Thursday, April 26, 2007

ഏകാന്തതയുടെ ഒന്നാം ദിവസം. ഏകാന്തതയുടെ രണ്ടാം ദിവസം ഏകാന്തതയുടെ മൂന്നാം ദിവസം...


ഏകാന്തയടെ ആഴം ഏറ്റവുമറിഞ്ഞതു ആദാമായിരുന്നിരിക്കണം.പൂത്തലഞ്ഞ്‌ നില്‍ക്കുന്ന പൂന്തോട്ടങ്ങള്‍ക്കിടയില്‍, വിളഞ്ഞ്‌ പാകമായി കിടക്കുന്ന കനികള്‍ക്കിടയില്‍ സകല സൗഭാഗ്യങ്ങള്‍ക്കും നടുവില്‍ ഏകാന്തതയുടെ ചുംബനങ്ങളേറ്റ്‌ കഴിഞ്ഞിരുന്ന ഒരാള്‍. ഊണില്‍ ഉറക്കത്തില്‍ സ്വപനത്തില്‍ പ്രഭാതത്തില്‍ പ്രദോഷത്തില്‍ ഏകാന്തത. ഏകാന്തത മാത്രം.

ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍ ആദാം എഴുതാന്‍ തുടങ്ങി. ഏകാന്തതയുടെ ഒന്നാം ദിവസം. ഏകാന്തതയുടെ രണ്ടാം ദിവസം ഏകാന്തതയുടെ മൂന്നാം ദിവസം...

പൂക്കള്‍ അയാളോട്‌ ചോദിച്ചു. ഞങ്ങളെ നോക്കാത്തതെന്ത്‌ ? കായ്കനികള്‍ അയാളോട്‌ ചോദിച്ചു. ഞങ്ങളെ തിന്നാത്തതെന്ത്‌ ? കാറ്റ്‌ ചോദിച്ചു, കടല്‍ ചോദിച്ചു. മരങ്ങളും പക്ഷികളും മ്യഗങ്ങളും ചോദിച്ചു. ഒന്നും മിണ്ടാത്തതെന്ത്‌, ഞങ്ങളെക്കുറിച്ച്‌ പാടാത്തതെന്ത്‌ ?

മൗനമാണു ഏറ്റവും ശക്തിയേറിയ പ്രാത്ഥനയെന്നു തിരിച്ചറിഞ്ഞതും ആദാമയിരുന്നിരിക്കണം. ജീവിതമെന്നാല്‍ ഏകാന്തതയും ഭാഷയെന്നാല്‍ മൗനവുമായിരുന്നു ആദാമിനു. സകലതും നല്‍കിയിട്ടും അയാള്‍ ദുഖിതനാണെന്ന് ദൈവം തിരിച്ചറിയുകയായിരുന്നു.ആദാമിന്റെ ഏകാന്തതയ്ക്ക്‌ കൂട്ടായി, അന്വേഷണങ്ങള്‍ക്ക്‌ മറുപടിയായി, പ്രാത്ഥനയ്ക്കുള്ള ഫലമായി ഏദന്‍ തോട്ടത്തില്‍ ഹവ്വയെത്തി.ഏദന്‍ അന്നാദ്യമായി ആദാം ചിരിക്കുന്നത്‌ കണ്ടു.

പ്രപഞ്ചത്തിലെ ആദ്യത്തെ ചിരി. തന്റെ ശരീരത്തിന്റെ ശരീരമായി, ആത്മാവിന്റെ ആത്മാവയി ഒരാള്‍.തന്റെ വാരിയെല്ലില്‍ നിന്നും ദൈവം രൂപപ്പെടുത്തിയവള്‍. പ്രപഞ്ചത്തിലെ ആദ്യത്തെ സ്ത്രീ. ഭൂമിയിലെ ആദ്യത്തെ പെണ്‍കുട്ടി.ജീവിതത്തിന്റെ മധുരവും കയ്പ്പും പുരുഷനെ ആദ്യമായി അറിയിച്ചവള്‍.

വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദാമിനോട്‌ ദൈവം ചോദിച്ചു. നീയെന്താണു ചെയ്തത്‌ ? ആദാം പറഞ്ഞു. നീ ഇണയും തുണയുമയി തന്ന സ്ത്രീയാണു എന്നെ ചതിച്ചത്‌. എന്തിനും ഏതിനും സ്ത്രീ കാരണമാകുന്ന, മറുപടി പറയേണ്ട അധ്യായങ്ങള്‍ അവിടെ നിന്നും ആരംഭിക്കുന്നു.ബൈബിളില്‍ വിലക്കപ്പെട്ട കനി തിരിച്ചറിവിന്റെ പഴമായും വിവക്ഷിക്കപ്പെടുന്നുണ്ട്‌.( തിരിച്ചറിവ്‌ വിലക്കപ്പെടേണ്ടതാണു. ശരിക്കും. സന്തോഷമുള്ള ജീവിതത്തിനു. ബൈബിളിനു പിന്നെയും സ്തുതി)

ഹവ്വ. സ്വപ്നസദ്യശമായ ഒരു ജീവിതത്തില്‍ നിന്നു തിരിച്ചറിവുകളുടെ വേദനകളിലേക്കു പുരുഷനെ ആദ്യമായി കൂട്ടിക്കൊണ്ടു പോയവള്‍. ആദ്യത്തെ ദുഷ്ട്ട. മുലപ്പാല്‍ കുടിക്കാത്തവള്‍. മാത്യകകളില്ലാത്ത ജന്മം.ഓര്‍മ്മയുടെ ഭാരമില്ലാത്തവള്‍ആദ്യപ്രണയം, ആദ്യസമാഗമം, ആദ്യപാപം. എവിടെയും പുതുമണ്ണിന്റെ ഗന്ധം.

ആദാമിനുഏദന്‍ ഒാര്‍മ്മയാക്കിയവളേ..ഹവ്വേ.നീ കാണുന്നുണ്ടോ ഏകാന്തയുടെ ഈ മരുഭൂമികളെ.

ആദ്യ നനവിന്റെ ഓര്‍മ്മയില്‍ 10000 മത്സ്യങ്ങളുള്ള 70 കടലുകള്‍ കടത്തിവിട്ടാലും തിരിച്ചെത്തുന്ന പൂച്ചക്കുട്ടികളെ...

ഏകാന്തതയുടെ ഒന്നാം വര്‍ഷം, ഏകാന്തതയുടെ രണ്ടാം വര്‍ഷം വര്‍ഷം, ഏകാന്തതയുടെ മൂന്നാം വര്‍ഷം...
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved