഇടയ്ക്കിടെ ചിരിക്കുന്നു)

ഇപ്പോള് ഇതെല്ലാം പകര്ത്താന് ഒരു കാര്യമുണ്ട്. ഇത് 2 വര്ഷം മുന്പ് ഒരു ദിനപത്രത്തില് എഴുതിയിരുന്ന കോളത്തിലെ കുറിപ്പാണ്. പുതിയ പുസ്തകത്തില് ചേര്ക്കുകയും ചെയ്തു. എഴുത്തിന് അംഗീകാരമായി ഒരു ചെറിയ പുരസ്ക്കാരം അടുത്ത ദിവസം ദേവസേന വാങ്ങുകയാണ്. താന് ഇന്നയാളല്ല, ഒരെഴുത്തുകാരിയാണെന്ന് തന്റേതല്ലാത്ത ഒരു ലോകത്തോട് പറഞ്ഞ് കൊണ്ട്. തന്റേതായ ലോകത്തോട് പറയാതെ പറഞ്ഞ് കൊണ്ട്.

ഒരു പാട് സന്തോഷം ഉണ്ട്. അത്
അവരുടെ രചനകള് ഏറ്റവും കൂടുതല് വായിച്ചിട്ടുള്ള ബൂലോകരെ അറിയുക്കുവാനാണ് ഈ കുറിപ്പിന്റെ പു:ന പ്രസിദ്ധീകരണം

അടുക്കളയില് നിന്ന് അരങ്ങത്തേയ്ക്ക് എന്ന ക്യതി മലയാളത്തില് വന്നിട്ട് ഏറെയായി. അപ്പോഴും മലയാള ജീവിതത്തിന്റെ ഒരു ഭാഗത്ത് അരങ്ങ് അടുക്കളയില് തുടരുന്നുണ്ട് എന്നറിയിക്കാനും.

അതിനു കാരണങ്ങള് ഏറെയാണ്. മതം , കുടുംബം… (ആരെയും കുറ്റപ്പെടുത്താനല്ല)

ഒന്നുമ്മല്ല എന്ന് തോന്നുമ്പോഴും എത്ര സങ്കീര്ണ്ണമാണ് മലയാളജീവിതമെന്ന് ഇക്കാര്യം എന്നെ വീണ്ടും വീണ്ടും ഓര്മ്മിപ്പിക്കുന്നു.

എഴുത്തിന്റെയും ജീവിതത്തിന്റെയും
വഴിയില് ഏറ്റവും കൂടുതല് കൂട്ടും താങ്ങും തണലുമായിരിക്കുന്ന
കൂട്ടുകാരിയ്ക്ക് എല്ലാ ഭാവുകങ്ങളും.


മുഖം മൂടിയണിയാത്ത വാക്കുകള്ക്കും
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved